മലയാളം കഥ ഓൺലൈനായി കെടാത്ത കനലുകൾ | Malayalam story online Kedatha Kanalukal

Malayalam Magazine
0

     'മനു വരട്ടെ, എന്നെ കൊണ്ടു പോവാൻ! മാഷൊന്നു പറയുവോ അവനോട്. നി ക്കൊന്നു കണ്ടാമതി!'

കോരി ചൊരിയുന്ന മഴയത്ത് പനിച്ചു വിറയ്ക്കുന്ന മകനെ ആശുപത്രിയിലെത്തിക്കാൻ സഹായം ചോദിച്ചെത്തിയ ദേവേടത്തിക്കുതന്നെയാണല്ലോ ഈശ്വരാ, ഈ ഗതി കൊടുത്തത്.

കെടാത്ത കനലുകൾ  

കഥ

 സ്നേഹ അശോക്


    ഇലഞ്ഞി, യുവതിയായിരിക്കുന്നു! എപ്പോഴും പൂക്കൾ പാറ്റിയെറിഞ്ഞുകൊണ്ട് കാറ്റിന്റെ കുസൃതിക്കൊപ്പം കുലുങ്ങി ചിരിക്കും.അവളുടെ കൊഴിഞ്ഞ പൂക്കൾ താഴെ തണലേറ്റു മയങ്ങുന്നു. സൂര്യപ്രകാശം ഇലഞ്ഞിയുടെ ഇലകൾക്കിടയിലൂടെ അപ്പുമാഷിനെ ഒളിഞ്ഞുനോക്കികൊണ്ടിരുന്നു.പണ്ട് ജാനകിയോടോപ്പം ഇലഞ്ഞിത്തണലി‍‍ൽ ഇരുന്നാണ്,മക്കളില്ലാത്തതിന്റെ വിരഹം വിഴുങ്ങിയിരുന്നത്. പലപ്പോഴും അവൾ താലോലിക്കുന്ന ഇലഞ്ഞിപ്പൂവിലേക്കും കണ്ണീരടർന്നുവീണിട്ടുണ്ടാവും.

'മാഷേ.....ഇതു ദേവുവാ....'

ദേവേടത്തിയുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്നുണർത്തി.

'ആരിത് ദേവേടത്തിയോ,ഇന്നും മകന്റെ വിശേഷം തേടിയാവും വന്നത് ല്ല്യേ?'

'ഓന്റെ വിശേഷമല്ലാതെ എനിക്കെന്താണ് അറിയാനുള്ളത്?'

'ദാ ഫോണവിടെത്തന്നെയുണ്ട് ഏടത്തി വിളിച്ചോളൂ'

അവർ ആവേശത്തോടെ ഫോണിന്റെ ബട്ടണമർത്തുന്നത് അയാൾ നോക്കി നിന്നു.

'പാവം! ഇന്നെങ്കിലും അവനെടുക്കുവോ, ആവോ?'അപ്പുമാഷ് പിറുപിറുത്തു.

ഇലഞ്ഞിയുടെ പൂക്കളെപ്പോലെ അപ്പുമാഷ് വീണ്ടും ചിന്തകളിലേക്കമർന്നു. മനു പഠനത്തിൽ മിടുക്കനായിരുന്നു. നല്ല അച്ചടക്കവും അനുസരണയും. കല്ല് വെട്ടുപണിക്കുപോയിരുന്ന ദേവേടത്തിയുടെ യാചന എന്നും തന്റെ മുന്നിലെത്തും. 

'എന്റെ മകനെ പഠിപ്പിച്ച് വലിയ ആപ്പീസറാക്കീട്ട്,എന്നെയും മോനെയും കളഞ്ഞിട്ടുപോയ ആ തന്തയുടെ മുന്നിൽ നിർത്തണം.'

പണിക്കുപോകുന്നതിനുമുൻപ്,അടുക്കളയിൽ പൊതിച്ചോറുകെട്ടുന്ന ജാനകിയോട് അവർ സങ്കടത്തോടെ പറയാറുള്ള ഈ വാചകം തനിക്കിപ്പോഴും കാണാപാഠമാണ്.

'മാഷേ അവനെടുക്കുന്നില്ല,ഓഫീസിൽ തിരക്കുണ്ടാവും'വീണ്ടും ദേവേടത്തിയുടെ സ്വരം ചിന്തകളിൽ നിന്നു തിരിച്ചു വിളിച്ചു.

