ബെൽ
കഥ
സോജ എസ്. ജെ.
സ്കൂളിലെ അവസാന കൂട്ടമണി മുഴങ്ങിയതു० കുട്ടികളെല്ലാം പുസ്തക സഞ്ചിയും തോളിൽ തൂക്കി അവരവരുടെ കുസൃതികളിലേയ്ക്ക് എത്രയും വേഗം ചെല്ലാനുള്ള തത്രപ്പാടിലായിരുന്നു എന്നാൽ വരിതെറ്റി ഓടിയാൽ ചൂരൽ വടിയുമായി നിൽക്കുന്ന അധ്യാപകരുടെ ശകാരത്തെ ഭയന്ന് കുട്ടികൾ ഉറുമ്പിൻകൂട്ടത്തിൻറെ അച്ചടക്കത്തിൽ നടന്നുനീങ്ങി. ആ വരിയിൽ അങ്ങനെ നടന്നു വരുമ്പോഴും എൻറെ കണ്ണുകളുടക്കിയത് പലനിറത്തിലും രൂപത്തിലുമുള്ള സൈക്കിളുകളിൽ ആയിരുന്നു .ക്ണി० ക്ണി० ക്ണി० ക്ണി० എന്ന ശബ്ദമുണ്ടാക്കി ഉരുളുന്ന കാലുകളുള്ള സെെക്കിളുകൾ എൻെ് അടുത്തുകൂടി പാഞ്ഞുപോകുന്നു. സ്കൂൾ വിടുമ്പോഴുള്ള സെെക്കിൾ റാലിയാണിത്.
ഞാൻ മനസ്സിലൊന്നുക്കുറിച്ചു ഒരിക്കൽ ഞാനിമീ സെെക്കിളിൽ കയറി ക്ണി० ക്ണി० ന്ന് ഉറക്കെ ബെല്ലടിച്ചു ഈ റോഡിലൂടെ പാഞ്ഞു പോകും അന്ന് വൈകുന്നേരം ഊണിന് ഇരിക്കുമ്പോഴും ചിരി തമാശകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും എൻറെ മനസാകും മുത്തുച്ചിപ്പിയിൽ സൂര്യ വെട്ടം കാണാൻ കൊതിക്കുന്ന സൈക്കിൾ എന്ന ആഗ്രഹമാ०മുത്ത് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു ആ സൈക്കിൾ പൂതി എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു. വായുനിറഞ്ഞ ബലൂണിൽ നിന്ന് പുറത്തുകടക്കാൻ വെമ്പുന്ന ഒരു കൂട്ടം വായു തന്മാത്രകളെ പോലെ ഞാനും മാറി ചിന്തകൾ എന്നെ വീണ്ടും കൂട്ടിൽ അടയ്ക്കുന്നു ജോലി കഴിഞ്ഞ് അച്ഛൻ വന്നതും ഞാൻ ചെല്ല० നിറഞ്ഞ ചെറുപുഞ്ചിരിയോടെ പലഹാര പൊതി വാങ്ങാനായി ഞാൻ പുറത്തേക്കോടി ഒരു തുടക്കത്തിനായി ഞാൻ ചോദിച്ചു ഈ ബിസ്ക്കറ്റ് എവിടുന്നാ വാങ്ങിയേ? പിന്നെ അനേകം ചോദ്യശരങ്ങൾ ഞാൻ അച്ഛന് നേരെ പായിച്ചു ചെറു ചിരികളും പൊട്ടിച്ചിരികളും ആയി ആ ചർച്ച ബഹു കേമമായി അച്ഛനോടൊപ്പം ഉള്ള നിമിഷങ്ങൾ അങ്ങനെയാണ് അതിനൊരു തരം മധുരം സമ്മാനിക്കാൻ ആവുമെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്.
ഒരു സൈക്കിൾ വാങ്ങി തരുമോ എന്ന് ചോദിച്ചാൽ അച്ഛൻറെ മറുപടി എന്തായിരിക്കും പലപല ഉത്തരങ്ങൾ ഞാൻ സങ്കൽപ്പിച്ചു നോക്കി അവസാനം ഞാൻ അച്ഛനോട് തന്നെ ചോദിച്ചു
"അച്ഛാ എനിക്കൊരു സൈക്കിൾ വാങ്ങി തരുമോ"?
