മലയാളം കഥ 'കൂടെ' | ഓൺലൈൻ വായനയ്ക്ക് മലയാളം മാഗസിൻ | MALAYALAM STORY 'KOODE' READ ONLINE

Malayalam Magazine
0


കൂടെ 

കഥ

 നന്ദന  എൻ 

ഞാനിന്ന് ഈ പ്രകൃതിയെ കുറിച്ചോർക്കുന്നു. ഇവിടെയുള്ള ജീവജാലങ്ങളെ, മാറി വരുന്ന ഋതുഭേദങ്ങളെയെല്ലാം വളരെ കൗതുകത്തോടെ ഓർമ്മിക്കുന്നു..

പ്രകൃതി അവളെത്ര ഭാഗ്യവതി. അമ്മയായും പത്നിയായും പ്രണയിനിയായും അവളുടെ കർത്തവ്യങ്ങൾ എത്ര മനോഹരം. അവളുടെ മനോഹാരിതയെ അതിമനോഹരമാക്കാൻ വിരുന്നെത്തുന്ന രാത്രിയും പകലും, സൂര്യനും ചന്ദ്രനും..

പ്രകൃതി, നിൻ്റെ പ്രണയം ആരോടായിരുന്നു...?

ചന്ദ്രനോടോ സൂര്യനോടോ...?

വ്യത്യസ്ത ഭാവങ്ങളിൽ ഞാൻ ഏവർക്കും പ്രിയപ്പെട്ടവളാകുന്നു

എന്നായിരിക്കും നീ ഉത്തരം നൽക്കുക..

അല്ലേ..?

അല്ലയോ പ്രിയപ്പെട്ടവളെ...

നീയെത്ര ഭാഗ്യവതി...

നിന്നിലെ അമ്മ മനം എത്രയോ സുന്ദരം.

വാർദ്ധക്യത്തിലും യുവത്വത്തിലും നിന്നെ പൊതിഞ്ഞു പിടിക്കുന്ന കരങ്ങൾ അതാരുടേതാണ് ....

നിന്നിലൂടെ കടന്നു പോകുന്ന ഓരോ ഋതുക്കളിലും വർദ്ധിക്കുന്ന നിന്റെ സൗന്ദര്യമെന്നെ മത്തുപിടിപ്പിക്കുന്നു. ഞാൻ നിന്നിൽ അസൂയാലുവാകുന്നു.

നീ ഞാൻ ആയിരുന്നുവെകിൽ...

പ്രിയപ്പെട്ടവൻ്റെ കരങ്ങളിൽ തളർന്നുറങ്ങാം..

മക്കളായ വസന്തത്തെ, ഗ്രീഷ്മത്തെ, വർഷത്തെ, ശരത്കാലത്തെ, ഹേമന്തത്തെ, ശിശിരത്തെ മാറോടണച്ചു പിടിക്കാം...

നിന്നെ പോലെ മനോഹരമായി പുഞ്ചിരിക്കാം..

അതെ...

എനിക്ക് നിന്നിലെ സ്ത്രീയോട് അസൂയ തോന്നുന്നു.

നിന്റെ സൗന്ദര്യത്തോട് മോഹം തോന്നുന്നു വല്ലാതെ...

ദേവന്മാരുടെ കൈകളിൽ നിന്ന് നീയും അമൃത് ഭക്ഷിച്ചുവോ. അതുകൊണ്ടാണോ നിൻ്റെ തലനാരിഴകളിൽ നരബാധിക്കാത്തത്.

മേനി ചുക്കി ചുളിയാത്തത്...

ആയിരിക്കാം...

അമൃതിൻ്റെ കഴിവായിരിക്കാം.

അല്ലെകിൽ,നിൻ്റെ കുടുംബമെന്ന അമൃത് നിന്നോടൊപ്പമുള്ളത് കൊണ്ടാക്കാം, നിന്റെ സന്തോഷം അസ്‌തമിക്കാത്തത്. നിനക്ക് വാർദ്ധക്യം അന്യമാകുന്നത്...

ഹ്മ്...

ഇനിയെൻ്റെ ചിന്തകളെ വിശ്രമിക്കാൻ വിടാം..