അപ്പുമാഷ് ദേവേടത്തിക്കു പുറകിലായി നടന്നു.ആ കണ്ണാഴങ്ങളിൽ ഒളിപ്പിച്ചുവെച്ച കടൽ ചുളിവുകളെ നനയിച്ചിരിക്കുന്നു.

'എന്നാ,ഞാനിറങ്ങുന്നു.അടുത്തയാഴ്ച നീലിടെ മോൻ വരും.അവൻ എന്റെ മോന്റെ നമ്പർ ശരിയാക്കിവെച്ചിട്ടുണ്ട്.'

ദേവേടത്തി മുഖമുയർത്താതെയാണ് പറഞ്ഞത്.അപ്പുമാഷ് ഇലഞ്ഞിചുവട്ടിലേക്കുനടന്നു.മക്കളുടെ സാന്നിദ്ധ്യമാഗ്രഹിച്ച് ദു:ഖിച്ചിരിക്കുമ്പോൾ,കല്ല്പൊട്ടിച്ച് മകനെ പഠിപ്പിച്ചിട്ടും അമ്മയെ വേണ്ടാത്ത അവനെ ഓർക്കുമ്പോൾ നിർവികാരതയിലാഴ്ന്നു പോകുന്നു.

'മാഷേ കഞ്ഞി വിളമ്പിവച്ചിട്ടുണ്ട്.'ശങ്കരന്റെ ശബ്ദം.

 ഈ വലിയ വീട്ടിൽ ഏകാന്തതയുടെ കാവൽക്കാരനായി, ചിന്തകളിലമർന്നിരിക്കുമ്പോൾ തന്നെ ഉണർത്തുന്നത് ശങ്കരന്റെയും ദേവേടത്തിയുടേയും സ്വരങ്ങളാണല്ലോ!

ശങ്കരന്റെ കാലൊച്ചയും അകന്നകന്നു പോയി.

ദേവേടത്തി ഉമ്മറപ്പടിയിൽ ചാരിയിരിന്നു.

'ആരോ വര്‌ണ്‌ണ്ട്,തിമിരം കാരണം കണ്ണ് പിടിക്ക്ണില്ല്യ '

'നീലിയാണ്!'

അവർ ദേവേടത്തിയുടെ അരികിലിരിന്നു.

'എന്നാലും നിങ്ങളെന്തിനാ അവനെ വിളിക്കണ്?അവനു നിങ്ങളെ വേണ്ടാലോ?'

'അവനെ പെറ്റത് ഞാനല്ല്യേ കളയാൻ പറ്റുവോ അവനെ കാണാതെ എന്റെ വയറ്റില് തീകത്ത്ണ്!'

'ഞാനൊന്നും പറയണ്‌ല്ല്യ,മോൻ വിളിക്കാൻ നേരായി.'

'ഉം.'

കരിപുരണ്ട ആ കൺകോണുകൾ വീണ്ടുമൊരു കണ്ണീർ തുള്ളിയെ പ്രസവിക്കാൻ ഒരുമ്പെടുകയാണോ?

'മാഷേ......'വീണ്ടും ആ വിളി അയാളെ ഉണർത്തി.എപ്പഴോ ഉറങ്ങിപ്പോയിരിക്കുന്നു.

'അടുത്താഴ്ച വരുമെന്നല്ലേ പറഞ്ഞത്?'അപ്പുമാഷ് കണ്ണുതിരുമ്മിക്കൊണ്ടുചോദിച്ചു.

'ങ്ഹാ,നീലിടെ മോൻ ഇന്നലെ വന്നു.നമ്പറു കിട്ടീട്ടുണ്ട്!'

മകനു വിദേശത്തു ജോലി കിട്ടിയപ്പോൾ അവരുടെ കണ്ണുകളിൽ നാമ്പു നീട്ടിയ അതേ തിളക്കം വീണ്ടും മാഷ് കണ്ടു.മാഷിന്റെ മറുപടിക്കു കാക്കാതെ അവർ ഫോണിന്റെ ബട്ടണുകൾ അമർത്തുകയായിരുന്നു.

'ഹലോ!'

അങ്ങേ തലയ്ക്കൽ നിന്ന് ദേവേടത്തി ഇതുവരെ കേൾക്കാൻ കൊതിച്ച മകന്റെ ശബ്ദം!

'ഹൂ ആർ യൂ?'

'മ....മനൂ ഇത്....'

അവരെ പറഞ്ഞവസാനിപ്പിക്കാൻപോലും സമ്മതിക്കാതെ ഫോൺ കട്ടായി.

