ശ്യാമ
അത്രമേൽ മൗനം കനക്കയാൽ നീയെന്റെ
ഏകാന്ത വാസ ഗൃഹമടുത്തീടവേ
മുന്നിലുദിക്കയാണിന്നൊരു വാസന്ത
പൗർണ്ണമി ആർദ്രമായി മാനസം.
നേർത്ത നിലാവിൻ വെളിച്ചവുമന്യമായി
ഓർമ്മയിൽ സന്ധ്യകൾ പോലുമില്ലാതെയായി
വാടിക്കറുത്തുപോയി പൂവാടികൾ മുൾ
കാടു പിടിച്ചു കിടക്കുന്നു ചുറ്റിലും
അത്രയുമാർത്തമായ്പ്രണയിച്ചിരുന്നു നാം
ഒക്കെയുമോർക്കാതിരിക്കയാണുത്തമം
നോവിന്റെ മാറാല കെട്ടിയ യാത്രകൾ
പതിമെയ് വേർപെട്ട നിശൂന്യ വേളകൾ
ഉള്ളം തുറന്നുരിയാടാത്ത മുറ്റിയ
മുൾക്കാട് ചുറ്റുംതെഴുത്തുപോയ് നമ്മളിൽ
തോറ്റുകൊടുക്കുവാൻ വയ്യെന്ന് ദുർമതി
കോട്ടകൾ കെട്ടി തമ്മിലകന്നു നാം
ആരുമില്ലാതെ മടുത്തുപോയ് യാത്രകൾ
നേരം പുലർത്തിയെടുക്കുന്നു രാത്രികൾ
രണ്ടു ജന്മങ്ങൾ മതിഭ്രമം വന്നപോൽ
ഏതോ തുരുത്തിൽ വിഷാദിച്ചിരിക്കവേ
നമ്മൾക്കകലുവാൻ വയ്യെന്നറിഞ്ഞു നാം
തമ്മിൽപിണങ്ങുവാൻപിന്നെയടുക്കുവാൻ
ആവാത്ത നേരം ശൂന്യമാവുന്നു നാം
അണയുക നീ സഖീ അല്പനിമിഷങ്ങളിൽ
ശ്യാമ മോഹിനിയായി കടന്നുവന്നീടുക..
About the Author