കുറച്ചു നേരം ചിരികളികളിലേക്ക് നടന്നു നീങ്ങാം...

ദേഷ്യത്തിൻ്റെ, ദുഃഖത്തിൻ്റെ,സന്തോഷത്തിൻ്റെ മുഖംമൂടികൾ കൈകളിൽ ഭദ്രമായി സൂക്ഷിക്കാം...

ആവശ്യം വരും...

തീർച്ചയാണ്...!

അല്ലയോ പ്രകൃതി...

ഇതാണ് സത്യം... നീയില്ലെകിൽ ഞാനില്ല.. നിന്നോട് അസൂയപ്പെടാൻ എനിക്കൊരു യോഗ്യതയുമില്ല...

അതിന് തെളിവല്ലേ, ഈ സ്നേഹതീരത്തിലെ ഒരോ മൂലയും...

ഇനി വായനക്കാരോട്..

ഇതെന്റെ ജീവിതമാണ്. അതുകൊണ്ട് തന്നെ നിങ്ങൾ എന്നിൽ നിന്നൊന്നും പ്രതീക്ഷിക്കരുത്..

അമിതമായ ഒന്നും എന്നിൽ ഇല്ല..

മനോഹരമായ പ്രണയമോ കുസൃതിയോ കഥകളോ ഒന്നുമില്ല..

കാരണം ഇതെന്റെ ജീവിതത്തിൻ്റെ അവസാനനാളുകളിലെ ഒരു ദിനം..

ഞാൻ നിറം മങ്ങിയ ക്ലാവ് പിടിച്ചൊരു ഓട്ടുപാത്രം...

ഇനിയുമെന്നെ മനസിലാവാത്തവർക്ക് വേണ്ടി എന്നെ വർണ്ണിക്കാം...

വെള്ളകുമ്മായം പൂശിയ ചുവരുകളുടെ നിറമാണ് ആ തിളക്കമാണ് എൻ്റെ മുടികൾക്ക്...

ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞ ചുരുണ്ടകൂടിയ കടലാസ് കഷ്ണങ്ങളെ പോൽ ചുളുങ്ങിയതാണ് എൻ്റെ മേനി..

മരം കൊച്ചുന്ന മകരമാസപുലരിയിൽ കുളിച്ചു കയറുന്ന കുഞ്ഞിന്റെ അധരങ്ങൾ വിറകൊള്ളുന്ന പോലെയാണ് എൻ്റെ  കൈകാലുകൾ...

കുഞ്ഞിക്കൂനനെപ്പോൽ കുനിഞ്ഞാണെൻ്റെ  നടത്തം..

ഇനിയൊരു വർണ്ണന എന്നെ കുറിച്ചാവിശ്യമില്ലെന്ന് കരുതുന്നു.

ഞാൻ എൺപത്തൊൻപത് വയസായ പടുകിളവി..

വാർദ്ധക്യമെന്ന മഹാരോഗത്താൽ സ്നേഹതീരം വൃദ്ധസദനത്തിൽ ഉണ്ടുണരുന്ന വൃദ്ധ....

മുഖം ചുളിയരുത്.

വായന നിർത്തരുത്..

ഞാൻ മുഴുവനും പറഞ്ഞു കഴിയട്ടെ.

അല്ലെകിൽ കുറച്ചു കഴിയുമ്പോൾ മറവിയുടെ കരങ്ങളിൽ എന്റെ ഓർമ്മകൾ ബന്ധിക്കപ്പെടും..

പിന്നെ അപൂർണ്ണമായ ഒരു കഥ എന്നെ പഴിക്കും...

ദേ മുമ്പോട്ട് നോക്കൂ..

മുന്നിൽ ഒരുപാട് വയസ്സന്മാരും വയസ്സത്തികളും ഭക്ഷണം കഴിക്കുന്നത് കാണുന്നില്ലെ..

നിങ്ങളിൽ നിന്ന് എന്ത്‌ വ്യത്യസ്തത്തോടെയാണ് അവർ ഉണ്ണുന്നത്.... മിക്കവരുടേയും വായിൽ പല്ലില്ല, അതുകൊണ്ട് അവർ നിങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടും...

