സ്നേഹവിളക്ക്
കവിത
കെ. ഫൈസൽ നെന്മാറ
വരുകില്ലനീയിനി അറിയാമതെങ്കിലും
അറിയാതെ മിഴിനീളും പടിവാതിലോളം
ഒരു കൊലുസ്സൊലിയെന്റെ കാതിൽ പതിക്കവേ
ഒരു കാൽപദനമെൻ അരികിലേക്കെത്തവേ
അറിയുന്നു നീയെനിക്കെല്ലാമായിരുന്നു
അറിയുന്നുവോ നീയെന്നകതാരിൻ നോവ്
പലവട്ടം നാം പോയ പാടവരമ്പും പുഴയും
നിന്നെ കാത്തിരിക്കുന്നു
തൊടിയിലെ കൈതകൾ നിനക്കായി പൂക്കുന്നു
തൂക്കനാം കുരുവികൾ നിനക്കായി പാടുന്നു
അറിഞ്ഞിട്ടുമെല്ലാമറിഞ്ഞിട്ടും നീയൊന്നു-
മറിയാത്തപോലെങ്ങ് പോയോമലേ
നീയന്നുമുറ്റത്ത് നട്ടൊരാമുല്ലയും പൂചൂടിയല്ലോ
സുഗന്ധം പൊഴിച്ചല്ലോ
നീയെന്നും വരുന്നൊരാ വഴിയോളംനോക്കി
നമ്മൾതൻ മക'ളമ്മ'യെന്നു മൊഴിയുന്നു
ചുറ്റിനും നിൻസാമീപ്യമറിവൂ ഞാൻ
ഒട്ടേറെനിന്നെക്കാണാനാശിപ്പൂ
ഒരു പ്രേമക്കെണിയിലായ് നിന്നെക്കുടുക്കിയോൻ
ഒരിക്കലും നിന്നെപ്രണയിക്കില്ലിത്രമേൽ
ഓരോ നിമിഷവും നിന്നോർമ്മയാലെന്റെ
ഓരോ ദിവസവും യുഗമായിമാറുന്നു
ഒരുമാത്രപോലും നീയോർത്തതില്ലെ
അരുമയാം കുഞ്ഞിന്റെ തൂമുഖംപോലും
അറിയും ഒരിക്കൽനീയെന്നുടെ സ്നേഹം
അറിയാതിരിക്കാൻ കഴിയില്ലൊരിക്കലും
കറയില്ലാസ്‌നേഹം തിരിച്ചറിയുമ്പോൾ
തിരികേ വരേണമീ ഭവനത്തിലോളം
തരിയായ്‌നീറി പുകയുന്ന ഹൃദയം
തരുമെന്നും നിനക്കായ് നിലക്കാത്ത സ്നേഹം
ധനമോ, സ്ഥാനമോ നൽകുന്ന ജീവിതം
ശാശ്വതമല്ലെന്നൊരിക്കലറിയും നീ
അന്നൊട്ടു സത്യം തിരിച്ചറിയുമ്പോൾ
പിന്നൊട്ടും വൈകാതെ തിരികെപ്പോരേണം
അന്നോളമെൻ ഭവനത്തിൻ വിളക്കുഞാൻ
അണയാതെ കാക്കാം കാലങ്ങളോളം