അച്ഛന്റെ വിദ്യാഭ്യാസം
“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ..
ഞാനിനി എന്ത് ചെയ്യും”
വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു.
“നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്?"
“അതൊക്കെ പറഞ്ഞതാണമ്മേ.. അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്”
“ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ, അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ?
ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻ്റെ വരാന്തയിൽ കയറി നിന്നിട്ടില്ല , എൻ്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി , അത് തന്നെയായിരുന്നു, വിദ്യാഭ്യാസമില്ലാത്തൊരാളെ, എൻ്റെ തലയിൽ കെട്ടിവച്ച് തന്നു”
“അത് മാത്രമാണോ അമ്മേ… എൻ്റെ കൂട്ടുകാരികളുടെ മുന്നിൽ, എൻ്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയൊരു കോലമാണോ, അച്ഛൻ്റേത് എപ്പോൾ നോക്കിയാലും, മുഷിഞ്ഞൊരു കൈലിമുണ്ടും ,കരി ഓയിലുപുരണ്ട ഒരു ഷർട്ടുമിട്ട് ,മുറുക്കാൻ തുപ്പല് ഒലിച്ചിറങ്ങുന്ന ഊശാൻ താടിയുമായിട്ടല്ലാതെ , അച്ഛനെ ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇത് വരെ കണ്ടിട്ടില്ല,എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നതെന്ന് ,എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല”
“എന്താണ് അമ്മയും മോളും കൂടി ഒരു ഗൂഡാലോചന”
ആ സമയത്താണ് അവിചാരിതമായി, സ്വാതിയുടെ അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി വന്നത്.
“ഇതെന്താ ഇന്ന് വർക്ക് ഷോപ്പ് നേരത്തെയടച്ചോ?
“ങ്ഹാ ,ഇന്ന് പണിയൊക്കെ വളരെ കുറവായിരുന്നു, മാത്രമല്ല മേസ്തിരിക്ക് എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി, പിന്നെ ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നതെന്തിനാന്ന് വിചാരിച്ച് ഇങ്ങോട്ട് പോന്നു, ങ്ഹാ മോളേ.. പരീക്ഷേടെ പേപ്പറൊക്കെ കിട്ടിയോ ?ൻ്റെ മോൾക്ക് നല്ല മാർക്കുണ്ടല്ലോ അല്ലേ?
“അതൊക്കെ കിട്ടി അച്ഛാ .. പക്ഷേ ഒരു പ്രശ്നമുണ്ട്”
“എന്ത് പ്രശ്നമാ മോളേ”
“അത് നാളെ, കോണ്ടാക്ട് ഡേയാണ്, പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ വരണമെന്ന്, ടീച്ചറ് പറഞ്ഞു”
“അതിനെന്താ മോളേ .. അച്ഛൻ നാളെ ലീവെടുത്ത് വരാല്ലോ?
“നിങ്ങളവിടെ ചെന്നിട്ടെന്തെടുക്കാനാ, ടീച്ചർമാര് ചോദിക്കുന്നതിനും പറയുന്നതിനുമൊക്കെ നിങ്ങൾക്കുത്തരം കൊടുക്കാൻ പറ്റുമോ ? ഒന്നാമത് ഇംഗ്ളീഷ് മീഡിയം സ്കൂളാണ് ,ഇംഗ്ളീഷിലെന്തെങ്കിലും ചോദിച്ചാൽ, നിങ്ങള് വായും പൊളിച്ച് നില്ക്കേണ്ടി വരും”
“ഉം അതും ശരിയാ, അതിനിപ്പോൾ എന്താ ഒരു പോംവഴി ?
ശിവദാസൻ വല്ലായ്മയോടെ ചോദിച്ചു.