ഒരു നിമിഷം പോലും ആലോചനക്കായി വേർതിരിക്കാതെ അച്ഛൻ പറഞ്ഞു അതിനെന്താ സൈക്കിൾ വാങ്ങിത്തരാം നിനക്ക് സൈക്കിൾ ചവിട്ടാൻ അറിയാമോ? മോക്ക് ഏത് സൈക്കിൾ വേണം? അടക്കാനാവാത്ത ആഹ്ലാദത്തോടെ ഞാൻ പറഞ്ഞു എനിക്ക് ലേഡി ബേർഡ് മതി. മുന്നിൽ ഭംഗിയുള്ള ബാസ്ക്കറ്റ് ഉള്ള ഒരു സൈക്കിൾ.
എൻറെ ഉറക്കം കെടുത്തിയ ആ സുന്ദരിയെ എനിക്ക് വേണം പപ്പ സമ്മതിച്ചെന്ന് തലയാട്ടി എൻറെ തലയിൽ മന്ദമായി തലോടി സന്തോഷംകൊണ്ട് മനസ്സിൽ മഞ്ഞ് വീണ പോലൊരു അനുഭവം ദേഹം മുഴുവൻ ഇക്കിളി ആകുന്നതുപോലെ ആഗ്രഹസാഫല്യത്തിൻെ്റ രോമാഞ്ചകുളിരാകാ० അത് നാളെ സ്കൂളിൽ പോയി സൈക്കിൾ വാങ്ങാൻ പോകുന്ന കാര്യങ്ങളൊക്കെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുള്ള തിടുക്കം ഉള്ളിലൊതുക്കി ഞാൻ ഉറങ്ങാൻ കിടന്നു. മനസ്സിൽ ദൈവത്തിന് നന്ദി പറയുന്നുണ്ടായിരുന്നു ഞാൻ. ആറാം ക്ലാസിലെ അവസാന ദിനങ്ങളായിരുന്നു അവ. പിറ്റേന്ന് ബാഗും തൂക്കി തുള്ളി തുള്ളി ഞാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടക്കുകയായിരുന്നു ആ വഴിയിലൂടെ ഞാൻ സൈക്കിളിൽ പോകുന്ന കാഴ്ച ഞാൻ കിനാവ് കണ്ടു ഈ ഇന്ധന രഹിത ശകടത്തോട് എന്താണിത്ര പ്രണയമെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല. ബസ്സിൽ തുടങ്ങിയ സൈക്കിൾ കഥകൾ സ്കൂൾ വിട്ടിട്ടും നിർത്താനുള്ള ഭാവത്തിൽ അല്ലായിരുന്നു ഞാൻ. വർത്തമാനങ്ങൾക്കിടയിൽ കുറേ സൈക്കിൾ പ്രേമികളും സൈക്കിളിനോട് അത്രതന്നെ കൂറില്ലാത്തവരും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ചോദ്യ० നിനക്ക് സൈക്കിൾ ഒക്കെ ചവിട്ടാൻ അറിയാമോടി എന്നായിരുന്നു. ഇല്ല; എനിക്ക് സൈക്കിൾ ചവിട്ട് അറിയില്ല !
സൈക്കിൾ വേണം പക്ഷേ സൈക്കിൾ ചവിട്ട് അറിയാതെ പിന്നെ എങ്ങനാ? ഈ ചോദ്യം ഓർത്തു മറക്കു०ന്തോറു० എൻറെ തലച്ചോറിൻറെ മുന്നിലേക്ക് കൊണ്ടിട്ടു കൊണ്ടേയിരുന്നു പിന്നെ എൻറെ ജീവിതത്തിലെ ഓരോ നിമിഷവും തുടിച്ചത് സൈക്കിൾ ചവിട്ടു പഠിക്കാനായിരുന്നു കൂട്ടുകാരുടെ സൈക്കിളിൽ ഞാൻ സൈക്കിളിലെ ആദ്യ പിച്ചവച്ചു പഠനം ദിവസങ്ങളെ അതിജീവിച്ച് സഞ്ചരിച്ചുകൊണ്ടേയിരുന്നു. എനിക്ക് സൈക്കിൾ ചവിട്ടാൻ കഴിയുന്നില്ല എന്നെ സംബന്ധിച്ചെടുത്തോളം സൈക്കിൾ ചവിട്ടാൻ അറിയാവുന്നവരെ അന്ന് മാന്ത്രികത ലയിച്ച കണ്ണുകളോടെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ.
