കാലചക്രം ഉരുണ്ട് നീങ്ങിയപ്പോൾ ഓൺലൈനായി വായിക്കാം മലയാള കഥ / Malayalam story online Kalachakram urundu neengiyappol

Malayalam Magazine
0
ഭാവികാലത്തേയ്ക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന നൂതന രീതിയിലുള്ള കഥാവിഷ്‌ക്കാരം. ഓൺലൈനായി വായിക്കാം ഈ മലയാള കഥ 



1. സ്വപ്നത്തിന്റെ ചിറകിൽ 

ചിന്തകൾ മനസ്സിനെ വിട്ട് പറന്നു നടക്കുന്നു. എവിടെയാണ് ? എപ്പോഴാണ് ? മൗനം നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നു. എന്റെ ശരീരം മനസ്സിലേയ്ക്ക് തെന്നി വീഴുകയാണോ?

ശൂന്യതയും മൗനവും എന്നെ മുറുകെ പിടിച്ചിരിയ്ക്കുകയാണ് . എനിക്ക് ശ്വാസം മുട്ടുന്ന തരത്തിൽ.

2. അക്കങ്ങൾ മാറി മറഞ്ഞപ്പോൾ 

അകലെ എന്തോ ദൃശ്യമാകാൻ തുടങ്ങിയിരിക്കുന്നു..
"എന്താണ്? അക്കങ്ങളാണോ?"
എന്നിലെ കൗതുകം വാക്കുകളായി വായിൽ നിന്ന് തെന്നി വീഴുന്നു....

"ഇന്ന് നിന്റെ ഊഴമാണ്, നിനക്കിവിടെ എന്തും ചെയ്യാം "
പെട്ടെന്നായിരുന്നു ഉടമകളില്ലാത്ത ശബ്ദം കാതിൽ വന്നടിഞ്ഞത്. മനസ്സിൽ സംശയങ്ങൾക്ക് ഭാരം കൂടിക്കൂടി വരുന്നു. ഞാനാ അക്കങ്ങളെ സ്പർശിച്ചു. അത് കുറെ മുന്നോട്ടോടി. ചുറ്റിലും എന്തൊക്കെയോ സംഭവിയ്ക്കുന്നു.......

" നീ കാലത്തെ മുന്നോട്ടെത്തിച്ചിരിയ്ക്കുന്നു"
വീണ്ടും ശബ്ദം മാത്രമായിരുന്നു. പിന്നീട് , എന്താണ് സംഭവിച്ചത്  ഒന്നും വ്യക്തമല്ല. പക്ഷെ എനിക്കിപ്പോൾ പറക്കാം. മുന്നിൽ എന്തൊക്കെയോ കാണാം.

3. കണ്ണുകൾ നുണപറയുകയാണോ?

കാണുന്നതൊന്നും കണ്ണുകൾ വിശ്വസിക്കാൻ തയ്യാറാകുന്നില്ല. അത്  മനുഷ്യരാണോ? ഇത് ഭൂമിയാണോ? അല്ല; എനിക്ക് വിശ്വസിക്കാനാവുന്നില്ല. ചുറ്റിലും ആകാശം തൊടുന്ന കെട്ടിടങ്ങൾ വാഹനങ്ങൾ പലതും പറന്നു കളിക്കുന്നു.
"ആ കുപ്പിയിങ്ങെടുക്ക് "

പെട്ടെന്നുയർന്ന ശബ്ദം എന്റെ ശ്രദ്ധയെ അങ്ങോട്ട് മാറ്റി. ഒരു വയസ്സൻ കടക്കാരനോട് തർക്കിയ്ക്കുകയാണ്....
" വയസ്സന്മാർക്ക് രണ്ട് ലിറ്റർ കുപ്പിയെ തരുന്നുള്ളൂ ..."

കടക്കാരനും വിട്ടുകൊടുക്കാൻ തയ്യാറാകുന്നില്ല. പക്ഷെ ആ കുപ്പി ശൂന്യമായിരുന്നു. പിന്നെന്തെന്നുവേണ്ടിയാണവർ തർക്കിയ്ക്കുന്നത്? എന്റെ സംശയം സ്വാഭാവികമായിരുന്നു. കുറച്ചുനേരംകൂടി നിരീക്ഷിച്ചപ്പോൾ ശുദ്ധവായുവാന് കുപ്പിയ്ക്കകത്ത് എന്ന് മനസ്സിലായി. എന്റെ ഞെട്ടലിനവിടെ സ്ഥാനമില്ലായിരുന്നു. 

