ഹോട്ട് സീറ്റ്
നീണ്ടകഥ
കെ.പി. നവീൻകുമാർ
തന്റെ മുന്നിലിരിക്കുന്നത് രാജ് സോപാനം. അതൊരു വെറും സ്വപ്നമല്ലെന്ന് ഒന്നുകൂടി മനസ്സിലുറപ്പിച്ച് നേരത്തേ പെറുക്കിക്കൂട്ടിയ വാക്കുകള്‍ കോര്‍ത്തിണക്കി അനിരുദ്ധന്‍ പരിപാടി അവതരിപ്പിച്ചുതുടങ്ങി .
"സഹനടനായും വില്ലനായുമൊക്കെ തിരശീലയിലുറഞ്ഞ് നിറഞ്ഞാടിയവന്‍ . കല്ലുകളും മുള്ളുകളും വിതറിയ യാതന നിറഞ്ഞ ജീവിതവഴികളെ അതിജീവിച്ച് . സ്വന്തം പ്രതിഭകൊണ്ടുമാത്രം മലയാളി ഹൃദയങ്ങളിലൊരിടം കരസ്ഥമാക്കിയവന്‍ . രാജ് സോപാനത്തെ വിശേഷണങ്ങളില്‍ തളച്ചിടുന്നതൊരുപക്ഷേ അദ്ദേഹത്തെ ചുരുക്കിക്കെട്ടുന്നതിന് തുല്യമാണ് . ശ്രീ രാജ് സോപാനത്തെ നമുക്ക് സ്വാഗതം ചെയ്യാം സത്യമേവജയതേ എന്ന പ്രോഗ്രാമിന്റെ ഈ ഹോട്ട് സീറ്റിലേക്ക് ."
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ഈര്‍ദ്ധ്യശ്വാസം വലിച്ചുകൊണ്ടിരുന്ന വാര്‍ത്താചാനലായിരുന്നു അത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഏറ്റെടുത്തതിന് ശേഷം പ്രേക്ഷക ഹൃദയങ്ങളെ ആകര്‍ഷിക്കുന്നതിനായി വേറിട്ട റിയാലിറ്റി ഷോയ്ക്ക് അവര്‍ രൂപം കൊടുത്തു. ചാനലുകളിലെ ന്യൂസ് നൈറ്റുകളെ തന്റെ സമാന്തര വിചാരണകളിലൂടെയും, വാഗ്ധോരണികളിലൂടെയും സചേതനമാക്കിയ അനിരുദ്ധനെ ആ പ്രോഗ്രാമിന്റെ അവതാരകനായി നിശ്ചയിക്കുകയായിരുന്നു മാനേജ്മെന്റ്. മലയാളത്തില്‍ ആരും ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാണ് പ്രോഗ്രാമിന്റെ രൂപരേഖ തയ്യാറാക്കിയത്. ചോദ്യകര്‍ത്താവും, മത്സരാര്‍ത്ഥിയും സ്റ്റുഡിയോയ്ക്കകത്തെ എണ്ണപ്പെട്ട പ്രേക്ഷകസമൂഹവും മാത്രമടങ്ങുന്ന വേദി. മത്സരത്തിലെ ചോദ്യങ്ങളാകട്ടെ വ്യക്തിജീവിതത്തില്‍ നിന്നുള്ളവയാണ്. സമ്മാനമാകട്ടെ ഒരു കോടി രൂപയുടേത് !
"അപ്പോള്‍ മത്സരത്തിലേക്ക് കടക്കാം നമുക്ക് . നിയമാവലികളൊക്കെ അറിയാമല്ലോ രാജ് സോപാനം ?"
അഭിനയത്തിന് തയ്യാറെടുക്കുമ്പോള്‍ പോലും തോന്നാത്ത ഉല്‍ക്കണ്ഠ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നതായി തോന്നിയെങ്കിലും രാജ് സോപാനം തലകുലുക്കി .
"ആദ്യമേ പറയട്ടെ. ആറ് ലെവലുകളാണ് മത്സരത്തിനുണ്ടാവുക . അതിലോരോന്നിലും നിശ്ചിതയെണ്ണം ചോദ്യങ്ങളും പ്രതീക്ഷിക്കാം. ഓരോ ലെവലിലും പ്രൈസ് മണി മുകളിലേക്ക് പോയ്‌ക്കൊണ്ടിരിക്കും. അവസാന ലെവലിലേക്കെത്തുമ്പോള്‍ നമുക്ക് നേരിടേണ്ടിവരുന്നത് ഒരേയൊരു ചോദ്യം മാത്രം. ഒരുത്തരവും. സമ്മാനം ഒരു കോടിയുടേത്! ഇതാണ് കളിയെക്കുറിച്ചെനിക്ക് ആദ്യമേ പറയാനുള്ളത് . ”
അനിരുദ്ധന്‍ തൊട്ടുമുമ്പിലെ ഗ്ലാസിലുള്ള സ്ഫടികജലം അയാള്‍ക്ക് നേരെ നീട്ടി . വരളുന്ന ചുണ്ടിലേക്ക് ഒരിറ്റ് വെള്ളം വേണമെന്ന് തോന്നിയ ഘട്ടം. അനിരുദ്ധനും അയാള്‍ക്കൊപ്പം പങ്കുചേര്‍ന്നു. ആദ്യത്തെ അവതര ണമായതുകൊണ്ടാവണം അതുവരെയുമില്ലാതിരുന്ന ജീജ്ഞാസ അയാളിലേക്കും പടര്‍ന്നിരുന്നു .
****
റിയാലിറ്റി ഷോകളോ, കുടുംബ സീരിയലുകളോ പതിവായി കാണുന്ന ശീലം രജനിക്കില്ലാത്തതാണ്. അവളൂടെ വല്യമ്മക്കാണെങ്കില്‍ അതൊരു ദിനചര്യതന്നെയാണ്. വല്യമ്മയ്ക്ക് കേള്‍വിശക്തി അല്ലം കുറവായത്‌കൊണ്ടാവാം ടീവിയുടെ ശബ്ദം ആ വീട്ടില്‍ ഉയര്‍ന്ന് കേള്‍ക്കാറുള്ളത്. അതിലെ സംഭാഷണശകലങ്ങള്‍ രജനിയുടെ ചെവിയിലേക്കും അനുവാദം കൂടാതെ കടന്നുവരും . കണ്ടില്ലെങ്കിലും കഥ പോകുന്ന വഴികളൊക്കെ അവള്‍ക്കുമറിയാം. പക്ഷേ, ' സത്യമേവജയതേ ' എന്ന പ്രോഗ്രാമിന്റെ പരസ്യം ചാനലില്‍ പ്രതൃക്ഷപ്പെട്ടുതുടങ്ങിയ സമയത്തുതന്നെ രജനിയും ആവേശത്തിലായിരുന്നു. എന്തെന്നില്ലാത്ത ഒരിഴയടുപ്പം അതിനോടവള്‍ക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ഏറെയും ആകര്‍ഷിച്ചത് അതിന്റെ ഒരു കോടി രൂപയിലേക്കെത്തുന്ന സമ്മാന ഘടനയാണ് . അങ്ങനെയാണ് ഒടുവില്‍, കാത്തിരുന്ന ആ ദിനം വന്നെത്തുന്നത്. പതിവിലും നേരത്തേതന്നെ കുളിച്ചൊരുങ്ങി ടീവീ സെറ്റിന് മുന്നിലവള്‍ ഇരിപ്പുറപ്പിച്ചു.
അനിരുദ്ധന്‍ പ്രേക്ഷകരെ നോക്കിയും, മത്സരാര്‍ത്ഥിയോടുമായി വീണ്ടും നിയമാവലികള്‍ വിശദമാക്കി .
"ഇവിടെ ഓരോ ഉത്തരത്തിന്റെയും വിധികര്‍ത്താവ് ലൈ ഡിറ്റെക്ടർ അഥവാ നുണപരിശോധനായന്ത്രമാണ് . മിസ്റ്റര്‍ പോളിയുടെ തീരുമാനം അന്തിമമാണ്. പോളീ എന്ന് ഞാനുദ്ദേശിച്ചത് ആ പോളിഗ്രാഫ് മെഷിനെയാണ്. അണിയറയില്‍ വെച്ച് നമ്മുടെ ഹിപ്നോട്ടിക് വിദഗ്ദന്റെ ലഘുവായ പരിശോധനയ്ക്ക് വിധേയനായ സമയത്ത് താങ്കളോട് ചോദിച്ച നിരവധി ചോദ്യങ്ങളുണ്ട്. തഥവസരത്തില്‍ അതിന് നല്‍കിയ ഉത്തരങ്ങളുമുണ്ട്. ആദ്യലെവലുകളില്‍ അതേ ചോദ്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കും . അവസാന ലെവലുകളിലെത്തുമ്പോള്‍ ചോദ്യങ്ങളേറെ കടുത്തതുമായേക്കാം . പറയാന്‍ പറ്റാത്തവിധം സങ്കീര്‍ണ്ണവും, വ്യക്തിത്വത്തെത്തന്നെ ചോദ്യം ചെയ്യൂന്ന തരത്തിലുള്ളതോ, കളങ്കപ്പെടുത്തുന്നതോ ആകാം. അതിനോടൊക്കെ എത്ര സത്യസന്ധമായി പ്രതികരിക്കുന്നു എന്നിടത്താണ് വിജയസാധ്യത നിര്‍ണ്ണയിക്കപ്പെടുക . രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, ഇവയെല്ലാം മിസ്റ്റര്‍ പോളിയുടെ അന്തിമവിശകലനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു എന്ന് ചുരുക്കം. ഇതിനിടയില്‍, ഒരു ലൈഫ് ലൈന്‍ മത്സരാര്‍ത്ഥിക്കോ അയാളെ അനുഗമിക്കുന്നവര്‍ക്കോ ഉപയോഗപ്പപെടുത്താം. നേരിടേണ്ടിവരുന്ന ചോദ്യത്തില്‍ നിന്ന് സ്ക്കിപ്പാവാനുള്ള അവസരം. പകരം ലഭിക്കുന്ന ചോദ്യമാവട്ടെ അതിലേറെ മാരകവുമായേക്കാവുന്നതാണ് . "
ഇത്രയും പറഞ്ഞ് അനിരുദ്ധന്‍ അല്ലനേരം അവിടെ മൗനം നിറച്ചു . രാജ് സോപാനത്തിന്റെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ ഉറ്റുനോക്കി . പിന്നെ പതുക്കെയൊന്ന് ചിരിച്ചു.
" എന്തുപറയുന്നു മിസ്റ്റര്‍ രാജ് സോപാനം . റെഡിയാണോ താങ്കള്‍ ഈ കളിക്ക് "
ഉള്ളില്‍ ആശങ്കയുണ്ടെങ്കിലും അത് പുറത്തുകാട്ടാതെ അദ്ദേഹം തലകുലുക്കി സമ്മതിച്ചു . ചുട്ടുപൊള്ളുന്ന ആ ഇരിപ്പിടത്തിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് ഒരു വേള തോന്നിപ്പോയി . മത്സരത്തെക്കുറിച്ച് ഒരാഴ്ച മുമ്പ് അനിരുദ്ധന്‍ സൂചിപ്പിച്ചപ്പോള്‍ അത്യധികം ആവേശത്തോടുകൂടിയാണ് അയാളത് സ്വീകരിച്ചിരുന്നത് . എല്ലാം സ്പോര്‍ട്സ്മാന്‍ സ്‌പിരിറ്റിലൂടെ കാണുന്നയാളാണ് താനെന്ന് , നിസ്സാരമട്ടില്‍ അനിരുദ്ധനോട് വെളിപ്പെടുത്തിയതുമാണ് . പക്ഷേ , മൂര്‍ച്ചയേറിയ തിളക്കമാര്‍ന്ന കത്തികൊണ്ട് എവിടെയോ മുറിയുന്നതായി രാജ് സോപാനത്തിന് തോന്നി .
ഇത് പോളിഗ്രാഫ് ടെസ്റ്റിനും ഹിപ്ലോട്ടിക്ക് പരിശോധനയ്ക്കും വിധേയമായതിന്റെ സമ്മതപത്രമാണ്. ഒപ്പംതാങ്കള്‍ അണിയറയില്‍ വെച്ച് ഞങ്ങളുടെ ചോദ്യത്തിന് നല്‍കിയ ഉത്തരങ്ങള്‍, ശബ്ദരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട് . സംശയനിവൃത്തിക്ക് വേണ്ടി ആവശ്യം വരുന്ന ഘട്ടത്തില്‍ താങ്കളെ മാത്രം അത് കേള്‍പ്പിക്കുന്നതാണ്. ഇതൊക്കെ അംഗീകരിക്കുന്നുവെങ്കില്‍ ഈ പേപ്പറിലൊപ്പുവെക്കാം ചില കടലാസുകള്‍ ഉയര്‍ത്തിപ്പിടിച്ച് അയാളുടെ നേര്‍ക്ക് നീട്ടിക്കൊണ്ടാണ് അനിരുദ്ധന്‍ അത്രയും പറഞ്ഞുതീര്‍ത്തത്. ഒട്ടും മടി കാട്ടാതെ അയാളത് സ്വീകരിച്ച് ഒപ്പിട്ടുകൊടുത്തു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് നേരമ്പോക്കെന്ന മട്ടില്‍ അനിരുദ്ധന്‍ ഒരു ചോദ്യം അയാളോട് ചോദിച്ചു .
"ഒന്ന് ചോദിച്ചോട്ടേ , എന്തുകൊണ്ടാണ് ഈ സോപാനം എന്ന പേര് ?"
നാടക ഗ്രൂപ്പിലൊക്കെ ആയിരുന്ന കാലത്ത് രാജു രാമപുരം എന്നായിരുന്നു ഞാനറിയപ്പെട്ടിരുന്നത്. അറിയാലോ, രാമപുരം ഒരു കോമണ്‍ സ്ഥലനാമമാണെന്ന്. സിനിമയില്‍ വന്ന സമയത്ത് എനിക്കത് പോരെന്ന് തോന്നി. അങ്ങനെ ആദ്യം ഞാനെന്റെ വീടിന് പേരിട്ടു . പിന്നീടതെനിക്കൊപ്പം കൂട്ടിക്കെട്ടി."
" കൊള്ളാം . ഇനി നമുക്ക് മത്സരത്തിലേക്ക് കടക്കാം. "
വല്യമ്മയ്ക്കുള്ള കഞ്ഞിയും ചമ്മന്തിയും മേശമേല്‍ കൊണ്ടുവെച്ച് രജനി ടീവിക്ക് മുന്നില്‍ ചെന്ന് ഇരിപ്പുറപ്പിച്ചു ആ മുഖത്ത് ജിജ്ഞാസ കട്ടികറച്ച് വരച്ചിട്ടത് വ്യക്തമായി കാണാം . ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി വല്യമ്മയില്‍ നിന്ന് പതിവ് ചോദ്യമുണ്ടായി .
" കുഞ്ഞാറ്റയെ വിളിച്ചോ മോളേ?"
വല്യമ്മ അനുമോളെ കുഞ്ഞാറ്റ എന്നാണ് വിളിക്കാറുള്ളത് . കഞ്ഞികുടിക്കും മുമ്പ് വല്യമ്മയ്ക്ക് അവളെ ഓര്‍മ്മവരും . അവളെ ഫോണ്‍ വിളിച്ചില്ലെങ്കിലും വിളിച്ചെന്ന് രജനി കള്ളം പറയും . അത് കേട്ടാല്‍ മാത്രമേ വല്യമ്മയ്ക്ക് സമാധാനമാവുകയുള്ള . അനുമോളെ സെയിന്റലോഷ്യസ് റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മാറ്റി ച്ചേര്‍ത്തതിന് ശേഷം ഒറ്റപ്പെടലിന്റെ തീവ്രതയെന്തെന്ന് ഇരുവരും ശരിക്കും അറിഞ്ഞുതുടങ്ങി . ഹോസ്റ്റല്‍ മുറിക്കകത്ത് , അച്ഛന്റെ ഫോട്ടോയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് മുറിയില്‍ തനിച്ചിരിക്കുകയാവും അനുമോള്‍ !
അച്ഛന്റെ ഓര്‍മ്മയ്ക്കായി ചിലതൊക്കെ അവള്‍ നിധിപോലെ കാത്തുസൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പുറമെ, പാദസരത്തിന്റെ ചെറുതുണ്ട് സൂക്ഷിച്ചുവെച്ച ഒരു ചെറുകുപ്പിയും, അച്ഛന്‍ സമ്മാനിച്ച മഷിപ്പേനയും ഇടയ്ക്ക് വല്ലപ്പോഴുമെടുത്ത് കൌതുകത്തോടെ പരിലാളിക്കുന്നത് കൂട്ടുകാരികള്‍ കണ്ടിട്ടുണ്ട്! കുട്ടുകാരികളിലാരെങ്കിലും ആ കുപ്പി ഉയര്‍ത്തിക്കാട്ടി കളിയാക്കുന്നത് അനുമോള്‍ക്ക് രസിക്കാറില്ല . മറുത്തൊന്നും പറയാതെ അവളത് തട്ടിപ്പറിച്ച് ബാഗിനുള്ളിലേക്ക് തിരികെ വയ്ക്കും. അതെന്താണെന്നോ ആര് സമ്മാനിച്ചതാണെന്നോ അവരോടൊരിക്കലും അവള്‍ വെളിപ്പെടുത്തിയിട്ടില്ല . പാതിരിമാര്‍ നടത്തുന്ന സ്കൂളിന്റെ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന മനസ്സിനെ തളച്ചിടാന്‍ സാധിക്കാത്തതുകൊണ്ടാവാം, ചിലപ്പോഴൊക്കെ രജനിയെ വിളിച്ച് സ്കൂള്‍ അധികാരികള്‍ മകളെ ഗുണദോഷിക്കാന്‍ നിര്‍ദ്ദേശിക്കാറുള്ളത്. അനുമോളുടെ മനസ്സ് അതൊന്നും വകവെക്കാതെ മറ്റെവിടെയോ ദിശകിട്ടാതെ അലഞ്ഞുകൊണ്ടിരുന്നു .
ചാനലില്‍ മത്സരവേദി സംഗീതസാന്ദ്രമായി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അവിടെയെങ്ങും പരന്നൊഴുകി . പിന്നില്‍, ഒരു കോടിരൂപ എന്ന് ആലേഖനം ചെയ്ത കറന്‍സിയുടെ കൊതിപ്പിക്കുന്ന പശ്ചാത്തലത്തിലുള്ള ഉയര്‍ന്ന ഇരിപ്പിടങ്ങളില്‍ അനിരുദ്ധനും , അയാള്‍ക്കഭിമുഖമായി രാജ് സോപാനവും ദ്വന്ദയുദ്ധത്തിനുള്ള പടയൊരുക്കത്തിലായിരുന്നു . ഡിസ്പ്ലേ ബോര്‍ഡില്‍ മുദ്രണംചെയ്തു സമ്മാനഘടനയില്‍ ഓരോ ലെവലിലും നേടാവുന്ന സംഖ്യയും , ഒപ്പം തന്നെ ആദ്യചോദ്യവും വലിയ അക്ഷരങ്ങളില്‍ തെളിഞ്ഞുവന്നു .
"ആദ്യ ചോദ്യത്തിലേക്ക് നീങ്ങാം നമുക്ക് . ചോദ്യമിതാണ് . താങ്കളുടെ മുന്‍നിര പല്ലുകളില്‍ മൂന്നെണ്ണം വെപ്പ് പല്ലുകളാണ് . യെസ് ഓര്‍ നോ?"
ചോദ്യം കേട്ട് രാജ് സോപാനത്തിന്റെ മുഖത്ത് തീവ്രതകുറഞ്ഞ ഭൂചലനം രേഖപ്പെടുത്തി . സ്പന്ദമാപിനിയില്‍ അതിന്റെ ഭാവവ്യത്യാസം പ്രകടമായി . അത്തരമൊരു ചോദ്യം അയാള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കില്ല .
വിഷമം പിടിച്ച ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുന്നോടിയായുള്ള ആലോചനയിലായിരുന്നു അയാള്‍ .
പല്ലുകളിളകുന്നതായി തോന്നിയെങ്കിലും ആലോചിച്ചുറപ്പിച്ച് ഒടുവില്‍ അയാള്‍ ഉത്തരം പറഞ്ഞു .
"യെസ് "
"നമ്മുടെ പ്രിയതാരം പറയുന്നു മേല്‍ പ്രസ്താവന ശരിയാണെന്ന്. മിസ്റ്റര്‍ പോളിയുടെ അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ് ."
അനിരുദ്ധന്റെ വാക്കുകള്‍ക്ക് അകമ്പടിയായി , പൂത്തിരി കത്തിച്ചത് പോലെ സ്ക്രീനില്‍ ശരിചിഹ്നം പച്ച നിറത്തില്‍ മിന്നിക്കൊണ്ടിരുന്നു .
"മിസ്റ്റര്‍ പോളി പറയുന്നു താങ്കള്‍ പറഞ്ഞ ഉത്തരം ശരിയാണെന്ന് . ശരിയുത്തരത്തിന് ആയിരം രൂപ സമ്മാനമായി ലഭിച്ചിരിക്കുകയാണ് . എന്ത് തോന്നി ആദ്യചോദ്യത്തിനുള്ള ഉത്തരം പറഞ്ഞപ്പോള്‍ ?"
"ചമ്മലുണ്ടായി എന്നത് സത്യമാണ് . ഉത്തരം പറയാതിരിക്കാനെനിക്ക് പറ്റില്ലായിരുന്നു . കയ്പും മധുരവും ആവോളം നുകര്‍ന്ന ശരീരമാണെന്റേത് . ഇനി ഞാന്‍ കാര്യത്തിലേക്ക് വരാം . മുമ്പൊരു ബസ്സാക്ലിഡന്റില്‍ എന്റെ ചില പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു . ജോലിയും കൂലിയുമില്ലാതെ തേരാപ്പാര നടക്കുന്ന കാലത്ത് ജീവിതം വഴിമുട്ടിനിന്നവേളയില്‍ സംഭവിച്ചതാണത് . വയസ്സും ഭാവിയുമൊക്കെ കണക്കാക്കി നല്ലൊരു നഷ്ടപരിഹാരത്തുകയെനിക്ക് ലഭിച്ചു . ഒരു കണക്കിന് അന്നെന്നില്‍ ആത്മവിശ്വാസം പകര്‍ന്നുതന്നതില്‍ ഈ പല്ലുകള്‍ക്കുള്ള പങ്ക് നിഷേധിക്കാവുന്നതല്ല ."
മറുപടി കേട്ട് അനിരുദ്ധന്‍ കയ്യ ടിച്ചു . സദസ്സിലുള്ളവരും ആവേശം വര്‍ദ്ധിപ്പിക്കുമാറ് കയുടിയില്‍ പങ്കുചേര്‍ന്നു . അതിനുശേഷം ആ ലെവലില്‍ പിന്നെയും ചോദ്യങ്ങളുണ്ടായി . ഓരോന്നിനും ശരിയായ ഉത്തരങ്ങള്‍ നല്‍കി രാജ് സോപാനം അതിനെയൊക്കെ അതിജീവിച്ച് സമ്മാനത്തുക ഇരുപതിനായിരത്തിലേക്കെത്തിച്ചു .
സത്യമേവജയതേ എന്ന ഷോയില്‍ രജനിയെ ഏറെ ആകര്‍ഷിച്ചത് അതിലെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനഘടനയാണ് . ഒരു കോടി എന്ന മാന്ത്രീക അക്കം കൈക്കലാക്കാന്‍ തനിക്കും സാധിക്കില്ലേയെന്ന ചോദ്യം അവള്‍ ഉള്ളിലേക്ക് സ്വയം എറിഞ്ഞുകൊടുത്തു. ആ സമ്മാനം കരസ്ഥമാക്കിയാല്‍ താനിന്നനുഭവിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാവില്ലേ എന്ന മറുചോദ്യമാണ് , ഉള്ളില്‍ നിന്നും തിരിച്ച് പ്രതിദ്ധ്വനിച്ചത് . എത്രയേറെ മത്സരാര്‍ത്ഥികളെ മറികടന്നാവും ആ വേദിയിലേക്ക് തനിക്കെത്തിച്ചേരാന്‍ സാധിക്കുക !
