ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പിയില്‍ ഡിപ്ലോമ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പിയില്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം; അവസാന തീയതി ജൂണ്‍ ഏഴ്
ജലീഷ് പീറ്റര്‍
ഒന്നാന്തരം സ്പാ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇക്കാലത്തു വേറെന്ത് കാര്യവും ചെയ്യുന്നതുപോലെ തന്നെ സാധാരണമായ ഒന്നായി സ്പാ മാറിക്കഴിഞ്ഞു. എന്നാൽ സ്പായെ അസാധാരണമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? തിരക്കുകളുടേതും ടെൻഷന്റേതുമായ ഇന്നത്തെ ലോകത്തിൽ മാനസികമായും ശാരീരികമായും ആശ്വാസവും റിലാക്സേഷനും നൽകുക അത്യാവശ്യമാണ്. മനസ്സിനും ശരീരത്തിനും വിവിധ മസാജുകളിലൂടെയും തെറാപ്പികളിലൂടെയും ആ കുളിർമ്മ പ്രദാനം ചെയ്ത്, വ്യക്തികളെ ഉന്മേഷഭരിതരാക്കുവാന്‍ ഒരു നല്ല സ്പായ്ക്ക് സാധിക്കും. ജോലിയിലെ സമ്മർദങ്ങളും ജീവിതത്തിലെ പ്രശ്നങ്ങളും കടമ്പകളും കടമകളും തിരക്കുകളും മറന്ന് സമാധാനം ആസ്വദിക്കുവാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് സ്പായുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയില്‍ ആദ്യം
സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖചികിത്സാ സമ്പ്രദായമായ സ്പാ തെറാപ്പിയും ഒരു ക്ലാസ് മുറിയിൽ ഒരുമിക്കുന്നതിന്റെ അപൂർവ്വത. ആയുര്‍വ്വേദ – ടൂറിസം രംഗത്ത് തൊഴില്‍ സാധ്യതയേറിയ കോഴ്സുമായി രാജ്യത്ത് ഒരു സര്‍വ്വകലാശാല എത്തുന്നത് ഇദം പ്രഥമമാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ 2016ൽ ആരംഭിച്ച ഈ കോഴ്സ് അറിയപ്പെടുന്നത് ഡിപ്ലോമ ഇൻ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പി എന്നാണ്. ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പി പൂർണ്ണമായും ഒരു പ്രൊഫഷണൽ ഡിപ്ലോമ കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയക്ക് കീഴിൽ ആരോഗ്യ ടൂറിസത്തെ മുൻനിർത്തിയുളള തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നത്. ഡിപ്ലോമ കോഴ്സിന്‍റെ ഒന്‍പതാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ പ്രവേശന വിജ്ഞാപനം നടത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസിലാണ് ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.
പഠിച്ചിറങ്ങിയാലുടന്‍ ജോലി
ആയുര്‍വേദ പഞ്ചകര്‍മ്മയില്‍ അധിഷ്ഠിതമായ ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പി കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ്. ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലെയ്സ്മെന്‍റ് ലഭിച്ചു കഴിഞ്ഞു.
പാഠൃപദ്ധതിയും ഇന്‍റര്‍നാഷണല്‍ തന്നെ
ആയുര്‍വേദ പഞ്ചകര്‍മ്മ, സ്പാ തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. ആയുര്‍വ്വേദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍, അനാട്ടമി ആന്‍ഡ് ഫിസിയോളജി, ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സകള്‍, വിവിധ സ്പാ തെറാപ്പികള്‍ എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള ഈ ഒരു വര്‍ഷ ഡിപ്ലോമ കോഴ്സിലെ ആദ്യ സെമസ്റ്റർ തിയറിയും പ്രാക്ടിക്കലും ചേര്‍ന്നുള്ള പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.
ആയുര്‍വേദ പഞ്ചകര്‍മ്മ: പഞ്ചകര്‍മ്മ ചികിത്സയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സില്‍ നല്‍കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാണ് അദ്ധ്യാപനം. കേരളത്തിന്‍റെ തനത് ആരോഗ്യ സംരക്ഷണ ചികിത്സകളായ കിഴി, പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, സ്വേദനം, ലേപനം തുടങ്ങിയവയിലും പരിശീലനം നല്‍കുന്നു.
സ്പാ തെറാപ്പി: സ്പാ തെറാപ്പിയില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ വിദഗ്ധ അദ്ധ്യാപകര്‍ എത്തുന്നു. തിയറി ക്ലാസ്സുകള്‍ ആയുര്‍വ്വേദ അദ്ധ്യാപകര്‍ നയിക്കുന്നു. അരോമ തെറാപ്പി, സ്വീഡിഷ് മസ്സാജ്, തായ് മസ്സാജ്, ഹോട്ട് സ്റ്റോണ്‍ മസ്സാജ്, റിഫ്ലെക്സോളജി എന്നിവയിലാണ് പ്രായോഗിക പരിശീലനം.
പ്രായോഗിക പരിശീലനത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സൗകാര്യങ്ങളുണ്ട്. അടിസ്ഥാന തത്ത്വങ്ങളിലും പ്രായോഗിക രീതികളിലും സമാനതയുള്ള പഞ്ചകര്‍മ്മ, സ്പാ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ചുള്ള പാഠൃക്രമം കോഴ്സിന്‍റെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴില്‍ സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട് ഇംഗ്ലീഷ് ഭാഷാപഠനത്തിനും വ്യക്തിത്വ വികസനത്തിനും കോഴ്സില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
സ്റ്റൈപ്പന്‍ഡോടെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
സ്റ്റൈപ്പന്‍ഡോടെയുള്ള മൂന്ന് മാസത്തെ റസിഡന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് കോഴ്സിന്‍റെ ഭാഗമാണ്. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗില്‍ താമസവും ഭക്ഷണവും സൗജന്യമാണ്. ഗ്രാന്‍ഡ് ഹയാത്ത് (കൊച്ചി), നിരാമയ റിട്രീറ്റ്സ് (കുമരകം, പൂവാര്‍), ദി ലളിത് റിസോര്‍ട്ട്സ് (ബേക്കല്‍), ക്ലബ് മഹീന്ദ്ര, കൊച്ചി മാരിയറ്റ്, അമന്‍ബാഗ് (രാജസ്ഥാന്‍), ലീല (ഗോവ), മൂന്നാര്‍ ഓഷ്യാന, കോവളം സൂര്യ സമുദ്ര, താമര (ആലപ്പുഴ, കൊടൈക്കനാല്‍) എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ റസിഡന്‍ഷ്യല്‍ ഇന്ടസ്ട്രിയല്‍ ട്രെയിനിംഗ് നടന്നത്.
യോഗ്യത
പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്കും ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത പരീക്ഷയുടെ മാർക്ക്, ശാരീരിക ക്ഷമത, അഭിമുഖം എന്നിവയ്ക്ക് ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിക്കും പ്രവേശനം. ആകെ സീറ്റുകൾ 20. പ്രായം വിജ്ഞാപന തീയതിക്കനുസൃതമായി 17നും 30നും ഇടയിലായിരിക്കണം.
അപേക്ഷ എങ്ങനെ?
സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 200/- രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/- രൂപ). പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓൺലൈൻ അപേക്ഷകൾ ജൂണ്‍ എഴ് വരെ
അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എഴ്. വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനുമായി www.ssus.ac.in സന്ദർശിക്കുക.