മലയാളം കഥ ഓൺലൈനായി വായിക്കൂ രണ്ട് മഴകൾ

Malayalam Magazine
1
Malayalam Story Randu mazhakal read online/ മനോഹരമായ മലയാളം കഥ ഓൺലൈനായി വായിക്കൂ..



ഞ്ചരയുടെ അലാറം കേട്ടുകൊണ്ടാണ് അവള്‍ ഉണര്‍ന്നത്.

ഈയിടെ നോബല്‍ സമ്മാനം ലഭിച്ച പോപ്പ് ഗായകന്റെ ഏറ്റവും പ്രശസ്തമായ ഗാനത്തോട് അവള്‍ക്ക് അപ്പോള്‍ അസഹ്യമായ വെറുപ്പു തോന്നി. അലാറം ടോണായി അതു ഗായത്രി മന്ത്രത്തിനു പകരം സെറ്റ് ചെയ്ത നിമിഷത്തെ വായില്‍  തികട്ടി വന്ന ഇംഗ്ലീഷ് തെറികളില്‍ ശപിച്ചുകൊണ്ടവള്‍ പതിവുപോലെ തന്റെ ദിവസം ആരംഭിക്കുകയായിരുന്നു.

ശീതീകരിച്ച തന്റെ മുറിയിലെ പതുപതുത്തമെത്തയില്‍ അലസമായി തലോടിക്കൊണ്ടവള്‍ പിന്നെയും കണ്ണുകള‍്‍  അടച്ചു. രാത്രിയില്‍ സഹപ്രവര്‍ത്തകന്റെ രണ്ടാം 'പ്രണയവാര്‍ഷിക'ത്തിന്റെ  പാര്‍ട്ടിക്കു ശേഷം  ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ഒരുപാട് വൈകിയിരുന്നു.

സ്വീകരണമുറിയിലെ സോഫയില്‍ കമഴ്ന്നുകിടന്നു. ലാപ്ടോപ് ഓണാക്കി പതിവു പോലെ ഫേസ്ബുക്കില്‍ കണ്ണുകള്‍ പായിക്കുമ്പോഴായിരുന്നു അയാളുടെ വീഡിയോ കോള്‍ തന്റെ ഇറുകിയ വസ്ത്രത്തിലൂടെ മാറിടം ദൃശ്യമാകുമെന്നറിഞ്ഞിട്ടുമവള്‍ തെല്ലും കൂസലില്ലാതെ ക്യാമറ ഓണാക്കി. ലാപ്ടോപ്പിനുള്ളിലെ മനുഷ്യന്‍ തന്റെ കമ്പിയിട്ട പല്ലുകള്‍ പുറത്തുകാട്ടികൊണ്ട് പു‍ഞ്ചിരിച്ചു. അയാളുടെ കണ്ണടവച്ച കണ്ണുകളിലെ തിളക്കം അവളെ പലപ്പോഴും പരിഭ്രാന്തിപെടുത്തിയിരുന്നു. തന്റെ പഴക്കം ചെല്ലാത്ത സോഫയില്‍ ചാഞ്ഞും ചെരിഞ്ഞും ഇടവിട്ട് പൊട്ടിച്ചിരിച്ചും, മുഖം വീര്‍പ്പിച്ചും മണിക്കൂറുകള്‍ നീങ്ങി.

സിറിയയിലെ ആഭ്യന്തരപ്രശ്നവും, മോദിയുടെ സാമ്പത്തികനയത്തില്‍ തുടങ്ങി തീര്‍ത്തും അശ്ലീലമായ ലൈഗികതയിലേക്ക് വിഷയങ്ങള്‍ ചുവടുമാറിക്കൊണ്ടിരുന്നു. വിദൂരതകളിലുള്ള അയാള്‍ അവളെ നിത്യവും രണ്ടു മണിക്കൂറിലേറെ തന്റെ വിദഗ്ദമായ സംഭാഷണങ്ങളാല്‍ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.

ഉറക്കം കണ്‍പോളകളില്‍ ഊഞ്ഞാലാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അയാള്‍ക്ക് കിലോമീറ്ററുകള്‍ അകലെ ചെല്ലാന്‍ ശക്തമായ ചുംബനം നല്‍കി  ബൈ പറയുമ്പോഴായിരുന്നു അയാള്‍ അത് വെളിപ്പെടുത്തിയത്.