എന്തൊക്കെ കടമ്പകളാവും അവിടേക്കുള്ള പാതയില്‍ തട്ടിത്തെറിപ്പിക്കേണ്ടിവരിക? പരസ്പരം കോര്‍ത്തിണക്കിയ ചോദ്യങ്ങള്‍ക്കൊക്കെ അവളുത്തരങ്ങള്‍ കണ്ടെത്തി. കമേര്‍ഷ്യല്‍ ബ്രേക്ക് സമയത്ത് പുതിയ മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള ഫോര്‍മാറ്റ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട . അപ്പോള്‍ കയ്യില്‍ കിട്ടിയ പേനകൊണ്ട് അവളത് കലണ്ടറില്‍ കുറിച്ചിട്ടു. നേരം പുലര്‍ന്ന ശേഷം മെസേജയക്കാമെന്നതായിരുന്നു രജനിയുടെ തീരുമാനം .
അല്ലനേരത്തെ ഇടവേളയ്ക്ക് ശേഷം , ' സത്യമേവജയതേ ' യുടെ ഹോട്ട് സീറ്റില്‍ രാജ് സോപാനം അടുത്ത ചോദ്യങ്ങൾക്കായി കാത്തിരുന്നു . അനിരുദ്ധനാകട്ടെ ചോദ്യങ്ങളുടെ മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ്. ഓരോന്നിന്റെയും മുനതട്ടി രാജ് സോപാനം അകമേ പുളഞ്ഞുകൊണ്ടിരുന്നു . അയാള്‍ വേദന കടിച്ചമര്‍ത്തിയത് പ്രേക്ഷരറിഞ്ഞില്ല. അതിനിടയില്‍ അടുത്ത ചോദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
"പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും താങ്കളൊരു മോഷണം നടത്തിയിട്ടുണ്ടോ?"
കുടുക്കില്‍പ്പെടുത്തുന്ന ചോദ്യമായിരുന്നു അത്. ചോദ്യമുപേക്ഷിച്ച് പിന്തിരിഞ്ഞോടാന്‍ തോന്നിയ നിമിഷം .അധികമൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ, രണ്ടും കല്‍പ്പിച്ച് നിഷേധാര്‍ത്ഥത്തിലുള്ള മറുപടി നല്‍കിയപ്പോള്‍ അന്തിമ വിധികര്‍ത്താവ് സൈറനിലൂടെ ഉത്തരം തെറ്റിയതിന്റെ അപായ സൂചന നല്‍കി. അയാളുടെ മുഖം അല്പമൊന്ന് കുനിഞ്ഞുപോയി . അതുവരേയും ഉയര്‍ന്നുകേട്ട മേളം കെട്ടടങ്ങി നിശ്ശബ്ദത നിറഞ്ഞു .
നേടിയെടുത്ത മുഴുവന്‍ തുകയും തെറ്റായ ഉത്തരത്തിലൂടെ കൈവിട്ടുപോവുകയായിരുന്നു.
"എന്തുപറയുന്നു , ശ്രീ രാജ് സോപാനം ?"
"പ്രത്യേകിച്ചൊന്നും പറയാനില്ല സാര്‍. മോഷണമാണോയെന്ന് ചോദിച്ചാല്‍ ആണെന്ന് പറയാം. ഏറെ ആലോചനയില്ലാതെ ചെയ്തുപോയ പ്രവര്‍ത്തിയായിപ്പോയി എന്റേത് എന്ന് പറയുന്നതാവും ശരി .എങ്കിലും ഞാനെന്റെ തെറ്റ് മനസ്സിലാക്കുന്നു ."
ഒരു വാക്ക് പോലും പറയാതെ 'സത്യമേവജയതേ' യുടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോകുന്നത് വിവേകമല്ലെന്ന് അയാള്‍ക്കറിയാം . അതുകൊണ്ടുതന്നെ കാര്യത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയേ പറ്റു. ഓര്‍മ്മകള്‍ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നപ്പോള്‍ അനിരുദ്ധന്‍ പറഞ്ഞുതുടങ്ങി .
"മോഷണം എന്ന് പൊതുവേ വ്യവഹരിക്കപ്പെടുന്ന വാക്കിന്റെ സാമാന്യാര്‍ത്ഥവുമായി തട്ടിച്ചുനോക്കുമ്പോള്‍ താങ്കളുടെ ജീവിതത്തില്‍ സംഭവിച്ചതും ആ ഗണത്തില്‍പ്പെട്ടതാവാം. ഒരു ബാള്‍ പോയിന്റ് പേന കൈവശപ്പെടുത്തുന്നതുമുതല്‍ ബാങ്ക് കൊള്ളയും, ജനതയുടെ കണ്ണില്‍ പൊടിയിട്ട് മന്ത്രിമാരും ഉദ്യോഗസ്ഥ പ്രാമാണികളും മറ്റും പൊതുമുതലിന്മേലീടാക്കുന്ന കമ്മീഷന്‍വരേയും, മോഷണമെന്ന വാക്കിന്റെ നാനാര്‍ത്ഥത്തിലുള്‍പ്പെടുത്താവുന്ന കാര്യങ്ങള്‍ തന്നെയാണ് . ആരാണ് കള്ളന്‍ എന്ന് മഹാത്മജി പറഞ്ഞിട്ടുള്ളതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ് . ഈഫ് യൂ ഹേവ് മോര്‍ ദാന്‍ യൂ നീഡ്, ഈഫ് അദേര്‍സ് ഹേവ് ലെസ് ദാന്‍ ദെനീഡ് , ദെന്‍ യൂവാറെ ലയര്‍. അന്യന്റെ ആവശ്യം നിലനില്‍ക്കേ അയാള്‍ക്ക് കൂടി അര്‍ഹമായത് വല്ലതും നിങ്ങള്‍ പൂഴ്ത്തിവെക്കുന്നുവെങ്കില്‍ നിങ്ങളും ഒരു കള്ളനാണ് ."
അനിരുദ്ധന്റെ വാക്കുകള്‍ അയാളില്‍ തെല്ല് ആശ്വാസം നിറച്ചു . അതുവരേയും തന്നെ പൊതിഞ്ഞുനിന്നിരുന്ന അപകര്‍ഷതയുടെ മഞ്ഞുപാട പെട്ടെന്ന് ഉരുകിയത് പോലെ തോന്നിപ്പോയി . രാജ് സോപാനം സിനിമാ ക്യാമറയ്ക്ക് മുന്നിലാണെന്ന് സ്വയം സങ്കല്പിച്ച് , ഡയലോഗ് പ്രസന്റേഷന്റെ സാധ്യതകളുപയോഗിച്ച് പറഞ്ഞു തുടങ്ങി .
"ഇപ്പോഴെനിക്കോര്‍മ്മവരുന്നുണ്ട്. ഒരിക്കല്‍ ഒരു ഫംഗ്‌ഷന് ചെന്ന അവസരത്തില്‍ മുഖം കഴുകാനായി വാഷ് ബേസിനടുത്തേക്ക് ചെല്ലേണ്ടിവന്നു. താങ്കള്‍ പറഞ്ഞത് പോലെ പ്രശസ്തിയുടെ നെറുകയിലായിരുന്നില്ല ഞാനന്ന്. അത്ര പോപ്പുലറായിട്ടില്ല. ഡാന്‍സ് പ്രോഗ്രാമിന് കുട്ടികളെ അണിയിച്ചൊരുക്കുന്ന മുറിയിലൂടെയാണ് വാഷ് ബേസിനടുത്തേക്ക് ചെന്നത് . പോകുന്ന പോക്കില്‍ എന്റെ ശ്രദ്ധയുടക്കിയത് മേശമേല്‍ കിടന്നിരുന്ന അതിമനോഹരമായ ഒരു വാല്‍ക്കണ്ണാടിമേലാണ് . സുന്ദരമായ കൊത്തുവേലകളോടെയുള്ള ആ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ എന്റെ മുഖം പതിവിലധികം സുന്ദരമായി തോന്നി . എനിക്കത് സ്വന്തമാക്കാന്‍ വെമ്പലുണ്ടായി . അതാവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്കത് കിട്ടുമായിരുന്നു . പക്ഷേ ... "
അര്‍ദ്ധവിരാമത്തിനൊടുവില്‍ രാജ് സോപാനം നിശ്ശബ്ദനായി . അനിരുദ്ധന്‍ ആ മൌനം മുറിച്ചുകടന്നു .
"ഇതിഹാസനായകനായ നാര്‍സിസിനെപ്പോലെ ആത്മാനുരാഗത്താല്‍ സ്വയം മതിമറന്നു നിന്നുപോയി എന്ന് പറയുന്നതാവും ശരി . ഇംഗ്ലീഷിലൊരു വാക്കുണ്ട്. ക്ലെപ്റ്റോമാനിയ പൊതുവേ ആവശ്യമില്ലാത്തതും മൂല്യമില്ലാത്തതുമായ വസ്ത്ക്കള്‍ മോഷ്ടിക്കാനുള്ള പ്രേരണകളെ തടുക്കാനുള്ള ശേഷിയില്ലായ്മ. നിയന്ത്രണാതീതമായ മോഷണാഭിരുചി . ചികിത്സിച്ചില്ലെങ്കില്‍ വളരെയധികം വൈകാരിക വേദനയ്ക്ക് കാരണമായേക്കാവുന്ന മാനസികാരോഗ്യവൈകല്യം . ഇത് ഞാന്‍ പൊതുവേ പറയുന്നത് മാത്രമാണ്. ഏറിയോ കുറഞ്ഞോ ഈ വൈകല്യം നാമോരോരുത്തരിലും കണ്ടേക്കാം . ലിങ്കണ്‍ പറഞ്ഞതാണെന്നുതോന്നുന്നു . നോ മേന്‍ ഹാസ് എ ഗുഡ് ഇനഫ് മെമ്മറി ടൂ ബി എ സക്സസ്സ്സ്ഫുള്‍ ലയര്‍ എന്ന് . ശരിയാണ്. മറവി താങ്കളുടെ നീക്കത്തിന് തടയിട്ടു - സീസീടീവി ക്യാമറയില്ലാത്ത കാലമായതുകൊണ്ട് തടികേടാകാതെ രക്ഷപ്പെട്ടു . അല്ലേ മിസ്റ്റര്‍ രാജ് ?"
വിളറിയ ചിരിയോടെയാണ് രാജ് സോപാനം ആ ചോദ്യത്തെ എതിരേറ്റത് . എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലൂടെയെടുക്കാനുള്ള തന്റെ ശേഷിയെക്കുറിച്ച് ഒരിക്കല്‍ക്കൂടി വാചാലനായതിന് ശേഷമാണ്, സീറ്റില്‍ നിന്നും അയാളെഴുന്നേറ്റത് . മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീണു എന്നായിരുന്നു പരിപാടി വീക്ഷിച്ചുകൊണ്ടിരുന്നവര്‍ അയാളുടെ മടക്കത്തെ വിശേഷിപ്പിച്ചത് .
മത്സരത്തില്‍നിന്ന് അടിയറവ് പറഞ്ഞ് പിന്മാറേണ്ടിവന്ന രാജ് സോപാനത്തിന് എന്താവാം തോന്നിയിരിക്ക? പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിരിക്കാം. രജനി ആലോചിച്ചു. ഏതായാലും പ്രോഗ്രാം കൗതുകകരമായിരിക്കുന്നു . അവളുടെ കണ്ണുകള്‍ കലണ്ടറിലേക്ക് നീങ്ങി . നേരത്തേ കുറിച്ചിട്ട മെസേജിനുള്ള ഫോര്‍മാറ്റും നമ്പറും അവളെ മാടിവിളിച്ചു. ഇനി വൈകരുത്. ഫോണ്‍ കയ്യിലെടുത്ത് ആ നമ്പറിലേക്ക് വളരെ ശ്രദ്ധാപൂര്‍വ്വം സന്ദേശം തൊടുത്തുവിട്ടു . അത് ലക്ഷ്യസ്ഥാനത്തേക്ക് ചെന്ന് തറച്ചുകാണണം. ഉറങ്ങാന്‍ കിടന്നപ്പോഴും മനസ്സില്‍ മറ്റൊന്നുമായിരുന്നില്ല . സ്വപ്നത്തില്‍ ' സത്യമേവജയതേ ' യുടെ ഹോട്ട് സീറ്റില്‍ അവളിരിക്കുന്നു . ഒരു വ്യത്യാസം മാത്രം. അനിരുദ്ധന്റെ മുഖത്തിന് പകരം അവതാരകവേഷത്തില്‍ ഒരു സൂപ്പര്‍താരം. അദ്ദേഹത്തിന്റെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ്, ഒട്ടും പ്രയാസപ്പെടാതെ ഒരു കോടി രൂപ നേടി വേദിവിട്ടിറങ്ങുന്ന രജനി! ഉറക്കമുണര്‍ന്നപ്പോഴും അതുതന്നെയായിരുന്നു മനസ്സില്‍ . കണ്ണകളടച്ചിട്ടും ചിന്ത മാറുന്നില്ല . സന്ദേശമയച്ചതുകൊണ്ടുമാത്രം ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്നില്ല. നേരിട്ടുള്ള ഇടപെടലില്ലെങ്കില്‍ തഴയപ്പെട്ടേക്കാം . ജീവിതത്തില്‍ ഇന്നുവരെ സ്വസ്ഥതയെന്തെന്നറിഞ്ഞിട്ടില്ല . പ്രതീക്ഷിക്കുന്നതുപോലെ ഒരു കോടി രൂപ കൈയില്‍ വന്നുചേര്‍ന്നാല്‍ , തന്റെ പ്രയാസങ്ങള്‍ മുഴുവനും ഒരു പരിധിവരെ തീരും. അനുമോള്‍ക്ക് വേണ്ടിയെങ്കിലും ഇനിമുതല്‍ ജീവിക്കേണ്ടിയിരിക്കുന്നു. ഈയൊരു വര്‍ഷം കൂടി കഴിഞ്ഞാല്‍ അവളെ തിരികെ കൊണ്ടുവരണം. ഇവിടെ ഏതെങ്കിലും സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കണം. പെണ്‍മക്കള്‍ അമ്മമാരുടെ കൂടെ വേണം വളരാന്‍. ഇത് നേരത്തേ മനസ്സിലാക്കേണ്ടിയിരുന്നു. വൈകിപ്പോയി. ആത്മഹത്യപോലും ചെയ്യാന്‍ തീരുമാനമെടുത്ത ഒരാള്‍ ഏന്തിനെയാണ് ഭയക്കേണ്ടത്? ജീവിതത്തില്‍ നേരിടേണ്ടിവന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നിട്ടില്ല . അങ്ങനെയൊരാള്‍ക്ക് മത്സരവേദിയില്‍ നിന്നുള്ള ചോദ്യങ്ങളെ നിസ്സാരമായി നേരിടാന്‍ കഴിയുന്നതേയുള്ളൂ . എന്തുകൊണ്ടും ആ ഹോട്ട് സീറ്റില്‍ കയറിയേ പറ്റു. അതിനായി മറ്റൊരു വഴി കണ്ടെത്തണം . അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം പുലര്‍ത്തി. ദിവസങ്ങളോളം ആ വിഷയം അവളെ അലട്ടിക്കൊണ്ടിരുന്നു. അയച്ച മെസേജിന് പ്രതികരണമൊന്നുമില്ലാതായപ്പോള്‍ അവതാരകനായ അനിരുദ്ധനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍തന്നെ രജനി തീരുമാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം അവള്‍ അനിരുദ്ധന്റെ മുന്നിലെത്തി .
"ഒരാളുടെ മാന്യത സത്യമേവജയതേയുടെ ഹോട്ട് സീറ്റ് വരെ എന്നതാണിപ്പോഴത്തെ ചൊല്ല് . ഉള്ള മാന്യതകൂടി കളയണോ മാഡം ?"
അനിരുദ്ധന്റെ അറുത്തുമുറിച്ച ചോദ്യത്തിനുള്ള ഉത്തരത്തിന് പകരം മറ്റൊരു മറുചോദ്യമാണ് രജനിയില്‍ നിന്നുണ്ടായത് .
"ഈ മാന്യത എന്താണെന്നുകൂടി വിശദീകരിക്കാമോ സാര്‍? മുഖംമൂടിയഴിഞ്ഞുവീഴും വരെ കൊണ്ടുനടക്കുന്നതല്ലേ താങ്കളുദ്ദേശിക്കുന്ന മാന്യത?"
ഉത്തരം പറയാതെ അനിരുദ്ധന്‍ മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് ആ ചോദ്യത്തില്‍ നിന്നും തെന്നിമാറി. ശേഷം മറുചോദ്യം കൊണ്ട് ആ നിമിഷത്തെ ചലിപ്പിച്ചു .
"എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് പറയാമോ?"
"നിങ്ങളുടെ മണിട്രീയിലെ ഏറ്റവും അവസാനത്തെ അക്കമുണ്ടല്ലോ . അതെന്നെ മോഹിപ്പിക്കുന്നു. അതെനിക്ക് വേണം . അതിനായി ഏതറ്റം വരെയും ഈ രജനി പോകാന്‍ തയ്യാറാണ് ."
ആ കണ്ണുകളില്‍ എന്തോ ആളിക്കത്തുന്നത് അനിരുദ്ധന്‍ കണ്ടു .
"കൊള്ളാം . ആട്ടെ , സത്യമേവജയതേയുടെ ഹോട്ട് സീറ്റിലിരിക്കുന്നതിനുള്ള യോഗ്യത ?"
"നിങ്ങളുടെ പ്രോഗ്രാമില്‍ മറ്റുള്ള കണ്ടെസ്റ്റന്‍സിനെന്തൊക്കെ യോഗ്യതകളാണുണ്ടായിരുന്നത്? അതിലേറെയുണ്ടെന്ന് വെച്ചോളൂ. ഒട്ടും കുറയില്ല എന്ന് ഞാനുറപ്പ് തരുന്നു . ബാക്കിയൊക്കെ നിങ്ങളുടെ മിടുക്കാണ് . എന്തായാലും എനിക്കവിടെ എത്തിയേ തീരൂ. തോന്നുന്നത് ഇതൊരു ലാസ്റ്റ് ബസ്സാണെന്നാണ് ."
അവള്‍ അവിടുന്ന് ഇറങ്ങിപ്പോകുമ്പോള്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞുവിശിയൊഴിയും പോലെ തോന്നി അനിരുദ്ധന്. ബയോഡാറ്റയില്‍ നിന്ന് കിട്ടിയ വിവരം വെച്ച് അവളുടെ ജീവിത പരിസരത്തേക്ക് എത്തിച്ചേരുമ്പോഴാണ് കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് അയാള്‍ക്ക് മനസ്സിലായിത്തുടങ്ങിയത്. നാളുകള്‍ക്ക് മുമ്പ്, വാര്‍ത്തകളിലും , ചര്‍ച്ചകളിലും ഇടംപിടിച്ച വിവാദ വനിതയാണ് രജനി എന്ന് തിരിച്ചറിഞ്ഞതോടെ അനിരുദ്ധന്റെ മുന്നോട്ടുവെച്ച കാലുകള്‍ക്ക് തളര്‍ച്ചയനുഭവപ്പെടാന്‍ തുടങ്ങി. അയാള്‍ ഒരിക്കല്‍ക്കൂടി ആ കടലാസെടത്ത് നോക്കി .
"പേര് രജനി . രജിസ്ട്രേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥ . ഒരു മകളുണ്ട് . ശ്രദ്ധിക്കപ്പെട്ട കേസിലെ ഇരയാണ് . കൂടെ നിന്നവരാല്‍ വഞ്ചിക്കപ്പെട്ട് ജീവിതം വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് . പ്രേക്ഷകസമക്ഷം മനസ്സ് തുറക്കാനാഗ്രഹിക്കുന്നു. പാതിവഴിയിലുപേക്ഷിക്കാതെ എന്ത് വിലകൊടുത്തും മുന്നേറുമെന്ന് വാക്കുതരുന്നു . "
ദൃഡനിശ്ചയം തുളുമ്പുന്ന വാക്കുകള്‍ . ജീവിതം തളര്‍ത്തിയതിന്റെ ലക്ഷണങ്ങള്‍ മുഖത്ത് കാണാനുണ്ടെങ്കിലും ആദ്യമായി കണ്ട ദിവസം, അവിടുന്ന് എഴുന്നേറ്റ് പോകുമ്പോഴുള്ള ചുവടുകളില്‍ എന്തോ നേടിയെടുക്കണമെന്നുള്ള വാശി പ്രകടമായിരുന്നു . അല്പനേരത്തെ സംസാരത്തിനിടയില്‍ കേട്ട കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അവളുടെയുള്ളില്‍ ആര്‍ത്തലയ്ക്കുന്ന മഹാസമുദ്രം തന്നെയുണ്ടെന്ന് തോന്നിപ്പോകും. കാര്യങ്ങളൊരുപാട് ബാക്കിവെച്ചിട്ടാണ് അവളിറങ്ങിപ്പോയത്. കേട്ടതത്രയും ചുട്ടുപൊള്ളുന്ന വെയിലോളം പ്രഹരശേഷിയുള്ള കാര്യങ്ങളായിരുന്നു .
ഇനിയങ്ങോട്ട് അനിരുദ്ധന്റെ ഈഴമാണ് . അയാളുടെ തീരുമാനത്തിനാണ് പ്രസക്തി. ഗൃഹപാഠങ്ങളില്ലാതെ അണിയറയിലെ സംഭാഷണശകലങ്ങളിലൂടെയും, ഹിപ്‌നോട്ടിസത്തിലൂടെ മനസ്സൂചുരന്നെടുക്കുന്ന വിദ്യയിലുടെയും മാത്രം മുന്നോട്ടുപോകുന്നത് തികഞ്ഞ അവിവേകമാണെന്ന്, രണ്ടാമത്തെ എപ്പിസോഡില്‍ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ തെളിയിക്കപ്പെട്ടതാണ് . വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനമെടുത്ത ലേഖ എന്ന യുവതി അതിഥിയായി പങ്കെടുത്ത പരിപാടിയായിരുന്നു അന്നത്തേത്. അതിലെ ചോദ്യങ്ങളേറെയും വിവാഹബന്ധത്തെക്കുറിച്ചുള്ളതായിരുന്നെങ്കിലും. അതിനിടയിലെ കൊച്ചുവര്‍ത്തമാനം ലേഖയുടെ ഭര്‍ത്താവായ മുരളിയെക്കുറിച്ചും , അയാളുടെ ശീലങ്ങളെക്കുറിച്ചുമായിരുന്നു . കുട്ടികളില്ലാത്ത ആ ദമ്പതിമാര്‍ക്കിടയില്‍ ദത്തെടുപ്പ് ഒരു പരിഹാരമാര്‍ഗ്ഗമായി അവതരിപ്പിച്ച മുരളിക്ക്, ഒട്ടും അനുഭാവപൂര്‍വ്വമല്ലാത്ത സമീപനമാണ് ലേഖയില്‍ നിന്നും നേരിടേണ്ടിവന്നത്. തനിക്ക് മാതൃത്വം കൈവരിക്കുന്നതിനുള്ള ശേഷിക്കുറവില്ലാത്തിടത്തോളം കാലം താനെന്തിന് ദത്തെടുപ്പിന് നില്‍ക്കണം എന്നതായിരുന്നു അവളുടെ നിലപാട് . ഒരു വേള ആ പരിപാടിക്കിടെ അവളത് തുറന്നുപറയുകയും ചെയ്തു. ചെറിയ ചെറിയ പടലപ്പിണക്കങ്ങള്‍ താളം തെറ്റിച്ച ആ ദാമ്പത്യം ഒടുക്കം വേര്‍പിരിയലിന്റെ മാര്‍ഗ്ഗം തേടുകയായിരുന്നു .
ആ എപ്പിസോഡിന്റെ അവസാന ഘട്ടത്തിലേക്കുള്ള പ്രയാണത്തില്‍ അനിരുദ്ധന്‍ ലേഖയോട് ചോദിച്ചത് ലളിതമായ ചോദ്യമായിരുന്നു .
