Malayalam stories online Nirbhaya. Latest Malayalam classic story Nirbhaya. Read Malayalam story Nirbhaya by Anitha P. Panickar. Malayalam story Nirbhya online free. Malayalam story in Malayalam languge NIrbhaya. Top Malayalam story.
കോടതിവളപ്പിലെ രണ്ട് അമ്മമാർക്കും ഏകദേശം ഒരേ പ്രായം തോന്നിച്ചിരുന്നു. രണ്ടുമുഖങ്ങളിലും ഒരേ ഭാവം. കണ്ണുകളിലെ നിസഹായതയും ദൈന്യവും ഒരുപോലെ.
ചീകി ഒതുക്കാത്ത നര വീണുതുടങ്ങിയ മുടിയിഴകളും നിറം മങ്ങിയ സാരിയും ... എല്ലാം ഒരു പോലെ.
പക്ഷെ അവർക്കിടയിൽ ഒരു വലിയ വ്യത്യാസം ഉണ്ടായിരുന്നു. ഒരാൾ "ഇരയുടെ" മാതാവും മറ്റെയാൾ പ്രതിയുടെ മാതാവും.
"ഇര"
ഒരു അമ്മയുടെ ഹൃദയത്തിനുള്ളിലെ പിഞ്ചു കാൽതുടിപ്പിന് ഒരു പിതാവിന്റെ ആത്മാവിന്റെ സ്പന്ദനതിനു ലോകം നല്കിയപേര് .
ഒരു പൊട്ടിച്ചിരികൊണ്ട് ഒരിക്കൽ തന്റെ ചുറ്റുമുള്ള ലോകത്തെ ജീവസ്സുറ്റതാക്കിയ ഒരു പെൺകുട്ടിയുടെ ഒടുങ്ങാത്ത മോഹങ്ങൾക്കും സ്വപ്നങ്ങൾക്കുംമേൽ അടിക്കപ്പെട്ട അവസാനത്തെ ചാട്ട.
ചവിട്ടി അരക്കപ്പെട്ട ആ ചെണ്ടുമല്ലിക്ക്, ചേതനയറ്റുപോകാത്ത അവളുടെ ഓർമകളുമായി കാവലിരിക്കുന്ന ഒരമ്മ. അവർക്ക് മേൽ കടവാവലുകളായി പറന്നിറങ്ങുന്ന സമൂഹം.
എതിർ കോണിൽ പകച്ചിരിക്കുന്ന മറ്റൊരമ്മ. അവരെ വട്ടമിടുന്ന കഴുകൻ കണ്ണുകൾ. അവർക്കരികിലായി ഒൻപത് വയസ്സുകാരി മകളും.
ഏതാനും ദിവസങ്ങൾക്കുമുൻപൊരുരാത്രിയിൽ തച്ചുടയ്ക്കപ്പെട്ട പളുങ്ക്പാത്രംപോലെ നഗ്നത ചോരകൊണ്ടുമറയ്ക്കപ്പെട്ട മരവിച്ച ശരീരവുമായി റോഡരികിൽ കിടന്ന പെൺകുട്ടിയേക്കാൾ അഞ്ചോ ആറോവയസുമാത്രം കുറവുള്ള മറ്റൊരു പെൺകുട്ടി.
അറപ്പുംഅവഗണനയും പുച്ഛവും ഏറ്റുവാങ്ങി ആൾ കൂട്ടത്തിനിടയിൽ അമ്മയുടെ മറപറ്റി അവൾ ഇരുന്നു.
കോടതി പിരിഞ്ഞു. മൂന്നു പ്രതികൾക്ക് തൂക്കുകയർ. പ്രായ പൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽവാസം .
പ്രായ പൂർത്തിയാകാത്ത പ്രതി, ഇരുമ്പ് ദണ്ടിൽ കുത്തിയെടുത്ത കുടൽമാലയിൽ നിന്നും ചോരയൂറ്റി കുടിച്ച ആമനുഷ്യപ്പിശാച് നിയമത്തെ വെല്ലുവിളിച്ചു കോടതിയ്ക്ക് പുറത്തേക്ക്.
