മാറേണ്ട രാഷ്ട്രീയ ശൈലികൾ - ഒരു വോട്ടറുടെ ചിന്തകൾ | The inevitability to Change the Politician styles

Kristel Graphics
0

The inevitability to Change the Politician styles - Thoughts of a Voter


വോട്ടു ചെയ്ത്  ഒരാളെ ജയിപ്പിയ്ക്കുക എന്നത് മാത്രമാണോ ഒരു വോട്ടറുടെ, അല്ലെങ്കിൽ പൊതു ജങ്ങളുടെ അവകാശം. ജനാധിപത്യ രീതിയിൽ വോട്ടു വാങ്ങി അധികാര കസേരയിൽ ഏറുന്നവർ ആ ജനസമൂഹത്തിനു ചെയ്യേണ്ട കടമകൾ മറന്നു പോകുന്ന കാഴ്ചയല്ലേ നാം കൂടുതലും കാണുന്നത്. അധികാരത്തിന്റെ ആനപ്പുറത്തേറിക്കഴിഞ്ഞാൽ  പിന്നെ സാധാരണക്കാരനെ തിരിഞ്ഞുനോക്കാത്ത ഇക്കൂട്ടർ ഇലക്ഷൻ സമയമാകുമ്പോൾ വീണ്ടും പരിചയം നടിച്ച്, ജനങ്ങളുടെ മുൻപിൽ താണുകേണെത്തും. അപ്പോൾ ഇത് കണ്ട് മടുത്ത, അല്ലെങ്കിൽ അവരിൽ നിന്നും തിക്താനുഭവം ലഭിച്ച ഒരാൾ വീണ്ടും എന്ത് ചെയ്യും ? പാർട്ടി നോക്കാതെ കുഴപ്പക്കാരനല്ല എന്ന് തോന്നുന്ന ഒരാൾക്ക് വോട്ടുചെയ്യും. തെരെഞ്ഞെടുക്കപ്പെട്ടയാൾ വോട്ടുചെയ്തു വിജയിപ്പിച്ച ആൾക്ക് ചെയ്യേണ്ട കടമകൾ ചെയ്യാതിരിക്കുമ്പോൾ ആ രാഷ്ട്രീയ പ്രസ്ഥാനത്തെപ്പോലും ആളുകൾ വെറുക്കാറുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അടിമകളെക്കുറിച്ചല്ല ഇവിടെ പ്രതിപാദിയ്ക്കുന്നത് സാധാരണക്കാരെപ്പറ്റിയാണ്. പലപ്പോഴും ജയത്തിന്റെ അളവുകോൽ ഈ സാധാരണക്കാരുടെ വോട്ടാണ് എന്നതാണ് സത്യം. ആ പഴയ രാഷ്ട്രീയ ശൈലി മാറ്റിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്; അല്ലാത്ത പക്ഷം പുറംതള്ളപ്പെടാൻ സാധ്യതയുണ്ട് .

തെരെഞ്ഞെടുക്കപ്പെട്ട ഒരാൾ അയാൾ ഏതു പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നുവോ അവിടെയുള്ളവരുടെ നന്മയ്ക്കുതകുംവിധം പ്രവർത്തിയ്ക്കേണ്ടത് ആവശ്യമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ആവശ്യമായ, ന്യായമായ തീരുമാനം കൈക്കൊണ്ട് അവർക്കൊപ്പം നിലകൊള്ളണം. അവരുടെ അത്യാവശ്യങ്ങളിൽ അവർക്കൊരു സഹായിയാകാൻ നിങ്ങൾക്ക് മാത്രമേ സാധിയ്ക്കൂ.. ഏതെങ്കിലും പ്രത്യേക ആളുകളുടെയോ വർഗ്ഗങ്ങളുടെയോ വർണ്ണങ്ങളുടെയോ മാത്രം നേതാവാകാതെ എല്ലാവർക്കും തുല്യമായ നീതി ലഭിക്കുന്നുണ്ടോയെന്ന്  പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അധികാരം, ധനം ഇവയ്ക്കുവേണ്ടിയുള്ള വടംവലികളാണ് രാഷ്ട്രീയത്തിൽ മിക്കപ്പോഴും നടക്കുന്നത്.  അതാണ് ഓരോരോ രാഷ്ട്രീയ പാർട്ടികളുടെ അന്ത്യം കുറിച്ചുകൊണ്ടിരിയ്ക്കുന്നത്. 

ചില ജനകീയ കൂട്ടായ്മകൾ രൂപപ്പെടാൻ രാഷ്ട്രീയക്കാരുടെ ഇത്തരം നിരുത്തരവാദിത്ത്വപരമായ പ്രവർത്തനങ്ങൾ കാരണമായി. ട്വന്റി 20, വി ഫോർ കൊച്ചി  പോലുള്ള സംഘടനകൾ  ഉദയം ചെയ്തത് അതിനാലാണ് സ്ഥിരമായി ഭരണത്തിലേറുന്നവർ ജനങ്ങൾക്ക് ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്യാതെയാകുമ്പോൾ ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങും. വ്യാവസായിക പ്രമുഖന്മാർ അവരുടെ സംരംഭംകുഴപ്പമില്ലാതെ നടത്തിക്കൊണ്ടുപോകാനാണു ഭരണം പിടിച്ചടക്കുന്നത്  എന്ന വാദം ശരിയായിരിക്കാം, എങ്കിലും നമ്മുടെ സംസ്ഥാനത്തിനും, രാജ്യത്തിനും നിയമമുണ്ടല്ലോ അതിന് അതീതമായി അവർക്ക് പ്രവർത്തിക്കാനാകുമോ? അതല്ലാ പൊതുജനത്തിനെതിരായിട്ടാണ് അവർ പ്രവർത്തിയ്ക്കുന്നതെങ്കിൽ അവരെ അടുത്ത തെരഞ്ഞെടുപ്പിൽ ഈ ജനങ്ങൾതന്നെ തോൽപിക്കില്ലേ? എന്തൊക്കെയാണെങ്കിലും  ട്വന്റി 20 കിഴക്കമ്പലത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകുമോ?

അവനവന്റെ ജീവിത നിലവാരം മാത്രം ഉയർത്താതെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നവരെ ജനം ഒരിക്കലും തള്ളിക്കളയില്ല. മാത്രമല്ല അധികാരത്തിന്റെ പവർ കാണിക്കാനുളളതല്ല നേതാവിന്റെ കസേര,  അത് സേവനത്തിന്റെ ഇരിപ്പിടമാകണം. കാലം ആരെയും പിന്നോട്ട് തള്ളിമാറ്റാതിരിക്കാൻ ഓരോ രാഷ്ട്രീയ പാർട്ടികളും, അണികളും കാലാനുസൃതമായി ചിന്തിയ്ക്കണം.  


**************************************************

ജീവൻ  ആനന്ദ് 



About Author

Jeevan Anand, Mangalamdam, Kerala

**************************************************


നിങ്ങളുടെ  അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും.  ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..


MALAYALAM ARTICLE ONLINE, READ MALAYALAM ARTICLE ONLINE, FREE READ MALAYALAM ARTICLE.




Post a Comment

0Comments

Post a Comment (0)