" താങ്കളിപ്പൊഴും ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ടോ ?"
"ഇല്ല"
ഒട്ടും ആലോചിക്കാതെ പൊടുന്നനെ അവള്‍ നല്‍കിയ ഉത്തരം മിസ്റ്റര്‍ പോളിയുടെ വിശകലനത്തില്‍ കലര്‍പ്പുള്ളതായിരുന്നു. അതിനെത്തുടര്‍ന്ന് മുഴങ്ങിയ സൈറനും , ചുവന്ന വെളിച്ചവും ഉത്തരം തെറ്റിയതിന്റെ സൂചന
നല്‍കി. ലേഖയുടെ മുഖം താനേ കുനിഞ്ഞു. ഇതവള്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അനിരുദ്ധന്റെ ഒറ്റച്ചോദ്യത്തില്‍ അവള്‍ അടിപതറി വീണുപോയി !
"ആ പഴയ സിനിമാ ഡയലോഗ് കടമെടുത്ത് ഞാന്‍ പറയട്ടെ . എന്തൊക്കെ പറഞ്ഞാലും അഭിവന്ദ്യയായ ശ്രിമതി ലേഖയ്ക്ക് കുട്ടിശ്ശങ്കരനോടിപ്പൊഴും ഇഷ്ടം തന്നെയാണ് . നമ്മള്‍ നടത്തിയ ഹിപ്‌നോട്ടിക്ക് ടെസ്റ്റിന്റെ റിക്കാര്‍ഡ് വേണമെങ്കില്‍ താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ് ."
അനിരുദ്ധന്റെ ചിരി അവളെ മുറിവേല്ലിച്ചു .
"വേണ്ട സാര്‍ . കളിയിലെ നിയമം പാലിച്ചല്ലേ പറ്റൂ. "
കുനിഞ്ഞ മുഖവും വിളറിയ ചിരിയുമായി എഴുന്നേറ്റ് മടങ്ങുന്ന ലേഖയെ കണ്ടപ്പോള്‍ സ്വാഭാവികമായും തോന്നേണ്ടിയിരുന്ന സഹതാപത്തിന് പകരം പ്രേക്ഷകരുടെയുള്ളില്‍ ഒരാനന്ദം തോന്നിയിരിക്കണം. അത്രയേറെ അഹന്തയോടെയുള്ളതായിരുന്നു അവളുടെ അതുവരെയുള്ള പ്രകടനം .
ഒരു നാള്‍ ചാനലോഫീസില്‍ അനിരുദ്ധന്റെ മുറിയിലേക്ക് ഒരപരിചിതന്‍ കയറിവന്നു . ആരാണന്ന ചോദ്യത്തിന് ചില കടലാസുകള്‍ അനിരുദ്ധന്റെ മുന്നിലേക്കിട്ട് അയാള്‍ പറഞ്ഞു .
"ഞാന്‍ നിങ്ങളുടെ ഷോ കാരണം അന്തസ്സ് നഷ്ടപ്പെട്ട് നടക്കുന്ന ഹതഭാഗ്യന്‍ . പേര് മുരളി. ഈ കാണുന്നത് എന്റേയും ലേഖയുടെയും മെഡിക്കല്‍ റിപ്പോർട്ടുകളാ വായിച്ചുനോക്കിയാല്‍ മനസ്സിലാകും അന്നവള്‍ പറഞ്ഞതിന്റെ പൊരുള്‍."
അനിരുദ്ധന്‍ ആ കടലാസുകള്‍ മറിച്ചുനോക്കി . അയാളുടെ മുഖത്തെ ചോരവറ്റിപ്പോയി .
"സോറി സാര്‍ . എന്തേ താങ്കളിത് രഹസ്യമാക്കിവച്ചു ?"
അതിനുള്ള മറുപടിയെന്നോണം ചുണ്ടിന്റെ ഇടത്തേയറ്റത്തേക്ക് ചുരുക്കിവെച്ച ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് അനിരുദ്ധന് തോന്നി .
മാധ്യമം എന്ന നിലയ്ക്ക് ഇതൊക്കെ നിങ്ങളുടെ വയറ്റുപിഴപ്പിന്റെ കാര്യമായിരിക്കാം. അന്യന്റെ വ്യക്തിജീവിതത്തിലേക്കും കിടപ്പുമുറിയിലേക്കും അതിക്രമിച്ചുകയറിയുള്ള ഈയൊരു കളിയുണ്ടല്ലോ, അതിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയാഞ്ഞിട്ടല്ല . നിങ്ങള്‍ക്ക് വാര്‍ത്തകളാവട്ടെ, റിയാലിറ്റി ഷോകളാവട്ടെ, എല്ലാം വിറ്റഴിക്കാനുള്ള ഉല്‍പ്പന്നം മാത്രമാണ്. പരസ്യദാദക്കള്‍ക്ക് ദാസ്യവേലചെയ്യുന്ന നിങ്ങള്‍ക്കിതല്ലാതെ മറ്റെന്ത് സാധിക്കും . എന്റെ സ്വാകാര്യ ജീവിതത്തില്‍ പരമരഹസ്യമായി കൊണ്ടുപോകാനാഗ്രഹിച്ച കാര്യമാണ് നിങ്ങള്‍ ജനസമക്ഷം പൊതുദര്‍ശനത്തിന് വെച്ചത്. ഒരാണും ചിന്തിക്കാന്‍ പോലുമാഗ്രഹിക്കാത്ത സംഗതിയാണവിടെ വച്ച് എന്നിലാരോപിച്ചത്. അറിയാമോ നിങ്ങള്‍ക്കതിന്റെ സത്യാവസ്ഥ . ലേഖയില്‍ നിന്ന് പോലും ഞാനതൊളിപ്പിച്ചുവെച്ചതിന്റെ കാരണമെന്തെന്ന് നിങ്ങള്‍ക്കറിയാമോ ഒന്നും താങ്ങാന്‍ ശേഷിയില്ലാത്ത അത്രയ്ക്ക് ദുര്‍ബലമായ ആ മനസ്സിന് മുന്നില്‍ എനിക്ക് വേറൊന്നും ചെയ്യാനാവില്ലായിരുന്നു, ആ കുറവ് ഏറ്റെടുക്കുകയല്ലാതെ .
അയാളുടെ വാക്കുകള്‍ക്ക് ഇടര്‍ച്ച സംഭവിച്ചതായി തോന്നി. അവിടം കൊണ്ടവസാനിപ്പിക്കാതെ മുരളിതുടര്‍ന്നു .
"അവളന്നാചോദ്യത്തിന് നല്‍കിയ ഉത്തരമുണ്ടല്ലോ സുഹൃത്തേ , അതിലൊട്ടും കലര്‍പ്പില്ല . അവള്‍ക്കിഷ്ടപ്പെടാന്‍ കഴിയാത്ത ശീലങ്ങളോ , പൊരുത്തക്കേടുകളോ എന്നിലും കണ്ടേക്കാം . അതുമായി സന്ധിചെയ്തു പോകാന്‍ പറ്റില്ലായിരിക്കാം. ബാക്കിയൊക്കെ വാശിപ്പുറത്ത് സംഭവിച്ചുപോയതാണ് . ഞാനിന്നുവരെ ആരോടുമിതേക്കുറിച്ച് പറഞ്ഞിട്ടില്ല . അതുകൊണ്ട് നിങ്ങളോടെനിക്കൊരപേക്ഷയുണ്ട് . ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ഈ ഷോയിലിനിയെങ്കിലും ഒരു വശം മാത്രം കേട്ടുള്ള വിധികല്ലനകള്‍ പുറപ്പെടുവിക്കരുത്. സത്യം ഇതിനിടയിലെവിടെയോ ചവിട്ടിയരച്ച് മെതിക്കപ്പെടുന്നുണ്ട് . എത്രയെത്ര കുടുംബങ്ങളാണ് നിങ്ങള്‍മാധ്യമപ്രവര്‍ത്തകരുടെ പരസ്യമായ അലക്ക് കാരണം തകര്‍ന്നുപോകുന്നതെന്നറിയാമോ? പാകതയില്ലാത്തതിന്റെ പ്രശ്ശമാണിതെന്ന് മനസ്സിലാക്കി, നിങ്ങളെപ്പോലുള്ളവര്‍ വീണ്ടുവിചാരത്തോടെവേണം പ്രവര്‍ത്തിക്കാന്‍."
അനിരുദ്ധന് പറയാന്‍ മറുപടികളുണ്ടായിരുന്നില്ല. അയാള്‍ മുരളിയോട് നിര്‍വ്യാജം ക്ഷമയാചിച്ചു .
"ആരോടെങ്കിലും ഇത്രയും പറഞ്ഞല്ലേലെനിക്ക് വീർപ്പ്‌മുട്ടും. അതാണ് ഈ വിധം പറയേണ്ടിവന്നത് ."
അന്നത്തെ ദിവസം മുഴുവന്‍ മുരളിയുടെ വാക്കുകള്‍ അനിരുദ്ധന്റെ ചെവിക്കകത്ത് മൂളിക്കൊണ്ട് വട്ടമിട്ടുപറന്നു . അത്രയേറെ പ്രതലബലം ആ വാക്കുകള്‍ക്കുണ്ടായിരുന്നു . കാര്യങ്ങളെ ഒരു കണ്ണിലൂടെ മാത്രമേ നാം കാണുന്നുള്ളൂവെന്ന് അയാളന്ന് അനിരുദ്ധന് ബോധ്യപ്പെടുത്തിക്കൊടുത്തു . പങ്കാളിയുടെ കുറവിനെ പരമരഹസ്യമായി സൂക്ഷിക്കുകയും, അതിനെ തന്റേതാക്കിമാറ്റിയെടുക്കുകയും ചെയ്യുന്ന ജാലവിദ്യയുടെ രസതന്ത്രമെന്തെന്ന് എത്രയാലോചിച്ചിട്ടും അനിരുദ്ധന് പിടികിട്ടിയില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒരെണ്ണമായി മനസ്സിന്റെ മറ്റൊരു കോണിലേക്ക് അയാളതിനെ നീക്കിയിട്ടു .
പിറ്റേന്ന് , അനിരുദ്ധന്‍ ഏതുകാര്യങ്ങളും ചര്‍ച്ച ചെയ്യാറുള്ള അഡ്വക്കേറ്റ് ജയപ്രകാശിനെ ചെന്നു കണ്ടു .
"ഇനിയെങ്കിലും സൂക്ഷിച്ചുവേണം നീങ്ങാന്‍ . അതല്ലെങ്കില്‍ പിഴവുപറ്റുക ആര്‍ക്കാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ . അതിനുള്ള സൂചനയാണ് തനിക്കിന്നലെ ലഭിച്ചത് ."
കാര്യങ്ങളെ അത്ര ലാഘവത്തോടെ കാണരുതെന്നും , ഒരു കുറ്റാന്വേഷകന്റെ സൂഷ്മബുദ്ധി അനിവാര്യമാണെന്ന് കൂടി ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു .
"അല്പം കൂടി ഗൌരവത്തില്‍ നീങ്ങിയില്ലെങ്കില്‍ , നീ പറയുന്ന ഈ രജനിമാര്‍ നിന്റെ ഒരു കോടി രൂപ പാട്ടുംപാടി കൂളായി അടിച്ചോണ്ടുപോകും . മനസ്സുതുരന്നുള്ള പണിമാത്രം പോരാ അനി ഇക്കാര്യത്തില്‍ ."
ജയപ്രകാശിന്റെ വാക്കുകള്‍ ഉറങ്ങാന്‍ കിടന്നപ്പോഴും അനിരുദ്ധനെ വേട്ടയാടി . അന്നയാള്‍ , നീണ്ട ഗൗണും തൊപ്പിയും ധരിച്ച , ചുണ്ടത്ത് എരിയുന്ന ചുരുട്ട് കടിച്ചുപിടിച്ച അതികായനെയാണ് സ്വപ്നം കണ്ടത് . ഒപ്പം , ഭൂതക്കണ്ണാടിയിലൂടെ രജനിയുടെ ഛായയുണ്ടായിരുന്നു . ജീവിതം ആ മുഖത്ത് കോറിയിട്ട രേഖകളുടെ അര്‍ത്ഥതലങ്ങള്‍ ഭൂതക്കണ്ണാടി ചേര്‍ത്തുവെച്ച് അയാള്‍ വിശകലനം ചെയ്യുകയായിരുന്നു .
*****
"ഇത് അഭിവന്ദ്യയായ രജനി . ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ് . രജിസ്ട്രേഷന്‍ വകുപ്പില്‍ യൂഡിയായി ജോലിചെയ്യുന്നു . മകളുണ്ട്. നയന്‍ത്ത് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു . ബാക്കിയൊക്കെ യുദ്ധത്തിന് സന്നദ്ധയായി ഈ ശത്രു രാജ്യ സിംഹാസനം കീഴടക്കാനായി ചുവടുവെച്ചിരിക്കുന്ന, രജനിയില്‍ നിന്നുതന്നെ ചോദിച്ചറിയാമെന്നുതോന്നുന്നു. എതിര്‍ സൈനീകരെ മുഴുവന്‍ നിരായുധരാക്കാന്‍ പോന്ന രാകിമിനുക്കിയ പുഞ്ചിരി ആ മുഖത്തുണ്ട് . സുനിശ്ചിതമായ വിജയത്തിന്റെ ഗൂഡമായൊരാനന്ദം മുഖത്ത് മറനീക്കിവരുന്നത് നമുക്ക് കാണാം. രജനി എന്ന ധീര വനീതാരത്നത്തിന് സത്യമേവജയതേയിലേക്ക് സുസ്വാഗതം. എന്താണ് ഗെയിം ഷോയിലേക്ക് താങ്കളെ ആകര്‍ഷിച്ച പ്രധാന ഘടകം ?"
വെളിച്ചം വാരിയെറിയുന്ന പശ്ചാത്തലത്തില്‍ കൗതുകം വിടാതെ അനിരുദ്ധന്‍ രജനിയുടെ മറുപടി ഏറ്റുവാങ്ങാനായി കാത്തുനിന്നു . പശ്ചാത്തല സംഗീതത്തിന്റെ താളം പതുക്കെ അയഞ്ഞു .
"ഒളിപ്പിച്ചുവെക്കുന്നില്ല . നിങ്ങളുടെ സമ്മാനഘടനയിലെ ആ അവസാനത്തെ ഫിഗറുണ്ടല്ലോ , അത് തന്നെയാണെന്നെ ആകര്‍ഷിച്ചതെന്ന് വേണമെങ്കില്‍ പറയാം . പിന്നെ ഏത് ഗെയിമും ലഹരിയാണല്ലോ . ഇതൊരു പതിവ് പ്രശ്നോത്തരിയല്ലാത്തത് കൊണ്ട് ഉത്തരം തെറ്റുമെന്ന ആശങ്കയും വേണ്ടല്ലോ." .
ഒട്ടും കൂസലില്ലാത്ത മറുപടിയില്‍ നിശ്ചയദാര്‍ഡ്യം പ്രകടമായിരുന്നു . അത് അനിരുദ്ധനില്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത നടുക്കമുണ്ടാക്കി . അവള്‍ ഒരുങ്ങി വന്നിരിക്കുകയാണ് . ഏത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തന്റെ കൈയില്‍ ഭദ്രമാണ് എന്ന മട്ടിലാണ് രജനിയുടെ ഇരിപ്പ് . ഉത്തരം ഉറക്കെ പറയാനുള്ള ധീരത അവളില്‍ തുളുമ്പിനിന്നു. മുഖത്ത് കാണുന്ന അളവറ്റ ആത്മവിശ്വാസം വിളിച്ചോതുന്നത് ഏതറ്റംവരെയും പോകാനവള്‍ തയ്യാറാണെന്നാണ് .
"മനസ്സൂതുറക്കാനുള്ള താക്കോലുകളാണ് ഓരോ ചോദ്യങ്ങളും . അവയ്ക്കുള്ള മറുപടികള്‍ എത്രത്തോളം സത്യസന്ധമാകുന്നുവോ, വിലയേറിയ അക്കത്തിലേക്കുള്ള ദൂരവും അത്രതന്നെ കുറവായിരിക്കും എന്നതാണ് നമ്മുടെ കളിയുടെ സ്പിരിറ്റ്. ലക്ഷ്യനിർവ്വഹണത്തിന് രജനിമാഡത്തിന്റെ ഇച്ഛാശക്തി പ്രാപ്തയാക്കട്ടെ എന്നാശംസിച്ചു കൊണ്ട് ആദ്യചോദ്യത്തിലേക്ക് ചുവടുവെക്കാം ."
തന്റെ നേര്‍ക്ക് പാഞ്ഞടുക്കാനിരിക്കുന്ന ഏതൊരസ്ത്രത്തേയും തടുക്കാനുള്ള ശേഷി തനിക്കുണ്ടെന്ന മട്ടില്‍ ഒന്നുകൂടി അവള്‍ അമര്‍ന്നിരുന്നു. സ്ക്രീനില്‍ ആദ്യചോദ്യം പ്രത്യക്ഷപ്പെട്ടു .
"വിദ്യാര്‍ത്ഥിനിയായിരിക്കേ ഡിപ്രഷനുള്ള കാപ്‌സൂളുകള്‍ താങ്കളുപയോഗിച്ചിട്ടുണ്ട് . ഈയൊരു പ്രസ്താവം ശരിയാണോ?"
രജനിയുടെ മുഖത്ത് വല്ല ഭാവമാറ്റവുമുണ്ടോയെന്ന് അനിരുദ്ധന്‍ ഒളികണ്ണിട്ട് നോക്കി . അല്ലം പോലും നിറവ്യത്യാസം സൂഷ്മദര്‍ശിനിവെച്ച് നോക്കിയാല്‍പ്പോലും കാണില്ലെന്ന് അയാള്‍ക്ക് തോന്നി. ആ പ്രസ്താവന ശരിയാണെന്ന് രജനി പറഞ്ഞപ്പോള്‍ പോളീഗ്രാഫ് മെഷിന്‍ അതിനനുകൂലമായി പ്രതിവചിച്ചു . അതേക്കുറിച്ച് വല്ലതും പറയാനുണ്ടോ എന്ന ചോദ്യത്തിന് അവള്‍ മറുപടിയായി പറഞ്ഞു .
"നന്നേ ചെറുപ്പം മുതല്‍ക്കേ ഞാന്‍ വാശിയും ദേഷ്യവും പ്രകടിപ്പിക്കാറുണ്ടെന്ന് അമ്മ പറഞ്ഞെനിക്കറിയാം . സങ്കടവും ഏതാണ്ട് അതേ അളവില്‍ത്തന്നെ നീണ്ടുനില്‍ക്കാറുമുണ്ട്. ആരുടേയോ ഉപദേശപ്രകാരം എന്നെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും , കുറിച്ചുതന്ന ഔഷധം കഴിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അതുപേക്ഷിക്കുകയാണുണ്ടായത് ."
രജനി അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ അനിരുദ്ധന്‍ മറ്റൊരു ചോദ്യം കൂടി അതിനോട് കൂട്ടിച്ചേര്‍ത്തു .
"ഇപ്പോഴും ?"
"വാശിയും രോഷവുമാണോ സാറുദ്ദേശിച്ചത് ? ആ വികാരങ്ങള്‍ ഏറിയും കുറഞ്ഞും ആരിലാ കാണാത്തത് ? ഇപ്പോള്‍ ഞാനേറെ മാറിയിട്ടുണ്ടെന്നാണ് എന്റെ വല്യമ്മയുടെ പക്ഷം. അമ്മ നഷ്ടപ്പെട്ട ഞാന്‍ ഏറെ നാളായി വല്യമ്മയുടെ കൂടെയാണ് താമസം."
അനിരുദ്ധന്‍ അവളുടെ മറുപടി കേട്ട് കൈയ്യടിച്ചു . ആയിരം രൂപയ്ക്കുള്ള ചോദ്യമായിരുന്നു ആദ്യത്തേത് . അതവള്‍ നിഷ്പ്രയാസം നേടിക്കഴിഞ്ഞു . ഒട്ടും വൈകാതെ അയാള്‍ അടുത്ത ചോദ്യത്തിനുള്ള തയ്യാറെടുപ്പ്
നടത്തി . എന്താവാം അടുത്ത ചോദ്യമെന്ന് പ്രേക്ഷകര്‍ സാകൂതം ചിന്തിച്ചു . അവരുടെ ആകാംഷയ്ക്ക് അറുതിവരുത്തി സ്ക്രീനില്‍ ചോദ്യം തെളിഞ്ഞു .
"മികച്ച വിദ്യാഭ്യാസം എന്നതിലുപരി തന്റെ സ്വകാര്യതകളില്‍ നിന്നുമകറ്റിനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മറ്റൊരു വ്യക്തിയുടെ സമ്മർദ്ദഫലമായാണേോ സ്വന്തം മകളെ , ഒരു റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് പറിച്ചുനടാനിടയാക്കിയത്?"
അവളുടെ മുഖത്ത് അപ്പോള്‍ തെളിഞ്ഞത് ഒരു കൂസലില്ലായ്മുയാണ് . ആ ചോദ്യത്തിനും രജനിക്ക് എളുപ്പം മറുപടി പറയാന്‍ സാധിച്ചു .
" അതെ "
മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഒഴുകിയെത്തിയ പ്രവാഹത്തിന്റെ ശക്തിയുണ്ടായിരുന്നു ആ മറുപടിക്ക് . രണ്ടായിരം രൂപയുടെ സമ്മാനം ലഭിച്ചതിന്റെ സൂചന സ്ക്രീനില്‍ മിന്നിനിറഞ്ഞു . പറഞ്ഞ ഉത്തരത്തിന് പിന്തുണയായി അവള്‍ക്ക് ചിലത് പറയാനുണ്ടായിരുന്നു .
"അതിലസ്വാഭാവികമായി യാതൊന്നുമില്ല . ലഭിച്ചുകൊണ്ടിരുന്നതിനെക്കാള്‍ നല്ല വിദ്യാഭ്യാസം മകള്‍ക്ക് ലഭിക്കണമെന്നല്ലേ ഏതൊരു രക്ഷിതാവും ആഗ്രഹിക്കുക . സമ്മര്‍ദ്ദം കൊണ്ട് എന്ന വാക്കിന് ദുരര്‍ത്ഥമുള്ളതായി എനിക്ക് തോന്നുന്നു . നല്ലതെന്ന് തോന്നിക്കുന്ന ഉപദേശങ്ങള്‍ നല്‍കാനായി എനിക്കും വേണ്ടപ്പെട്ടവരുണ്ടായിരുന്നു . അത് സ്വീകരിച്ചു എന്നല്ലാതെ വേറൊന്നും അതിലാർത്ഥമില്ല . ജോലിയുള്ളപ്പോള്‍ത്തന്നെ ഞാനായി വരുത്തിവെച്ചതല്ലാത്ത ധാരാളം സാമ്പത്തികബാധ്യതകളെന്നെ ഞെരിച്ചുകളഞ്ഞിട്ടുണ്ട് . കടക്കാരുടേയും മറ്റും നിരന്തര സമ്മര്‍ദ്ദം എന്റെ ജീവിതം പൊറുതിമുട്ടിച്ചു . അത്തരമൊരു സാഹചര്യം കണ്ടുവളരേണ്ടവളല്ല എന്റെ മോള്‍ എന്ന തീരുമാനമാണ് അത്തരത്തില്‍ ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചത് ."
അത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അവളുടെ വാക്കുകള്‍ക്ക് അല്ലം മങ്ങലേറ്റതായി അനിരുദ്ധന് തോന്നി .എങ്കിലും അവളുടെ മുഖം പഴയ ഭാവം വീണ്ടെടുത്തു .
അടുത്ത ചോദ്യത്തിലേക്ക് അനിരുദ്ധന്‍ കടന്നു .
"അവര്‍ നെക്സ്റ്റ് ക്വെസ്‌ച്യന്‍ . വീട്ടുകാരെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് കാമുകനുമായി ഇറങ്ങിത്തിരിച്ച് ഒരു ദിവസം കഴിഞ്ഞ് , സ്വഗൃഹത്തിലേക്ക് മടങ്ങേണ്ടിവന്ന അനുഭവം ജീവിതത്തിലുണ്ടായിട്ടുണ്ടോ എന്നെങ്കിലും?"