അവനുനേർക്കുയരുന്ന അക്രോശങ്ങൾ, ശാപ വചനങ്ങൾ അവനെ ലക്ഷ്യം വയ്ക്കുന്ന കല്ലും കട്ടയും ചെരുപ്പും..ഒന്നും അവനെ ഏശില്ല.
ഒരു പെൺകുട്ടിയോട് ഇത്രയുമൊക്കെ ചെയ്ത ആനരാധമനു എന്തുമാനം? എന്തു വേദന?
ലോകം പൊറുക്കാത്ത അവന്റെ തെറ്റ് ലഘുകരിക്കപ്പെട്ടപ്പോൾ നിയമവ്യവസ്ഥയുടെ മുന്നിലൂടെ അവൻ പല്ലിളിച്ചു നടന്നുവന്നു.
ഒരു നിമിഷം...ഒരേയൊരു നിമിഷം.
അവന്റെ കണ്ണുകളിലേക്ക് അഗ്നിശരങ്ങൾ എയ്തു രണ്ട് മിഴികൾ. അവന്റെ തലകുനിയാതിരിക്കുമോ? അവനെ ചുമന്ന ഗർഭപാത്രം ആത്മനിന്ദയോടെ സ്വയം ചുരുങ്ങിക്കാണും. അവനെ ചേർത്ത് പിടിച്ച ആ നെഞ്ചിൽ, അവനെ താലോലിച്ച ആ കരങ്ങൾ ആഞ്ഞു പതിഞ്ഞു. സ്വയം ശപിച്ച് ..ആത്മനിന്ദയാൽ ഉരുകി ഉരുകി.
നീതി നിഷേധിക്കപ്പെട്ട മറ്റൊരു മാതാവ് കോടതി വളപ്പിൽ അലമുറയിട്ടു. പ്രാണനറ്റ പൊന്നുമോളുടെ ആത്മാവ് നേർത്ത കാറ്റായി വന്ന് അമ്മയെ തഴുകി. കണ്ണീരിന്റെ ഈറനണിഞ്ഞ കാറ്റിന് ചോരയുടെ മണമായിരുന്നു.
മൂന്നു വർഷങ്ങൾ… മൂന്നു വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും വന്നു.
അവന്റെ ഗ്രാമം. അവൻ സ്വതന്ത്രവിഹാരം നടത്തിയ മണ്ണ്. വിണ്ടു കീറിയമൺ കട്ടകളും ചാക്കുകഷണങ്ങളും കൊണ്ട് ഉണ്ടാക്കിയ ആ വീട് അവന്റെ ഭാവിയെപ്പറ്റി സ്വപ്നങ്ങൾ മെനഞ്ഞ ഒരു അമ്മയുടെയും അച്ഛന്റെയും തകർതെറിയപ്പെട്ട സ്വപ്നങ്ങളുടെ പ്രതീകമായി നിലകൊണ്ടു.
ആ നിഷ്ടൂര ജന്തുവിനെ ഗ്രാമം അറപ്പോടെ നോക്കിനിന്നു. അവന്റെ ചോരവീണു ആ മണ്ണ് അശുദ്ധമാക്കപ്പെടുവാൻ അവരാരും ആഗ്രഹിച്ചില്ല.
നാലാം ദിവസം.
ആ മൺകുടിലിനകത്തു കഴുത്തിൽ മുറുകിയ കുരുക്കിൽ അവന്റെ ജന്മം തീർന്നു
ആ കുടിലിനു മുറ്റത്ത് ആളുകൾ കൂട്ടം കൂടി. കുടിലിനകത്തു കൂനിക്കൂടിയിരുന്ന അവന്റെ അമ്മയുടെ കണ്ണുകൾ അവന്റെ അരികിൽ ചേതനയറ്റു കിടക്കുന്ന തങ്ങളുടെ മകളുടെ തുറിച്ച കണ്ണുകളിൽ ആയിരുന്നു.
