ധൈര്യവതിയായ പെൺകുട്ടി | Malayalam Story online - Dhairyavathiyaaya Penkutty

Malayalam Magazine
0


ധൈര്യവതിയായ പെൺകുട്ടി  

കഥ 


ഒരു ബിസിനസുകാരൻ എയർപോർട്ടിലെത്താൻ വൈകിപ്പോയി .

ഭാഗ്യത്തിന് കൗണ്ടർ അടക്കുന്നതിന് ഏതാനും സെക്കൻറുകൾക്കുള്ളിൽ ബോർഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുൻപ് ഒരുകണക്കിന് വിമാനത്തിനുള്ളിലെത്താനും അയാൾക്ക് സാധിച്ചു .

ശ്വാസം കിട്ടാതെ വിയർത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളിൽ ലഗേജ് കമ്പാർട്ട്മെന്റിൽ കുത്തിത്തിരുകിയശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റിൽ ഇരുന്നിരുന്ന കൊച്ചു പെൺകുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാൾ നടുക്കുള്ള തൻറെ സീറ്റിലേക്കിരുന്ന്  ദീർഘമായി നിശ്വസിച്ചു . 

വിമാനം റൺവേയിലൂടെ ഓടിത്തുടങ്ങിയപ്പോൾ അയാൾ തൊട്ടടുത്തിരുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു . കയ്യിലിരുന്ന കളറിംഗ് ബുക്കിൽ ചിത്രങ്ങൾക്ക് നിറം കൊടുക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ .

 " ഹായ് മോളെ " അയാൾ അവളെ അഭിവാദ്യം ചെയ്തു . 

" ഹലോ അങ്കിൾ " 

" എന്താ മോൾടെ പേര് ? " 

" നിവേദിത " 

" മോമോൾക്കെത്ര വയസായി ? " 

" 8 " 

" ആണോ , അങ്കിളിനുമുണ്ട് ഇതേ പ്രായത്തിൽ ഒരു സുന്ദരിമോള് . "

അവൾ മനോഹരമായി ചിരിച്ചു . 

" ആട്ടെ , എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങൾ ? " 

"എനിക്ക് കാർട്ടൂൺ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനു" അവൾ താൽപര്യത്തോടെ പറഞ്ഞു . 

" ഏതൊക്കെ മൃഗങ്ങളെയാണ് മോൾക്കിഷ്ടം ? " 

“കുതിരകളെക്കാണാൻ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം " 

ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെൺകുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോർത്തപ്പോൾ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാൻ അയാളക്കാര്യം ചോദിച്ചില്ല . പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുൻനിർത്തി യാത്രയിലുടനീളം അവളെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു . വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടു കാണണം , പെട്ടെന്ന് വിമാനമോന്നു കുലുങ്ങി . പിന്നാലെ പൈലറ്റിൻറെ അനൌൺസ്മെന്റ് മുഴങ്ങി . 

" യാത്രക്കാർ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക . എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുക. നമ്മൾ അൽപ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ് , എങ്കിലും പരിഭ്രമിക്കാൻ ഒന്നും തന്നെയില്ല "

അടുത്ത അര മണിക്കൂർ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു . യാത്രക്കാരിൽ പലരും ഉറക്കെ കരയാൻ തുടങ്ങി . അയാൾക്കിടതു വശത്ത് ജനാലക്കരികിൽ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിൻറെ ശബ്ദത്തിൽ ഉച്ചത്തിൽ പ്രാർഥിക്കാൻ തുടങ്ങി . ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി . അയാൾ അടിമുടി വിയർത്തു . ഇടക്ക് തൊണ്ട ശരിയാക്കി അയാളും “ എൻറെ ദൈവമേ " എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു . കൊണ്ടിരുന്നു.

എന്നാൽ അയാൾക്കടുത്തിരുന്ന പെൺകുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല . തൻറെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റിൽ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തിൽ ഇരിക്കുകയാണവൾ . പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിൻറെ കുലുക്കം നിന്നു . 

ഏതാനും നിമിഷങ്ങൾക്കു ശേഷം പൈലറ്റിൻറെ അനൌൺസ്മെൻറും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു . ഇനിയൊന്നും തന്നെ പേടിക്കാനില്ല , യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നു . ഏതാനും നിമിഷങ്ങൾക്കുള്ളിൽ നമ്മൾ ലാൻഡ് ചെയ്യുന്നതാണ് "

വിമാനം ലാൻഡ് ചെയ്യാനായി താഴ്സന്നു പറന്നു തുടങ്ങിയപ്പോൾ അയാൾ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെൺകുട്ടിയോട് ചോദിച്ചു . 

" നീയെത്ര ചെറിയ കുട്ടിയാണ് , എന്നാൽ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെൻറെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല . മുതിർന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോൾ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത് . എങ്ങനെ സാധിച്ചു നിനക്കത് , എവിടന്നു കിട്ടി നിനക്കീ ധൈര്യം ? " 

അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു - 

" പൈലറ്റ് എൻറെ അച്ഛനാണ് . ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് ! "  

എന്താണ് ആ കൊച്ചു പെൺകുട്ടിക്കിത്രയും ധൈര്യം നൽകിയത് ? 

നാം വിശ്വാസമർപ്പിക്കുന്ന പ്രിയപ്പെട്ടവർക്ക് നമ്മോടുള്ള സ്നേഹത്തിൻറെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല . അച്ഛൻ കൂടെയുള്ളപ്പോൾ മറ്റൊരൽഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ , കാരണം മാതാപിതാക്കളേക്കാൾ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത് !



                                                              സോഷ്യൽ മീഡിയ പറഞ്ഞത് 

Post a Comment

0Comments

Post a Comment (0)