'ഓ മൈ ഗോഡ്, അയാള്‍ ഇന്നാണല്ലോ വരാമെന്നു പറഞ്ഞത്' ഞെട്ടി കണ്ണുകള്‍ മിഴിച്ചവള്‍ എഴുന്നേറ്റിരുന്നു. തലേ രാത്രി അയാള്‍ അതുവെളിപ്പെടുത്തുമ്പോള്‍ ഉറക്കക്ഷീണത്താല്‍ അവള്‍ അത് കൂസിയിരുന്നില്ല. അയാള്‍ ഇന്നുതന്നെ എത്തും. ഉച്ചകഴിഞ്ഞാണല്ലോ പറഞ്ഞത്, പിന്നെയെന്താണ് തനിക്കൊരു പരിഭ്രമം എന്നോര്‍ത്തുകൊണ്ട് തന്റെ കിടപ്പുമുറിയിലെ അലങ്കാരങ്ങള്‍  ഉള്ള കണ്ണാടിയില്‍ നോക്കി  അവള്‍ പൊട്ടിച്ചിരിച്ചു.

'സാധാര​ണ മലയാളി മങ്കമാരുടെ നാണം നിനക്കും ഉണ്ടോ?'എന്ന് കുലുങ്ങി ചിരിച്ചുകൊ​ണ്ടവള്‍ കണ്ണാടിയില്‍ തന്റെ പ്രതിബിംബത്തോട് ചോദിച്ചു. 
നഗരത്തിന്റെ ഇളം തണുപ്പിലേക്ക് ജോഗ്ഗ് ചെയ്യാമെന്നവള്‍ ഉറച്ചു. തന്റെ ആകാരഭംഗിയില്‍ വരുന്ന ചെറിയമാറ്റം പോലും അവള്‍ സഹിച്ചില്ല. അതുകൊണ്ടവള്‍ ഭക്ഷണം നിയന്ത്രിച്ചു. പട്ടിണികിടന്നും സലാഡുകഴിച്ചും അവള്‍ തന്റെ ഒട്ടിയ വയറും പിരിഞ്ഞ ഇടുപ്പുകളും നിലനിര്‍ത്തി.

ഫേസ്ബുക്കില്‍ അവള്‍ അപ്ലോഡു ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ 'ഹോട്ടി 'യെന്നും 'സെക്സി'യെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് വ്യാജമായ സദാചാരം കൊണ്ട് അവരെ, നീക്കം ചെയ്യുമ്പോഴും അവള്‍ ഗൂഢമായി സന്തോ‍ഷിച്ചിരുന്നു.

അപ്പോള്‍ അവളുടെ നെഞ്ചകം കുളിരുകൊള്ളും . പുതുമഴ കൊള്ളുമ്പോഴുള്ള പോലെ സൈബര്‍ ലോകത്തുനിന്നുള്ള ആമഴകളില്‍ നനയുവാന്‍ അവള്‍ വീണ്ടും ആഗ്രഹിക്കും. അധികം താമസിയാതെ 'മുഖപുസ്തകത്തില്‍ 'അവളുടെ മറ്റൊരു ഭാവത്തിലുള്ള ചിത്രം തെളിയും.
പക്ഷേ ഇന്നവള്‍ ഫേസ്ബുക്കിലെ അഭിപ്രായങ്ങളെ കുറിച്ചോര്‍ത്തല്ല അവളുടെ ആഗമനത്തെക്കുറിചോര്‍ത്തു പുളകം കൊണ്ടത്. നെഞ്ചകത്ത് പഴയപോലെ ഒരു കുളിര്‍മ.

ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ തന്റെ പുത്തന്‍ ഷൂസും ട്രാക്ക് സ്യൂട്ടും ഇട്ടവള്‍ വെളിയിലേക്ക് നോക്കി.

മഞ്ഞുമൂടിക്കിടക്കുന്നു. ചില അപ്പച്ചന്മാരൊഴികെ ആരും ഓടാന്‍ ഈറങ്ങിയിട്ടില്ല. അവള്‍ക്ക് മടിതോന്നി. 'വയ്യ! ഇന്നോടുവാന്‍ വയ്യ' എന്നോര്‍ത്തുകൊണ്ടവള്‍ അകത്തേക്കു നടന്നു.