'മാഷേ അവനെന്നെ വേണ്ട....നീലിയെപ്പോഴും പറയും എന്തിനാ അവനെ വിളിക്കണതെന്ന് പക്ഷെങ്കില് എന്റെ വയറ്റില് തിയ്യാണ്......എനിക്ക് അവനെ......'

തന്റെ മുഖത്ത് പടരാറുള്ള നിർവികാരത അവരിലും ബാധിച്ചിരിക്കുന്നു.

'മാഷിന് ബുദ്ധിമുട്ടായല്ല്യോ.....'

തേഞ്ഞുതീരാറായ ചെരുപ്പണിയുന്നതിനിടയിലെപ്പോഴോ അവർ പറഞ്ഞു.

ഉമ്മറത്തു തന്നെ നിലയിരുപ്പുണ്ട് ഇന്ന് കണ്ണിനെന്തോ , കാഴ്ച കിട്ടിയെന്നു തോന്നുന്നു . 'നിങ്ങടെ മൊഖം കണ്ടാലറിയാം അവൻ ഫോൺ കട്ടാക്കീട്ടുണ്ടാകുമെന്ന്. ന്റെ മോൻ മനൂനെക്കുറിച്ചൊരുപാടന്വേഷിച്ചു. അവനിപ്പോ ഏതോ പണക്കാരന്റെ മകളേയും വിവാഹം കഴിച്ച് താമസിക്ക്യാന്നാ കേട്ടത്' 

'അടുപ്പത്ത് അരി ഇരിക്ക്യാ'

ദേവേടത്തി എല്ലുന്തിയ ഓലപ്പുരയിലേക്ക് കടന്നു. നീലി, പതിയെയൂണു അവരുടെ നടത്തത്തെ നോക്കുകയായിരുന്നു. 

'പാവം!ആ മനൂന് ദൈവം നല്ല ശിക്ഷ കൊടുക്കും!'

 തിരിഞ്ഞു നടക്കുന്നതിനിടയിൽ നീലീ പിറുപിറുത്തു. 

ഇല‍ഞ്ഞിയുടെ ചില്ലകളെ കാറ്റുവന്നു വിറപ്പിച്ചുകൊണ്ടിരിക്കുന്നു. തണലിൽ ഇനിയുമുണരാതെ, പൂക്കൾ! 

'മാഷേ.... മാഷേ....'

നീലിയാണ്.അവർ വല്ലാതെ കിത്യ്ക്കുന്നുണ്ട്.നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചുകൊണ്ട് അവർ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു.

'ദേവേടത്തിക്ക് വയ്യ!,ആശുപത്രിയിൽ പോകാൻ കൂട്ടാക്കുന്നില്ല.മാഷോട് മനൂനെ കൂട്ടീട്ടു വരാൻ പറയാൻ പറഞ്ഞു '

ഒരു നീണ്ടനെടുവീർപ്പോടെ അവർ പറഞ്ഞു നിർത്തി.

'ഞാനൊന്നു പറഞ്ഞു നോക്കാം ദേവേടത്തിയോട്.'

നീലിയുടെ കിതപ്പ് ദേവേടത്തിയുടെ രോഗം മൂർച്ഛിച്ചതാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു.നീലിക്കു മുന്നിലായി മാഷ് നടന്നു.നടക്കുകയല്ല ഓടുകയാണു ചെയ്തത്.

'എന്താ ദേവേടത്തി, കൊച്ചുകുട്ട്യോളെപ്പോലെ,നമുക്ക് ആശുപത്രിയില് പോകാം.'

'മനു വരട്ടെ, എന്നെ കൊണ്ടു പോവാൻ! മാഷൊന്നു പറയുവോ അവനോട്. നി ക്കൊന്നു കണ്ടാമതി!'

കോരി ചൊരിയുന്ന മഴയത്ത് പനിച്ചു വിറയ്ക്കുന്ന മകനെ ആശുപത്രിയിലെത്തിക്കാൻ സഹായം ചോദിച്ചെത്തിയ ദേവേടത്തിക്കുതന്നെയാണല്ലോ ഈശ്വരാ, ഈ ഗതി കൊടുത്തത്.

                              അയാൾ ആദ്യമായി ഈശ്വരന്റെ ചെയ്തിയിൽ അത്ഭുതപ്പെട്ടുപോയി. തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ ദേവേടത്തി മാത്രമായിരുന്നു.

