ഓണക്കാലമാണല്ലോ.. ഓണക്കാലത്തെ പ്രിയ വിഭവമായ അടപ്രഥമൻ ഉണ്ടാക്കാൻ നമുക്ക് ഒന്ന് ശ്രമിക്കാം.
അടപ്രഥമൻ (Adapradhaman)
പാചകം
രാഗിണി എ. ആർ. കതിരൂർ
- ഉണക്കലരി - അര കിലോ
- തേങ്ങ - നാല് വലുത്
- ശർക്കര - 1 കിലോ 200 ഗ്രാം
- ഏലയ്ക്കാപ്പൊടി - രണ്ട് ചെറിയ സ്പൂൺ
- വെളിച്ചെണ്ണ - നാല് വലിയ സ്പൂൺ
- നെയ്യ് - പാകത്തിന്
- പഞ്ചസാര - നാല് വലിയ സ്പൂൺ
- വെണ്ണ - 100 ഗ്രാം
- കശുവണ്ടിപ്പരിപ്പ് - 20,
- ഉണക്കമുന്തിരി നുറുക്കിയത് - 20,
ഇനി പാകം ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
ഉണക്കലരി വൃത്തിയായി കഴുകിയെടുത്ത് വെള്ളം മുഴുവനായി ഊറ്റിയ ശേഷം പൊടിക്കുക തരിയില്ലാതെ ഇടഞ്ഞെടുക്കുക. ഇനി ഈ അരിപ്പൊടിയും, വെളിച്ചെണ്ണയും, പഞ്ചസാരയും യോജിപ്പിക്കുക ദോശമാവിന്റെ പരുവത്തിൽ പാകത്തിനു വെള്ളമൊഴിച്ചു കലക്കിയെടുക്കുക
വാഴയില വെട്ടിയെടുത്ത് ചെറുതായി കീറി ഒന്നു വാട്ടിയശേഷം അതിലേക്കു മാവ് കൈകൊണ്ടു കോരിയൊഴിക്കുക , ഇല പൊട്ടിപ്പോകാതെ സൂക്ഷിച്ച് ചുരുട്ടി വാഴനാരു കൊണ്ടു ചുറ്റിക്കെട്ടിവയ്ക്കണം. ഇരുവശവും നന്നായി കെട്ടണം. ഇല്ലെങ്കിൽ വേവിക്കു മ്പോൾ ഉള്ളിൽ വെള്ളം കയറും.
പരന്ന പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക്, കെട്ടിവച്ചിരിക്കുന്ന ഇലകളിടണം. അട വെന്തശേഷം വാങ്ങി വെള്ളം ഊറ്റിക്കളയുക. പിന്നീട് തണുത്ത വെള്ളത്തിലിടുക. ഊറ്റിയെടുത്ത്, ഇലയിൽ നിന്ന് അടർത്തിയെടുത്തു ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം.
അല്പം വെള്ളം ഒഴിച്ചു തിളപ്പിച്ച് ശർക്കര കഷണങ്ങളാക്കി ഉരുക്കി അരിച്ചെടുക്കണം. ഇനി തേങ്ങ എല്ലാം ചുരണ്ടി പിഴിഞ്ഞെടുത്ത് ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കുക.
ശർക്കര ഉരുക്കിയതും മൂന്നാം പാലും അടയും ചേർത്തു നന്നായി തിളപ്പിക്കുക.
വറ്റിത്തുടങ്ങുമ്പോൾ തന്നെ രണ്ടാം പാലൊഴിച്ചു തിളപ്പിക്കുക. അത് വറ്റി പാകമാകുമ്പോൾ വെണ്ണ ചേർത്ത് ഒന്നാം പാലും ഒഴിച്ചിളക്കി വാങ്ങി ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക.
കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, നെയ്യിൽ വറുത്തു പായസത്തിൽ ചേർക്കുക.