സ്വീകരണമുറിയിലെ നിലത്തു വിരിച്ചിരുന്ന വിലകൂടിയ മെത്തയില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തന്റെ ആഡംബര ഫോണ്‍ കണ്ടെത്തിയെടുത്തു. നീലയും വെള്ളയും നിറം ചേര്‍ന്ന ഷൂസിട്ട തന്റെ കാലുകളുടെ ചിത്രം എടുത്തു 'ഇന്‍സ്റ്റാഗ്രാമി'-"മോര്‍ണിങ്ങ് വര്‍ക്ക് ഔട്ട്"എന്ന തലക്കെട്ടോടെ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ 4 കിലോമീറ്റര്‍ ഓടിയ സുഖം.
പലപ്പോഴും അവള്‍ അങ്ങനെയാണ്. തന്റെ വിരസമായ ഏകാന്തതയെ മറക്കാന്‍ അവള്‍ ചിത്രങ്ങള്‍ എടുത്തു. രാത്രിയില്‍ അത്താഴത്തിനെന്നു പറഞ്ഞ് പച്ചക്കറികളുടെ ചിത്രം ഇടുമ്പോഴോ, കൂട്ടുകാരികള്‍ക്കൊപ്പം എന്നും പറഞ്ഞ് വൈന്‍ കുപ്പിയുടെ ചിത്രം ഇടുമ്പോഴോ മറ്റുള്ളവരെ തെറ്റിധരിപ്പിക്കുകയാണെന്നതോന്നല്‍ അവള്‍ക്ക് കുറ്റബോധമുണ്ടാക്കിയില്ല. 'പോസ്റ്റ്' ചെയ്താല്‍ ഒരു പക്ഷെ 'മാഗി'യില്‍  അഭയം തേടാനോ, ഒരു കുപ്പി സ്വയം കുടിച്ചു തീര്‍ക്കാനോ അവള്‍ക്ക് മടിയുണ്ടായിരുന്നില്ല.

അവളുടെ ഐ.ടി കമ്പിനിയില്‍ അവള്‍ കുതിപ്പുകള്‍ സൃഷ്ടിക്കുമ്പോഴും അവള്‍ ജീവിതത്തില്‍ അണച്ചുകൊണ്ടുനിന്നു.

അപ്പോഴാണ് അവള്‍ ആ കണ്ണടക്കാരനെ കണ്ടുമൂട്ടുന്നത്. തനിക്കു വന്ന അനേകായിരം സുഹൃത്ത് അഭ്യര്‍ത്ഥനകളില്‍ നിന്നയാളെ അവള്‍ ചികഞ്ഞെടുത്തു. അവര്‍ സംസാരിച്ചു, ചാറ്റ് ചെയ്തു, കണ്ടു കൊണ്ട് മിണ്ടി.'ഓണ്‍ ലൈനായ്'തന്നെ ഹൃദയം കൈമാറി . കൈകള്‍ തിരുതി കമ്പിയിട്ട പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടുള്ള അയാളുടെ ചിത്രം കാണുമ്പോള്‍  അവള്‍ അയാളെ കാണാന്‍ വെമ്പി.

അയാളുടെ 'ബേബിയെന്നും മോളെയെന്നുമുള്ള' തേന്‍  വിളികളില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നു. ആ വ്യക്തിയാണ് ഇന്നു വരുന്നത്. ഒന്നിനും സമയമില്ല എന്ന ബോധത്താല്‍ അവള്‍ വിഭ്രാന്തയായി. അവള്‍ തന്റെ ഫോണെടുത്ത് ഉച്ചയ്ക്കുള്ള ഭക്ഷണം ഓഡര്‍ ചെയ്തു. രാവിലെ രണ്ടു റൊട്ടിയില്‍  വിശപ്പൊതുക്കിയവള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് പാഞ്ഞു.

മിനുസപ്പെടുത്തിയ മുടികള്‍ ഒന്നൂടെ മിനുസപ്പെടുത്തി ആക്രിതിയൊത്ത പുരികം ഒന്നൂടെ ഭംഗിയാക്കി.

കാലുകളും കൈകളും സുന്ദരമാക്കാന്‍ അവള്‍ പണം എറിഞ്ഞു. താനിന്ന് ലീവാണെന്നവള്‍ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു.

ഫ്ലാറ്റിലെത്തി വിസ്തരിച്ചു കുളി, നിലകണ്ണാടിക്കുമുന്നിലെ അനേകം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചും. കടും ചുവപ്പ് ലിപ്‍സ്റ്റിക്ക് അണിഞ്ഞു. ഇറു കിയ കഴുത്തിറങ്ങിയ ചുവന്ന കുട്ടിയുടുപ്പ് ധരിച്ചു.

