രക്തസാക്ഷികൾ സിന്ദാബാദ്
സുമേഷ് കരുണാകരൻ
മെയ് മാസത്തിലെ ചൂട് അസഹ്യമാണ്
പുറത്തു നിന്നും വരുന്നത് നല്ല ചൂട് കാറ്റാണ്, എന്നാലും അടച്ചിടുന്നതിനേക്കാൾ നല്ലത് തുറക്കുന്നതാണ്
പൊള്ളുന്ന വെയിലിലേക്ക് ബസ്സിന്റെ ജനൽ പാളി നീക്കി ചന്ദ്രൻ സൈഡ് സീറ്റിൽ സ്ഥലം പിടിച്ചു.
ബസ്സിൽ യാത്രക്കാർ കുറവാണെങ്കിലും കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു.
റെയിൽവേസ്റ്റേഷനിൽ നിന്നും ഓടി പിടച്ചാണ് വന്നത്, ഈ ബസ്സ് പോയാൽ പിന്നെ രണ്ടു മണിക്കൂർ എങ്കിലും കഴിയണം ഗ്രാമത്തിലേക്കു അടുത്ത ബസ്സ് കിട്ടാൻ.
തുറന്നിട്ട ജനൽ പാളിയിലൂടെ തനിക്ക് നഷ്ടപ്പെട്ട ഇന്നലെകളുടെ നിഴലുകൾ പിന്നിലാക്കി ബസ് മുന്നോട്ടു കുതിച്ചു,
ഓർമകളിലെ നോവിന്റെ ചവർപ്പ് അയവിറക്കി ചന്ദ്രൻ ഇരുന്നു.
മഠപ്പുര വളവിൽ ബസ്സ് കിതച്ചു നിന്നു.
“ആളെറങ്ങാനുണ്ടോ....” ബസ്സിലെ കിളി വിളിച്ചു പറഞ്ഞു.
ചന്ദ്രൻ ലതർബാഗിന്റെ വള്ളി ഇടതു ചുമലിലിട്ടു. സീറ്റിനു മുകളിലെ സ്റ്റാൻഡിൽ നിന്നും പെട്ടിയിറക്കി.
കാലങ്ങൾക്ക് ശേഷം നാട്ടിൽ വരുമ്പോ നിർമല വാങ്ങിത്തന്നതാണ് രണ്ടും.
ഒരു ലതർബാഗും, ചക്രങ്ങളുള്ള ഒരു പെട്ടിയും.
ഏട്ടന് എടുത്തു നടക്കേണ്ടല്ലോ, വലിച്ചു നടക്കാമല്ലോ.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ എടുത്തു നടക്കുകയാണ്.
ചന്ദ്രൻ പിൻവാതിലിലൂടെ താഴെക്കിറങ്ങി.
മഠപ്പുരക്ക് മുന്നിൽ തന്നെയാണ് ബസ്സ് നിർത്തിയത്.
ചന്ദ്രൻ പെട്ടി താഴെവച്ചു കാലിലെ ചെരുപ്പ് അഴിച്ചു വെച്ച് തൊഴുതു.
എതിർവശത്ത് ഒരു വലിയ താന്നി മരമുണ്ട്, കുട്ടികാലത്തു ഒരു പാട് താനിക്ക പെറുക്കിയിട്ടുണ്ട്. ബദാം പോലെ ഒരു കായയാണ്, കരിങ്കല്ല് കൊണ്ടു തല്ലിപൊട്ടിച്ചു അതിന്റെ പരിപ്പ് കഴിക്കും . നല്ല പാലിന്റെ രുചിയാണ്.
താന്നിമര തണലിൽ ഒരു മറുനാട്ടുകാരൻ കരിമ്പു നീര് വിൽക്കൂന്നുണ്ട്, ചന്ദ്രൻ അങ്ങോട്ട് നടന്നു.
പറയാതെ തന്നെ ഒരു കുപ്പിഗ്ലാസിൽ കരിമ്പുനീരെത്തി.
"എത്രയായി.."
"പത്തു രൂപ സാർ"
കീശയിലുണ്ടായിരുന്ന ഒരു മുഷിഞ്ഞ പത്തു രൂപ നൽകി.
തൊട്ടടുത്തു ദേശപ്രിയ വായനശാല, ചന്ദ്രൻ വായനശാലയിലേക്ക് എത്തി നോക്കി.
മേശപ്പുറത്തു അലസമായി ദിനപത്രങ്ങൾ ആരെയെങ്കിലും പ്രതീക്ഷിച്ചു കിടക്കുന്നു.