"അല്ല ഭവാനിയമ്മേ.. ഇങ്ങള് എവിടെയായിരുന്നു.. കുറെ നോക്കി... എവിടെയും കണ്ടില്ല അതോണ്ട് ഞാൻ ഇരുന്നു കഴിക്കാൻ..."

എനിക്ക് നേരെയുള്ള എൻ്റെ പ്രിയപ്പെട്ടവൻ എന്ന് ഞാൻ അവകാശപ്പെടുന്നവന്റെ ശബ്ദം...

നേർത്ത പുഞ്ചിരിയോടെ ആ ചോദ്യത്തിന് ഉത്തരം നൽകണം അല്ലെകിൽ മുഖം മങ്ങും...അതെനിക്ക്  നോവും.

"എന്റെ കൃഷ്ണേട്ടാ.. ഞാൻ ആ ഇറയത്തു മഴ നോക്കി ഇരുന്നു... പിന്നെ എന്തൊക്കെയോ ആലോചിച്ചും...

പിന്നെ ഭക്ഷണസമയമായപ്പോ ഈ കാലും വലിച്ചു വെച്ചു വരാൻ വൈകി..."

അയാൾ പ്ലേറ്റ് ചുണ്ടോട് അടുപ്പിച്ചൊന്ന് കഞ്ഞി മോന്തി..

കഞ്ഞിയുമായി ഞാനടുത്തു ചെല്ലുമ്പോൾ ഒരു വറ്റ് പോലും കളയാതെ പ്ലേറ്റ് വൃത്തിയാക്കി കഴിച്ചിരുന്നു അയാൾ..

അയാൾക്ക് അന്നത്തിൻ്റെ വിലയറിയാം.

അയാൾക്ക് മാത്രമല്ല ഇവിടെ ഉള്ള ഓരോരുത്തർക്കുമറിയാം...

"കഴിഞ്ഞോ... എന്നാ ഇനി ഇരിക്കേണ്ട എണീറ്റോള്ളു.. ഞാൻ കഴിച്ചു കഴിഞ്ഞു വരാം.."

കൈയിൽ ഉള്ള സ്പൂൺ കഞ്ഞിയിലേക്ക് ഇട്ടൊന്ന് ഇളക്കി, പിന്നെ കുറച്ച് വറ്റും വെള്ളവും സ്പൂണിൽ നിറച്ചു കഴിച്ചു...

"നാളെ വരില്ലേ നിൻ്റെ മൂന്നു മക്കളും.."

അത് കേട്ടതും കുടിച്ചിരുന്ന കഞ്ഞി തരിപ്പിൽ കയറി... ഒന്ന്‌ ചുമച്ചു...

തലയിൽ സ്വയമോന്ന് കൊട്ടി നിയന്ത്രിച്ചു.

കണ്ണുകൾ നിറഞ്ഞു...

കാരണം ഹൃദയത്തിൽ വേദന കൊളുത്തി പിടിക്കുന്നു...

കൃഷ്ണൻ തന്നെ ഇമചിമ്മാതെ നോക്കി ഇരിക്കുന്നു. തൻ്റെ ചലനങ്ങൾ ആ കണ്ണുകൾ വളരെ ഇഷ്ടത്തോടെ ഒപ്പിയെടുക്കുന്നു.

ആ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു.

തന്നോടുള്ള മനോഹരമായ പ്രണയം.

പുച്ഛത്തിൻ്റെ ആവിശ്യം ഇവിടെയില്ല വായനക്കാരാ...

കാരണം പ്രണയത്തിന് അതിരുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല...

"കൃഷ്ണേട്ടൻ എന്തേ ഇങ്ങനെ നോക്കുന്നേ... എനിക്ക് ഞാൻ മറന്നു പോയ വികാരങ്ങൾ തിരികെ ലഭിക്കുന്നപോലെ, അവയെല്ലാം എന്നെ വാരി പുണരുന്നപോലെ...നാണം വീണ്ടുമെന്നിലേക്ക് ഒരു കൊച്ചു കുട്ടിയെപ്പോൽ ഓടി വരുന്നു...