'യൂ ട്യൂബില്‍' കണ്ടപോലെ വ്യത്യസ്തമായി മുടികെട്ടി. ഭക്ഷണം തരാന്‍ വന്ന ആണ്‍കുട്ടി തന്നെ കണ്ട് കണ്ണുുകള്‍ വിടര്‍ത്തുന്നത്‍ കണ്ടവള്‍ ആഹ്ലാദിച്ചു.

'വാട്സ് ആപ്പി'ലെ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ അലസമായി വായിക്കുമ്പോഴായിരുന്നു കോളിങ്ങ് ബെല്‍.

ഹൃദയത്തിലെ ഇരട്ടതായമ്പക തിരിച്ചറിഞ്ഞവള്‍ വാതില്‍ തുറന്നു. മുഖക്കുരുവൊഴിച്ച് ചിത്രത്തില്‍ കണ്ടപോലെ തന്നെ അയാള്‍. ഒരു കൈ പോക്കറ്റില്‍  തിരുകി  മറുകൈയില്‍ ഒരു കൂടും പിടിച്ച് കണ്ണാടി വച്ച  ആ രൂപം. തന്നെ കണ്ടമാത്രയില്‍ അയാള്‍ തനിക്ക് ചൂടു ചുംബനം നല്‍കുമെന്നവള്‍  ആഗ്രഹിച്ചു.

പക്ഷേ അയാള്‍ തന്റെ പതിവ് പുഞ്ചിരി പുറത്തെടുത്തു കൊണ്ട് ചോദിച്ചു 'കാത്തിരുന്ന് മുഷിഞ്ഞോ?'നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ടവള്‍ അയാളെ സ്വീകരണ​മുറിയിലേക്ക് ആനയിച്ചു.

അയാളോട് അവള്‍ക്ക് നീരസം തോന്നി.

'നല്ല ചൂട്' എന്നയാള്‍ പരാതിപ്പെടുമ്പോഴേക്കും അവള്‍ അയാള്‍ക്ക് തണുത്തപാനിയം നല്‍കി. അവള്‍ തന്റെ ഉള്ളിലെ ചൂട് കുറയ്ക്കാന്‍ വെമ്പി. അയാള്‍ തന്റെ കൈയിലെ കൂട് അവള്‍ക്ക് സമ്മാനിച്ചു.

തുറന്നു നോക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍  കൃത്രിമയായ പുഞ്ചിരിയോടെ അവള്‍ തുറന്നു. ചുവന്ന പട്ടുസാരി . അരികുകള്‍ക്ക് സ്വര്‍ണ്ണ വര്‍ണ്ണം . അവള്‍ക്ക് പുച്ഛം തോന്നി പക്ഷേ ഒരു 'താങ്ക്യൂ' വിൽ  പറഞ്ഞൊതുക്കി .
ഉച്ചയ്ക്ക് വാങ്ങിയ വൈദേശിക വിഭവങ്ങള്‍ അയാള്‍ക്ക് വിളമ്പി കൊടുക്കുമ്പോഴായിരുരന്നു അവള്‍ അതു ശ്രദ്ധിച്ചത്. അയാള്‍ എപ്പോഴും പോക്കറ്റില്‍ തിരുകുന്ന കൈകളില്‍ രണ്ടുവിരലില്ല.

അവള്‍ക്ക് ചര്‍ദ്ദിക്കാന്‍ തോന്നി. അവള്‍ അറപ്പുളവാക്കുന്ന ശബ്ദത്തില്‍ ഓക്കാനിച്ചു.

'ഞാന്‍ എത്തിയതല്ലേ ഉള്ളൂ' എന്ന അയാളുടെ ഫലിതം കേട്ടപ്പോള്‍ അവള്‍ക്ക് ഒന്നുറക്കെ ആട്ടാനാണ് തോന്നിയത്.

സന്ധ്യമയങ്ങിയപ്പോള്‍ അയാല്‍ ബാല്‍ക്കണിയിലേക്ക് പോയി. നക്ഷത്രങ്ങലെ നോക്കിക്കൊണ്ടയാള്‍ മേലേക്ക് നോക്കി നിന്നു. വിമുഖതയോടെയെങ്ങിലും അയാളുടെ ഒപ്പം ചേര്‍ന്നവള്‍ ഉണ്ടായിരുന്നു.