ദിനപത്രങ്ങൾ അല്ലാതെ പുസ്തകങ്ങൾ ഒന്നും കാണാനില്ല. അല്ലെങ്കിലും ഇന്നാര് പുസ്തകങ്ങൾ വായിക്കുന്നു, വിരൽത്തുമ്പിൽ തന്നെ എല്ലാം കിട്ടുന്നു.
ചന്ദ്രനോർത്തു, എത്ര പുസ്തകങ്ങളാണ് ഇവിടെയിരുന്നു വായിച്ചു തീർത്തത്.
"വായനശാലേന്റെ കുറ്റേരം നേരങ്ങി തിന്നാനാവുമ്പോ വരും. ആ സമയം രണ്ടു വാഴക്കു വെള്ളം നനച്ചാ.. ഒരു പണിയും ചെയ്യരുത്..."
അച്ഛന് എന്നെ കുറിച്ചുള്ള മതിപ്പാണ്..
എന്നും ശകാരിച്ചിട്ടേ ഉള്ളു....
പലപ്പോഴും തോന്നിയിട്ടുണ്ട് പറയണമെന്ന്, ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാ ഈ ജൻമം തന്നു ജനിപ്പിച്ചേന്ന്..
ജീവിതത്തിന്റെ ഏറ്റവും നിരർത്ഥകമായ കാലഘട്ടം ഇതായിരുന്നു .
ഒരുപാട് ചെയ്യാനുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത കാലം.
ജീവിതപരീക്ഷയിൽ, കണ്ണീരിൽ കുതിർന്ന കടലാസുകളിൽ കണ്ടതെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം.
വായനശാലയോട് ചേർന്ന് ഉണ്ടായിരുന്ന ദിവാകരേട്ടന്റെ ബാർബർ ഷോപ്പ് നിലം പൊത്തിയിരിക്കുന്നു. ആ കാലത്ത് നാട്ടിലുണ്ടായിരുന്ന ഏക ബാർബർ ഷോപ്പ് ആണത്.
രണ്ടു ആൺ മക്കളുടെ മരണം അദ്ദേഹത്തെ നന്നേ തളർത്തിയിരുന്നു.. ബിനുവും ബിജുവും ഈ മഠപ്പുര മുക്കിലാണ് കുത്തേറ്റു മരിച്ചത്. പിന്നീട് എന്നോ അമ്മ പറഞ്ഞിരുന്നു ദിവാകരേട്ടൻ ആത്മഹത്യ ചെയ്തുവെന്നു.
പെട്ടിയുമെടുത്തു ചന്ദ്രൻ മുന്നോട്ടു നടന്നു
വളവിൽ ഉണങ്ങി കരിഞ്ഞ കമ്മ്യൂണിസ്റ്റ് പച്ചക്കുള്ളിൽ ഒരു രക്തസാക്ഷി മണ്ഡപം.
ചന്ദ്രൻ അത് നോക്കി, കറുത്ത മാർബിൾ ഫലകത്തിൽ എഴുതിയിട്ടുണ്ട്
ബിനു ദിവാകരൻ, ബിജു ദിവാകരൻ സ്മരണാർത്ഥം.
പുലർച്ചെ ക്ഷീരവികസന ബോർഡിലേക്ക് പാലും കൊണ്ടു പോകും വഴി മാണിക്യേച്ചിയാണ് കണ്ടത്. ചോരയിൽ കുളിച്ചു രണ്ടു പേര് മരിച്ചുകിടക്കുന്നു.
മണിക്യേച്ചി നിലവിളിച്ചോടി അങ്ങനെയാണ് ആളുകളറിഞ്ഞത്.
വൈകുന്നേരം പാർട്ടി പ്രകടനം ഉണ്ടായിരുന്നു.
"പ്രളയം പൊട്ടി ഒലിച്ചാലും
മാനം ഇടിഞ്ഞു വീണാലും
ഇല്ലാ നിങ്ങൾ മരിക്കുകില്ല
നിങ്ങൾ ഞങ്ങളിൽ ജീവിക്കും
രക്തസാക്ഷികൾ സിന്ദാബാദ്"
ഇബ്രാഹിക്കാന്റെ ചെരുപ്പ് കട അടഞ്ഞു കിടക്കുന്നു
പണ്ട് ഇതു വരെയേ റോഡ് ഉണ്ടായിരുന്നുള്ളൂ. കുറുകെ ഒരു തോടുണ്ട്. രണ്ടു മുറിച്ചിട്ട തെങ്ങിൻ പാലമായിരുന്നു പണ്ട്
തോട്ടു വക്കത്തു ഗോവിന്ദേട്ടന്റെ ചായക്കട. ഒരു മാറ്റവുമില്ലാതെ ഇന്നും ഉണ്ട്
ചന്ദ്രൻ ചായക്കടയിലേക്ക് നടന്നു.