“ഞാനൊരു വഴി കണ്ടിട്ടുണ്ട് ,എൻ്റെ വല്യേട്ടനെ പറഞ്ഞ് വിടാം, ടീച്ചർക്ക് അറിയില്ലല്ലോ? സ്വാതിമോളുടെ അച്ഛനാരാണെന്ന്, നിങ്ങളുടെ സ്ഥാനത്ത് നിന്ന്, ചേട്ടൻ കാര്യങ്ങള് വേണ്ട പോലെ ചെയ്ത് കൊള്ളും”
“ഉം ശരി, എൻ്റെ മോൾക്ക് അതാണിഷ്ടമെങ്കിൽ അങ്ങനെ തന്നെ ആവട്ടെ”
ഉള്ളിലെ വിഷമം പുറത്ത് കാട്ടാതെ, തോർത്തും സോപ്പുമെടുത്ത്, കുളിക്കാനായി ശിവദാസൻ കിണറ്റിൻ ചുവട്ടിലേക്ക് നടന്നു.
പിറ്റേന്ന് ഉച്ചതിരിഞ്ഞ്, സ്കൂളിൻ്റെ ചെറിയ ഓഡിറ്റോറിയത്തിനുള്ളിൽ, പേരൻ്റ്സും കുട്ടികളും വന്ന് നിറഞ്ഞു........
സദസ്സിലിരുന്ന ഏവരുടെയും ശ്രദ്ധ, മുന്നിലുള്ള വേദിയിലായിരുന്നു.
അവിടെ സ്കൂൾ പ്രിൻസിപ്പാളും, മാനേജരും, മറ്റ് ടീച്ചേഴ്സുമെല്ലാം സന്നിഹിതരായിരുന്നു.
പതിവ് പോലെ പ്രിൻസിപ്പാൾ എഴുന്നേറ്റ്, സദസ്സിലേക്ക് നോക്കി സംസാരിച്ച് തുടങ്ങി....
“ബഹുമാനപ്പെട്ട മാതാപിതാക്കളെ പ്രിയപ്പെട്ട വിദ്യാർത്ഥീ വിദ്യാർത്ഥിനികളെ , ഇന്ന് കോണ്ടാക്ട് ഡേ ആയത് കൊണ്ട്, സ്വന്തം മക്കളുടെ മാർക്ക് ലിസ്റ്റ് കാണാനും, പ്രോഗ്രസ് കാർഡിൽ ഒപ്പ് വച്ചിട്ട് വേഗം തിരിച്ച് പോകാനുമായി വന്ന നിങ്ങളെ, മീറ്റിംഗ് കഴിഞ്ഞിട്ടേ പോകാവൂ എന്ന്, ഞങ്ങൾ അഭ്യർത്ഥിച്ചത് മറ്റൊന്നിനുമല്ല ,ഒരു പ്രധാനപ്പെട്ട വ്യകതിയെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാനും, അദ്ദേഹത്തിന് നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിച്ചത് കൊണ്ടുമാണ്, ഇനി ആ വ്യക്തിയാരാണെന്ന് പറയാം...
വെറുമൊരു സാധാരണ മനുഷ്യൻ , എന്നാൽ ഒരു കൂലിപ്പണിക്കാരനായ അദ്ദേഹം, തനിക്ക് കിട്ടുന്ന തുശ്ചമായ ശമ്പളത്തിൽ നിന്നും, ചിലവ് ചുരുക്കി മിച്ചം പിടിച്ച കാശ് കൊണ്ട് ,അനാഥരായ രണ്ട് കുട്ടികൾക്ക്, ഈ സ്കൂളിൽ പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും, ആ രണ്ട് കുട്ടികളും, ഈ കഴിഞ്ഞ എക്സാമിന്, വളരെ മികച്ച മാർക്ക് വാങ്ങുകയും ചെയ്തു ,അതിന് അവസരമൊരുക്കിയ ആ വലിയ മനുഷ്യനെ ആദരിക്കുന്നതിന് വേണ്ടിയാണ്, നമ്മളിന്നിവിടെ ഇങ്ങനെയൊരു വേദിയൊരുക്കിയത്, നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടെ ,ആദരപൂർവ്വം ഞാനാ വലിയ മനുഷ്യനെ ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്’
നിറഞ്ഞ കൈയ്യടിയുടെ അകമ്പടിയോടെ, വേദിയിലേക്ക് കടന്ന് വന്ന വ്യക്തിയെക്കണ്ട്, സ്വാതിയും ,അമ്മാവനും പകച്ച് പോയി.