അതുകൊണ്ട് നോട്ടം അവസാനിപ്പിക്കൂ, കാര്യം പറയൂ..."

അയാളുടെ കണ്ണുകൾ ഒന്ന്‌ പിടച്ചു... എൺപത്തഞ്ചുക്കാരനിലും പ്രണയം മുളപൊട്ടുന്നോ...

അത്ഭുതം...!

അയാളുടെ മനസ്സ് എനിക്ക് വായിച്ചെടുക്കാം..

"വെറുതെ വെറുതെ നോക്കിയിരുന്നു പോയി..... അറിയില്ല എന്നിരുന്നാലും എന്തോ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നു. വളരെ ഇഷ്ടത്തോടെ..."

കൗമാരത്തിൻ്റെ കുസൃതികൾ വാർദ്ധക്യത്തിലോ....

അത്ഭുതകരം അല്ലേ...

കവിളുകൾ ചുവക്കുന്നു...

കണ്ണുകളിൽ നാണം വിരിയുന്നു..

അധരങ്ങൾ വിറക്കുന്നു...

വാർദ്ധക്യമാണ് മറക്കരുത്..

ആരോ.. ആരോ ഇരുവരെയും ഓർമപ്പെടുത്തി...

ഒരു നെടുവീർപ്പോടെ പരസ്പരം നോക്കി...

"നാളെ മക്കൾ മൂവരും വന്നാൽ..."

"വന്നാൽ... വന്നാലെന്ത്...

ആദ്യമൊന്ന് ശകാരിക്കും, പിന്നെ ഉപദേശിക്കും മുഖം വലാതെ കയറ്റി പിടിച്ചു നിൽക്കും.. ഒടുവിൽ വലിച്ചെറിഞ്ഞ കടലാസ്സിനെപോലെ ചവിട്ടിയോ കീറിയോ വേദനിപ്പിച്ചവർ അകന്നുപോകും...

അല്ലാതെ അതിൽ കൂടുതൽ ഒന്നും അവർക്ക് ചെയ്യാൻ കഴിയില്ല..."

പാത്രത്തിലെ അവസാനത്തുള്ളിയും വായിലേക്ക് ഒഴിച്ച് ചുമര് ചാരി ഇരുവരും എണിറ്റു... ഒപ്പം തന്നെ നടന്നു...

കൈയ്യും പ്ലേറ്റും കഴുകി തിരിഞ്ഞതും തന്നോടപ്പം തൻ്റെ അതെ പ്രായമുള്ളവരും അതിൽ കൂടുതലോ കുറവോ ഉള്ളവരിൽ ചിലർ അനിഷ്ടത്തോടെ ഞങ്ങളെ നോക്കുന്നു. മറ്റുചിലർ ഏറെ ഇഷ്ടത്തോടെയും....

"വയസ്സാൻ കാലത്ത് രാമനാമം ജപിച്ചിരിക്കേണ്ട നേരത്ത് തോന്നുന്ന ഓരോ മോഹങ്ങൾ...

മധുരപതിനേഴാ എന്നാ രണ്ടിൻ്റെയും ഭാവം... ശിവ ശിവ.. എന്തൊക്കെ കാണണം..."

ഇവരുടെ വാക്കുകൾക്ക് മുന്നിൽ നാം പ്രതികരിക്കരുത്. പ്രതികരിച്ചാൽ സ്വയം കുഴിയിലേക്ക് ചാടുന്നതിന് തുല്യമാണ്...

മൗനം ഇടക്കെല്ലാം ഉപകാരപ്പെടും...

നടക്കാം മുന്നോട്ട്...

സ്വസ്ഥമായൊന്ന് ഉറങ്ങാം...

കാരണം നാളെ ഉറക്കം ഉണ്ടായെന്ന് വരില്ല..

മക്കളെ ഓർത്ത് അവരുടെ വാക്കുകളുടെ മൂർച്ചയോർത്തു കരയേണ്ടി വരും...

ഓരോ രാത്രിയും പ്രകൃതിയുടെ മടിത്തട്ടിൽ വീണുറങ്ങുന്നു.

പ്രകൃതി രാത്രിയ്ക്കായി  താരാട്ട് മൂളുന്നു..