അയാള്‍ തന്നെ സ്പര്‍ശിച്ചിട്ടില്ല എന്ന ചിന്ത അവളെ ദുര്‍ബലയാക്കി. തന്റെ മാദക സൗന്ദര്യം അയാളെ മോഹിപ്പിച്ചില്ലന്നോ? അവള്‍ക്ക് വേദനിക്കാന്‍ തുടങ്ങി. താന്‍ കന്യകയാണെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ പെമിനിസ്റ്റുകളായ അവര്‍ അവളെ പുച്ഛിച്ചു ചിരിച്ചതവള്‍ ഓര്‍ത്തു.

പെട്ടന്നു മഴ പെയ്തു തുടങ്ങി.

അയാള്‍ ചെറുതായി പുഞ്ചിരിക്കുന്നതവള്‍ കണ്ടു. പക്ഷേ ആ മഴ അവളെ സന്തോഷിപ്പിച്ചില്ല. സൈബര്‍ ലോകത്തെ മഴയാണ് മികച്ചത് എന്നവള്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്.

'നമുക്ക് രണ്ടു ഡ്രിങ്ക്സു കഴിക്കാം' എന്നയാളാ​ണ് പറഞ്ഞത്. തലകുലുക്കി സമ്മതിച്ചതും വാശിയോടെ മദ്യപിച്ചതും മാത്രമേ അവള്‍ ഓര്‍ക്കുന്നുള്ളൂ. രാവിലെ തന്റെ ശീതീകരിച്ച മുറിയില്‍ അതേ പതുപതുത്ത കിടക്കയില്‍ ആലസ്യത്തോടെ അവള്‍ ഉണരുമ്പോള്‍ അരികില്‍ ആ ചുവന്ന പട്ടുസാരി കണ്ടു. ഒപ്പം ഒരു കുറിപ്പും. മെസേജുകളുടെ ലോകത്ത് ഒരു കുറിപ്പ് എഴുതി വയ്ക്കാന്‍ തോന്നിയ അയാളോട് അവള്‍ക്ക് പുച്ഛം തോന്നി.

'എനിക്കൊന്നും വേണ്ട. ഞാന്‍ പോകുന്നു.' അതു വായിച്ചവള്‍ അരിശത്തോടെ അത് നൂറ് കഷ്ണങ്ങളാക്കി എറിഞ്ഞു.

കിടയ്ക്കക്കു സമീപം വച്ച അവളുടെ ഫോണ്‍ എടുത്തവള്‍ പരിശോധിച്ചു.

'എന്റെ രാജകുമാരനെ കാത്തിരിക്കുന്നു' എന്ന തലക്കെട്ടോടെ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചുവന്ന ഉടുപ്പിട്ട പടത്തിനു ലൈക്കില്ലെന്നു കണ്ടവള്‍ അമ്പരന്നു. വീണ്ടും വീണ്ടും നോക്കിയിട്ടും  പഴയപടി.

ഇനിയൊരിക്കലും 'ഓണ്‍ലൈന്‍'ലോകത്തെ മഴ തന്റെ ഹൃദയത്തെ കുളിര്‍പ്പിക്കില്ല എന്നവള്‍ തിരിച്ചറിഞ്ഞു. ഫോണ്‍ വലിച്ചെറിഞ്ഞിട്ട് അവള്‍ ഫ്ലാറ്റില്‍ നിന്നിറങ്ങി പോയി.

അപ്പോള്‍ വെളിയില്‍ ശക്തമായി മഴപെയ്യുന്നുണ്ടായിരുന്നു. 



...........................................................................

About Author

Krishnaja M Menon
കൃഷ്ണജ എം മേനോൻ 
...........................................................................


Post a Comment

1Comments

  1. കൃഷ്ണജയുടെ കഥ യാദൃച്ഛികമായാണ് വായിച്ചത്. കൃഷ്ണജയ്ക്ക് കഥയെഴുതാൻ അറിയാം. പക്ഷേ ഈ കഥ അത്ര നന്നായില്ല. ഭാഷാപരമായ ചില പ്രശ്നങ്ങൾ വായനയെ അലോസരപ്പെടുത്തി. ഉദാഹരണം - 'ശപിച്ചുകൊണ്ടവള്‍' എന്നതിനു പകരം ശപിച്ചുകൊണ്ട് അവൾ എന്നും, 'തലോടിക്കൊണ്ടവള്‍' എന്നത് "തലോടിക്കൊണ്ട് അവള്‍" എന്നുമാക്കണം. ഇത്തരം ധാരാളം പ്രയോഗങ്ങൾ കഥയിൽ ധാരാളമുണ്ട്.

    ReplyDelete
Post a Comment