അല്പനേരം മൌനത്തിന്റെ പുറന്തോടില്‍ അവള്‍ അഭയം തേടി . പതര്‍ച്ച പുറത്തുകാട്ടാതെ നേരിയ മന്ദഹാസത്തോടെ ചോദ്യശരത്തെ എതിരേറ്റു . വീണ്ടുമവള്‍ ആലോചനയില്‍ മുഴുകിയപ്പോള്‍ അനിരുദ്ധന്‍ ആ ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴത്തെ രജനിയുടെ 'ഇല്ല," എന്ന ഉത്തരം നുണപരിശോധനായന്ത്രത്തില്‍ സൂചിയനങ്ങുന്നതിന്റെ സ്പന്ദനം പോലുമുണ്ടാക്കിയില്ല. തനിക്ക് എവിടെയോ അമളി പിണഞ്ഞെന്ന് അനിരുദ്ധന് തോന്നി. ഉത്തരത്തിന് ശേഷമുള്ള അവളുടെ ചിരിയില്‍ അതിന്റെ ധ്വനി കലര്‍ന്നിരുന്നു . ശരിയുത്തരത്തിന്റെ മുഴക്കം അവിടെ പരന്നു . പ്രൈസ് മണി മുകളിലേക്ക് കയറുകയാണ് .
അതിനിടെ അയാള്‍ ഇടവേളയിലേക്ക് പോയി . അയാള്‍ക്കൊപ്പം രജനിയും താൽക്കാലത്തേക്ക് വേദി വിട്ടു അവള്‍ക്ക് മുന്നില്‍ കപ്പില്‍നിന്ന് കോഫിയുടെ ആവി പറന്നുയര്‍ന്നു . അയാള്‍ രജനിയുടെ അരികിലേക്ക് വന്ന് കോഫി ഈതിക്കുടിച്ചു . തന്നെ രക്ഷിച്ചതിന് അവള്‍ അയാളോട് നന്ദി പ്രകാശിപ്പിച്ചു .
" എന്തിനാണ് മാഡം ഈയൊരവസരത്തില്‍ ഇങ്ങനെയൊരു നന്ദി ?"
"ഒറ്റച്ചോദ്യത്തിലൂടെ നിങ്ങളെന്നെ രക്ഷിക്കുകയല്ലേ ചെയ്തത് . അതിനുള്ളതാണ് ഈ നന്ദി ."
കോഫി നുണഞ്ഞുകൊണ്ട് അവള്‍ പുഞ്ചിരിച്ചു . അപ്പോഴും അയാള്‍ക്ക് കാര്യം മനസ്സിലായില്ല . അതയാള്‍ അവളോട് വെട്ടിത്തുറന്നുപറഞ്ഞു .
"സാര്‍ ചോദിച്ച ആ ചോദ്യത്തിലെ മുന്നൊരുക്കമില്ലായ്മുയോര്‍ത്ത് ചിരിച്ചുപോയതാണ് . അതിലുപയോഗിച്ച ഒരു വാക്ക് . അത് തന്നെയാണ് അല്ലം പോലും വെപ്രാളം കൂടാതെ ഉത്തരം പറയാനെനിക്ക് തുണയായത്. ഒട്ടും പതറാതെ , മിസ്റ്റര്‍ പോളിക്ക് പിടികൊടുക്കാതെ ഉത്തരം പറയാനെനിക്ക് സാധിച്ചു . കാമുകന്‍ എന്നവാക്ക് ഉപയോഗിച്ചത് തന്നെയാണ് പിശകെന്ന് തോന്നുന്നു . ഇല്ല എന്ന ഉത്തരം നല്‍കാന്‍ അതെളുപ്പമായി ചോദ്യത്തില്‍ താങ്കളുപയോഗിച്ച ആ കെണിയാണ് എനിക്ക് തുണയായത് . ബാക്കിയൊക്കെ ശരിയായിരിക്കാം ."
കോഫിയുടെ അവസാനത്തെ തുള്ളിയും മുത്തിക്കുടിച്ച് ഗൂഡമായ ചിരിയോടെ ഒഴിഞ്ഞ കപ്പ് ടീപ്പോയ് മേല്‍വെച്ചു.
"യൂവാര്‍ ബ്രില്ല്യന്റ് റ്റൂ . ഞാനല്പം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ." അനിരുദ്ധന്‍ അടിയറവ് തുറന്ന് സമ്മതിച്ചു .
എല്ലാം തുറന്നുപറയാനാണ് താനെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് തറപ്പിച്ചുപറഞ്ഞില്ലെങ്കിലും രജനിയുടെ മുഖത്ത് അതെഴുതിവെച്ചത് അനിരുദ്ധന് സ്പഷ്ടമായി വായിച്ചെടുക്കാന്‍ സാധിച്ചു . മനസ്സ് നിര്‍ഭയമെങ്കില്‍ കള്ളം തിരിച്ചറിയുന്ന സര്‍വ്വസന്നാഹങ്ങളും അപ്രസക്തമാവുകതന്നെ ചെയ്യുമെന്ന് അവളുറച്ചുവിശ്വസിച്ചു .
അവതരണവേദിയിലേക്ക് തിരിച്ചെത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് അതുവരെ നേടിയിരിക്കുന്ന സമ്മാനത്തുക അനിരുദ്ധന്‍ പ്രഖ്യാപിച്ചു .
"ഈയൊരുത്തരത്തോടുകൂടി മിസ് രജനി പത്തായിരം രൂപ കരസ്ഥമാക്കിക്കഴിഞ്ഞു . അടുത്ത ഉത്തരത്തിന്റെ മൂല്യം ഇരുപതിനായിരം രൂപയാണ് . ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ ഷോയുടെ ഭാഗമായുള്ളത് മാത്രമാണ് . ഹിപ്നോട്ടൈസ് ചെയ്യപ്പെടുമ്പോഴും അതല്ലാത്ത സോഴ്‌സുകളിലൂടെയുള്ള ഡാറ്റകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് . അവയെ വെറും ചോദ്യങ്ങളായി കാണണമെന്നതാണ് അതിഥികളോടുള്ള എന്റെ അഭ്യര്‍ത്ഥന ."
" തീര്‍ച്ചയായും . അത്തരമൊരു സ്‌പിരിറ്റിലാണ് ഞാനിതെടുത്തിട്ടുള്ളതും"
"അതിനിടയില്‍ വളരെ പെര്‍സണലായിട്ടുള്ള ഒരു ചോദ്യം . മദ്യപാനത്തോടുള്ള രജനിയുടെ ആറ്റിട്യൂട് ?"
"ചെറുപ്പം മുതലേ എന്റെ ജീവിതത്തെ വളരെയേറെ ബാധിച്ചിട്ടുള്ള പിശാച് എന്ന് വേണമെങ്കില്‍ പറയാം . അച്ഛന്‍ തികഞ്ഞ മദ്യപനായിരുന്നു . അതിന്റെ ഭവിഷ്യത്ത് ഞാനും എന്റെ അമ്മയും ഏറെ അനുഭവിച്ചിടടുള്ളതാണ് . അറിയാമല്ലോ ഒരു കുടുംബം തകരുന്നതില്‍ , കൂട്ടികളുടെ പിന്നീടങ്ങോട്ടുള്ള മാനസികാവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍ മദ്യത്തിനുള്ള സ്ഥാനം . ഓര്‍ക്കാനിഷ്ടമില്ലാത്ത കാര്യങ്ങളാണവയൊക്കെ ."
"എക്ലാറ്റ്ലി യൂവാര്‍ കറക്ട് . അത് സ്വന്തം ആരോഗ്യത്തെയും, വ്യക്തിത്വത്തെയും അതിലുപരി സാമ്പത്തികാടിത്തറയെയും ജീവിതത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നു, എന്നതിനെക്കുറിച്ച് നിരീക്ഷകന്മാര്‍ പലപല അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, കുട്ടികളുടെ മാനസികാവസ്ഥയെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പറയത്തക്ക പഠനങ്ങളെന്തെങ്കിലും, നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. അതിരിക്കട്ടെ, ഇനിയെന്റെ ചോദ്യത്തിലേക്ക് വരാം .
രജനി സ്ക്രീനിലേക്ക് കണ്ണയച്ചു .
"മദ്യത്തോട് ഇത്രയേറെ വിപ്രതിപത്തി വെച്ചുപുലര്‍ത്തുന്ന രജനിയോടുള്ള ചോദ്യം ഇതാണ്. മദ്യത്തിന്റെ ലഹരി ഇന്നുവരെ അനുഭവിച്ചിട്ടില്ല എന്നുപറഞ്ഞാലത് ശരിയായിരിക്കുമോ ?"
ചോദ്യം കേട്ട് അവളുടെയുള്ളില്‍ ചൂടുകാറ്റ് ആഞ്ഞുവീശിയതുപോലെ തോന്നി . അതിന്റെ കൂര്‍ത്ത മുന കണ്ണിന് നേര്‍ക്ക് നീണ്ടുവന്നു. നിഷേധരൂപത്തിലുള്ള ഉത്തരത്തിന് അവളെ കീഴ്പ്പെടുത്താന്‍ പോന്നത്രയും ശേഷിയുണ്ടായിരുന്നു .
ഒരു വേള ബാബുവിന്റെ മുഖം അവള്‍ക്ക് ഓര്‍മ്മവന്നു . അനുമോളെയും വല്യമ്മയെയും വിട്ട് വീട്ടില്‍ നിന്ന് ആദ്യമായി മാറിനിന്ന ദിവസമായിരുന്നു അത് . വലിയ പ്രതീക്ഷയുമായി ആരംഭിച്ച നിക്ഷേപ പദ്ധതിയുടെ ഭാഗമായി അതിന്റെ പുതിയ എക്ലിക്യൂട്ടീവുകള്‍ക്കായി നഗരത്തില്‍ നടന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് , സഹപ്രവര്‍ത്തകനായ ബാബുവുമൊത്ത് അന്നത്തെ ദിവസം, ഉന്നത നിലവാരത്തിലുള്ള റെസിഡന്‍സിയില്‍ തങ്ങിയിരുന്നു. തനിക്കുവേണ്ടി അന്നാണയാള്‍ മനോഹരമായ പൊട്ടുകള്‍ സമ്മാനിച്ചത്. വിധവയുടെ മുദ്ര നെറ്റിയില്‍ നിന്ന് മായ്ച്ചുകളയാന്‍ ബാബു കണ്ടെത്തിയ മാര്‍ഗ്ഗം . വളരെക്കാലത്തിന് ശേഷം അൽപമെങ്കിലും സന്തോഷം ലഭിച്ചത് അന്നാണ് . താന്‍ ഏറെ വെറുത്തിരുന്ന മദ്യഗന്ധം അന്ന് ബാബുവിലൂടെ വീണ്ടുമറിഞ്ഞു . രൂക്ഷഗന്ധത്തിന്റെ ആവിപറക്കുന്ന ബ്രൌണ്‍ നിറത്തിലുള്ള ആ ദ്രാവകം, ചെറിയൊരളവില്‍ മുമ്പിലുള്ള ഗ്ലാസിലേക്ക് പകര്‍ന്ന് നീട്ടിയെങ്കിലും രജനിയത് നിരസിച്ചു. ബാബുവിന്റെ ആവര്‍ത്തിച്ചുള്ള നീര്‍ബ്ബന്ധത്തിന് ഒടുവിലവള്‍ക്ക് വഴങ്ങേണ്ടിവന്നു. അനന്തരം തന്റെ ശരീരത്തിന്റെ ഭാരം കുറയുന്നതായും, മനസ്സിലെ കടും വര്‍ണ്ണങ്ങള്‍ അകത്തുചെന്ന ലായനിയില്‍ ലയിച്ചുചേരുന്നതായും അനുഭവപ്പെട്ടു. തൊട്ടടുത്ത് ബാബു ഉറക്കത്തിലാണ്ടപ്പോള്‍ രജനി മെല്ലെയെഴുന്നേറ്റ് കണ്ണാടിക്ക് മുന്നില്‍ ചെന്നുനിന്ന് ആ പൊട്ടുകളിലൊരെണ്ണമെടുത്ത് നെറ്റിയില്‍ ചാര്‍ത്തി . മങ്ങിയ വെളിച്ചത്തില്‍ താന്‍ ഏറെ സുന്ദരിയായി മാറിയതായി രജനിക്ക് തോന്നി . അന്നവള്‍ക്ക് ഉറക്കം വന്നില്ല. ഇനിയങ്ങോട്ടുള്ളത് ഒരുമിച്ചുള്ള ജീവിതമാണെന്നും, ജോലിക്കൊപ്പം ജീവിതം ആഘോഷമാക്കിത്തീര്‍ക്കുന്നതിനുള്ള ഇതര സമ്പാദ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നും അയാള്‍ ഇടയ്ക്ക് വല്ലപ്പോഴും ഓര്‍മ്മപ്പെടുത്തും . ഒക്കെയും തന്റെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് ബാബു പറയുമായിരുന്നത് അവളയവിറക്കി. മനസ്സിന്റെ ഭാരം ലഘൂകരിക്കുന്നതിനായി ചിലപ്പോഴൊക്കെ ബാബു സമ്മാനിക്കാറുള്ള മദ്യം ചെറിയഅളവില്‍ അകത്താക്കുന്നത് ദിനചര്യയായി മാറി. തന്റെ ജീവിതനിലവാരം പാടേ മാറ്റിത്തീര്‍ക്കലായിരുന്നു ലക്ഷ്യമെന്ന് ബാബു അയാളുടെ ഇടപെടലുകളിലൂടെ പലപ്പോഴും തോന്നിപ്പിച്ചു .
"മദ്യത്തിന്റെ ലഹരി ഇന്നുവരെ അനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞാലത് ശരിയായിരിക്കുമോ ? ”
അനിരുദ്ധന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ രജനി ഓര്‍മ്മയില്‍ നിന്നുണര്‍ന്നു .
" അല്ല . ശരിയായിരിക്കില്ല."
ശരിയുത്തരം അവിടെ ആരംവം സൃഷ്ടിച്ചു. തിരമാലകള്‍ ആര്‍ത്തലച്ചുവരുന്നതുപോലുള്ള വാദ്യോപകരണങ്ങളുടെ താളപ്രവാഹം . ആ വേദിയില്‍ ഇരുപതിനായിരം രൂപ നേടിയതായുള്ള പ്രഖ്യാപനമുണ്ടായി. ഇനിയങ്ങോട്ട് സംഖ്യ ഇരട്ടിക്കുകയാണ് . ആ ചിന്ത അവളെ മറ്റെല്ലാം മറക്കാന്‍ പ്രാപ്തയാക്കി . അതവളെ പതുക്കെ പതുക്കെ ലഹരിയീലാഴ്ത്താന്‍ തുടങ്ങിയോ എന്ന് ചിലരുടെയെങ്കിലും ചിന്തയിലുണ്ടായി .
"വല്ലതും കൂട്ടിച്ചേര്‍ക്കാനുണ്ടോ മാഡത്തിന് ഇതേക്കുറിച്ച് ?"
"ഞാനുമൊരിക്കല്‍ അതിന്റെ രുചിയറിഞ്ഞിട്ടുണ്ട് . മദ്യപിച്ച് ലക്കുകെട്ട എന്റെ ഹസ്ബന്റ് തന്നെയാണതിന് കാരണക്കാരന്‍ . നിര്‍ബ്ബന്ധിച്ചെന്നെ കുടിപ്പിക്കുകയായിരുന്നു. കുടല്‍മാല പുറത്തുവരുന്നതുവരെ ഞാന്നന്ന് ഛര്‍ദ്ദീച്ചു. ലഹരിയറിഞ്ഞോയെന്ന് ചോദിച്ചാലിപ്പോഴെന്ത് പറയണമെന്നെനിക്കറിയില്ല . പക്ഷേ അതിന് മുമ്പോ , പിന്നീടോ ഞാനതിന്റെ രുചിയറിഞ്ഞിട്ടില്ല. എന്തൊക്കെയായാലും അതിനോടുള്ള എന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടില്ല. "
"അതെന്നും അങ്ങനെത്തന്നെയാവട്ടേയെന്ന് നമുക്കാശംസിക്കാം . അടുത്ത ചോദ്യം താങ്കളെ കാത്തിരിക്കുകയാണ്. രജനി ഒരു സര്‍ക്കാരുദ്യോഗസ്ഥയാണ്. മദ്യംപോലെതന്നെ രാഷ്ട്രശരീരത്തെ അനുദിനം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമാണല്ലോ അഴിമതിയും. കൈക്കൂലി, കോഴപ്പണം തുടങ്ങിയ വാക്കുകള്‍ക്കപ്പുറത്തേക്ക് നീളുന്ന അര്‍ത്ഥവ്യാപ്തി അതിന് മുമ്പേ കൈവന്നുകഴിഞ്ഞു . എന്റെ അടുത്ത ചോദ്യം ഇതാണ് . താങ്കള്‍ അഴിമതി എന്ന മാറാവ്യാധിയുടെ പിടിയിലമര്‍ന്നുപോയ സിവില്‍ സെര്‍വ്വന്റാണ് . നീഷേധിക്കാന്‍ കഴിയുമോ ഈ വസ്തുത "
രജനിയില്‍ യാതൊരു ഭാവമാറ്റവുണ്ടാക്കാത്ത ചോദ്യമായിരുന്നു അത് . കൃത്രിമമായ പുഞ്ചിരി ആ മുഖത്ത് കാണാം . തലകലുക്കിക്കൊണ്ട്, ആ വസ്തുത നിഷേധിക്കാനാവില്ല എന്ന ഉത്തരമാണ് അവള്‍ നല്‍കിയത് .
പോളിഗ്രാഫ് മെഷിന്‍ ആ ഉത്തരത്തെ പിന്തുണച്ചു
"മിസ്റ്റര്‍ പോളി പറയുന്നു രജനി പറഞ്ഞ ഉത്തരം ശരിയാണെന്ന് . അന്യന്റെ വിയര്‍പ്പിലെ ഉപ്പ് താനും നുണഞ്ഞിട്ടുണ്ടെന്ന ശബ്ദമാണ് താങ്കളില്‍നിന്നും കേട്ടത് . അല്ലേ മാഡം ? "
"അധികാരത്തിന്റെ മേല്‍ത്തട്ടുമുതല്‍ കീഴ്ത്തട്ടുവരേയും നീളുന്ന അഴിമതിയുടെ മേല്‍ക്കൈ ഒരു യാഥാര്‍ത്ഥ്യമാണെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ ."
"ശരിയാണ്. നന്നേ ചെറുപ്പം തൊട്ടേ നാമതിന്റെ പിടിയിലാവുന്നുണ്ട്. പിന്നീടങ്ങോട്ടുള്ള നമ്മുടെ ജീവിതത്തില്‍ അതിന് നിര്‍ണ്ണായക സ്വാധീനവുമുണ്ട് . സ്ലേറ്റ് പെന്‍സിലോ മഞ്ചാടിക്കുരുവോ എന്തുമാവട്ടെ, അതുപയോഗിച്ചുള്ള കാര്യസാധ്യം എളുപ്പമാക്കിത്തീര്‍ത്ത ബാല്യവുമുണ്ടായിട്ടുണ്ടാവാം നമുക്കോരോരുത്തര്‍ക്കും വളരുന്തോറും വസ്ത്രക്കളുടെ മൂല്യത്തില്‍ മാത്രമേ വ്യത്യാസം വന്നിട്ടുള്ളൂ. ആ ശീലം നമ്മുടെയൊക്കെ രക്തത്തിലലിഞ്ഞുചേര്‍ന്നതാണ്. അടിവേര് മാന്തിനോക്കിയാല്‍, കാര്യം എളുപ്പത്തില്‍ നേടിയെടുക്കാനുള്ള വൃഗ്രത ജന്മവാസനയെന്നുവേണം അനുമാനിക്കാന്‍ . ഒരു കാര്യം ഞാന്‍ ചോദിച്ചേട്ടെ ? വ്യക്തികളില്‍ നിന്ന് നേരിട്ട് കൈപ്പറ്റാതെ , ഇടനിലക്കാര്‍ മുഖേന കോഴപ്പണം ലഭിക്കാനവസരമുണ്ടായിട്ടും അത് പുറങ്കാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ച പണത്തിനേറെ അത്യാവശ്യമുണ്ടായിരുന്ന ആരെയെങ്കിലും രജനിക്ക് പരിചയമുണ്ടോ ?"
"ഉണ്ട്. ഞാനിന്ന് ജോലിചെയ്യുന്ന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സുധാകരന്‍! അതുകൊണ്ടുതന്നെ സ്വജീവിതത്തിലങ്ങേര് ഒറ്റപ്പെട്ടുപോയിട്ടേയുള്ളൂ. കിട്ടാവുന്നിടത്തുനിന്നെല്ലാം കൈനീട്ടി വായ്പവാങ്ങി. മൂക്കറ്റം കള്ളുകുടിച്ച് തന്റെ നിലപാടിലൊരുതുള്ളി വെള്ളം ചേര്‍ക്കാനൊരുക്കമായിരുന്നില്ലേലും അതാര്‍ക്കും, അങ്ങേര്‍ക്കോ, അങ്ങേരുടെ കുടുംബത്തിനോ ഒരു ഗുണവും ചെയ്യില്ല. രക്ഷപ്പെടാനവസരമുണ്ടായിട്ടുകൂടി അത് വേണ്ടെന്നുവെച്ച ആളായിരുന്നു സുധാകരന്‍ എന്ന എന്റെ ഭര്‍ത്താവ്. ഈയൊരു പാഠം കൂടി ജീവിതത്തില്‍ നിന്ന് പഠിച്ചെടുത്തിട്ടുണ്ട് ഞാന്‍ ."
"ആദര്‍ശം പ്രാരാബ്ദങ്ങളെ മഹത്വവല്‍ക്കരിക്കുന്നു. ഗാന്ധിജിയെ സാധാരണക്കാരനായി കൊണ്ടുനടക്കാന്‍ ഇന്ത്യാ ഗവണ്മെന്റിന് കോടികളുടെ ചെലവുണ്ടായിട്ടുണ്ടെന്ന് എവിടെയോ കേട്ടതോര്‍ക്കുന്നു . ഓക്കേ രജനി മാഡം, അഴിമതി എന്നും പാപം തന്നെയാണ് . അതിനെ സ്വന്തം വാദഗതികളുയര്‍ത്തി വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത് അനീതിയെ വാഴാനനുവദിക്കുന്നതിന് തുല്യമാണ് . ഇനിയങ്ങോട്ടും മത്സരം തുടരുവാന്‍ തന്നെയാണോ തീരുമാനം ?"
"മുന്‍പിലൊരു ലക്ഷ്യം മാത്രമുള്ള സ്ഥിതിക്ക് തിരിച്ചുനടത്തത്തിന് മുതിരുന്നില്ല ഞാന്‍ . "
അടുത്ത ചോദ്യമേറ്റുവാങ്ങാനായി അവള്‍ ഒരുങ്ങി . തന്റെ സ്വകാര്യതകളില്‍ ചോദ്യശലഭങ്ങള്‍ വട്ടമിട്ട് പറക്കുന്നതായി രജനിക്ക് തോന്നി . തേന്‍തുള്ളികള്‍ ശേഖരിച്ചുവച്ചിരിക്കുന്നയിടം മാത്രമാണല്ലോ പൂമ്പാറ്റകള്‍ക്ക് ഏറെ പ്രിയങ്കരം .
അനിരുദ്ധന്‍ ഒരിടവേളയിലേക്ക് കൂടി പോയി . പ്രേക്ഷകര്‍ ആകാംഷയുടെ മുള്‍മുനയേറ്റ് നീറിക്കൊണ്ടിരുന്നു. അന്യരുടെ സ്വകാര്യതകളില്‍ എത്തിനോക്കാനും , ഇടപെടാനുമുള്ള അവരുടെ താല്പര്യം ഒന്നുമാത്രമാണ് പ്രോഗ്രാമിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത് . ഇരു പരസ്യങ്ങള്‍ക്കിടയിലെ വെറുമൊരു നേരമ്പോക്ക്! മനുഷ്യന്‍ മനുഷ്യനെ കൊത്തിവലിക്കുന്നിടത്ത് രക്തദാഹിയായി അവനെപ്പോഴും കാണും. അതിന്റെ ലഹരിക്ക് അവനടിപ്പെടും .