അവൾ എത്ര ഭാഗ്യമുള്ളവൾ...

ചിന്തിക്കാൻ ഇനി നേരമില്ല..

ഉറക്കത്തെ ക്ഷണിക്കാനുള്ള ഉപാധി അതാണ് എൻ്റെ  കൈയിലെ ഈ ഗുളിക...

ഒന്നുമറിയാതെ ഉറക്കം അതൊരു താത്കാലിക മരണം...

നാളെയെ കുറിച്ചൊർക്കില്ല..

വേവലാതി പെടില്ല..

എല്ലാം മറന്നു നിദ്രയുടെ കൈ പിടിക്കും.


***   ***   ***


"അമ്മ.. അമ്മയെന്താ മിണ്ടാത്തത്..."

"മിണ്ടാനൊരു അവസരം ആദ്യം നീയെനിക്ക് തരൂ.."

മകൻ തന്നെ രൂക്ഷമായൊന്ന് നോക്കി മൗനം പൂണ്ടു...ഇനി തൻ്റെ അവസരമാണ്..

"വിവാഹം അതൊരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. "

"വിവാഹം ഒരു തെറ്റല്ല.. അതിനൊക്കെ ഒരു സമയമുണ്ട്.. അല്ലാതെ ഈ വയസ്സാൻ കാലത്ത്..."

മകൻ വാക്കുകൾ കൊണ്ടന്നെ പരിഹസിക്കുന്നു.

പുഞ്ചിരിയണിഞ്ഞവരെ നോക്കി..

തോൽക്കില്ലെന്ന പോൽ..

"അമ്മ ഞങ്ങളെക്കുറിച്ച് ഓർത്തോ.. ഈ തീരുമാനം എടുക്കുന്നതിനു മുൻപ്.."

"ഇവിടെ കൊണ്ടു തള്ളിയ എന്നെക്കുറിച്ച് ഓർക്കാറുണ്ടോ എപ്പോഴെകിലും നിങ്ങൾ ..

ഞാൻ നിൻ്റെയൊക്കെ അമ്മയാണെന്ന് ഓർത്തത് തന്നെ ഇപ്പൊഴല്ലേ.."

ചോദ്യത്തിന് മറുചോദ്യം..

ഉത്തരത്തിനായ് വലയട്ടെ ഇനിയവർ..

" അമ്മ വാക്കുകൾ കൊണ്ട് പുച്ഛിക്കുകയാണോ... "

" അതെ നിനക്ക് അങ്ങനെ തോന്നിയെങ്കിൽ അത് സത്യമാണ്. "

ദേഷ്യത്തോടെ കണ്ണുകൾ കുറുകുന്ന മുഷ്ടിചുരുട്ടി പിടിക്കുന്ന തൻ്റെ മകനെ അമ്മ നോക്കി നിന്നു. പതിയെ അവർ ഒന്നു പുഞ്ചിരിച്ചു. പൊതുവേ ദേഷ്യക്കാരനാണിവൻ. അതുപോലെ നുണക്കുഴി കാട്ടിയുള്ള ഇവൻ്റെ പുഞ്ചിരിയും വളരെ മനോഹരമാണ്. എനിക്കേറെ പ്രിയമുള്ള പുത്രൻ.

" അമ്മ എന്ത് കണ്ടിട്ടാണ് ഇങ്ങനെ എടുത്തു ചാടുന്നത് എനിക്ക് അറിയില്ല. ദയവുചെയ്ത് ഞങ്ങളെ നാണം കെടുത്തുന്ന രീതിയിൽ ഒന്നും ചെയ്യരുത്. "

" മോനേ അപ്പു...

എനിക്കൊന്നും മനസ്സിലായില്ല എൻ്റെ എന്ത് പ്രവർത്തികളാണ് നിങ്ങളെ നാണം കെടുത്തുന്നത്."