“ഈ സ്റ്റേജിലിരിക്കുന്ന ബഹുമാന്യരായ സാറന്മാരെ , മക്കളുമായി വന്ന് എൻ്റെ മുന്നിലിരിക്കുന്ന മാതാപിതാക്കളെ ,എനിക്ക് പ്രസംഗിക്കാനൊന്നുമറിയില്ല, കാരണം എനിക്ക് നിങ്ങളെപ്പോലെ ഒട്ടും വിദ്യാഭ്യാസമില്ല ,പഠിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല , വീട്ടിലെ പട്ടിണിയും പരിവട്ടവും കാരണം, അച്ഛനില്ലാത്ത ഞങ്ങളെ വളർത്താൻ, അമ്മ ഒത്തിരി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ, പഠിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കി, അമ്മയോടൊപ്പം പണിക്ക് പോയി , പക്ഷേ പഠിക്കാതെ പോയതിൻ്റെ കുറവ് എനിക്ക് തോന്നി തുടങ്ങിയത്, എൻ്റെ മോളെ സ്കൂളിൽ ചേർക്കാൻ പോയപ്പോൾ മുതലാണ് , അന്ന് വിദ്യാഭ്യാസമുള്ള ഭാര്യ കൂടെയുണ്ടായിരുന്നത് കൊണ്ട്, അവള് ഫോമ് പൂരിപ്പിക്കുകയും , മോളെ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ തന്നെ ചേർക്കുകയും ചെയ്തു, പക്ഷേ എൻ്റെ മോള് പഠിച്ച് ഓരോ ക്ളാസ്സും കടന്ന് പൊയ്ക്കൊണ്ടിരുന്നപ്പോൾ , അവള് വളരുന്നതിനോടൊപ്പം, എൻ്റെ ഭാര്യയുടെ മുന്നിലും, എൻ്റെ മകളുടെ മുന്നിലും ഞാൻ ചെറുതാവുകയായിരുന്നു ......,
അവരുടെ നിലവാരത്തിനൊപ്പം, എനിക്കെത്താൻ കഴിയാത്തത്, വിദ്യാഭ്യാസമില്ലായ്മയാണെന്ന് മനസ്സിലാക്കിയ ഞാൻ ,എൻ്റെ ദുരവസ്ഥ മറ്റൊരാൾക്കുമുണ്ടാകാൻ പാടില്ല എന്ന് കരുതിയാണ് ,അനാഥരായ രണ്ട് കുട്ടികൾക്കെങ്കിലും, എന്നാൽ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസം കൊടുക്കാനും, സമൂഹത്തിൽ അവർക്ക് നിലയും വിലയുമുണ്ടാക്കാനുമായി, ഞാനൊരു എളിയ ശ്രമം നടത്തിയത് ,ഇന്ന് പക്ഷേ, അവർ അനാഥരല്ലെന്നാണ്, കുറച്ച് മുൻപ് കണ്ടപ്പോൾ അവരെന്നോട് പറഞ്ഞത്, കാരണം അവർക്ക് രണ്ട് പേർക്കും, അവരുടെ അച്ഛൻ്റെ സ്ഥാനത്ത് നിന്ന്, പ്രോഗ്രസ് കാർഡ് ഒപ്പിട്ട് കൊടുക്കേണ്ടത് ഞാനാണെന്ന് പറഞ്ഞപ്പോൾ, കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലവും, അറിവില്ലാത്തതിൻ്റെ പേരിൽ, ഒരിക്കൽ പോലും എൻ്റെ സ്വന്തം മകളുടെ സ്കൂളിൽ, ഒന്ന് കാല് കുത്താൻ പോലും അവസരം ലഭിക്കാതിരുന്ന എനിക്ക് കിട്ടുന്ന, ഏറ്റവും വലിയ സമ്മാനമാണ്, ഈ രണ്ട് കുട്ടികൾ,
എനിക്ക് ചാർത്തിത്തന്ന അച്ഛൻ്റെ സ്ഥാനമെന്ന് ,സന്തോഷത്തോടെ ഞാൻ മനസ്സിലാക്കുന്നു, ഇവിടെ കൂടിയിരിക്കുന്ന എല്ലാ കുട്ടികളോടും, എനിക്ക് പറയാനുള്ളത് ,നിങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമെന്ന് പറയുന്നത് ,നിങ്ങള് നന്നായി പഠിച്ച് ഒരു വലിയ സ്ഥാനത്ത് എത്തിച്ചേരുക എന്നുള്ളതാണ് ....