കൺപുരികങ്ങൾക്ക് മുകളിൽ ഇടതു കൈപത്തിവച്ചു ഗോവിന്ദേട്ടൻ നോക്കുന്നുണ്ട്...
ചായക്കടയ്ക്കകത്തു കയറി പെട്ടിയും ബാഗും ഒരു മേശക്കടുത്തു വച്ചു ചന്ദ്രൻ ചോദിച്ചു
“ചായ ഉണ്ടോ...”
“പിന്നെ ഇല്ലാണ്ടാ... ചായപീഡൈ ചായ അല്ലാണ്ട് ചാരായാ...”
ഗോവിന്ദേട്ടൻ പല്ലില്ലാത്ത വായ തുറന്നു കുലുങ്ങി ചിരിച്ചു.
“ഇങ്ങളിരിക്ക്.... നിക്ക് അങ്ങ് തിരിയുന്നില്ല.... ഇങ്ങളാരാ.... എട ഉള്ളയാ...”
ഞാൻ ഒന്നും പറഞ്ഞില്ല
“കയിക്കാൻ എന്തെങ്കിലും...”.
“ഹാ വേണം നല്ല വിശപ്പുണ്ട്...”
“ന്നാ ദോശേം ചമ്മന്തീം എടുക്കാം.”
ചായപൊഞ്ചിയിലേക്ക് രണ്ടു സ്പൂൺ ചായ പൊടിയിട്ട് ഗോവിന്ദേട്ടൻ ചോദിച്ചു
“പഞ്ചാരയുണ്ടോ”
“ഇല്ല, ന്നാലും മധുരം കുറച്ചു മതി.”
ഒരു കുപ്പിഗ്ലാസ്സിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും രണ്ടു തവി പാലും ഒഴിച്ചു. സമോവറിൽ നിന്നു നല്ല തിളച്ച വെള്ളം
ഒരു ഗ്ലാസ്സ് പതഞ്ഞു പൊങ്ങിയ ചായ മേശപ്പുറത്തു വച്ചു
ചന്ദ്രൻ ചായ ഊതി ഊതി കുടിച്ചു
ഒരു ഗ്ലാസ് ചൂട് വെള്ളവും ഒരു കൊടിയിലയിൽ മുകളിൽ ചമന്തി ഒഴിച്ചു രണ്ടു ദോശയും വച്ചു.
“ന്നാലും ആരാ നിങ്ങള്, നല്ല മുഖപരിചയംണ്ട്.”.
“ഞാൻ.....”
പിന്നെ പറയാൻ കഴിഞ്ഞില്ല, ഭയപ്പാടിന്റെ ഗദ്ഗതം ഇരഞ്ഞു പൊങ്ങി ചവച്ചിറക്കിയ ദോശ തൊണ്ടയിൽ കുടുങ്ങി. ചന്ദ്രൻ വെള്ളം എടുത്തു ഊതി കുടിച്ചു
ആരെന്നു പറയും, ഇവരുടെ പ്രതികരണം എന്താവും
ഇവർ ഇതുവരെയുംഒന്നും അറിയാതിരിക്കുമോ,
അറിയാൻ വഴിയില്ല, അങ്ങനെയെങ്കിൽ നാട്ടിലേക്കു വരുന്നു എന്ന് ഞാൻ പറഞ്ഞപ്പോ അമ്മ പറയാതിരിക്കുമോ....
ഈ ചായക്കടയാണ് എല്ലാറ്റിനും...
അന്ന് വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ അവസാന രാത്രി, പുലർച്ചെ നാലു മണിക്ക് തീചാമുണ്ഡി.
സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കും. ഇരുട്ടുപോലും ഭയക്കുന്ന കൂരാകൂരിരുട്ട്.
കയ്യിലുള്ള ചൂട്ടു വെളിച്ചത്തിൽ ചുറ്റും ഭീകരത മാത്രം.
തെങ്ങിൻ തടിപ്പാലം കടന്നു ഞാൻ മുന്നോട്ടു നടന്നു. ചായക്കടക്കു മുന്നിലെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ഒരു ബോർഡ്.
കയ്യിലെ ചുട്ടു കൊണ്ടു അതിന്റെ അറ്റത്തു കത്തിച്ചു. വലിച്ചെടുത്തു ദൂരെ വലിച്ചെറിഞ്ഞു.
കാവിൽ പുലർച്ചെ തീചാമുണ്ഡി കുന്നോളം കത്തുന്ന കനലുകൾ കൊണ്ടു തീർത്ത മേലേരിയിലേക്ക് എടുത്തു ചാടി ഉറഞ്ഞു തുള്ളി.