അനിരുദ്ധന്‍ ഓര്‍ത്തു , രജനി തന്നെ വന്ന് കണ്ടതും , പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശ്രദ്ധിച്ചിരുന്ന കേട്ടതും അവളെക്കുറിച്ചറിയാന്‍ നടത്തിയ യാത്രകളുമൊക്കെ . കൈയിലുള്ളത് ജഡഃപിടിച്ച ചരടാണ് . അഴിക്കുന്തോറും മുറുകുകയാണ് അതിലെ കുരുക്കുകള്‍ . ഏത് കാര്യങ്ങളും അന്വേഷിച്ച് മനസ്സിലാക്കുക . മുരളി പഠിപ്പിച്ച പാഠം അതാണ് . അന്വേഷണത്തിന്റെ ഭാഗമായി സത്യാന്വേഷിയെപ്പോലെ അയാള്‍ അലഞ്ഞു . അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് ജയില്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന ബാലു എന്ന സബ് രജിസ്ട്രാറിലേക്കാണ് . ജയിലധികാരികളെക്കണ്ട് അയാള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിച്ചിരുന്നു . ഒഴിഞ്ഞ ഹാളിന്റെ ഒരറ്റത്ത് അനിരുദ്ധനും ബാലുവും മുഖത്തോട് മുഖം നോക്കിയിരുന്നു .
*****
എവിടെ തുടങ്ങണമെന്നറിയാതെ പ്രയാസപ്പെടുകയായിരുന്നു ബാലു. എന്താണ് ചോദിക്കേണ്ടതെന്നറിയാതെ അനിരുദ്ധനും . അര്‍ദ്ധവിരാമത്തില്‍ നിന്നും തുടങ്ങുന്ന മട്ടിലാണ് ബാലു സംസാരിച്ചുതുടങ്ങിയത് .
"അങ്ങനെയാണ് സബ് രജിസ്മാറായുള്ള പ്രമോഷനും , അതിന്റെ ഭാഗമായുള്ള ട്രാൻഫറും എന്നെ ആ മലയോരത്തെത്തിക്കുന്നത്."
പൊടുന്നനെ എവിടെനിന്നോ ഒരു മൗനമിറങ്ങിവന്നു. ബാലുവിന്റെ കണ്ണുകള്‍ മലയോരത്ത് അലഞ്ഞുതിരിയുന്നതായി അനിരുദ്ധന് തോന്നി. കണ്‍മുന്നിലോരോന്നായി ഇന്നലെ കഴിഞ്ഞത് പോലെ തെളിഞ്ഞുവരുന്നു.
പുതിയ ഓഫീസ് മതില്‍ക്കെട്ടിനകത്തേക്ക് കാലെടുത്തുവെച്ച മാത്രയില്‍ത്തന്നെ ബാലുവിനെ എതിരേറ്റത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച , ഭാണ്ഡക്കെട്ട് കൈയ്യിലേന്തിയ റോസി എന്ന റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. താളമിട്ടും, താളം തെറ്റിച്ചും വട്ടംചുറ്റി അവര്‍ ചുവടുവെച്ചപ്പോള്‍ പത്മവ്യൂഹത്തിലകപ്പെട്ടതായാണ് ബാലുവിന് തോന്നിയത്. അതില്‍നിന്ന് അയാളെ രക്ഷിച്ചത് അതിലൂടെ കടന്നുപോയ ഗോവിന്ദന്‍കുട്ടി എന്ന ജീക്കേയായിരുന്നു . ജീക്കേ പറഞ്ഞാണറിയുന്നത്, ആ പ്രദേശത്തെ പ്രമാണിമാരും, റജിസ്മാറോഫീസിലെ ചില ഏമാന്മാരും ചേര്‍ന്ന് റോസിടിീച്ചര്‍ക്കവകാശപ്പെട്ട സ്വത്ത് നഷ്ടപ്പെടുത്തി, അവരുടെ മനോനില തെറ്റിച്ചതാണെന്ന് .
"പുറമെ കാണുന്ന ഭംഗിയല്ല ആ ഉള്‍നാടന്‍ പ്രദേശത്തിനെന്ന് മനസ്സിലാക്കാനെനിക്കധികനാള്‍ വേണ്ടിവന്നില്ല. ഒരു റിയലെസ്റ്ററേറ്റുകാരനും രേഖകള്‍ തന്നിഷ്ടംപോലെ ചമയ്ക്കാന്‍ ശേഷിയുള്ള ആധാരമെഴുത്തുകാരനും, അതൊക്കെ നിയമവിധേയമാക്കാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥന്മാരുമുണ്ടെങ്കില്‍ എല്ലാം കീഴടക്കാന്‍ കഴിയുമെന്ന് അവിടുത്തെ അനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി ."
ബാലുവിന്റെ വാക്കുകള്‍ ഇടറിയിരുന്നു .
"എന്റെ സന്ധ്യയുടെ സപ്പോര്‍ട്ടുകൂടിയില്ലായിരുന്നെങ്കില്‍ ഞാന്‍ ...."
മുഴുമിപ്പിക്കാന്‍ സാധിക്കാതെ അയാള്‍ വിങ്ങലിന്റെ വക്കത്തോളമെത്തി .
"ഞാനിന്നീനിലയിലായത് രജനി എന്ന സ്ത്രീ കാരണമാണ്. സബ് രജിസ്‌ട്രാറായി എത്തിച്ചേര്‍ന്നതുമുതല്‍ക്കാണ് കാര്യങ്ങളുടെ തുടക്കം. അറിയാലോ ഡിപ്പാര്‍ട്ട്മെന്റിന്റെ വിശേഷങ്ങളൊക്കെ . ഓരോരുത്തര്‍ക്കും പാപത്തിന്റെ വിഹിതം മുടങ്ങാതെ കിട്ടുന്ന കാലം . എന്റെ വരവോടുകൂടി അതിനൊന്നും മുടക്കം വന്നില്ല . ആ വിഹിതം കൈപ്പറ്റാത്തതുകൊണ്ടുമാത്രം അവരുടെ ശത്രുപക്ഷത്തായി ഞാന്‍ . ഇടയ്ക്ക് ചില പ്രമാണിമാരുമായുള്ള അവിഹിത സ്വത്തിടപാടുകള്‍ നിയമവിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ടത്, ശത്രുതയ്ക്ക് ആക്കം കൂട്ടി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഇതിനൊക്കെ പുറമെ ജീക്കേയുമായുള്ള ചങ്ങാത്തവും അവരെ പ്രകോപിപ്പിച്ചു. ജീക്കേ മുന്‍ നക്സലൈറ്റായിരുന്നു . സോമന്‍പിള്ള എന്ന റിയൽഎസ്റ്റേറ്റുകാരന്റെ ക്വാറിക്കെതിരെ സിഗ്നേച്ചര്‍ കാംപേന്‍ നടത്തി , പി എമ്മിനും നാഷണല്‍ ഗ്രീന്‍ ട്രീബ്യൂണലിനും പെറ്റീഷന്‍ ഫോര്‍വേര്‍ഡ് ചെയ്തിരുന്നു ഈ ജീക്കേ . ട്രീബ്യൂണലില്‍ നിന്നും ഒരനുകൂലവിധി ജീക്കേ നേടിയെടുത്തത് മുതല്‍ അയാളോട് അടങ്ങാത്ത കലിപ്പായിരുന്നു ഈ പിള്ളയ്ക്ക്. ജീക്കേയുമായുള്ള എന്റെ ബന്ധം പിള്ളയ്ക്കത്ര ദഹിച്ചില്ല. പിന്നിട് ഒരു കൈമാറ്റാധാരം ആള്‍മാഠാട്ടത്തിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ പിള്ള നിര്‍ബന്ധിക്കുകയും, അതിനയാളുടെ കൈയ്യുക്കെന്റെ നേര്‍ക്ക് കാണിക്കുകയും ചെയ്തപ്പോള്‍ പോലീസിന്റെ സഹായം തേടേണ്ടിവന്നു . അത് കടുത്ത ശത്രുതയ്ക്ക് നിമിത്തമായി. ഏറെ വെല്ലുവിളികളൊക്കെ അതേത്തുടര്‍ന്നുണ്ടായി. പിന്നീടങ്ങോട്ട് സംഭവിച്ചത് ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് ."
ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ബാലുവിന് കിതപ്പനുഭവപ്പെട്ടിരുന്നു. ജനലഴികള്‍പിടിച്ച് വിദൂരതയിലേക്കെന്നോണം ദൃഷ്ടി പതിപ്പിച്ചെങ്കിലും മതില്‍ക്കെട്ടിനകത്ത് തന്റെ ആകാശം അവസാനിക്കുന്നത് അയാളറിഞ്ഞു .
"അറിയാമോ ഞങ്ങളുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന നിക്ഷേപത്തട്ടിപ്പ്? അതിനെക്കുറിച്ച് ധാരാളം പരാതികളെനിക്ക് കിട്ടിക്കൊണ്ടിരുന്നു. കാലങ്ങള്‍ക്ക് മുമ്പ്, ധനമോഹികളുടെ അത്യാഗ്രഹങ്ങള്‍ക്ക് തീപ്പിടിപ്പിച്ച നിയമവിരുദ്ധ സാമ്പത്തിക ഇടപാട് . നിക്ഷേപങ്ങള്‍ക്ക് പതിന്മടങ്ങിരട്ടിയില്‍ ലാഭം കൊയ്യുന്ന മണിച്ചെയിന്‍ എന്ന നോട്ടിരട്ടിപ്പ് പരിപാടിയുടെ പുതിയ രൂപം. സ്ഥല രജിസ്ടേഷന് വരുന്നവരെക്കൂടി അതിലേക്കാകര്‍ഷിക്കാന്‍ ചുക്കാന്‍ പിടിച്ച ബാബു എന്ന സഹപ്രവര്‍ത്തകനും, അതിന്റെ സോണല്‍ എക്സിക്യൂട്ടിവായ ഞങ്ങളുടെ സഹപ്രവര്‍ത്തക രജനിയും കൊണ്ടുപിടിച്ച ശ്രമം നടത്തി. ഓഫീസിന് വെളിയില്‍ സോമന്‍പിള്ളയും, ആധാരമെഴുത്തുകാരന്‍ പൊതുവാളും എല്ലാവിധ സഹായവും അതിനായി ചെയ്തുകൊടുത്തു .ബിസിനസ്സ് നല്ല രീതിയില്‍ മുന്നോട്ടുപോയതോടുകൂടി പണം ഇഷ്ടം പോലെ കുമിഞ്ഞുകൂടി . ജിക്കേയാണ് ആദ്യമായി ഇതേക്കുറിച്ചെനിക്ക് മുന്നറിവ് തരുന്നത്. അതെങ്ങനെയെങ്കിലും പൊളിച്ചേ പറ്റു എന്ന് അയാള്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് ജീക്കേയുടെ ശ്രമഫലമായാണ്. പരാതികള്‍ പ്രവഹിച്ചപ്പോള്‍ രജനിയോടും, ബാബുവിനോടുമെനിക്ക് സംസാരിക്കേണ്ടിവന്നു. സ്വാഭാവികമായും അതവര്‍ക്ക് രുചിച്ചില്ല. പത്രങ്ങളില്‍ വന്നതോടുകൂടി ഇടപാടുകാര്‍ ഭയന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ധൃതികൂട്ടി. അത് മുന്നോട്ടുപോക്കിനെ സാരമായി ബാധിച്ചു. നിക്ഷേപകര്‍ അവളെ ശല്യം ചെയ്തു. കൂടുതല്‍ സമ്മര്‍ദും ചെലുത്തിയവര്‍ക്ക് പണം തിരികെ കിട്ടി. അല്ലാത്തവര്‍ ബഹളം വെച്ചു. ഇതിനൊക്കെ കാരണക്കാരന്‍ഞാനാണെന്ന് പിള്ളയും, ബാബുവുമൊക്കെ രജനിയെ തെറ്റിദ്ധരിപ്പിച്ചു. മുഴുവന്‍ കലിപ്പും എന്റെ നേര്‍ക്കായി. പ്രതികാരദാഹിയായി അവള്‍ എനിക്കെതിരെ എന്തും പ്രവര്‍ത്തിക്കാമെന്ന നിലവന്നു . എന്നെ അവിടുന്ന് മാത്രമല്ല, ജോലിയില്‍നിന്നുതന്നെ പിരിച്ചുവിടണമെന്ന വാശിയില്‍ രൂപം കൊടുത്ത ലൈംഗീകപീഡനപരാതി ഒടുക്കമെന്നെയിവിടെയെത്തിച്ചു . രജനി ഇരയും , ഞാനൊരു പ്രതിയുമായി . "
ജയിലിന് വെളിയില്‍ അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. അവര്‍ക്കിടയില്‍ മൌനം പെയ്തിറങ്ങി മഴയുടെ താളം മാത്രം ബാക്കിയായി. അനുവദിച്ച സമയം തീരാറായി എന്ന് സൂചിപ്പിക്കുംവിധം ഒരു വാര്‍ഡന്‍ അവരുടെ സംസാരത്തിലേക്ക് ഇടയ്ക്കിടെ വന്നെത്തിനോക്കി . ബാലു മാനം ഭേദിച്ചു .
"ഇപ്പോഴവര്‍ കടക്കെണിയിലാണ് . കൂടെ നിന്നവരൊക്കെ അവളെ കൈയ്യൊഴിഞ്ഞു . ബാബുവിന്റെ വിവാഹ വാഗ്ദാനം വെറുമൊരു തട്ടിപ്പായിരുന്നെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടുകാണണം . മകളെ വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് അവളില്‍നിന്നകറ്റി നിര്‍ത്തിയതുപോലും അവന്റെയൊരടവ് മാത്രമാണ് . ഞാന്‍ റിമാന്റിലായിരുന്ന സമയത്ത് ജീക്കേ എന്നെ വന്ന് കണ്ടിരുന്നു . എനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നറിവുള്ള ഒരേയൊരാള്‍ അദ്ദേഹമായിരുന്നല്ലോ . അയാളിലെ ദൃക്സാക്ഷി അതെവിടെയും വിളിച്ചുപറയാന്‍ സന്നദ്ധനുമായിരുന്നു . അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തുകളഞ്ഞതെന്ന് ഞാനുറച്ചുവിശ്വസിക്കുന്നു . ജീക്കേയുടെത് സ്വാഭാവിക മരണമല്ല . കാരണം അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ആ ശത്രുസംഘം തക്കം പാര്‍ത്തിരിക്കുകയാണെന്ന കാര്യം ജീക്കേ എന്നോട് പറഞ്ഞിട്ടുണ്ട് . ആ മരണത്തോടെ എന്റെ പ്രതീക്ഷ തീര്‍ത്തും അസ്തമിച്ചു . എന്റെ നിരപരാധിത്വം ഞാന്‍ മാത്രമറിയുന്ന ഒന്നായി മാറി . ഞാനിതനുഭവിച്ചേ പറ്റു. "
അനിരുദ്ധന് മറുപടിയുണ്ടായിരുന്നില്ല. എന്ത് പറഞ്ഞാണ് ബാലുവിനെ ആശ്വസിപ്പിക്കാന്‍ സാധിക്കുക ?
സന്ദര്‍ശനത്തിന് അനുവദിച്ച സമയം കഴിഞ്ഞു. ശിക്ഷയേറ്റുവാങ്ങിയ നിരപരാധിയുടെ മുഖം നിയമപുസ്തകത്തിന്റെ പുറംചട്ടയെ വികൃതമാക്കിയപോലെ അനിരുദ്ധന് തോന്നി . അയാള്‍ പുറത്തേക്കിറങ്ങി . തന്റെ ചുമലില്‍ ഏറെ ഭാരം കയറ്റിവെച്ചതായി അനിരുദ്ധന് അനുഭവപ്പെട്ടു . തൊപ്പിയും ഗൌണും ധരിച്ച രൂപത്തെഅന്നും അയാള്‍ സ്വപ്ലം കണ്ടു. ചുണ്ടത്ത് എരിയുന്ന ചുരുട്ട് ചുറ്റുമുള്ള ഇരുട്ടിനെ കീറിമുറിക്കുകയും, അതിന്റെ രൂക്ഷഗന്ധം അവിടെയെങ്ങും പരന്നൊഴുകുകയും ചെയ്തു.
*****
വീണ്ടും കളിത്തട്ടുണര്‍ന്നു . ശബ്ദഘോഷം ആര്‍ത്തിരമ്പുന്ന തിരമാലകളായി.
"യോദ്ധാവിന്റെ വീറും വാശിയും, അതിലുപരി കീഴ്പ്പെടുത്താനുള്ള ഇച്ഛാശക്തിയും താങ്കളുടെ മുന്നേറ്റത്തെ എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു. രജനി ഇപ്പോള്‍ നമ്മുടെ പ്രൈസ് ചാര്‍ട്ടിലെ പകുതിയിലേറെ ദൂരവും പിന്നിട്ടുകഴിഞ്ഞു. ഇതുവരെയും കരസ്ഥമാക്കിയ നേട്ടം കൊണ്ടുമാത്രം തൃപ്തിപ്പെടാന്‍ ആ മനസ്സ് തയ്യാറല്ല. വിജയം സുനിശ്ചിതമാക്കിയ പോരാട്ടക്കാരിയുടെ നിശ്ചയദാര്‍ഡ്യത്തെ നമുക്ക് അഭിനന്ദിക്കാം ."
കൈയ്യടിയുടെ ശബ്ദം ആര്‍ത്തലച്ചുവരുന്ന തിരമാലകളെ പുണര്‍ന്നു . ചോദ്യം സ്ക്രീനില്‍ തെളിഞ്ഞു .
"അടുത്ത ചോദ്യം ഇതാണ്. തന്‍കാര്യം നേടുന്നതിനായി അന്യരെ വശീകരിക്കുവാന്‍ സ്വന്തം സൌന്ദര്യത്തെയോ, ശരീരത്തെയോ ഉപയോഗിച്ചിട്ടുണ്ടോ "
ഇത്തവണ ഉത്തരം പറയാന്‍ അല്ലം സമയമെടുത്തു. പിന്മാറുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ധ്വനിപ്പിച്ച പുഞ്ചിരിയാണ് ഉത്തരമായത് .
"ഉണ്ട്" . രണ്ടും കല്പിച്ചുള്ള ഉത്തരം .
രജനി പറഞ്ഞ ഉത്തരം ശരിയാണ്. അങ്ങനെ ഈ ലെവലിലെ അവസാന ഉത്തരവും പറഞ്ഞ് ബഹുമാന്യയായ രജനി ഒരു ലക്ഷം രൂപ സമ്മാനമായി നേടിയിരിക്കുന്നു. എന്തുപറയാനുണ്ട് ഇതേക്കുറിച്ച് രജനിക്കെന്ന് നമുക്ക് ചോദിച്ചുനോക്കാം .
"യാതൊരസ്വാഭാവികതയും തോന്നുന്നില്ലെനിക്ക് . അൽപവസ്ത്രധാരണം ഒട്ടും അമാന്യമല്ലാത്ത ഈ കാലത്ത് പ്രത്യേകിച്ചും . ഏറെയൊന്നമില്ല പറയാന്‍ "
അനിരുദ്ധന്‍ തലക്ഷുക്കിയതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. മറുവാദങ്ങള്‍ക്കുള്ള വാചകഘടന ആ തലയിലുദിച്ചില്ല. അവിടെ രൂപംകൊണ്ട ഇടവേളയില്‍ രജനി മുന്നേറാനൊരു ശ്രമം കൂടി നടത്തി .
"ഇക്കിളിച്ചോദ്യമാണിതെന്നാണെന്റെ പക്ഷം. പ്രേക്ഷകരാവട്ടെ, അല്ലാത്തവരാവട്ടെ താങ്കളുടെ ചോദ്യം ശുദ്ധമായാസ്വദിക്കുന്നുണ്ട്. ചാനലിന്റെ വാണിജ്യ താല്പര്യത്തിന് വേണ്ടിയാവാം ഇത്തരമൊരു ചോദ്യം . അത് മാന്യമെങ്കില്‍ , ഇതും "
പകുതിക്ക് വെച്ച് നിര്‍ത്തിയ വാക്കുകള്‍ പൂര്‍ണ്ണാര്‍ത്ഥം കൈവരിച്ചതായി അനിരുദ്ധന് ബോധ്യമായി. ഗ്ലാസിലെ സ്കടികജലം വരളുന്ന നാക്കിലേക്ക് ഇറ്റിക്കാന്‍ ആ സമയത്ത് അയാള്‍ക്ക് തോന്നി. അവള്‍ തൊടുത്തുവിടുന്ന പുഞ്ചിരിക്കും നോട്ടത്തിനും മുന്നില്‍ അയാള്‍ നിരായുധനായി. മറ്റൊന്നും അയാള്‍ പറഞ്ഞില്ല .
ഒരിടവേള കൂടി അനുവദിച്ചുകൊണ്ട് അനിരുദ്ധന്‍ ശുദ്ധവായുവിനായി തൊട്ടടുത്ത മുറിയിലേക്ക് പോയി തിരിച്ചു വന്നപ്പോള്‍ രജനി ഓര്‍മ്മയിലേക്ക് വഴുതി വീണിരുന്നു . അയാളുടെ ചോദ്യം അവളെ ഉണര്‍ത്തി .
"ഓര്‍മ്മകളില്‍നിന്നൊരു പിന്മടക്കം അനിവാര്യമാണ് . അടുത്ത ചോദ്യത്തിന് മുമ്പൊന്ന് ഇടപെട്ടോട്ടെ മാഡം ? സ്വന്തം ബുദ്ധിശക്തിയിലും സാമര്‍ത്ഥ്യത്തിലുമുള്ള ആത്മവിശ്വാസം മുതല്‍ക്കൂട്ടാണെന്ന് കരുതുന്നുണ്ടോ? ആ മണിച്ചെയ്ന്‍ കച്ചവടത്തിന്റെ കാര്യമടക്കമാണ് ഞാനുദ്ദേശിച്ചത് ."
"ഏതൊരാളും അങ്ങനെയായിരിക്കില്ലേ വിചാരിക്കുക. ഒരാളെ കണ്ണടച്ച് വിശ്വസിച്ചുപോകുന്നതും, ബുദ്ധിശക്തിയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? അറിയില്ല . സാമര്‍ത്ഥ്യം. അതെനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിന്നീ നിലയിലാകുമയിരുന്നില്ലല്ലോ. വിശ്വസിച്ചവര്‍തന്നെ വഞ്ചിച്ചു . എന്റെ സഹപ്രവര്‍ത്തകന്‍ ബാബു, അയാളാണെന്നെയീന്നീ നിലയിലാക്കിയത് . സോമന്‍ പിള്ള എന്ന റിയലെസ്റ്റേറ്റ്കാരന്‍ , അയാള്‍ക്ക് വേണ്ടി ബുദ്ധിയുപദേശിച്ചുകൊടുത്ത പൊതുവാള്‍ , ഇവര്‍ മൂവരുമാണ് എന്നെ മുന്നില്‍വെച്ച് കളിച്ച മണിച്ചെയ്ന്‍ ബിസിനസ്സിന്റെ സൂത്രധാരന്മാര്‍. ആവുന്നത്ര പണം ഇവന്മാര് പലരിൽനിന്നായി തട്ടിയെടുത്തുകഴിഞ്ഞിരുന്നു . അതില്‍ നിന്ന് നക്കാപ്പിച്ചയായി ചില്ലറ കിട്ടിയെന്നല്ലാതെ വേറൊരു ഗുണവും ലഭിച്ചില്ല . ഒടുക്കം ആ ബിസിനസ്സ് സ്വയം പൊളിച്ച് എന്നെ നിക്ഷേപകരുടെ വായിലേക്കിട്ടുകൊടുത്തു . അവരെന്നെ മാത്രം ദ്രോഹിച്ചു . മറ്റുള്ളവരിപ്പോഴും സസുഖം മാന്യന്മാരായി വാഴുന്നു . "
അണക്കെട്ട് തുറന്നുവിട്ടത് പെട്ടെന്നടഞ്ഞുപോയി. പറഞ്ഞുപോയത് അധികമായോ എന്ന് ചിന്തിച്ചതാവാം രജനിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കാനിടയാക്കിയത്. അവളല്പം വെള്ളം ആവശ്യപ്പെട്ടു. പതുക്കെ കുടിച്ചിറക്കിയപ്പോള്‍ ആ ശരീരം വീണ്ടും പൂര്‍വ്വസ്ഥിതി പ്രാപിച്ചു .
