അച്ഛന്റെ യാത്രാമൊഴി | മലയാളം ആനുകാലിക കവിത | Achante yathramozhi Malayalam poetry

Malayalam Magazine
0

ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായ ദുഖകരമായ കാര്യങ്ങൾ നമ്മെയാകെ വേദനിപ്പിച്ചതാണ് . അദ്ദേഹത്തിന്റെ    നൊമ്പരം കവിതയായി കുറിക്കുകയാണിവിടെ ..



     കവിത                                                                                             ഷിബു ക്രിസ്റ്റൽ 


അച്ഛന്റെ യാത്രാമൊഴി


ഒരു നാളിൽ നീ പോയെൻ കൂടും വെടിഞ്ഞന്ന്

ഒരുപാടു സ്വപ്‌നങ്ങൾ വാടിക്കരിഞ്ഞു പോയ്.

ഒരു നേർത്ത ചരടിൻ്റെ ബന്ധമേയുള്ളല്ലോ

ഒരു താലിയ്‌ക്കെന്നുള്ളതറിയാതെ പോയി ഞാൻ.


സ്‌മരണയിലിന്നും മറയാതെ കാൺമുഞാൻ

നിറവാർന്ന സേഹത്തിൻ പൂവുകൾ, മുകുളങ്ങൾ

കരിഞ്ഞുപോയ് ഒരു ചുടുകാറ്റിലാപ്പൂക്കളും

മുറിഞ്ഞുപോയ് അന്നെൻ മനസ്സും പ്രതീക്ഷയും ..


ചിരിച്ച കാപട്യമുഖം തിരിച്ചറിയാതെ;

വരിച്ചതാണു ഞാൻ തിരിച്ചറിവൂയിന്ന്

തുറിച്ചുനോക്കുന്നു ചിലർ അടക്കം പറയുന്നു

പലർക്കും ഞാനൊരു പരിഹാസപാത്രമായ്.


ഒരു വേളയെന്നേ തളർന്നു വീണേനെ ഞാൻ;

അരുമയാം പൈതലേ നിൻ മുഖം കാണാഞ്ഞാ

ഒരിക്കലും നിന്നെപ്പിരിയുവാൻ വയ്യാതെ

ഇരിക്കയായ് നീ മാത്രമുള്ളാരു ലോകെ ഞാൻ.


പരിപാലിച്ചമ്മയായ് അച്‌ഛനായ് മാറവെ

ഒരു പുതുലോകവും നമുക്കായി തീർത്തുഞാൻ.

മറച്ചുവെൻ ഹൃദയത്തിനുള്ളിലായ് ശോകങ്ങൾ

ചിരിച്ചുനിഷ്‌ക്കളങ്കനായ് നീ വളർന്നീടുവാൻ.


തരിച്ചിരുന്നു ഞാനാ നീതി പീഠത്തിങ്കൽ

ഒരു മാത്ര മിന്നൽപ്പിണരേറ്റപോവെ !

ഒരിക്കലും തുറക്കാത്ത നയനങ്ങളുമായി

ചിരിക്കുന്നു നീതിതൻ ദേവത വന്യമായ് .


ഒരു വിധിയാലെൻ്റെ നിധി കട്ടെടുത്തോരെ;

ഒരു നാളിലും കാലം പൊറുക്കില്ലെന്നറിയുക.

ഒരുശാപമല്ലിത് സ്നേഹിച്ച പതിയുടെ;

ഒരു പാവമച്ഛന്റെ മനസ്സിന്റെ വേദന


പിരിയുന്നു ഞാനെൻ്റെ സ്വപ്നങ്ങളെ നിങ്ങൾ

പറിച്ചുഞെരിച്ചോരീ ദുരിത ഭൂവിൽ നിന്നും

ഒരുനാളുമാരോടും പരിഭവരില്ലാതെ

ഒരുങ്ങുന്നു ഞാനൊരു പുതിയ യാത്രക്കായി


അറിയുക കുഞ്ഞേ നിന്നെപ്പിരിഞ്ഞതാൽ

ഇടറുമെൻ ഹൃദയത്തിൽ താളം നിലച്ചുപോയ്

ഒരു ചുംബനം കുഞ്ഞിക്കവിളിലേകാതിന്ന്

യാത്രയാകുന്നച്ഛൻ; ഇനിയില്ലതിരികെ


ഒരുനൂറു സ്വപ്‌നങ്ങൾ കണ്ടിരുന്നീയച്ഛൻ

ഒരു കോടി സ്നേ‌ഹം നിനക്കായി സൂക്ഷിച്ചു.

അറിയുകയില്ലയീ ലോകത്തിന്നവയൊന്നും

അറിഞ്ഞിട്ടുമറിയില്ലായെന്നു നടിപ്പതോ


ആരോട് പറയണം എൻ്റെ പരാതികൾ ?

ആതോട് ‌ഞാനിരന്നീടണമെൻ നീതി ?

ഒരു കുഞ്ഞിനുടമയൊരമ്മ മാത്രമോ !!

ഉരുകുന്നൊരച്‌ഛൻ്റെ ഹൃദയമാരറിഞ്ഞു...



കവിത യുട്യൂബിൽ കാണുക

link : https://youtu.be/CAkiYKLACXw?si=12xM9HKi589hqhBB






About the Author






SHIBU KRISTEL
shibukristel@gmail.com
Kristel Infotech Malayattoor, EKM, Kerala 
YouTube : @shibukristel 

Post a Comment

0Comments

Post a Comment (0)