" അമ്മ എന്താ ഒന്നുമറിയാത്തപോലെ വിഡ്ഢിവേഷം കെട്ടരുത്. അമ്മയുടെ മകൾ ആണെന്ന് പറയാൻ എനിക്കിപ്പോൾ ലജ്ജ തോന്നുന്നു. അമ്മ ഒരു എഴുത്തുകാരിയല്ലേ സമൂഹത്തെക്കുറിച്ച് ചിന്തിച്ചുകൂടെ. ഈ പ്രായത്തിൽ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ... "

തൻ്റെ ഇളയവൾ. രണ്ട് ചേട്ടന്മാർക്കിടയിലെ അനിയത്തി അതുകൊണ്ടുതന്നെ വാശിയും ദേഷ്യവും ഒരുപിടി കൂടുതലാണ്.

" എന്തേ ബാക്കി പറയാതെ നിർത്തിയത്. നീ പറഞ്ഞതുപോലെ ഞാൻ എഴുത്തുകാരിയാണ്. അതിലുപരി ഞാൻ ഒരു സ്ത്രീ കൂടിയാണ്..

പ്രാരാബ്ധങ്ങൾ വഹിക്കുന്ന മക്കൾ അച്ഛനമ്മന്മാരെ വൃദ്ധസദനങ്ങളിൽ തള്ളുമ്പോൾ അവരുടെ മാനസിക പിരിമുറുക്കം കുറക്കാനായി, കൂടെ നിന്ന് വാർദ്ധക്യക്കാല രോഗങ്ങളിൽ ഒരു ആശ്വാസം പകരനായി കൂടെ ഒരാളെ ക്ഷണിക്കുന്നതിൽ എന്ത് തെറ്റ്.... "

" എപ്പോഴും എല്ലായ്‌പോഴും അമ്മയ്ക്ക് ശരികൾ മാത്രം.

കേട്ട് കേൾവി പോലും ഇല്ലാത്ത ഒന്നാണ് അമ്മ ഇപ്പൊ ചെയ്യാൻ പോകുന്നത്...

അമ്മ ഞങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ടോ ഞാനും ഏട്ടന്മാരും സമൂഹത്തിൽ തലയുയർത്തി ഇനി എങ്ങനെ നോക്കും..? "

"ഡോക്ടറും എഞ്ചിനീയറും ടീച്ചറും ആയ മക്കൾക്ക് അമ്മയെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കാൻ ഈ പറഞ്ഞ നാണക്കേട് ഒന്നും ഉണ്ടായില്ലേ...?

അപ്പോൾ ഉയർന്നു നിന്ന തല ഇനിയും ഉയർന്നു തന്നെ നിന്നോളും.."

നിശബ്ദത ചുറ്റും പരന്നു. മക്കളും മരുമക്കളും നിശബ്ദരായി തന്നെ ഉറ്റു നോക്കി.

" അമ്മയ്ക്ക് അറിയില്ലേ ഞങ്ങടെ തിരക്കുകൾ... "

വളരെ പതിഞ്ഞ ആയിരുന്നു മൂത്തവൻ്റെ ശബ്ദം.

അതേ മനുഷ്യന് എന്നും തിരക്കുകളാണ്.

ബന്ധങ്ങളുടെ വില അറിയാത്തവൻ തിരക്കുകളിൽ സ്വയം ഊളിയിടും.

" മക്കൾക്ക് പോകാം..

ഇനി ഇതും പറഞ്ഞ് എന്നെ കാണാൻ വരണമെന്നില്ല.

ഇതെൻ്റെ ജീവിതമാണ്...

വാർദ്ധക്യത്തിൽ ഒരു കൈത്താങ്ങാവാൻ എൻ്റെ മക്കൾക്ക് കഴിയില്ലെങ്കിൽ ഇനി തുടർന്നും നിങ്ങളെന്റെ കാര്യങ്ങളിൽ തലയിടാൻ വരണ്ട... "

പിന്നെയൊന്നും കേൾക്കാനോ പറയാനോ ഇഷ്ട്ടപെടാത്തത് പോൽ ഞാൻ ഉള്ളിലേക്ക് കയറി പോരുമ്പോൾ എന്റെ മനസ്സിൽ ഒരു ചോദ്യം ഉണർന്നു.

തിരക്കുകൾ ആണെന്ന് പറഞ്ഞ് ഒരുപക്ഷേ ഞാൻ മക്കളെ വേണ്ടെന്നു വെച്ചിരുന്നു എങ്കിൽ....?