"അടുത്ത ചോദ്യത്തിലേക്ക് പോകാം മാഡം . തയ്യാറാണല്ലോ ഈ അങ്കം തുടരാന്‍ ?"
"ഇനിയിത് തുടരാതിരിക്കാനെനിക്ക് കഴിയില്ല."
അവള്‍ തീര്‍ത്തുപറഞ്ഞു .
" അടുത്ത ചോദ്യം . വ്യാജമായൊരാരോപണമുന്നയിച്ച് താല്‍ക്കാലിക നേട്ടം ലക്ഷ്യമാക്കി, തന്റെ മേലുദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കുകയും, അര്‍ഹിക്കാത്ത ശിക്ഷ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് ശരിയായിരിക്കുമോ?"
അവളുടെ മുഖത്ത് അതുവരെയും നിഴലിച്ചിരുന്ന വിജയീഭാവം പെട്ടെന്ന് അസ്തമിച്ചതുപോലെയായി . തൊട്ടാല്‍ പൊള്ളുന്ന ചോദ്യം . അകറ്റിനിര്‍ത്താന്‍ എത്ര ശ്രമിച്ചിട്ടും ആ സംഭവം നടന്ന ദിവസം അവളുടെ ഉള്ളില്‍ നുരഞ്ഞുപൊന്തി. ബാലു പറഞ്ഞ കാര്യങ്ങള്‍ മുഴുവനും ആ നേരത്ത് അനിരുദ്ധന്റെയുള്ളിലെ തിരശ്ലീലയിലും ചലച്ചിത്രത്തിലെന്നതുപോലെ തെളിഞ്ഞുവന്നു .
ബാലു താമസിക്കുന്ന വാടകവീട്ടിലേക്ക് രജനി കയറിച്ചെല്ലുകയാണ് . അയാള്‍ കുളി കഴിഞ്ഞ് പുറത്തേക്ക് വരുന്ന സമയം. അനുവാദമൊന്നും ചോദിക്കാതെയാണ് കയ്യിലൊരു കടലാസുമായി അകത്തേക്ക് അവള്‍ കയറിയത്. അതവള്‍ അയാള്‍ക്ക് നേരെ നീട്ടി. രണ്ട് ദിവസത്തേക്കുള്ള അവധി അപേക്ഷയായിരുന്നു അത്. ബാലു വിനയപൂര്‍വ്വം അവളില്‍ നിന്നും ആ കടലാസ് സ്വീകരിച്ചു. രജനിയുടെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അവളതിന് തയ്യാറായിരുന്നില് . യാതൊരു സംശയവും തോന്നാത്ത വിധം അവളവിടുന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഗേറ്റിന് വളിയിലെത്തുന്നതുവരെ അയാളവളെ നോക്കിനിന്നു. ഗേറ്റിനടുത്തെത്തുമ്പോഴേക്കും രജനി കരഞ്ഞുതുടങ്ങി. അതിലൂടെ കടന്നുപോവുകയായിരുന്ന തൊഴിലുറപ്പ് സ്ത്രീകള്‍ കരച്ചില്‍ കണ്ട് കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍, ബാലു നില്‍ക്കുന്നിടത്തേക്ക് കൈചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്ന . അയാള്‍ക്ക് ആ നേരത്ത് കാര്യങ്ങളൊന്നും പിടികിട്ടിയില്ല . ഓഫീസില്‍ ചെന്നു കഴിഞ്ഞാണ് സംഗതി മനസ്സിലായത്. പോലീസ് അവിടേക്ക് കയറിവരികയും ബാലുവിനെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. മുമ്പേ തന്നെ ഒരാള്‍ക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. മൂന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് അരങ്ങേറിയതായിരുന്നു ആ സംഭവം. മീഡിയകള്‍ എല്ലാം ഒപ്പിയെടുക്കുകയും, തൊഴിലിടങ്ങളിലെ ലൈംഗീകപീഡനം എന്ന ചൂട് പിടിച്ച വിഷയം അന്നവര്‍ ചര്‍ച്ചയ്ക്കിടുകയും ചെയ്തു. അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആ ശബ്ദം മാത്രം ബാലു വേര്‍തിരിച്ചറിഞ്ഞിരുന്നു . അത് വെറുമൊരു ഗൂഡാലോചനയാണെന്നും, മെനഞ്ഞെടുത്ത വ്യാജമായ സംഭവമാണെന്നും അറിയാമായിരുന്ന ജീക്കേയുടെ ശബ്ദമാണ് ബഹളത്തിനിടയിലും അയാള്‍ കേട്ടത് . സത്യമെന്തെന്നറിയാമായിരുന്ന ഒരേയൊരാള്‍ . ഇത്തരമൊരു സംഭവം അരങ്ങേറാനിടയുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്പേ മുന്നറിയിപ്പ് നല്‍കിയതുമാണ് . അത് രജനിയെ മുന്‍നിര്‍ത്തിയായിരിക്കുമെന്ന് മാത്രം ഈഹിച്ചെടുക്കാന്‍ അന്ന് കഴിഞ്ഞില്ല . പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് ബാലുവിന് ജീക്കേ നല്‍കിയ ഉറപ്പ് ഏതറ്റംവരെ ചെന്നായാലും നീതി ഉറപ്പ് വരുത്താന്‍ കൂടെയുണ്ടാകുമെന്നായിരുന്നു. പക്ഷേ, എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് സംഭവിച്ചത് ജീക്കേയുടെ മരണമായിരുന്നു . അത് വെറും മരണമല്ലെന്നുതന്നെ ബാലു വിശ്വസിക്കുന്നു .
പ്രേക്ഷകര്‍ അവളുടെ ഉത്തരത്തിനായി കാതോര്‍ത്തിരിക്കുകയാണ് .
"വ്യാജമായൊരാരോപണമുന്നയിച്ച് താല്ലാലിക നേട്ടം ലക്ഷ്യമാക്കി തന്റെ മേലുദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കയും, അര്‍ഹിക്കാത്ത ശിക്ഷ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് തള്ളിക്കളയാനാകുമോ മാഡം?"
ചോദ്യം സ്ക്രീനില്‍ നിന്നും മാഞ്ഞുപോയിട്ടില്ല . ഒരു ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്ന ചോദ്യമാണ് . ഇതുവരെയും എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരങ്ങള്‍ നല്‍കി സത്യസന്ധത കാട്ടി. ഒഴിഞ്ഞുമാറാനുള്ള ഒരവസരം ബാക്കിക്കിടപ്പണ്ട്. ആ സന്ദര്‍ഭത്തെ ഉചിതമാംവണ്ണം വിനിയോഗിക്കുന്നത് ബുദ്ധിപൂര്‍വ്വമായിരിക്കുമോ എന്ന് രണ്ടുവട്ടം ആലോചിച്ചു. കടുത്ത ചോദ്യമിനിയുമുണ്ടെങ്കില്‍ അതിനെ തടുക്കാനും, തട്ടിത്തെറിപ്പിക്കാനുമൊരു പരിചയായി ഉപയോഗിക്കാന്‍ നീക്കിവെക്കണോ എന്നവള്‍ സ്വയം ചോദിച്ചു . ആ സമയത്ത് ബാബുവിന്റെയും , സോമന്‍പിള്ളയുടെയും,പൊതുവാളിന്റെയുമൊക്കെ മുഖമാണ് തള്ളിക്കയറിവന്നത്. എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കി പുറത്ത് സുഖജീവിതം നയിക്കുകയാണവര്‍! ഒരു പക്ഷേ അവരതോര്‍ത്ത് കുലുങ്ങിക്കുലുങ്ങി ചിരിക്കുകയാവണം. മനസ്സ് അല്പനേരത്തേക്ക് പതറിപ്പോയെങ്കിലും.
" ഇല്ല , തള്ളിക്കളയാനാവില്ല" എന്ന ഉത്തരം നല്‍കി ആ ചിന്തയ്ക്ക് വിരാമമിട്ടു പറഞ്ഞതിന്റെ പ്രതികരണമെന്നോണം സ്ക്രീനില്‍ പച്ചവെളിച്ചം പരന്നു. നേടിയ തുക വലിയ അക്കത്തില്‍ മിന്നിക്കൊണ്ടിരുന്നു . അത് കണ്ടപ്പോള്‍ രജനിയിലൊരുണര്‍വ്വൂണ്ടായി. വിചാരിക്കാന്‍ സാധിക്കാത്തത്രയും വലിയ സംഖ്യ ! അവസാന അക്കത്തിലേക്കിനിയുള്ളത്
ചെറു ചുവടുകള്‍ മാത്രം ! ആ മനസ്സ് തുടിച്ചു .
" ഈയൊരുത്തരം നല്‍കേണ്ടിവന്നതില്‍ രജനിയിപ്പോള്‍ ഖേദിക്കുന്നുണ്ടോ ? എന്തുപറയാനുണ്ട് ഇതിന് മറുപടിയായി ?"
"ഞാനെന്തിന് ഖേദിക്കണം. ഞാനെന്റെ ഉറച്ച ബോധ്യത്തിലാണത് പറഞ്ഞിരിക്കുന്നത് . അന്നത്തെ ദിവസം എന്റെ ചിന്ത പോയവഴിക്കാണ് ഞാന്‍ പെരുമാറിയത് . അത്തരമൊരു ചിന്തയുണ്ടാക്കിയതില്‍ ആ കാലത്തെ എന്റെ കൂട്ടാളികളായ ബാബുവിനും, സോമന്‍പിള്ളക്കും, പൊതുവാളിനുമൊക്കെ വലിയ പങ്കുണ്ട് . പ്രത്യേകിച്ചും ബാബുവിന് .
"അയാള്‍ താങ്കളെ വിവാഹം ചെയ്യാന്‍ താല്ലര്യപ്പെട്ടിരുന്നു , അല്ലേ ?"
"അതെ. എന്നെ പരമാവധി ഉപയോഗപ്പെടുത്തി അയാളെന്നെ നിര്‍ദ്ദയം വഴിയിലുപേക്ഷിച്ച് കടന്നുകളയുകയാണ് ചെയ്തത് . അതും ഇരട്ടച്ചതിയിലൂടെ ! എന്നെ വെറുമൊരു ശവമാക്കി നിക്ഷേപകര്‍ക്ക് മുന്നിലേക്കയാളിട്ടുകൊടുത്തു .
"ഇന്നയാള്‍ വിദേശത്താണെന്ന കാര്യം താങ്കള്‍ക്കറിയാമോ ?"
രജനി അതിന് തലയാട്ടി .
"അതാണല്ലോ ഇപ്പഴത്തെയൊരു ട്രെൻറ് . പറ്റിച്ചുകളഞ്ഞ് പുറത്തേക്ക് മുങ്ങുക." വിജയിയെങ്കിലും പരാജയത്തിന്റെ കാര്‍മേഘങ്ങള്‍ ആ മുഖത്ത് അടിഞ്ഞുകൂടി .
"നിങ്ങളുടെ ചെയ്തികള്‍ക്ക് നിരപരാധിയായൊരാള്‍ തടവുശിക്ഷയനുഭവിക്കുന്ന കാര്യം അറിയാമോ? കാണും താങ്കള്‍ക്കിതേക്കുറിച്ച് പറയാനേറെ ."
ആ ചോദ്യത്തിന് മൌനമായിരുന്നു ഉത്തരം . എങ്കിലും ജാള്യത മറച്ചുവെച്ച് ധൈര്യം സംഭരിച്ച് പറഞ്ഞു .
"ഇതൊരു വിനോദപരിപാടിയാണല്ലോ. ഗെയിം ഷോ . ഇതേക്കുറിച്ചേറെയൊന്നും വിശദീകരിക്കാനില്ല ."
സത്യത്തില്‍ ഇപ്പൊഴൊരാശ്വാസം കിട്ടുകയാണ് ചെയ്തിട്ടുള്ളത് .
അനിരുദ്ധന്‍ അവളെ നോക്കി മന്ദഹസിച്ചു . അവള്‍ വിഷയം അവിടം കൊണ്ടവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പിന്നീടയാള്‍ ഏറെയൊന്നും അതേക്കുറിച്ച് ചോദിച്ചില്ല .
"രജനി മാഡം അധികമൊന്നും ഇതിനെപ്പറ്റി വിശദീകരിക്കാനിഷ്ടപ്പെടുന്നില്ല . സത്യാനന്തരകാലത്തിന്റെ സവിശേഷതയിതാണെന്ന് തോന്നുന്നു . അതിന് മുമ്പൊന്ന് ചോദിച്ചോട്ടേ മാഡം; ഈ മത്സരം തുടരാന്‍തന്നെയാണോ: താങ്കളുടെ തീരുമാനം ? അതോ ഇതില്‍നിന്ന് പന്മാറുന്നോ ?"
അവളുടെ മുഖത്ത് എവിടെനിന്നോ ആത്മവിശ്വാസം വീണ്ടും തിരിച്ചെത്തി .
" എന്റെ ലക്ഷ്യത്തിലേക്കിനി ചെറിയ ദൂരം മാത്രമേ അവശേഷിക്കുന്നുള്ളൂ . ഇത്രത്തോളമെത്താനെനിക്ക് സാധിച്ചുവെങ്കില്‍ ഒരു കോടിയെന്ന മാന്ത്രീക സംഖ്യയിലേക്ക് ഞാനെത്തിച്ചേരുകതന്നെ ചെയ്യും ."
"നമ്മുടെ ധീരയായ മത്സരാര്‍ത്ഥിയുടെ ഉറച്ച മനസ്സിനൊരു ബിഗ് സല്യൂട്ട്." അനിരുദ്ധന്‍ കൈയുടിച്ച് തുടര്‍ന്നു .
" മത്സരം തുടരുകയാണ് . ചോദ്യങ്ങളിനിയും കടുത്തതായിത്തീരുന്നതില്‍ രജനിക്ക് പ്രയാസമുണ്ടോ ?"
"ഒരിക്കലുമില്ല ."
"അപ്പോള്‍ നമുക്കിനി അടുത്ത ചോദ്യത്തിലേക്ക് നീങ്ങാം. ഇത് ഈ ലെവലിലെ അവസാന ചോദ്യമാണ് . ഇതിന് കൂടി ശരിയായ ഉത്തരം പറഞ്ഞാല്‍ രജനിക്ക് പത്തുലക്ഷം രൂപ സമ്മാനമായി കിട്ടുകയാണ് . മുന്നോട്ട് പോകാം നമുക്ക്, അല്ലേ മാഡം ?"
"മുന്നോട്ട് പോകാം ." അവളുടെ ശബ്ദത്തില്‍ ദൃഡ്ധതയുണ്ടായിരുന്നു .
ഒരു സില്ലി ക്വെസ്ച്യന്‍. അപ്രതീക്ഷിതമായി തന്റെ ഇരു കവിളത്തും അടിയേറ്റുവാങ്ങേണ്ടിവന്ന സന്ദര്‍ഭംഅടുത്ത കാലത്തുണ്ടായിട്ടുണ്ടോ ?
ചോദ്യം കേട്ട് രജനിയുടെ കൈ അറിയാതെ കവിളില്‍ തടവിപ്പോയി . വിളറിയ ചിരിയില്‍ മുഖം അല്ലം വാടിപ്പോയതായി അനിരുദ്ധന് തോന്നി .
ബാലുവിന്റെ അറസ്റ്റും, തടവുമൊക്കെ ആ കുടുംബത്തെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കറുത്ത ദിനരാത്രങ്ങള്‍. ഉച്ചതിരിഞ്ഞ നേരത്ത് മുറ്റത്ത് ഒരു കാര്‍ വന്നുനിന്നത് രജനിയുടെ ഓര്‍മ്മയിലേക്കോടിയെത്തി. കാറില്‍നിന്ന് ഒരു സ്ത്രീ ഇറങ്ങിവന്ന് സ്വയം പരിചയപ്പെടുത്തി .
"എന്നെ മനസ്സിലാവാനിടയില്ല . പേര് നയന . സന്ധ്യയുടെ ക്ലോസ് ഫ്രണ്ടാ . ഇനി സന്ധ്യയെ അറിയില്ലെക്കില്‍ പറഞ്ഞുതരാം. ഇയാളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന ബാലുവിന്റെ മിസ്സിസ് ."
രജനി അത് കേട്ട് നേരിയ ചിരി വരുത്തി .
"തന്റെയീ അവിഞ്ഞ ചിരിയുണ്ടല്ലോ . അതൊരശ്ലീലമായാണെനിക്കിപ്പോള്‍ ഫീല്‍ ചെയ്യുന്നത്. നിന്നോടൊന്നേ ഞാനിപ്പോള്‍ പറയുന്നുള്ളൂ. അതിനാണിത്രയും ദൂരം ഞാനീ വണ്ടിയോടിച്ചോണ്ട് വന്നത്. അത് മറ്റൊന്നിനുമല്ല ."
രജനി അവളില്‍ നിന്ന് വാക്കുകള്‍ കേള്‍ക്കാനായി കാത്തുനിന്നു . പക്ഷേ പ്രതീക്ഷ മുഴുവനും തെറ്റിച്ച് നയന വലത് കൈ നീട്ടിപ്പിടിച്ച് രജനിയുടെ മുഖത്ത് ആഞ്ഞൊരടികൊടുത്തു . അപ്രതീക്ഷിതമായ അടിയില്‍ പതറി.
രജനി മുഖമുയര്‍ത്തി നയനയെ നോക്കിയതും, മറുകവിളില്‍ വീണ്ടുമൊരെണ്ണം കൂടി സമ്മാനിച്ച് തിരിഞ്ഞുനോക്കാതെ കൊടുങ്കാറ്റായി കാറിനടുത്തേക്ക് നീങ്ങിയതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്നത് പലപ്പോഴും അങ്ങനെയാണ്. തിരിച്ച് പ്രതികരിക്കാനുള്ള ബുദ്ധിയുടെ അറ പെട്ടെന്നടഞ്ഞുപോകും. കൂറേ നേരത്തേക്കെങ്കിലും അതിന്റെ മരവിപ്പ് ഉള്ളില്‍ ഘനീഭവിച്ചുകിടക്കും.
"പൊന്നീച്ച പറന്നോ മാഡം?"
അല്പം മുമ്പുണ്ടായിരുന്ന വിളര്‍ച്ച ഇനിയും മാറിക്കിട്ടിയിട്ടില്ല. അവള്‍ സ്ക്രീനിലേക്ക് കണ്ണോടിച്ചു. ചോദ്യം അതേ സ്ഥാനത്ത് ഉത്തരത്തിനായി ഉറ്റുനോക്കുകയാണ് .
" അപ്രതീക്ഷിതമായി തന്റെ ഇരു കവിളത്തും അടിയേറ്റുവാങ്ങേണ്ടിവന്ന സന്ദര്‍ഭം അടുത്ത കാലത്ത് ഉണ്ടായിട്ടൂണ്ടോ ?"
"ഉണ്ട് ."
അവളുടെ തല താഴ്‌ന്നുവോ എന്നൊരു സംശയം പ്രേക്ഷകരില്‍ ചിലരിലെങ്കിലുമുണ്ടായി . നണപരിശോധനായന്ത്രം രജനിക്ക് അനുകൂലമായി തലയാട്ടി .
"രജനി പറഞ്ഞ ഉത്തരം ശരിയാണെന്ന് പോളി പറയുന്നു. വല്ലതും പറയാനുണ്ടോ മാഡത്തിന് ഇതേക്കുറിച്ച് ?"
" ഇല്ല സാര്‍ . ഓരോരോ ഇഷ്യൂസിനോടും ഓരോരുത്തര്‍ക്കുമുള്ള റിയാക്ഷന്‍ വ്യത്യസ്തമായിരിക്കുമല്ലോ .
അപ്പറഞ്ഞത് സത്യം . ഇതോടെ രജനി പതിനഞ്ച് ലക്ഷം രൂപ സമ്മാനമായി നേടിയിരിക്കുകയാണ് . നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം . അടുത്ത ചോദ്യം ഇരുപത്തിയഞ്ച് ലക്ഷം രൂപാ വിലമതിക്കുന്ന ചോദ്യമാണ്. തുടരുന്നോ അതോ പിന്‍വാങ്ങുന്നോ യുദ്ധക്കളത്തില്‍ നിന്ന്. യുദ്ധമൊഴിവാക്കി പോവുകയാണെങ്കില്‍ വെറും ഒന്നരലക്ഷവുമായി സ്വജീവിതത്തിലേക്ക് മടങ്ങാം . തുടരുകയാണെങ്കില്‍ വീറോടെ പൊരുതി ജയിച്ചു എന്നോ മറിച്ചോ പറയാം . എന്തുപറയുന്നു ? "
അവള്‍ ഇല്ലെന്ന് തലയാട്ടി .
"ഇതെനിക്ക് ജീവന്‍ പണയം വെച്ചുള്ള പകിടകളിയാണ് . അതിലെനിക്ക് വിജയിച്ചേ പറ്റു."
നിശ്ചയദാര്‍ഡ്യം ആ ശബ്ദത്തില്‍ തുളുമ്പി.
"താങ്കളുടെ ഉറച്ച മനസ്സിനിരിക്കട്ടെ എന്റെയീ കൂപ്പുകൈ." അടുത്ത ചോദ്യത്തിലേക്ക് കടക്കും മുമ്പ് അനിരുദ്ധന്‍ രജനിക്ക് ഒരു കൂപ്പുകൈ സമ്മാനിച്ചു.
സ്ക്രീന്‍ ചോദ്യം കൊണ്ട് വീണ്ടും സജീവമായി .
"ഇന്‍ഷ്വറന്‍സ് നോമിനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവുമായി ശക്തമായൊരഭിപ്രായവ്യത്യാസം നിലനിന്നിരുന്നതിനൊപ്പം നിത്യ കലഹത്തിനുള്ള ഹേതുവുമായിരുന്നു . ശരിയാണോ ?"
അവള്‍ പകച്ചുപോയെന്ന് തോന്നി . എങ്കിലും പെട്ടെന്ന് ആ ഭാവവ്യത്യാസം തൂവാലകൊണ്ട് മുഖത്ത് നിന്ന്‌തുടച്ചുമാറ്റി.
"ശരിയാണ് ."
യന്ത്രം അവള്‍ പറഞ്ഞ ഉത്തരം ശരിയാണെന്ന് സൂചിപ്പിക്കുന്ന വെളിച്ചം പ്രസരിപ്പിച്ചു .
"പറഞ്ഞ ഉത്തരം ശരിയാണെന്ന് മിസ്റ്റര്‍ പോളി പറയുന്നു. കാല്‍ക്കോടി രൂപയുടെ അധിപയായിക്കഴിഞ്ഞു. ബഹുമാന്യയായ നമ്മുടെ വിശിഷ്ടാതിഥി ഈ സുവര്‍ണ്ണനിമിഷത്തില്‍ . ഈയൊരു ഘട്ടത്തിലേക്ക് ഹോട്ട്‌സീറ്റിലെ മത്സരാര്‍ത്ഥി എത്തിച്ചേരുന്നത് ഇതാദ്യമായാണ്. പതറാതെയുള്ള മുന്നോട്ടുപോക്കില്‍ നമുക്ക് രജനിയെ അഭിനന്ദിച്ചേ പറ്റു. ഇനി ബാക്കിക്കിടക്കുന്നത് രണ്ടേ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ്. ലൈഫ് ലൈനൊരെണ്ണം ആവനാഴിയിലവശേഷിപ്പുണ്ടിനിയും - അതായത് ചോദ്യത്തില്‍നിന്നും സ്‌ക്കിപ്പാവാനുള്ള അവസരം ഇനിയും ബാക്കിക്കിടപ്പുണ്ട് - എന്തെങ്കിലും പറയാനുണ്ടോ മേല്‍ സൂചിപ്പിച്ച ഉത്തരവുമായി ബന്ധപ്പെട്ട് ?"
