രാഷ്ട്രീയ പരീക്ഷണ നിരീക്ഷണങ്ങൾ
എസ്. ജി. മലയാറ്റൂർ
പുത്തൻ പുതിയ പരീക്ഷണങ്ങൾ വേണം
പുതിയതായ് പലതും കണ്ടു പിടിക്കണം
അതിയായ വിയർപ്പിന്റെ അസുഖമുള്ളൊരെല്ലാം
പുതിയ തന്ത്രങ്ങൾ മെനഞ്ഞ് പഠിക്കണം
ഒട്ടും മുടക്കാതെ മൂക്കുമുട്ടെ തിന്നാം
ഒട്ടുമുഷ്ണിക്കാതെ പെട്ടി നിറച്ചിടാം
പട്ടിണി മാറ്റാനാണെന്നു പറഞ്ഞല്പ്പം
കിട്ടണ കാശങ്ങ് തട്ടിയെടുത്തിടാം
പുതിയതാം റോഡും, പാലവും പണിയണം
മൂത്രപ്പുരയും വീടും പണിയണം
എന്തും പറഞ്ഞ് ഫലിപ്പിക്കാൻ നോക്കണം
എന്താണെങ്കിലും പങ്കിങ്ങ് പോരണം
വികസനം വികസനം എന്ന് പറഞ്ഞൊരു
പ്രഹസനം തന്നെ ഇവിടെ നടത്തീടാം
പരിഹാസമൊട്ടു നടത്തുന്നവർക്കെല്ലാം
പരിഹാരം നമുക്കുള്ള സോഷ്യൽ വീരന്മാർ
നയങ്ങളൊന്നും ഫലിക്കാതെയാകുകിൽ
നിയമം പറഞ്ഞൊട്ടു പരിഹാരം കാണണം
മയമൊട്ടുമില്ലാതെ ചാനലിലൂടെ നാം
വായിട്ടലയ്ക്കണം തർക്കം ജയിക്കണം
നാടിനുവേണ്ടി നന്മയ്ക്കുവേണ്ടിയെ-
ന്നെപ്പോഴും എങ്ങും പാടി നടക്കണം
പേടിപ്പിക്കുവോർക്കൊരുമുഴം മുൻപേ
നടന്നു നാം നല്ലൊരു മറുപടി കാണണം
ഒന്നും പറഞ്ഞു ഫലിക്കാതെയാകുകിൽ
ഒന്നും മിണ്ടാതെ ഗൗരവം കാട്ടണം
ഒന്നും രണ്ടും പറഞ്ഞു നടക്കുവോർ
ഒന്നും മിണ്ടില്ല പുതുതൊന്നു കിട്ടിയാൽ
ചാനലും ഓൺലൈനും പുതിയത് തേടിപ്പോം
അക്ഷണം നമ്മൾതൻ ചെയ്തി മറന്നിടും
വേണെങ്കിൽ ചെറിയൊരു കൈനീട്ടം നൽകണം
വേറെന്തുവേണം നമുക്കോട്ടു കിട്ടുവാൻ