സീതത്തോടൻ
പാലം മുറിച്ച് ചുറ്റിത്തിരിഞ്ഞ്
കുത്തനെ നോക്കുന്ന തലയ്ക്ക് മുകളിൽ
നിന്ന് മല കയറി വരുന്നവർക്കവനൊരു
കാട്ട് പാത തെളിച്ചു വെയ്ക്കും.
മണ്ണെറിഞ്ഞു കരിനിഴൽ നാട്ടിയ
കുന്നിൻ ചെരുവിലെ വാഴയിലകൾക്കിടയിൽ
ഒരു പടല നേന്ത്രപ്പഴം അതിര്
താണ്ടിയവർക്ക് വേണ്ടി ചേരിൻ
പുറത്തേക്ക് നീക്കി മാറ്റും.
പുലർന്ന് തുടങ്ങുമ്പോൾ കാടിറങ്ങി
വന്നവർ ഒരു കൊഴുപ്പൻ ചേന
ചെത്തി മുറിച്ച് അയലത്തേക്ക് നീട്ടും.
മധുരം നിറച്ചൊരു ഇലയട നുണയുമ്പോൾ
കരിമ്പാറ കെട്ടി വസന്തം വിളയിച്ച
വലത് കൈയ്യുടെ നടുവിൽ
അഞ്ച് കിളിക്കുഞ്ഞുങ്ങൾ ചിറകുരുമിയിരിക്കും.
മഞ്ഞ് പുതച്ച് രണ്ടുപേർ
മലയിലുറങ്ങുമ്പോൾ കാട്ടുപൂക്കൾക്കിടയിൽ
നിന്നും ഒരു തീനാളം മുളച്ചു പൊന്തിയ
കുഞ്ഞിക്കതിരുകൾക്ക് കാവലിരിക്കും.
അകത്തേക്ക് ഒതുങ്ങിയ ഒരു
ചാറ്റൽ മഴ വാനത്തിന് മുകളിലൊരു
പാട്ട് കോറിയിടുമ്പോൾ മണ്ണൊരുക്കി
കുത്തി നിർത്തിയ കോലിഞ്ചികൾക്കിടയിൽ
തലസ്ഥാനത്തേക്ക് തല നീട്ടിയ ഒരു
ലാപ്ടോപ് മാത്രം പുത്തൻ കാലത്തിന്റെ
ഡേറ്റകളോരോന്നും പെറുക്കി വെയ്ക്കും.
ചെറുവിരൽ കോർത്തവർ വേവാൻ
തുടങ്ങിയ അരികൾക്ക് മുകളിൽ
പേരുകളെഴുതുമ്പോൾ ഒരു കൂറ്റൻ
പോത്തിന്റെ വാരിയെല്ലുകൾ ഓരോന്നായി
അവൻ വീതിച്ചു കൊടുക്കും.
ആനയും പുലിയും പന്നിയുമൊക്കെ
പച്ചക്കതിരിന് കാവലിരിക്കുമ്പോൾ
കാട് കയറിയവർ മാടത്തിലുറങ്ങും.
ഉറക്കം മടുത്ത് തിരിഞ്ഞു കിടക്കുമ്പോൾ
ഇലകൾക്കിടയിൽ നിന്നും ഒരു
പുള്ളിക്കടുവ ഉച്ചത്തിൽ കോട്ടുവായിടും.
പുക നിറം പൂണ്ടൊരു കുഴിയിൽ
ചവിട്ടി പെരുവിരൽ കുത്തി
മലയിറങ്ങുമ്പോൾ പച്ചിലകൾ
കോർത്തൊരു മുട്ടൻ ജീപ്പിന്റെ
ഒന്നാം ഗിയർ മാറി തുടങ്ങിയിരിക്കും.
About the Author