“ ഏതൊരാള്‍ക്കും തോന്നാവുന്നതേ എനിക്കും തോന്നിയുള്ളൂ . ആദ്യമായും അവസാനമായുമെടുത്ത വലിയ തുകയ്ക്കുള്ള പോളിസി! അതിന്റെ നോമിനിയായി സ്വന്തം അമ്മയെയും, സഹോദരിയെയും, മൈനറായ മകളെയും മാത്രം ഉള്‍പ്പെടുത്തുക! ഭാര്യയെ ഒഴിവാക്കുക. ആരെയും അസ്വസ്ഥമാക്കാനിടയുള്ള , അപമാനിക്കപ്പെട്ടുവെന്ന് തോന്നാനിടയാക്കുന്ന കാര്യമല്ലേ ഇത് 7 അങ്ങനെയല്ലെങ്കിലെനിക്ക് പറയാന്‍ മറ്റൊന്നുമില്ല ."
അല്പനേരം അവിടെ മൌനം തിമിര്‍ത്തുപെയ്തു .
"നമുക്ക് അടുത്ത ലെവലിലേക്ക് കടക്കാം. സമ്മാനഘടനയിലെ തലപ്പത്തെ അക്കത്തിലേക്കുള്ള പ്രയാണത്തില്‍ ഒരു കൈയുകലം മാത്രം ബാക്കി. അവസാനിക്കുന്ന ലൈഫ് ലൈനുമായി മത്സരം തുടരുന്നോ അതോ പിന്‍വാങ്ങുന്നോ ? ഇപ്പോള്‍ പിന്മാറിയാല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപയുമായി സ്വജീവിതത്തിലേക്ക് തിരിച്ചൂുപോകാം ."
മടങ്ങാനൊരുക്കമല്ലെന്ന് ധ്വനിപ്പിക്കുന്ന ചിരി .
"പിന്നീടതോര്‍ത്ത് നിരാശപ്പെടാനുള്ളതും കൊണ്ട് മടങ്ങിപ്പോകുന്നത് ബുദ്ധിമോശമായിരിക്കില്ലേ എന്നാണെന്റെ മനസ്സ് പറയുന്നത് . ഞാനിവിടെ ചാവേറായെത്തിയതാണ് . ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ മരണം . ഇതേയുള്ളൂ മുന്നിലുള്ള ഓപ്ഷനായിട്ട് . അതില്‍ രണ്ടാമത്തേത് വേണ്ടെന്നുവെക്കുന്നു . പ്രത്യേകിച്ചും നിര്‍ണ്ണായകഘട്ടങ്ങളൊക്കെ മറികടന്ന സ്ഥിതിക്ക് . ഇനിയെനിക്ക് പ്രത്യേകിച്ച് കടമ്പകളൊന്നുമില്ല ."
"ഇത്രയും ശക്തയായ മത്സരാര്‍ത്ഥി നമുക്ക് വേറെയുണ്ടാകാനില്ല . അതുകൊണ്ട് അടുത്ത ലെവലിലെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞ് കഴിഞ്ഞാല്‍ ലഭിക്കാന്‍ പോകുന്നത് അമ്പത് ലക്ഷം രൂപായാണ് . അതായത് അരക്കോടി രൂപാ . ചോദ്യമിതാണ് . തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുപോന്ന ഒരാളുടെ കൊലപാതകവുമോയി ബന്ധപ്പെട്ട് നടന്ന ഗൂഡാലോചനയെക്കുറിച്ച് താങ്കള്‍ക്ക് അറിവുണ്ടായിരുന്നുവോ? "
അടിതെറ്റിയതുപോലെയായി രജനി . അനിരുദ്ധന്‍ അവളുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കിനില്‍ക്കേ, പറയേണ്ട ഉത്തരം തൊണ്ടയ്ക്കകത്ത് കുരുങ്ങിക്കിടക്കുന്നതിന്റെ കാരണമെന്നോണം അവളൊന്ന് മുരടനക്ക . ഇത്തവണ അവളല്ലം പതറിപ്പോയിരിക്കുന്നു. ലൈഫ് ലൈന്‍ വിനിയോഗിക്കണോ വേണ്ടയോ എന്നുള്ള ആലോചനയിലായിരുന്നു അവള്‍ . ജീക്കേയുടെ മരണത്തെക്കുറിച്ചാണ് ചോദ്യമെന്ന് അവൾക്കറിയാം . ഗൂഡാലോചനയില്‍ പങ്കണ്ടോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഇല്ലെന്ന് സധൈര്യം പറഞ്ഞേനെ. അവള്‍ ആശയക്കുഴപ്പത്തിലായി. ഒടുവില്‍, നേരം കടന്നുപോകുന്നതില്‍ അസ്വസ്ഥയായി രണ്ടും കല്ലിച്ചവള്‍ തീരുമാനമെടുത്തു . ശങ്കയൊട്ടുമില്ലാതെ ഉത്തരം പറഞ്ഞു .
"ഈ സന്ദര്‍ഭത്തിലെനിക്കര്‍ഹതപ്പെട്ട ലൈഫ് ലൈനുപയോഗിക്കാന്‍ ഞാനിഷ്ടപ്പെടുന്നു ."
"ഉചിതമായ തീരുമാനമാണോ രജനിയെടുത്തിരിക്കുന്നത്? ആണെന്നോ അല്ലെന്നോ നമുക്ക് അനുമാനിക്കാം. അതെന്തുമാവട്ടെ, അരക്കോടി രൂപായുടെ മറ്റൊരു ചോദ്യം അവര്‍ക്കായി ഇവിടെ തയ്യാറായിരിപ്പൂണ്ട്. അതിലേക്ക് കടക്കുന്നതിന് മുമ്പ് വല്ലതും പറയാനുണ്ടോ മാഡം താങ്കള്‍ക്ക് ?"
"താങ്കളുടെ ചോദ്യം എന്നെ ശരിക്കും കുഴപ്പത്തിലാക്കി. പോക്കറ്റടി നിര്‍ത്തിയോ എന്ന് ചോദിച്ചതുപോലായി അതിനുത്തരം പറയുക എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ് ."
"ഒരു ഗൂഡാലോചനയോ കൊലപാതകമോ ഉണ്ടായിട്ടുണ്ടോ , നടന്ന ഇഷ്യൂവുമായി ബന്ധപ്പെട്ട് ?"
"എനിക്കറിയില്ല. അങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കിലൊരിക്കലത് പുറത്തുവരും. അതിലാരൊക്കെ പങ്കാളിയായാലും അതിനുള്ള ശിക്ഷയൊരിക്കല്‍ ഏറ്റുവാങ്ങേണ്ടിവരും - ഇതേക്കുറിച്ചറിവില്ലാത്തത് കൊണ്ട് ഏറെയൊന്നും പറയാനുദ്ദേശിക്കുന്നില്ല ."
അവളുടെ ദേഹത്ത് അവിടുത്തെ നേര്‍ത്ത തണുപ്പിലും വിയര്‍പ്പ് പൊടിഞ്ഞത് അനിരുദ്ധന്റെ ശ്രദ്ധയില്‍പ്പെട്ടു. ജീക്കേ എന്ന ഗോവിന്ദന്‍കുട്ടിയുടെ മുഖം അവള്‍ക്ക് ഓര്‍മ്മവന്നു . സോമന്‍പിള്ളയുടെയും, പൊതുവാളിന്റെയും ബാബുവിന്റെയുമൊക്കെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ജീക്കേ. ബാലുവിനെതിരെ ഉയര്‍ന്നുവന്ന കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം കൃത്യമായി അറിയാമായിരുന്ന ജീക്കേയുടെ മരണം, സ്വാഭാവികമായ ഒന്നല്ലെന്ന് അവള്‍ക്കുമറിയാം. സംഭവം നടന്ന ശേഷം ബാബു അക്കാര്യം രജനിയോട് വ്യക്തമാക്കിയതുമാണ് . സോമന്‍പിള്ള ഏര്‍പ്പാടാക്കിയ ക്വൊട്ടേഷന്‍ സംഘം അയാളെ തീര്‍ത്തതാണത്രെ ! പക്ഷേ , അവള്‍ക്കൊരിക്കലും നടന്ന ഗൂഡാലോചനയെക്കുറിച്ച് അറിവോ , അതില്‍ പങ്കാളിത്തമോ ഇല്ലായിരുന്നു . എങ്കിലും പിന്നീട് അതേക്കുറിച്ച് അവ്യക്തമായ സൂചന ലഭിച്ചത്, അങ്ങനെയൊരു രഹസ്യത്തിന്റെ ഭാരം കൂടി പേറേണ്ടുന്ന സ്ഥിതിയിലേക്കെത്തിച്ചു. ചോദ്യത്തിന്റെ പിടിയില്‍ നിന്നും വഴുതിമാറാനൊരവസരം ലഭിച്ചത് നന്നായി എന്ന് രജനിക്ക് തോന്നി .
"മേല്‍ പരാമര്‍ശിച്ച ചോദ്യം ജീക്കേ എന്ന മുന്‍ നക്‌സ്ലൈറ്റിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യമാണ് .വ്യാജാരോപണത്തിന്റെ ഇരയായി ജയില്‍ മുറിയില്‍ കഴിയുന്ന, നിരപരാധിയായ ഒരു മനുഷ്യന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ജീക്കേയുടെ മരണവുമായി നേരിട്ടുള്ള ബന്ധംതന്നെയുണ്ട്. ഇതൊരെന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമാണെങ്കിലും എന്റെ അന്വേഷണത്തില്‍ നിന്ന് ചില സത്യങ്ങളെനിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഒരു റിയലെസ്സ്റ്റേറ്റ് ഭീമനിലേക്കും, അയാളുടെ കിങ്കരന്മാരിലേക്കും അവര്‍ക്ക് വേണ്ടി സകല ഒത്താശകളും ചെയ്തു കൊടുത്ത ഉദ്യോഗസ്ഥനിലേക്കും വരെ നീളുന്ന പങ്ക് പുറത്തുവരികതന്നെ വേണം . എനിവേ , നമുക്ക് സ്‌കിപ്പായതിന് പകരമുള്ള ചോദ്യത്തിലേക്ക് പോകാം . ഉണ്ടായിരുന്ന ലൈഫ് ലൈനൊരെണ്ണം നഷ്ടപ്പെട്ടു പോയിരിക്കുന്നു ."
രജനിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ഏതായാലും വാരാനിരുന് ഏറ്റവും കടുത്ത ചോദ്യമാണ് അല്ലം മുമ്പ് തനിക്ക് നേരിടേണ്ടിവന്നത്. ഇനി അത്തരം ചോദ്യങ്ങളൊന്നും വരാനില്ല . ആകെ ബാക്കിയുള്ളത് രണ്ടേ രണ്ട് ചോദ്യങ്ങള്‍ മാത്രം. പോറലേല്ലിക്കാന്‍പോന്ന ശക്തിയൊന്നും അവയ്ക്കുണ്ടാകില്ല. അങ്ങനെ ചിന്തിച്ചെകിലും നെഞ്ചിടിപ്പിന് ശമനമുണ്ടായില് . ഒരു പക്ഷേ, മത്സരം അവസാനിക്കുന്നതിന്റെയോ. അതില്‍ വിജയിച്ച് സമ്മാനം കരസ്ഥമാക്കുന്നതിന്റെയോ വികാരാവേശമായിരിക്കാം. വഴുതിമാറാനുള്ള അവസരം നഷ്ടപ്പെട്ടത് ആശങ്കപ്പെടുത്തുന്നുണ്ട് . ചിന്ത പടരുമ്പോള്‍ അടുത്ത ചോദ്യം വന്നു .
"താനേറെ വിശ്വസിച്ചുവന്ന സൂഹൃത്ത് തന്നോടുകാട്ടിയ വിശ്വാസവഞ്ചനയ്ക്ക് പ്രതികാരമെന്നോണം അയാളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരായുധം കരുതിവെച്ചിരുന്നു . ശരിയാണോ?"
ചോദ്യത്തിന് ആദ്യം ഒരു ചിരി മാത്രമാണ് ഉത്തരമായി നല്‍കിയത് . ലൈഫ് ലൈന്‍ ഉപയോഗിച്ചത് കൊണ്ട് ഒഴിഞ്ഞുമാറാനുള്ള അവസരം ഇല്ലാതായി . മൂര്‍ച്ചയേറിയ കത്തിയുടെ വെളിച്ചം ചിന്നിച്ചിതറുന്ന അഗ്രം മനസ്സിലേക്ക് ആഴ്‌ന്നിറങ്ങി . ഉത്തരം പറയാതെ വയ്യ .
"ശരിയാണ് ."
അവളുടെ കണ്ണുകളില്‍ പകയുടെ നിഴലാട്ടം അനിരുദ്ധന്‍ കണ്ടു .
ബാബുവിന്റെ മുഖം ആ സമയത്ത് രജനിയില്‍ തെളിഞ്ഞുവന്നു. എല്ലാ അനിഷ്ടസംഭവങ്ങള്‍ക്കും ശേഷം അയാള്‍ ട്രാൻസ്ഫറും സംഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. പിന്നീടാണറിയുന്നത് ദീര്‍ഘകാല അവധിയെടുത്ത്, ഒരു വാക്ക് പോലും രജനിയോട് പറയാതെ എല്ലാം രഹസ്യമാക്കിവെച്ച് പെട്ടെന്നൊരു ദിവസം അയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞ കാര്യം! ബാബുവിനോടുള്ള വിദ്വേഷം അവളുടെ ഉള്ളില്‍ നുരഞ്ഞുപൊങ്ങിയെങ്കിലും, അത് പുറത്തുകാട്ടാതെ മുമ്പിലെ ഗ്ലാസെടുത്ത് ചുണ്ടത്ത് വെച്ച് ഒരിറക്ക് വെള്ളം കുടിച്ച് തൊണ്ട നനച്ചു. അതോടെ, നിമിഷനേരം കൊണ്ട് അവളുടെ ഉള്ളിലെ തീ കെട്ടടങ്ങി . ശരിയുത്തരമാണതെന്ന് വിളിച്ചോതുന്ന ശബ്ദം കേട്ട് അവളുണര്‍ന്നു .
"രജനി പറഞ്ഞ ഉത്തരം ശരിയാണ് ."
സദസ്സിന്റെ കൈയ്യടിശബ്ദവു , റിക്കാര്‍ഡ് ചെയ്തു ആരവവും, ദിശകിട്ടാതെ അലയുന്ന രജനിയെ ആ ആഴക്കടരലില്‍ നിന്ന് കരകയറ്റി .
"അമ്പത് ലക്ഷത്തിന്റെ അതായത് അരക്കോടിയുടെ നേരവകാശിയാണ് നമുക്ക് മുമ്പിലിരിക്കുന്നത് . കണ്‍ഗ്രാജുലേഷന്‍സ് രജനി ഈയൊരു നേട്ടത്തിന്.ഇതാദ്യമായാണ് നമ്മുടെ മത്സരാര്‍ത്ഥി ഈയൊരു ഘട്ടത്തിലേക്കെത്തിച്ചേരുന്നത്. വല്ലതും പറയാനുണ്ടോ മാഡത്തിന് മേല്‍ പറഞ്ഞ ഉത്തരവുമായി ബന്ധപ്പെട്ട് "
"സത്യമാണ്. വിശ്വാസവഞ്ചന കാട്ടിയ ഒരാളോട് തോന്നുന്ന വികാരം ആരിലുമെന്നതുപോലെ എന്നിലുമുണ്ടായിട്ടുണ്ട്. ആയുധം എന്നതിന് അങ്ങനെ പ്രത്യേകിച്ചൊരര്‍ത്ഥവും നല്‍കേണ്ടതില്ല. കണ്ടാല്‍ കരണക്കുറ്റിക്ക് ഒരടികൊടുക്കണമെന്നുണ്ട് . വേറൊന്നും പറയാനില്ല ."
" ശരിയാണ്. വാങ്ങുന്ന സമയം വരെയും ഒരു പിച്ചാത്തി വെറും പിച്ചാത്തി മാത്രമാണ് . ഒരുദ്ദേശത്തോട് കൂടി വാങ്ങുമ്പോള്‍ അതൊരായുധമായി മാറുന്നു. മൂര്‍ച്ചയേറിയ അഗ്രഭാഗം രക്തദാഹത്താല്‍ തുടുത്തുപോകും. പിന്നീടത് വെറുമൊരു കറിക്കത്തി മാത്രമായി മാറിയേക്കാനും മതി . അല്ലേ മാഡം ?"
" അങ്ങനെയാവാം . വേറൊന്നും ഇതേക്കുറിച്ച് പറയാനില്ല . "
അവള്‍ അതിന്റെ തുടര്‍ച്ച കൈയ്യൊഴിയാന്‍ തീരുമാനമെടുത്തത് പോലെ പറഞ്ഞവസാനിപ്പിച്ചു. അരക്കോടി രൂപ കിട്ടിയതിന്റെ ആഹ്ളാദം ആ മുഖത്ത് മറനീക്കി പുറത്തുവരുന്നുണ്ടായിരുന്നു. ഇനി ഏത് ചോദ്യത്തിനും സത്യസന്ധമായ ഉത്തരം നല്‍കി ഒരു കോടി സ്വന്തമാക്കാം. ഇവിടുന്ന് പുറത്തിറങ്ങുമ്പോള്‍ കാണുന്നത് അതുവരെ കണ്ട ആകാശമായിരിക്കില്ല. അവിടെ തന്നെ വരവേല്‍ക്കാനായി കാത്തിരിപ്പുള്ളത് നീലിമ പടര്‍ന്ന പുതിയൊരാകാശമാണ് !
"കണ്‍ഗ്രാജുലേഷന്‍സ് രജനി ഈയൊരു നേട്ടം കൈവരിച്ചതിന് . "
"ഇനി അവസാനചോദ്യത്തിലേക്കാണ് നാമെത്തുന്നത്. പിന്മാറുന്നോ മത്സരത്തിന്റെ അവസാന റൗണ്ടിൽ നിന്ന് "
" ഇല്ല . ഞാനിവിടെ എത്തിച്ചേര്‍ന്നത് വിജയിക്കുക എന്ന ഉദ്ദേശത്തോടെയാണ് . എനിക്ക് വിജയിച്ചേ പറ്റു. വരും വരായ്കകളൊന്നുംതന്നെ ഞാനിപ്പോള്‍ കാര്യമാക്കുന്നില്ല.ശിക്ഷയേറ്റുവാങ്ങേണ്ടവരതേറ്റുവാങ്ങട്ടെ. പബ്ലിക്കിനിടയില്‍ അറിവുള്ള കാര്യങ്ങളേ എനിക്കും അറിയൂ."
ഒരു ചാവേറിന്റെ വീറും വാശിയും ആ മുഖത്ത് ഒളിഞ്ഞിരിപ്പുണ്ട് .
"ഇപ്പോള്‍ പിന്മാറുകയാണെങ്കില്‍ അമ്പത് ലക്ഷവുമായി രജനിക്ക് തിരിച്ചുപോകാം. മുന്നേറുകയാണെങ്കില്‍, ആ മുന്നേറ്റത്തിലൊരുവേള പതറിപ്പോയാല്‍ നഷ്ടപ്പെടാന്‍ പോകുന്നത് അരക്കോടിയുറുപ്പികയാണ്! ഉചിതമായ തീരുമാനമെടുക്കാനുള്ള അവസരംകൂടിയാണിത് ."
"കടുത്ത അഗ്നിപരീക്ഷകളെയൊക്കെ അതിജീവിച്ച് ഞാനിവിടംവരെ എത്തിക്കഴിഞ്ഞതാണ്. ഇനിയെനിക്ക് കടുത്ത പരീക്ഷണങ്ങളൊന്നുമില്ല. പിന്മാറ്റത്തിലൂടെ അരക്കോടി നഷ്ടപ്പെടുത്തുന്നതേതായാലും ഉചിതമായ തീരുമാനമായിരിക്കില്ലല്ലോ ."
"ഈ യുദ്ധക്കളത്തില്‍ നിന്ന് വെറും കയ്യോടെ തലകുനിച്ച് മടങ്ങിപ്പോകേണ്ടിവരില്ല എന്ന നിശ്ചയദാര്‍ഷ്യയത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് . "
അവിടെയെങ്ങും കരഘോഷം മുഴങ്ങി . ആര്‍പ്പുവിളികളും . രജനി കാലിന്മേല്‍ കാല്‍ കയറ്റിയിരുന്നു. ഒപ്പം നേര്‍ത്ത പുഞ്ചിരിയും മുഖത്ത് കലര്‍ന്നു . അവളേറെ ഉന്മേഷവതിയായി കാണപ്പെട്ടു .
"മത്സരം ആദ്യമായി അതിന്റെ പൂര്‍ണ്ണത തേടുകയാണ്. പിന്മാറാനുള്ള അവസരം നിരസിച്ച സ്ഥിതിക്ക് അവസാനത്തെ ആ ബമ്പര്‍ ചോദ്യത്തിലേക്ക് കടക്കാം . അതിന് മുമ്പ് ചോദിച്ചോട്ടെ . ലഭിക്കാന്‍ പോകുന്ന ഒരു കോടി രൂപ എങ്ങനെയൊക്കെയാണ് രജനി ചിലവഴിക്കാന്‍ പോകുന്നത് ?"
വലിയൊരു വാതില്‍ മലര്‍ക്കെ തുറന്നിട്ടതുപോലെയാണ് രജനി അനിരുദ്ധന്റെ ചോദ്യം കേട്ട് ചിരിച്ചത്. ചിരിയവസാനിക്കും മുമ്പുതന്നെ അവളില്‍ നിന്ന് മറുപടിയുമുണ്ടായി .
"അതിന് അതിന്റേതായ ഒരു മുന്‍ഗണനാക്രമമുണ്ട് സാര്‍. ചില പ്ലാനുകള്‍ ഞാനാലോചിച്ച് വച്ചിട്ടുണ്ട്. പണമെറിഞ്ഞ് പണം നേടാനുള്ള വഴികള്‍ . ബിസിനസ്സുകള്‍ - എല്ലാം എന്റെ മുന്നിലുണ്ട് . ആരുടേയെങ്കിലും വെറും വാക്ക് കേട്ട് ഒന്നിലേക്കും എടുത്തുചാടാനില്ല . വരുന്ന ഏതവസരത്തെയും നല്ല രീതിയില്‍ വിനിയോഗിക്കാനാണെന്റെ തീരുമാനം."
ഗ്യാലറിയില്‍ നിന്ന് നിലയ്ക്കാത്ത കൈയ്യടി. അപ്പോഴേക്കും സൈറന്‍ മുഴങ്ങി. പിന്മാറാനനുവദിച്ച സമയം തീര്‍ന്നതിന്റെ സൂചനയായിരുന്നു അത് . രജനിയുടെ ഹൃദയമിടിപ്പിന് വേഗത കൂടി. പിന്മാറി പകുതി സംഖ്യയുമായി തിരിച്ചുപോകേണ്ടിയിരുന്നോ എന്ന ചോദ്യം അവള്‍ സ്വയം ചോദിച്ചു . പകുതി തുക പോലും സങ്കല്പിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നു! തികച്ചും വിവേകശുന്യതയോ തന്റെ തീരുമാനമെന്ന് അവള്‍ക്ക് തോന്നി. ഉത്തരം പറയാന്‍ കഴിയാത്ത വെറെന്ത് ചോദ്യമാണ് ഇനി ബാക്കിയുള്ളത്? ചോദ്യമേതുമാകട്ടെ , അതിനൊരുത്തരവുമുണ്ടാകും . അതിന്റെ വിലയാകട്ടെ ഇതുവരെ ലഭിച്ചതിന്റെ നേരെ ഇരട്ടിയും! അത് നേടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതായിരിക്കില്ലേ വിവേകരാഹിത്യം? പിന്നീടതോര്‍ത്ത് ദുഃഖിക്കേണ്ടിവരുന്നതിനെക്കാള്‍ എന്തുകൊണ്ടും ഭേദം മത്സരം തുടരുന്നത് തന്നെയാണ് . രജനിയുടെ ചിന്തകള്‍ അതിന്റെ പിടിവിട്ട് പലവഴിക്ക് സഞ്ചരിച്ചു . ഒടുക്കം , താനെടുത്ത തീരുമാനം ഉചിതമെന്ന് സ്വയം സമാധാനിക്കും വരെ ആ ചിന്തകള്‍ തുടര്‍ന്നു .