ചിലപ്പോഴൊക്കെ എനിക്ക് ചവിട്ടാൻ പറ്റുന്നുണ്ട്. മറ്റു ചിലപ്പോൾ എനിക്ക് കഴിയുന്നില്ല എനിക്ക് കഴിയില്ല. എന്ന് എനിക്ക് തോന്നി തുടങ്ങി. മനസ്സിൽ ദുഃഖം തളംകെട്ടി കിടക്കുന്നു. ചോരയും കണ്ണീരും നിറഞ്ഞ ആ നാളുകൾ എനിക്ക് അസഹ്യമായിരുന്ന സൈക്കിൾ വാങ്ങുന്ന കാര്യവും വഴിമുട്ടി നിൽക്കുന്നു. അച്ഛനാകാര്യം മറന്ന മട്ടാണ് എൻറെ കുഞ്ഞു മനസ്സിൽ ആകുലതകളുടെ കാർമേഘം മൂടി ചിലപ്പോ അവ വല്ലാതെ കുത്തിയൊലിച്ച് പെയ്യുന്നുമുണ്ട്. കിടക്കയിലെ പ്രാർത്ഥനകൾ സൈക്കിൾ തരണേ ദൈവമെ. സൈക്കിൾ തരണേ ദൈവമേ. എന്നുള്ള ജല്പനം ആയി മാറിയിരിക്കുന്നു. കാലചക്രം ഉരുണ്ടുരുണ്ട് ആറാം ക്ലാസിലെ അവധിക്കാലത്തിൽ എത്തിനിൽക്കുകയാണ്. സൈക്കിൾ ആഗ്രഹം മറന്നു എന്ന് തോന്നിക്കുന്ന കുറച്ചു ദിവസങ്ങൾ അതിനിടയിൽ വന്നുചേർന്നു. ഞാൻ പള്ളിയിലെ അവധികാല ബൈബിൾ ക്ലാസ്സിലെ പ്രവർത്തനങ്ങളിൽ മുഴുകിയതായിരുന്നു കാരണം. ഒരു ദിവസത്തിലെ ഉച്ചതിരിഞ്ഞ സമയം ഞാൻ ബൈബിൾ വായനയിൽ തിരക്കിട്ട് ഇരിക്കുകയായിരുന്നു പുറത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദം. ബൈക്കിൽ വീട്ടിൽ വരുന്ന അച്ഛനെ ഞാൻ ഓട്ടോറിക്ഷയിൽ കണ്ടു. എന്താ കാര്യം എന്ന് നോക്കിയതും ഓട്ടോയ്ക്ക് ഉള്ളിലൊരു സൈക്കിൾ .ഞാൻ കണ്ടു ഞാൻ ആഗ്രഹിച്ചത് പോലുള്ള അതേ സൈക്കിൾ മുന്നിൽ ബാസ്കറ്റ് ഉള്ള ഇളം റോസ് നിറത്തിൽ ഒരു സ്റ്റൈലൻ ലേഡി ബേർഡ് അച്ഛനോട് ഒന്നും ഞാൻ ചോദിച്ചില്ല. അടുത്തുള്ള കൂട്ടുകാരൊക്കെ സൈക്കിൾ കാണാൻ വന്നു പലതര० വികാരങ്ങൾ ജെറ്റ് വേഗതയിൽ എൻെ്റ തലയ്ക്കുള്ളിൽ തലങ്ങനെയും വിലങ്ങനെയും കുതിച്ചുയരുന്നതായി ഞാൻ അറിഞ്ഞു. ഒരുതരം ഉന്മാദിനിയെ പോലെ ഞാൻ സൈക്കിൾ ബെൽ മുഴക്കി ക്ണി०ക്ണി०ക്ണി०ന്ന് ദാഹം ശമിച്ച വേഴാമ്പലിനെപോലെ ഞാൻ അങ്ങനെ നിന്നു. നീ സൈക്കിൾ ചവിട്ടണില്ലേ എന്ന് ചുറ്റും നിന്ന് ആരവമുയർന്നു. എനിക്ക് ഭയം തോന്നി. സൈക്കിൾ ചവിട്ടാൻ ആയില്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ ഇളിഭ്യയായി ഞാൻ നിൽക്കേണ്ടിവരും. മെല്ലെ സ്റ്റാൻഡ് തട്ടി ഞാൻ എൻറെ സൈക്കിൾ പെടലുകൾ ചവിട്ടി ചലിപ്പിച്ചു. അത്ഭുതമെന്ന് പറയട്ടെ ഞാൻ സൈക്കിൾ ചവിട്ടുന്നു. ചങ്ങലയിൽ ഒതുങ്ങാതെ എൻറെ ആവേശം കൊടുങ്കാറ്റുപോലെ പോലെ ആഞ്ഞടിച്ചു. ഞാൻ അന്ന് സൂര്യൻ മങ്ങിയ അതിനുശേഷവും ആ മൺപാതയിൽ സൈക്കിളിൽ കയറി പിന്നീടങ്ങോട്ട് ഒരു പൂര ലഹരി ആയിരുന്നു .എനിക്ക് ഉദയം മുതൽ അസ്തമയം വരെ ഞാനും സൈക്കിളും പക്ഷിയെ പോലെ റോഡിലൂടെ പറന്നുനടന്നു. തേരിയിലൂടെ വേഗത്തിൽ ഇറങ്ങിയും ഇടവഴിയിലൂടെ ഒഴുകി നടന്നും സൈക്കിൾ റെയ്സ് നടത്തിയും കളിച്ചു തിമിർക്കുകയാണ് ഞാൻ.
മാസങ്ങൾ കടന്നുപോയി എൻറെ സാഹസങ്ങളോടൊപ്പ० എൻറെ സൈക്കിളിൻെ്റ കഴിവുകളു० ക്ഷയിച്ചു ക്ഷയിച്ചു വന്നു. മനുഷ്യനെ രോഗങ്ങൾ അലട്ടുന്ന പോലെ എൻറെ സൈക്കിളിനും അസുഖങ്ങൾ ബാധിക്കുന്നതായി എനിക്ക് തോന്നി ചെയിനു പൊട്ടിയു० പഞ്ചർ ആയും ബാസ്കറ്റു० ബെല്ലും സ്ക്രൂ വിനോടുള്ള സൗഹൃദം വിട്ട് ഇളകി തെറിച്ചു० സൈക്കിൾ രോഗാതുരത വിളിച്ചറിയിച്ചു. ഒരിക്കൽ കാരണം അറിയിക്കാതെ സൈക്കിൾ എന്നോട് പിണങ്ങി ഘടികാര സൂചിയുടെ വേഗത അവളെ കൂടുതൽ ക്ഷീണിത ആക്കിയിരിക്കുന്നു ഒരു കിടപ്പ് രോഗിയെ പോലെ എൻറെ സൈക്കിൾ എൻറെ വീടിൻറെ ചുമരിൽ തല വച്ച് ഉറങ്ങാനും തുടങ്ങി അതിനെ വീണ്ടും ചുറുചുറുക്കുള്ളതാക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ പ്രവർത്തികളെല്ലാം പാഴ് വേലകളായിരുന്നു ഒരു വൃദ്ധയുടെ ദൈന്യത്തോടെ മഴയും വെയിലും നുകർന്നു. അവൾ ഇപ്പോഴും ഇവിടെയുണ്ട്. ഇന്നു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ബാല്യകാലത്തിലെ പൊടി പിടിച്ച ഓർമ്മകൾക്കൊപ്പം ഒരു താൾ ആയി സൈക്കിളിനോടൊപ്പമുള്ള കാലവും ഉണ്ട്. ഇന്നും എന്തിനോടെങ്കിലും അടങ്ങാത്ത ആഗ്രഹം തോന്നുമ്പോൾ ജരാനരകൾ ബാധിച്ച ആ സൈക്കിളിൻറെ രൂപം എൻറെ കണ്ണുകളിൽ പ്രതിഫലിക്കും......