"ഇത് മനുഷ്യരാണോ?"
എന്റെ ശബ്ദം എന്നിലേയ്ക്ക് മാത്രമായി പ്രതിധ്വനിച്ചു. ഇവിടെയെങ്ങും മരങ്ങളോ, നദികളോ, മലകളോ ഇല്ല. എങ്ങും കെട്ടിടങ്ങൾ മാത്രം!

രാവിലെ സ്‌കൂളിൽ പോകാനൊരുങ്ങുന്ന കുട്ടിയ്ക്ക് 'അമ്മ രാവിലെ ഒരു ഗുളിക നൽകുന്നു. ശരീരത്തിന് വേണ്ടതെല്ലാം അതിലുണ്ടത്രെ. ഉച്ചയ്ക്കും, രാത്രിയ്ക്കും ഗുളിക തന്നെയാണെന്ന് പിന്നീടുള്ള നിരീക്ഷണത്തിലൂടെ ഞാൻ മനസ്സിലാക്കി.

ഇപ്പോൾ പാതി ജനങ്ങൾ മാത്രമാണ്  ഭൂമിയിൽ. മറ്റുള്ളവർ മറ്റു ഗ്രഹങ്ങളിൽ താമസം തുടങ്ങി. കാണുന്നതും നടക്കുന്നതുമെല്ലാം അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. മനുഷ്യന്റെ ആയുർ ദൈർഘ്യം     കുറഞ്ഞിരിക്കുന്നു. അമ്പതു വർഷമാണ് മനുഷ്യായുസ്സ്. 'വയസ്സന്മാർ ' എന്ന് പറയുന്നവർക്ക് പ്രായം അമ്പതോ അമ്പതിൽ കുറവോ എങ്ങും അനാഥ മന്ദിരങ്ങളും , വൃദ്ധ സദനങ്ങളും എല്ലാം കണ്ണിനെ കീറിമുറിക്കുന്ന കാഴ്ചകൾ! കാലം ഓടിപ്പോകുമ്പോൾ ഭൂമിയുടെ മേൽപ്പുതപ്പുകൂടി കൊണ്ടുപോയിരുന്നു. 

മരണ വീടുപോലും ശാന്തം . മകന്റെ വിയോഗത്തിൽ 'അമ്മ ദുഃഖിയ്ക്കുന്നില്ല. മനുഷ്യ ബന്ധങ്ങളുടെ കണ്ണി അറ്റുപോയിരിയ്ക്കുന്നു. മനുഷ്യൻ ചിരിക്കാൻ കഴിവുള്ള മൃഗം മാത്രമായി ഒതുങ്ങി. അവന്റെ ആർത്തിയ്ക്ക്  ആകാശഗംഗ വരെ ഉയരമുണ്ടായിരുന്നു. പെട്ടെന്നുയർന്ന ഒരു നിലവിളി എന്നെ അതിശയപ്പെടുത്തി. ഇവിടെ ആര് നിലവിളിക്കാനാണ് ?  കണ്ട കാഴ്ച  ഒരു പെൺകുട്ടിയെ കുറെ മൃഗങ്ങൾ ചേർന്ന് വലിച്ചു കീറുന്നതായിരുന്നു. എന്നെ കാർന്നു തിന്നതതല്ലായിരുന്നു. ആ പെൺകുട്ടിയുടെ സഹോദരൻ കൂടി ആ കാഴ്ച കണ്ട് മിണ്ടാതെ നിന്നതായിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു.

" നീ കണ്ടോ ഇതാണ് ഇനി മനുഷ്യൻ "

അതെ അതാ ശബ്ദമായിരുന്നു. എനിക്ക് മറുപടി നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. ഈ മനുഷ്യർക്കുമുന്നിൽ  ഭൂമി ചെറുതായിക്കൊണ്ടിരുന്നു... അല്ല ഭൂമി ചെറുതാകുന്നതല്ല മനുഷ്യന്റെ ആർത്തി ഭൂമിയെക്കാൾ വലുതായതാണ്. അതെ അതിനിയും വളരും , എനിക്കാ കാഴ്ചകൂടി കാണാൻ ശേഷിയില്ല.

....................................................
വർഷ പി. തച്ചങ്ങാട് 



About the Author 


Varsh P. Thachangad
Kasaragod


Post a Comment

0Comments

Post a Comment (0)