നാണക്കേടാണ്...

സമൂഹത്തെ ഭയമാണ്...

വയസ്സാൻ കാലത്ത് കൗമാരം കളിച്ചാൽ ഇതാ ഇതുപോലെ അവഗണനകളുടെ മൂർച്ചയുള്ള വാക്കുകൾ ഏറ്റുവാങ്ങേണ്ടി വരും.

ഞാനും കൃഷ്ണേട്ടനും വളരെ ചെറുപ്പം മുതലുള്ള അടുപ്പമാണ്. അന്നതൊരു പ്രണയമായിരുന്നില്ല ഒരു സൗഹൃദത്തിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. ഇരുവരും യൗവനത്തിൽ വ്യത്യസ്ത ജീവിതങ്ങൾ തിരഞ്ഞെടുത്തു... സന്തോഷമായിരുന്നു ഇരുവരുടെയും ജീവിതത്തിൽ..

എപ്പോഴോ അത് അസ്തമിച്ചു തുടങ്ങി, മാധവേട്ടന്റെ മരണം മക്കൾക്ക് വേണ്ടി മാത്രം തന്നെ ജീവിക്കാൻ പഠിപ്പിച്ചു...

ജീവിതപാതയിൽ അദ്ദേഹത്തിന്റെ ഭാര്യയും പിരിഞ്ഞു പോയി..

ഇരുവരുടെയും മക്കൾക്ക് മടുത്തപ്പോ അവർക്ക് ഇനി മുന്നോട്ടു തങ്ങളെ ആവിശ്യമില്ലെന്ന് തോന്നിയപ്പോൾ പല സമയങ്ങളിലായി ഇവിടെ എത്തി....

എത്രയൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. മക്കൾക്ക് മടുത്താൽ പിന്നെ വൃദ്ധർക്ക് വൃദ്ധസദനം തന്നെ ശരണം.

ഇവിടെയുള്ള ഓരോ അന്തേവാസികൾക്കും പറയാൻ ഓരോ കഥയുണ്ട്. സ്നേഹവും വാത്സല്യവും ആവോളം നൽകി മക്കളെ വളർത്തി ഒടുവിൽ അവഗണനയും വെറുപ്പും കൊണ്ട് ഇവിടെ എത്തിപ്പെട്ടവരുടെ കഥകൾ....

വേദനാജനകമാണ് മനുഷ്യാ നമ്മുടെ ഓരോ അവസ്ഥകളും.

വാർദ്ധക്യം ഒരു രോഗമാണ്.

ഇന്നല്ലെങ്കിൽ നാളെ രോഗം ഏവരിലും ക്ഷണിക്കപ്പെടാത്ത ഒരതിഥിയായി വന്നു കയറും. അപ്പോ ചുറ്റുമുള്ളവർക്ക് മടുത്താൽ ഇതാ ഈ ചുവരുകൾ അവർക്ക് തണലേകും.

അല്ലെകിൽ..

ജീവിതത്തിന്റെ കറുത്ത ദിനങ്ങളെണ്ണാം..

" എന്തു പറഞ്ഞു നിന്റെ മക്കൾ..? "

" പ്രതീക്ഷിച്ചതു തന്നെ കൃഷ്ണേട്ടാ. ഈ സുഭദ്രയ്ക്ക് വയസ്സാംകാലത്ത് ഒരു കൂട്ട് കിട്ടുന്നത് അവർക്ക് ഇഷ്ടമല്ല. നാണക്കേട് കൊണ്ട് ഇറങ്ങി നടക്കാൻ പറ്റില്ലത്രേ... "

പരസ്പരം നോക്കി അവരിരുവരും ഒന്നു ചിരിച്ചു...

ഇങ്ങനെ ഒരാശയം തങ്ങളിൽ മുളച്ചത്,കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ തങ്ങളെ കാണാൻ എത്തിയ ഒരു കൂട്ടം വിദ്യാർഥികളിലൂടെയാണ്..

വയസ്സനും വയസ്സത്തിയും ഒന്നിച്ചാൽ ജീവിതത്തിന്റെ ഒറ്റപ്പെടൽ മാഞ്ഞുതുടങ്ങും..