ഇനിയും അടഞ്ഞിട്ടില്ലാത്ത ആകണ്ണുകൾക്ക് എന്ത് കഥയാണ് പറയുവാനുള്ളത്? കഥകൾക്ക് പുതിയനിറവും മണവും നല്കി ചർച്ചകളും ഊഹാപോഹങ്ങളും അന്വേഷണങ്ങളു0.
അവനെ പോലെയുള്ള ഒരാൾക്ക് അഭയം കൊടുത്തതിനും മകളെ കുരുതി കൊടുത്തതിനും ആ മാതാപിതാക്കളെ ലോകം വീണ്ടും കീറിമുറിച്ചു. അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാൻ കഴിയാത്ത ഒരുവനെ അബലയായ ഒരു പെൺകുട്ടിക്കരികിൽ ഉപേക്ഷിച്ചതിനു ലോകം ചോദ്യം ചെയ്തു. അവനെ നിയമം വെറുതെ വിട്ടപ്പോൾ കാണിക്കാത്ത ഉശിരോടെ.
ഒടുവിൽ ആ അമ്മ വാ തുറന്നു.
അത് പക്ഷെ അവനു വേണ്ടിയോ ലോകത്തിനു വേണ്ടിയോആയിരുന്നില്ല.
അബലയല്ലാത്ത തങ്ങളുടെ മകൾക്കു വേണ്ടി
നിർഭയ - അവൾക്കു പന്ത്രണ്ടു വയസായിരുന്നു പ്രായം.
പ്രായ പൂർത്തിയായില്ല എന്ന കാരണത്താൽ സഹോദരൻ അവൻ ചെയ്ത കൊടുംപാതകത്തിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടപ്പോൾ പന്ത്രണ്ടു വയസുകാരി സഹോദരി അവനുള്ള മരണക്കുരുക്കുമായി ആ മൺകുടിലിൽ ദിവസങ്ങളെണ്ണി കാത്തിരുന്നു
മനം പെരട്ടുന്ന അവന്റെ വിയർപ്പിൽ കുതിർന്ന അന്നം ഭക്ഷിക്കുവാൻ അവൾ ഒരുക്കമായിരുന്നില്ല.
ഒരുക്കിവച്ച കുരുക്ക് സർവശക്തിയുമെടുത്തു അവന്റെ കഴുത്തിൽ മുറുക്കുമ്പോൾ അവളുടെ കൈകൾ വിറച്ചില്ല.
ഒരിക്കൽ ഒരേ കിടക്കയിൽ അമ്മയ്ക്കിരുവശവുമായി ചേർന്ന് കിടന്ന സഹോദരങ്ങൾ, ഇന്ന് .. ആകുടിലിന്റെ ഇരുളിൽ മണ്ണും ചാണകവും മെഴുകിയ തണുത്ത നിലത്ത് അന്യരായി .. ചലനമറ്റു കിടന്നു.
അവർക്കിടയിൽ കാലം അളന്നു തിട്ടപ്പെടുത്തിയ അകലം ഉണ്ടായിരുന്നു.
വിഷക്കുപ്പിയിലെ അവസാനത്തെ തുള്ളി അവളുടെ രക്തവുമായി ചേർന്ന് ആ അകലത്തിന് കടുംചുവപ്പ് നല്കി. സ്വയം ഉരുകിത്തീർന്ന ഒരു മെഴുകുതിരി ആയിരുന്നു അവൾ. ആയിരം ജ്വാലകൾ ആത്മാവിലെന്തിയ അവളായിരുന്നു നിർഭയ.
...........................................................................
അനിത പി. പണിക്കർ
About Author
Anitha P. Panickar, Teacher, Dubai
...........................................................................
നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും. ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..
MALAYALAM STORIES / MALAYALAM SHORT STORIES / MALAYALAM FREE STORES / ONLINE WRITERS MALAYALAM / KERALA LANGUAGE STORIES ONLINE FREE / BEST MALAYALAM STORIES ONLINE / READ MALAYALAM STORIES ONLINE.
dear anita...
ReplyDeletegood work...if u r intrested...
we will make dis story as a film....
Nice
ReplyDelete