അതിന് വേണ്ടി, അവർക്ക് ജീവിതത്തിൽ പലവിധ വേഷങ്ങളും കെട്ടേണ്ടി വരും, ചിലപ്പോൾ മീൻ കച്ചവടക്കാരൻ്റെ ,അല്ലെങ്കിൽ ഒരു വിറക് വെട്ടുകാരൻ്റെ ,അതുമല്ലെങ്കിൽ കരിയും പുകയും പിടിച്ച ഒരു വർക്ക്ഷോപ്പുകാരൻ്റെ ,പക്ഷേ ഏതൊക്കെ വേഷത്തിലേക്ക് മാറിയാലും, അവരെന്നും നിങ്ങളുടെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി, അഹോരാത്രം അദ്ധ്വാനിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട അച്ഛനാണെന്ന ചിന്ത നിങ്ങൾക്കെന്നുമുണ്ടാവണം , ........
നിങ്ങൾ പഠിച്ച് ഒരു ജോലി കിട്ടിയിട്ട് ,അതിനുള്ള ആദ്യ ശബ്ബളം വാങ്ങി, നിങ്ങളുടെ അച്ഛനെ ഏല്പിക്കുമ്പോഴുള്ളതിനെക്കാൾ സന്തോഷം തോന്നുന്നത്, ജോലി ചെയ്ത് മുഷിഞ്ഞ് നാറി നില്ക്കുന്ന ,അച്ഛനെ ചൂണ്ടിക്കാണിച്ചിട്ട് ,നിങ്ങൾ സ്വന്തം ടീച്ചറോട്, അല്ലെങ്കിൽ സ്വന്തം കൂട്ടുകാരോട്, ഇതാണ് എൻ്റെ അച്ഛനെന്ന് അഭിമാനത്തോടും, സന്തോഷത്തോടും പറയുന്നത് കേൾക്കുമ്പോഴാണ്,.....
ഇന്നെനിക്ക് സങ്കടവും സന്തോഷവുമുള്ള ദിവസമാണ് ,അത് കൊണ്ട് തന്നെ കൂടുതലൊന്നും സംസാരിക്കാൻ എനിക്കാവുന്നില്ല ,എല്ലവർക്കും നന്ദി”🙏
അത്രയും പറഞ്ഞ്, വേദിയുടെ ഒരു വശത്തേക്ക് ഒതുങ്ങി നിന്ന അച്ഛനെ(ശിവദാസൻ) കണ്ടപ്പോൾ, സ്വതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..........
അച്ഛൻ്റെ മനസ്സിൽ ഇത്രയൊക്കെ സങ്കടമുണ്ടായിരുന്നോ ????
അച്ഛനോട് മാപ്പ് ചോദിക്കണമെന്ന് അവൾ മനസ്സിലുറപ്പിച്ചു.
“അമ്മാവാ.. എനിക്ക് അച്ഛനെക്കൊണ്ട് ഒപ്പിടീച്ചാൽ മതി, എന്നിട്ട് എൻ്റെ കൂട്ടുകാരോടും, ടീച്ചേഴ്സിനോടുമെല്ലാം എനിക്ക് ഉറക്കെ വിളിച്ച് പറയണം,
" ഇതാണെൻ്റെ അച്ഛനെന്ന്”
❤️ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛന്മാർക്ക് വേണ്ടി❤️