സന്തോഷങ്ങളും സങ്കടങ്ങളും ഒരു പോൽ പങ്കു വെക്കാം..

പിന്നെ പിന്നെ എല്ലാവർക്കും ആ താല്പര്യമുണ്ടെന്നറിഞ്ഞപ്പോ വല്ലാത്തൊരു ഇഷ്ട്ടം എന്നിലും മുളപ്പൊട്ടി... ഈ പ്രായത്തിലും വിവാഹം എന്ന സങ്കല്പം എന്തുകൊണ്ടോ എനിക്കും ഇഷ്ടമായി. ആരുമില്ലാത്തവർക്ക് കൂടെ ഒരാൾ ഉണ്ടെന്ന തോന്നലാണ് ഏറ്റവും വലിയ സന്തോഷം..

അതിനായി കൈപിടിക്കാൻ ഒരാൾ മുന്നോട്ടു വന്നപ്പോൾ സ്വാഭാവികമായും ഞാനും സമ്മതിച്ചു.

ആ സമ്മതമാണ് ഇന്നിവിടെ കണ്ട കലഹങ്ങൾക്കും എന്റെ ചിന്തകൾക്കും പിന്നിൽ...

വാർദ്ധക്യത്തിൽ തളർന്നു പോകുമ്പോൾ കൂടെ ഞാൻ ഉണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ നീട്ടുന്ന വിശ്വാസത്തിന്റെ സ്നേഹത്തിന്റെ ആ കരങ്ങളെ ഞാൻ വല്ലാതെ മോഹിച്ചു..

അതിൽ ഒരു തെറ്റ് അടിവരയിടാനില്ല..

" ഇനിയും ആലോചിക്കുകയാണ് സുഭദ്രേ നീ..,"

"ആലോചിക്കാൻ ഇനിയൊന്നുമില്ല...

നാം വീണ്ടും ദാമ്പത്യത്തിലേക്ക്..

മനസ്സിനും ശരീരത്തിനും ഒരു തണൽ ഇപ്പോൾ ആവശ്യമാണെന്ന് തോന്നുന്നു...

വളർത്തിയ മക്കൾക്ക് സംരക്ഷണം നൽക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, പിന്നെ നാം തന്നെ മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്നതിൽ എന്താണ് തെറ്റ്...."

"ഇനിയിതൊരു തെറ്റാണെന്ന് തോന്നിയാലും എനിക്ക് ഇത് തിരഞ്ഞെടുക്കാൻ വല്ലാത്ത കൊതി....

കൂടെ കൂടാൻ ഒരാളുണ്ടുണ്ടാകുമ്പോ മനസിനും ശരീരത്തിലും വല്ലാത്ത സുഗന്ധമാണ്...

അല്ലെ കൃഷ്ണേട്ടാ..."

അയാളുടെ കൈകളിൽ കൈ കോർത്തവർ അയാളുടെ തോളിലേക്ക് ചാഞ്ഞു...

"കൂടെയുണ്ടാകും അവസാന നാൾ വരെ.."

അയാളുടെ ചുണ്ടുകൾ വിറയോടെ മന്ത്രിച്ചു..

'പ്രകൃതി...

നിന്നിലെ സ്ത്രീ വീണ്ടും പുണ്യം ചെയ്തുവോ..

പുരുഷനാൽ  പ്രണയിക്കപ്പെടാൻ ഇനിയും അവസരമോ....

പ്രണയത്തിന് നിന്റെ പ്രായമാണെന്ന് ഞാൻ എഴുതി വെക്കട്ടെ...

കൂടാതെ 

നിന്റെ സൗന്ദര്യവും സൗരഭ്യവുമാണ് പ്രണയത്തിനുള്ളതെന്നും കൂട്ടി ചേർത്ത് ഒരു അദ്ധ്യായം കൂടെ ഞാൻ ഇവിടെ പൂർണ്ണമാക്കട്ടെ...'


ശുഭം.


                                                                    നന്ദന എൻ 










About the Author





NANDHANA  N
Email :  nnandhana110@gmail.com



Post a Comment

0Comments

Post a Comment (0)