Malayalam poem online Verukaladarnnupokathe written by Anitha P. Panicker
അനിത പി. പണിക്കരുടെ കവിത 'വേരുകളടർന്നുപോകാതെ' വായിക്കാം. നിർഭയ എന്ന കഥപോലെ തന്നെ ഈ കവിതയും ഹൃദ്യം.
വേരുകളടർന്നു പോകാതെയീ
മഞ്ഞിന്റെ മൂടുപടലങ്ങൾക്കുള്ളിലൂടെ
നീളെ തളിർത്തു കുളിർ വീശുന്ന തെന്നലിൻ
കൂടെ ചിരിച്ചും തണൽ വിരിച്ചും
ഇരവിന്റെ ആത്മാവ് തേടുന്ന കിരണങ്ങളോടൊപ്പം
വളർന്നു വെളിച്ചമാകാം.
പോയ കാലത്തിന്റെ പ്രഹരങ്ങളിൽ
രക്തം കട്ടപിടിച്ച മുറിപ്പാടുകളിൽ
താങ്ങിയും തഴുകിയും കടന്നുപോകും
ദിനരാത്രങ്ങൾ പോലൊരു മാറ്റമാകാം.
കണ്ണീരു വറ്റിയ കരളുകൾക്കുള്ളിലേയ്ക്കൊരു
കനിവിന്റെ നീരുറവയാകാം
പൊടിതട്ടിമാറ്റിയാൽ മിന്നുന്ന കല്ലുകൾ
കൂരിരുട്ടിൽ ദീപങ്ങളാക്കാം
ഒരുമഞ്ഞുകാലം പടിയിറങ്ങുന്നു
പോയകാലത്തിന്റെ മാറാപ്പുമേന്തി
വഴിയിൽ പൊഴിഞ്ഞു വീഴുന്ന വാടാമല്ലി
ഇടയിൽ നാം കണ്ട സ്വപ്നങ്ങളാവാം
ഈ പൂക്കളോരോന്നും പൊഴിയാതെ
വാരിയെടുത്തു താണ്ടാമോരോ പടവും
പിന്നിടുമോരോ ചുവടിലും ഞെരിഞ്ഞിടാ
സ്വപ്നമല്ലിപ്പൂക്കളാരുടെതും
**************************************************