അനിരുദ്ധന്‍ അവിടെഴുന്നേറ്റ് സദസ്സിനിടയിലേക്ക് ചെന്നു. അവിടെ പിന്‍നിരയില്‍ അതുവരെ ആരു ടേയും ശ്രദ്ധയില്‍പ്പെടാതിരുന്ന അനുമോള്‍ ഇരിപ്പുണ്ടായിരുന്നു - അവിടെ വീഴുന്ന മഞ്ഞവെളിച്ചത്തിന്റെ മങ്ങി യപ്രഭയില്‍ ദൂരെനിന്ന് ആ മുഖം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല . അവളെ അവിടെനിന്ന് എഴു ന്നേല്ലിച്ച് തനിക്കൊപ്പം ചേര്‍ത്തുപിടിച്ച് അനിരുദ്ധന്‍ സദസ്സിന്റെ മുന്‍നിരയിലെത്തിച്ചു . ദുഃഖഭാരത്താല്‍ അവളുടെ മുഖം കുനിഞ്ഞുപോയിരുന്നു. അടിയൊഴുക്കുകളോ, ചുഴികളോ പുറത്തുകാണാത്ത മഹാസമുദ്ര മായിരുന്നു അനുമോള്‍. ആ സമയത്ത് കൈമാറിയ ആരുടെയും കണ്ണിൽപ്പെടാത്ത എന്തോ ഒന്ന് സ്വീകരിച്ച് അനിരുദ്ധന്‍ അവളെ മുന്‍നിരയില്‍ ഒഴിച്ചിട്ടിരുന്ന സീറ്റിലിരുത്തി, വേദിയിലേക്ക് തിരിച്ചെത്തി . സദസ്സ് ഒന്നടങ്കം കടന്നുപോകുന്ന നിമിഷങ്ങളെ ആകാംഷവിടാതെ നിരീക്ഷിച്ചു. രജനിയുടെ ഉള്ളം ഒരു മാത്ര പിടഞ്ഞുപോയി
"ഈ അതിഥിയെ നിങ്ങൾക്കാര്‍ക്കും പരിചയം കാണില്ല. ഇത് രജനി മാഡത്തിന്റെ ഏകമകള്‍ അനുശ്രീയെന്ന അനുമോള്‍ . ഒരു കോടി രൂപായുടെ സമ്മാനം കരസ്ഥമാക്കുന്ന ശുഭമുഹുര്‍ത്തത്തിന് നമുക്കൊപ്പം സാക്ഷിയാകാനെത്തിയിരിക്കുകയാണ് അനുമോളും . സെയിന്റലോഷ്യസിലെ നയന്‍ത് സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയാണ് അനുമോള്‍. "മകളോടെന്തുണ്ട് പറയാന്‍ ഈ സുവര്‍ണ്ണനിമിഷത്തില്‍ അമ്മയ്ക്ക് ?
രജനി അവളെ നോക്കി കൈയുയര്‍ത്തി ഒരു “ ഹായ് " അന്തരീക്ഷത്തിലൂടെ പറത്തിവിട്ടു . അതിനവള്‍ മുഖം അല്പം മാത്രമുയര്‍ത്തി പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ, മറുവാക്ക് പോലെ തിരിച്ചും കൈയുയര്‍ത്തി കാണിച്ചു. അനുമോളെ, അനിരുദ്ധന്‍ മുമ്പിലേക്ക് ആനയിച്ച് കൊണ്ടുവരുമ്പോള്‍ത്തന്നെ രജനിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിമറഞ്ഞിരുന്നു , അവള്‍ക്ക് തലകറങ്ങുന്നതായി അനുഭവപ്പെട്ടു . ഇതവള്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ഇത്രനേരവും അവിടെ അരങ്ങേറിയിരുന്ന ചോദ്യങ്ങളും മറുപടികളുമൊക്കെ ആ മാത്രയില്‍ മനസ്സിന്റെ തിരശ്ലീലയില്‍ ചലച്ചിത്രമായി മാറി. പ്രോഗ്രാമിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് പോലും തോന്നിപ്പോയി. സമനില വീണ്ടെടുക്കാന്‍ അവള്‍ക്ക് ഏറെ സമയമെടുക്കേണ്ടിവന്നു .
"ആട്ടെ , ഇനി നമുക്ക് കാര്യത്തിലേക്ക് വരാം . ചോദ്യത്തിലേക്ക് കടക്കും മുമ്പ് ഞാനൊന്ന് ചോദിച്ചോട്ടെ മാഡം? താങ്കള്‍ സോക്രട്ടീസിനെക്കുറിച്ച് കേട്ടിരിക്കും , അല്ലേ?"
അവള്‍ അറിയാമെന്ന് പറഞ്ഞ് തലകലുക്കി .
* ഹെംലക്ക് എന്ന് കേട്ടിട്ടുണ്ടോ ?"
ഇത്തവണ അവള്‍ കേട്ടിട്ടില്ലെന്ന് പറയും മട്ടില്‍ തലയാട്ടി .
"അതിരിക്കട്ടെ. രജനി സര്‍വ്വീസില്‍ പ്രവേശിച്ചിരുന്നത് സര്‍വ്വീസ് കമ്മീഷന്‍ വഴിയായിരുന്നോ ?"
"അല്ല."
"ഓക്കേ, ചോദ്യമിതാണ്. നമ്മുടെ കളിയിലെ ഒടുക്കത്തെ ചോദ്യം . ടെന്‍ഷനുണ്ടോ മാഡത്തിന് ?"
അവസാന ചോദ്യമല്ലേ . അതത്ര ഈസിയായിരിക്കില്ലെന്നെനിക്കുറപ്പുണ്ട് - അതിന്റെയൊരാകാംഷയിലാണ് ഞാന്‍ . പള്‍സ് റേറ്റിലൊരു വേരിയേഷന്‍ ഉറപ്പായും കാണ്ടേക്കാം . മുന്‍നിരയിലിരിക്കുന്ന അനുമോളെ രജനി നോക്കി . ഇപ്പോള്‍ കാണുന്നത് അവളെ മാത്രമാണ്. എവിടെയൊക്കെയോ തരിപ്പ് പടരുന്നതായി രജനിക്ക് ബോധ്യപ്പെട്ടു .
ഇത്തവണ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പേ അവസാനത്തെ ചോദ്യം ശ്വാസമടക്കിപ്പിടിച്ച് അനിരുദ്ധന്‍ രജനിയുടെ നേര്‍ക്ക് എറിഞ്ഞുകൊടുത്തു .
"തന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് തന്റെ ജീവിത പങ്കാളിയെ ഇല്ലായ്മചെയ്യുന്നതിനായി ഒരു ക്രമിനല്‍ ഗൂഡാലോചന അരങ്ങേറിയിട്ടുണ്ട് . ശരിയാണോ മിസ് രജനി ഈ പ്രസ്താവന?"
അനിരുദ്ധന്റെ നാടകീയമായ പതിഞ്ഞ ശബ്ദം നിശ്ശബ്ദതയെ കീറിമുറിച്ചു. അതിനെത്തുടര്‍ന്ന് സ്ക്രീനിലും പ്രത്യക്ഷപ്പെട്ട ആ ചോദ്യത്തിന് പതിവിലേറെ വലുപ്പമുണ്ടായിരുന്നു. അതുവരെയും കാണാത്ത വര്‍ണ്ണത്തിലും രൂപത്തിലുമാണ് ആ അക്ഷരങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. പശ്ചാത്ത സംഗീതം നേര്‍ത്ത് നേര്‍ത്ത് ഒരു വര പോലെയായി . പ്രേക്ഷകരുടെ മുഖത്ത് ജിജ്ഞാസ ആളിക്കത്തി .
ചോദ്യം കേട്ട് തലകറങ്ങുന്നതായി രജനിക്ക് തോന്നി . മനസ്സിനകത്ത്, ക്രമം തെറ്റി അടുക്കിവെച്ച കടലാസുകള്‍ക്ക് മുകളിലെ പേപ്പര്‍ വെയിറ്റ് എടുത്തുമാറ്റിയത് പോലെ അനുഭവപ്പെട്ടതും , ” നോ " എന്ന് അലറിവിളിച്ചതും ഒരുമിച്ചായിരുന്നു . ആ മുഴക്കത്തില്‍ എല്ലാ സംഗീതവും നിലച്ചു .
" എസ് ഓര്‍ നോ? ഒറ്റയുത്തരം . ഒരു കോടി . എസ് ഓര്‍ നോ?"
അനിരുദ്ധന്‍ അവളെ നോക്കി ഒരിക്കല്‍ക്കൂടി ചോദ്യമെറിഞ്ഞു .
"നോ." ഇത്തവണ അവളുടെ ശബ്ദത്തിനല്ലം തളര്‍ച്ചയുണ്ടായി . ഉത്തരത്തിന് ശേഷം അവളിരുന്ന് കിതച്ചു . പേപ്പര്‍ വെയിറ്റ് വിട്ട് മുകളിലേക്ക് പാറിപ്പോയ കടലാസുകള്‍ താഴേക്ക് പതിക്കാതെ തലയ്ക്ക് റ്റും വട്ടമിട്ട് പറക്കുകയാണ് . ആ തണുപ്പിലും നെറ്റിയിലെ വിയര്‍പ്പ് ചാലുകളിലൂടെ ഉറവപൊട്ടിയൊഴുകി .
"നമുക്ക് മിസ്റ്റര്‍ പോളിയോട് ചോദിക്കാം ഉത്തരം ശരിയാണോയെന്ന് ."
നീണ്ട സൈറനായിരുന്നു പോളിഗ്രാഫ് മെഷിന്റെ പ്രതികരണം! സ്ക്രീനില്‍ "റോങ്ങ്" എന്ന് തെളിഞ്ഞു. ഒരു കോടി രൂപായുടെ സ്ഥാനം പൂജ്യം കൈയ്യടക്കി. അയാള്‍ പിന്നീട് പറഞ്ഞതൊന്നും രജനി കേട്ടില്ല . അവളവിടെ തളര്‍ന്നുവീണു .
കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രി. അന്ന് ഏറെ കഴിഞ്ഞിട്ടും സുധാകരന്‍ ഓഫീസില്‍ നിന്നും തിരിച്ചെത്തിയിട്ടില്ല. രജനി അയാളെ പ്രതീക്ഷിച്ച് മിന്നല്‍വെട്ടത്തിലേക്ക് ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ട്. ആ വെളിച്ചത്തില്‍ അവളുടെ മുഖത്തെ അസ്വസ്ഥത മറനീക്കി പുറത്ത് വരുന്നത് കാണാം . അനുമോള്‍ ഉറങ്ങിക്കഴിഞ്ഞു . അല്പം കഴിഞ്ഞ് ബാബു ധൃതിപ്പെട്ട് കടന്നുവരുന്നത് രജനി കണ്ടു . അവളെഴുന്നേറ്റ് വാതില്‍ തുറന്നു കൊടുത്തു. ആ ശബ്ദം കേട്ടാവണം അനുമോള്‍ ഉറക്കമുണര്‍ന്നു . ഉറക്കച്ചടവോടെ ശബ്ദം കേട്ടിടത്തേക്ക് കണ്ണതിരുമ്മി നോക്കിയപ്പോള്‍ ബാബ്ദ വാതില്‍ക്കല്‍ നില്‍ക്കുകയാണ്. അയാള്‍ നന്നായി നനഞ്ഞിട്ടുണ്ട്. മഴ വെള്ളം മുടിയിഴകളില്‍ നിന്ന് നെറ്റിയിലൂടെ കീഴ്പ്പോട്ട് കിനിഞ്ഞിറങ്ങുന്നുണ്ട്. അയാള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല എന്ന് അനുമോള്‍ മനസ്സിലാക്കി .
“ശകലം ഓവറാ പുള്ളിയിന്ന്. ഇടിമിന്നലേല്‍ക്കാതെ എത്തിച്ചേര്‍ന്നാനെത്തീന്ന് പറയാം."
മറ്റാരും കേള്‍ക്കാതിരിക്കാനായി വളരെ പതുക്കെയാണ് അയാള്‍ പറഞ്ഞുതീര്‍ത്തത്. ഉറക്കച്ചടവോടെ അനുമോള്‍ അത്രയും അവ്യക്തമായി കേട്ടു . അച്ഛന്‍ തിരിച്ചെത്തിയോ എന്നറിഞ്ഞിട്ടുവേണം അവള്‍ക്കൊന്ന് മനസ്സാമാധാനത്തോടെ തലയറ്റംവരേക്കും പുതപ്പ് വലിച്ചുമൂടാന്‍. അവള്‍ നിരാശയായി. അസമയത്തുള്ള ബാബുവിന്റെ വരവ് അവള്‍ക്കിഷ്ടപ്പെട്ടില്ല. എന്തിനാണയാള്‍ ഈ സമയത്ത് അച്ഛനില്ലാത്തപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്? അച്ഛന്റെ ഓഫീസിലെ ജീവനക്കാരനായ ഈ മനുഷ്യന് എന്തിടപാടാണ് അമ്മയുമായി? ചിലപ്പോഴൊക്കെ അച്ഛനും അയാളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് അനുമോള്‍ കണ്ടിട്ടുള്ളതാണ് . അയാള്‍ തിരിച്ചുപോവാനുള്ള ഭാവത്തിലാണ് .
"എനിക്ക് പേടിയാവുന്നു ബാബു ."
രജനി ശബ്ദം താഴ്ത്തി പറയുന്നത് അനുമോള്‍ ശരിക്കും കേട്ടു .
"പേടിയാണേല്‍ ചെയ്യേണ്ട. ഇത് പോലെയങ്ങ് പോട്ടേന്ന് വെക്കാം . ഏതായാലും ഞാന്‍ പോവ്വാണ് ."
അല്പം ഉറക്കെയാണ് ബാബു അപ്രകാരം പറഞ്ഞത് . ആ വാക്കുകളില്‍ നീരസം പ്രകടമായിരുന്നു .
"ഇതാ, ആവശ്യമെങ്കില്‍ സ്വീകരിച്ചോളൂ. ബാക്കിയൊക്കെ രജനീടെ തീരുമാനം . "
അത്രയും പറഞ്ഞ് കയ്യിലിരുന്ന ചെറുകുപ്പി അയാള്‍ രജനിക്ക് കൈമാറുന്നത് ആ സമയത്ത് ആഞ്ഞുവീശിയ മിന്നല്‍ വെട്ടത്തില്‍ അനുമോള്‍ കണ്ടു .
"എന്താന്നുവെച്ചാ തന്നത്താനങ്ങ് തീരുമാനിച്ചേക്ക് . ഞാനിറങ്ങുവാ. "
തറപ്പിച്ച് പറഞ്ഞുകൊണ്ടാണയാള്‍ കുട തുറന്ന് പെരുമഴയത്തേക്കിറങ്ങിനടന്നത്. നേരമേറെ കടന്നുപോയതിന് ശേഷമാണ് സുധാകരന്‍ കയറിവന്നത് . ലഹരി അയാളെ ഗ്രസിച്ചിട്ടുണ്ട് . ചുവടുറയ്ക്കാതെ അച്ഛന്‍ വന്നുകയറുന്നത് അനുമോള്‍ കാണുന്നുണ്ട് . അതവള്‍ക്ക് പുതുമയുള്ള കാഴ്ചയല്ല . വന്നുകയറിയ ഉടനെ രജനിയെ രൂക്ഷമായൊന്ന് നോക്കിയിട്ട് ഷര്‍ട്ടഴിച്ചുവെച്ച് അയാള്‍ സിഗരറ്റിന് തീ കൊളുത്തി. പുകമണം അനുമോളുടെ മൂക്കിലേക്കും തുളഞ്ഞുകയറി .
"എന്താടി കെട്ടിലമ്മ മുഖോം വീര്‍പ്പിച്ചിരിക്കുന്നത്. അപശകുനം പിടിച്ച മോന്ത കണ്ടാമതി . മറ്റവന്‍ പോയോടി".
പിന്നീടയാള്‍ മേശക്ക് മുന്നിലേക്ക് വന്ന് സ്റ്റൂള്‍ വലിച്ചിട്ടു . അമ്മ പാത്രത്തിലേക്ക് കഞ്ഞി വിളമ്പുന്നത് അനുമോള്‍ കാണുന്നുണ്ടായിരുന്നു. സാധാരണ എന്തെങ്കിലും മറുപടി അവളും പറയാറുള്ളതാണ് . ഒരക്ഷരംപോലും ഉരിയാടാതെ, നേരത്തേ ബാബു കൈമാറിയ കുപ്പി തുറന്ന് അതിലുള്ള ദ്രാവകം കഞ്ഞിയിലേക്ക് പകരണോ വേണ്ടയോ എന്ന് ശങ്കിച്ച്, ഒടുവില്‍ രണ്ടും കല്ലിച്ച് അതിലേക്ക് പകര്‍ന്ന് സ്പൂണ്‍ ഉപയോഗിച്ച് ഇളക്കി . സുധാകരന് മുന്നില്‍ കഞ്ഞി കൊണ്ടുവെക്കുന്നതും , അയാള്‍ വേറൊന്നും നോക്കാതെ കഞ്ഞി കുടിച്ചു തീര്‍ക്കുന്നതും, ആ കുപ്പി ജനലിന് വെളിയിലേക്ക് വലിച്ചെറിയുന്നതും അനുമോള്‍ കണ്ടു . അവള്‍ക്കൊന്നും മനസ്സിലായില്ല . ഇടിമിന്നലിന്റെ ശബ്ദം അവളില്‍ ഭയാശങ്കകള്‍ നിറച്ചു . പുറത്ത് മഴ കനത്ത് പെയ്തുകൊണ്ടിരുന്നു . ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .
പിറ്റേന്ന് മഴ നനഞ്ഞ് കുതിര്‍ന്ന ആ പ്രഭാതത്തില്‍ അവിടെ നിശ്ശബ്ദത തളംകെട്ടിനിന്നു . അച്ഛന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ കണ്ണീര്‍ പൊഴിക്കാതെ അനുമോള്‍ കരഞ്ഞു . മുഖമൊന്നുയര്‍ത്തിനോക്കിയപ്പോള്‍ അങ്ങകലെ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കിടയില്‍ ബാബുവിനെ കണ്ടു . അവള്‍ക്ക് അലറിവിളിക്കണമെന്ന്‌തോന്നി. ഓടിച്ചെന്ന് അയാളെ ആഞ്ഞുതള്ളണമെന്നും, പിച്ചിച്ചീന്തണമെന്നും തോന്നി. പൊതിരെ തല്ലി അയാളുടെ നെഞ്ചുതകര്‍ക്കാനവള്‍ക്ക് ആഗ്രഹമുണ്ടായി. ഉള്ളിലിരുന്ന് പാടില്ലെന്ന് ആരോ വിലക്കുന്നുണ്ടായിരുന്നു . അതവളെ പിന്നോട്ട് വലിച്ചു . ആ നേരം അവളൊന്നുറക്കെ കരഞ്ഞുപോയി .
പിന്നീടൊരു ദിവസം അടുക്കളയുടെ പിന്നാമ്പുറത്ത് ജനാലയ്ക്ക് വെളിയില്‍ ചെന്ന് പരതിയപ്പോള്‍ അന്നത്തെ ആ രാത്രിയില്‍, അമ്മ വലിച്ചെറിഞ്ഞ ചെറുകുപ്പി അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു. അത് കൈക്കലാക്കിയപ്പോള്‍ ആ ദുഷിച്ച രാത്രിയില്‍ കണ്ടതൊന്നും വെറും സ്വപ്നമല്ലെന്നവള്‍ക്ക് ബോധ്യമായ . നിധി പോലെ അവളത് രഹസ്യമായി തനിക്കൊപ്പം കാത്തുസൂക്ഷിച്ച . പോകുന്നിടത്തൊക്കെ ഒപ്പം കൊണ്ടുനടന്നു എന്നെങ്കിലുമൊരിക്കല്‍ അമ്മയ്ക്ക് അത് കാട്ടിക്കൊടുക്കണമെന്ന് അവള്‍ തീരുമാനമെടുത്തിരുന്നു. ഒരേ സമയം 'ചോദ്യമായും, ഉത്തരമായും മാറിക്കൊണ്ടിരുന്ന ആ ചിഹ്നത്തെക്കുറിച്ച് ചോദിക്കാനവള്‍ക്ക് അപ്പോഴൊന്നും ധൈര്യം വന്നിരുന്നില്ല .
ഉയരെനിന്ന് താഴേക്ക് ആഞ്ഞുപതിച്ചതിന്റെ ആഘാതത്തില്‍നിന്ന് രജനി ഇനിയും മുക്തയായിട്ടില്ല . സ്‌റ്റുഡിയോയുടെ അണിയറയില്‍ അവള്‍ മുഖം കുനിച്ചിരിപ്പാണ് . തൊണ്ട വരളുന്നതായി അനുഭവപ്പെട്ട സമയത്താണ് യാദൃച്ഛികമായി അനിരുദ്ധന്‍ ഒരു ഗ്ലാസ് സ്ഫടിക ജലം അവളുടെ നേര്‍ക്ക് നീട്ടിയത്. സമുദ്രം തന്നെ കുടിച്ചുവറ്റിക്കാനുള്ള ദാഹത്തോടെ അവള്‍ അത് മുഴുവനും കുടിച്ചുത്രീര്‍ത്തു .
"അനുമോള്‍ രാത്രിയിലൊരു ദുഃസ്വപ്പം കണ്ടു. തന്റെ കാല്‍വെള്ളയില്‍ തുളച്ചുകയറിയ ഒരു കുപ്പിച്ചില്ല് . അത് പറിച്ചെടുത്ത്, വലിച്ചെറിയാതെ കാലമിത്രയും സൂക്ഷിച്ചുവെച്ചു . അതുപേക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇനി നിങ്ങളാണ്. ചെയ്തുപോയ കൊള്ളരുതായ്മുകള്‍ക്കൊക്കെ അതിന്റേതായ ന്യായീകരണങ്ങളുമുണ്ടായിരുന്നു , അലം മുമ്പ് വരെ . അല്പം മുമ്പ് വരെ മാത്രം."
വാക്കുകള്‍ മുഴുമിപ്പിക്കുന്നതിന് മുമ്പേ , അനിരുദ്ധന്‍ രജനിയുടെ മുഖത്തേക്ക് നോക്കി. തൊട്ടുമുന്നിലവസാനിക്കുന്ന ഭിത്തിയില്‍ വിദൂരതയിലേക്കെന്നതുപോലെ ദൃഷ്ടിയൂന്നി അവള്‍ ആ മുറിയില്‍ മൗനം നിറയ്ക്കുകയാണ്. മനസ്സിനകത്ത് അടുക്കിവെച്ചിരുന്നതൊക്കെ ക്രമംതെറ്റി മുകളിലേക്ക് പറന്നുപൊങ്ങുന്നതായി തോന്നി. കയ്യെത്തിപ്പിടിക്കാന്‍ പറ്റാത്തവിധം അവ അന്തരീക്ഷത്തില്‍ പാറിനടന്നു. എല്ലാ തോന്നലുകളും അവസാനിച്ചത് ഒരു നീണ്ട പൊട്ടിക്കരച്ചിലിലായിരുന്നു. തന്നിലേക്ക് ചേര്‍ത്തടുപ്പിച്ച് അനുമോളുടെ തലയില്‍ മുഖം പൂഴ്ത്തി വളരെക്കാലത്തിന് ശേഷം അവള്‍ നിര്‍ത്താതെ കരഞ്ഞു !