നാളെത്രയായി നാം വെട്ടി പിളർന്നൊരീ
നാടിന്റെ ഹരിതാഭയുമവൾ മാനവും
നേരിന്റെ നേരായ മാർഗ്ഗം വെടിഞ്ഞുനാം
നേടുന്നു കോടികൾ വാഴുന്നു രാജാവായ്
നാടിന്റെ ഹരിതാഭയുമവൾ മാനവും
നേരിന്റെ നേരായ മാർഗ്ഗം വെടിഞ്ഞുനാം
നേടുന്നു കോടികൾ വാഴുന്നു രാജാവായ്
സ്വയമൊരു കുരുക്കു തൻ കഴുത്തിലിട്ടത്തിലേയ്ക്ക്
കൂട്ടാളിയാകാൻ ക്ഷണിക്കുന്നപരനെ
വിളതന്റെ വേരിലും മുളയിലും കായിലും
വിഷം ചേർത്ത് നേടുന്നു ലാഭങ്ങളെത്രമേൽ
കണ്ണൂരിൽ മാത്രമല്ലെന്നൂരിലുമെത്ര
ചോരവീഴ്ത്തിയീ കണ്ണുകാണാത്തവർ
തൻകീശനിറയ്ക്കുവാൻ എന്തിനും മുതിരുന്നോർ
തൻ സോദരന്റെ കുരുതിപ്പണം വാങ്ങുന്നോർ
കാലം കഴിയവേ ക്യാൻസറായ് വ്യാധിയായ്
കാൽക്കീഴിലെ മണ്ണുപോലും വിഷമതായ്
എങ്കിലും നിർത്തുവതില്ല നാം ഈ വിധം
എന്തിനായ് നേടുന്നു ശാപത്തിൻ ഓഹരി
നാളെയൊരു തലമുറയ്‌ക്കേണ്ടതുണ്ട് നൽകുവാൻ
നമ്മൾതൻ പൈതൃക സമ്പത്തായ് ചൊല്ലുവിൻ
വായുവും, ജലവുമീ മണ്ണും നശിപ്പിച്ചു
വാരി നാം കൂട്ടിയതെല്ലാം വൃഥാവാകും
ജലമില്ല മഴയില്ല പുഴയില്ല കാണുവിൻ
മലിനമാക്കി നമ്മൾ പ്രപഞ്ചത്തെയാകവേ
മലയില്ല വയലില്ല മണ്ണുമേയില്ലിന്നു
കോൺക്രീറ്റിൽ തീർത്തോരാ ശവകുടീരങ്ങൾ
ഇരിക്കുമാക്കൊമ്പ് വെട്ടുന്നവൻ പോലെ
വിഡ്ഢിത്തമിന്നും തുടരുന്നു നാം വൃഥാ
മായമായ് വിഷമായ് മലിനമായോ നിന്റെ
മനസ്സും മനുഷ്യാ നീയെത്ര ദുഷ്ടനായ്