                ദേവേടത്തിയുടെ മരണമറിയിച്ചുകൊണ്ടാണ് പിറ്റേന്ന് ഇലഞ്ഞി മർമ്മരം മൊഴിഞ്ഞത്. അവൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി അപ്പു മാഷ് തന്റെ പൂക്കളേയും താലോലിച്ചു കൊണ്ട് ഓർമ്മകൾ അയവിറക്കുമ്പോൾ അയാളെ വിളിച്ചുണർത്താൻ ദേവേടത്തിയുടെ കാലൊച്ചകളുണ്ടാവില്ലെന്ന് അവളും തിരിച്ചറിഞ്ഞിരിക്കും. ദേവേടത്തിയുടെ വീട് നിശബ്ദതയിൽ കുളിക്കുകയായിരുന്നു. 

മകനെ കുറിച്ചുള്ള അന്വേഷണത്തിൽ .................

അവൻ വരുമെന്ന പ്രതീക്ഷയിൽ....................

നെഞ്ചിൽ തീയുമായി ആ അമ്മ മയങ്ങിയ നാളുകൾ അസ്തമിച്ചിരിക്കുന്നു. പ്രതീക്ഷകളുമായി ഉറങ്ങിയ അതേ കട്ടിലിൽ പ്രതീക്ഷയറ്റ് ആ മുറിയിൽ തങ്ങിയിരുന്ന പ്രാചീന ഗന്ധത്തോടൊപ്പം അവരും അലിഞ്ഞു ചേർന്നിരിക്കുന്നു. 

അപ്പുമാഷ് ഫോണിൽ വിരലമർത്തി മനുവിനെ വിളിച്ചു. 

ഇല്ല.....

ഇപ്പോഴും  അവൻ മയക്കത്തിലാണ്.

മനു, ഉച്ചയൂണിന്റെ ഇടവേളയിൽ, തന്റെ വിലകൂടിയ ഫോണിൽ വിലരമർത്തി.

           ഭാര്യ ഷോപ്പിംങ്ങിന് പോയിട്ട് തിരികെയെത്തിയോ ആവോ! നാട്ടിൽ നിന്ന് ആരോ വിളിച്ചിട്ടുണ്ട്, മിസ്ഡ്കോൾ ലിസ്റ്റിൽ പരുതുന്നതിനിടയിൽ അവൻ കണ്ടെത്തി. എന്തായാലും ഒന്ന് വിളിച്ചുനോക്കിയിട്ട് സിമ്മു മാറ്റണം, കുറെക്കാലമായി ശല്യപ്പെടുത്തകയല്ലേ അവൻ കാൾ അമർത്തി. 

  മൊബൈൽ അപ്പുമാഷിന്റെ കീശയിൽ കിടന്നു കരയുന്നു. 

    'ഹലോ, മനുവല്ലേ..... നീവൈകിപ്പോയി മോനേ...ദേവേടത്തി പോയി '. മറുതലയ്ക്കൽ  നിശബ്ദമായിരുന്നു

'നീ വരില്ലെന്നു കരുതി ഞങ്ങൾ ചിതയൊരുക്കി' കുതിച്ചുചാടാൻ വെമ്പിയ കണ്ണുനീരീനെ തടഞ്ഞു വെച്ചുകൊണ്ട് അപ്പുമാഷ് പറഞ്ഞു. 

 മറുപടിയായി ഒരു നെടുവീർപ്പുമാത്രം. അവന് കുറ്റബോധമുണ്ടാകും മരിച്ചെങ്കിലും ആ അമ്മയുടെ മനസ്സ് കുളിർത്തിട്ടുണ്ടാകും! മാഷ് ചിന്തിച്ചു. 

 'അത് നന്നായി മാഷേ, എനിക്ക് ലീവൊന്നും എടുക്കാൻ പറ്റില്ല. കോടികളാണ് നഷ്ടം! പിന്നെ നാട്ടിൽ പോയെന്നറിഞ്ഞാൽ ഭാര്യയുടെ വക ശകാരവും കിട്ടും. മാഷിനാവുമ്പോ വേറെ പണിയൊന്നുമില്ല്ലല്ലോ? 'വയ്ക്കട്ടെ'. മാഷിന്റെ കണ്ണുകൾ ആദ്യമായി കണ്ണീരുപ്പറിയുകയായിരുന്നു. 

    ദേവേടത്തിയുടെ ചിതയിലെ അവസാനകനലും കൺപൂട്ടിക്കഴിഞ്ഞിരിക്കുന്നു......!

പടിഞ്ഞാറെ ചക്രവാളം ശൂന്യമായി 

ഒരു ഇരുട്ടിനെ വരവേൽക്കുവാൻ!






About the Author




SNEHA ASHOK
Nemam

Post a Comment

0Comments

Post a Comment (0)