അപ്പോഴാണ് കാട്ടുതീ പോലെ ആ വാർത്ത പറന്നത്.
മഠപ്പുര വളവിൽ ദിവാകരേട്ടന്റെ മക്കളെ കുത്തി കൊന്നു....
എതിർ പാർട്ടിയുടെ ബോർഡ് നശിപ്പിച്ചതാണത്രെ കാരണം.
ആൾക്കാരുടെ കൂട്ടത്തിൽ ഞാനും ഒഴുകി,
ഒരു നോക്ക് കണ്ടു.. വീട്ടിലേക്കോടി
അച്ഛൻ കുപ്പായതിന്റെ ഒരു കൈ മാത്രമിട്ടു ഉമ്മറ പടി കടന്നു വന്നു
“നീ കണ്ടോ..”
“ഹാ..”
മറ്റൊന്നും പറയാൻ നിന്നില്ല
അകത്തേക്ക് കയറി വാതിലടച്ചു.
നാലു ചുവരുകൾക്കുള്ളിൽ തടവറയുടെ ഏകാന്തത...
ഇരുട്ടിന്റെ ഉള്ളിൽ മരണത്തിന്റെ തണുപ്പ്
പേടിയാൽ ശപിക്കപ്പെട്ട സമയം
ഒരു വേളയെങ്കിലും കണ്ണൊന്നടക്കാൻ കഴിഞ്ഞെങ്കിൽ.
പത്തു മണിയോടെ അച്ഛൻ തിരിച്ചെത്തി,
അകാംക്ഷയോടെ അമ്മ വന്നു പടിക്കൽ നിന്നു
”എന്തായി..."
“എന്താവാൻ, ആ കുടുംബത്തിന് പോയി പാർട്ടിക്കെന്താ അവർക്കു ഒരു രക്തസാക്ഷി കൂടി..”
“ഇനി എന്തൊക്കെയാ ഉണ്ടാകുക...”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു
“എന്തുണ്ടാവാൻ രണ്ടിന് നാലു വേറെ തിരയും.
പോലീസ് വന്നു പോസ്റ്റ്‌മാർട്ടത്തിന് ശവം കൊണ്ടുപോയി, പോലീസിന്റെ അന്വേഷണം…. അതൊക്ക ഒരു കണക്കന്നെ.”
പോലീസ് അന്വേഷണം ഉണ്ടാവും അപ്പോൾ സത്യം പുറത്തു വരും അത് ഞാനാണ് ചെയ്തതെന്ന് നാളെ ലോകം അറിയും.
സംശയം ഓരോന്നായി മനസ്സിൽ ഓടിയെത്തുന്നു.
എല്ലാം നഷ്ടപെടുകയാണോ…. ഇന്നലെയുടെ നിഴലുകളും, ഇന്നിന്റെ ഈ നിമിഷങ്ങളും നല്ല നാളെയും.. എന്നിൽ നിന്നകലുകയാണ്
ഞാൻ മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നു.
അച്ഛനോട് പറഞ്ഞാലോ... പറയണം, ഒരു കോളിളക്കം പ്രതീക്ഷിച്ചു പുറത്തേക്കു വന്നു അച്ഛനോട് എല്ലാം പറഞ്ഞു.
പ്രതീക്ഷയ്ക്കു വിപരീതമാണ് സംഭവിച്ചത്, അച്ഛൻ ഒന്നും പറഞ്ഞില്ല ഇനി അച്ഛനും തീരുമാനിച്ചിരിക്കുമോ വിധിപോലെ നടക്കട്ടെ എന്ന്.
അമ്മ ഉമ്മരപ്പടിയിൽ കുത്തിയിരുന്നു. തലയ്ക്കു കൈ വച്ചു ആ നശിച്ച നിമിഷത്തെ പഴിച്ചു, ആ സമയം അങ്ങനെ തോന്നിപ്പിച്ച ദൈവത്തെ പഴിച്ചു, വിധിയെ പഴിച്ചു.
അച്ഛൻ ഒന്നും പറയാതെ എഴുന്നേറ്റ് പോയി....
എന്തു ചെയ്യണം എന്നറിയാതെ ഞാൻ വീണ്ടും മുറിക്കുള്ളിലേക്ക് പോയി
ഉച്ച കഴിഞ്ഞു അച്ഛൻ തിരിച്ചു വന്നു
“ഓനെവിടെ....” ഉറക്കെ ചോദിച്ചു
പലതും പ്രതീക്ഷിച്ചു ഞാൻ പുറത്തു വന്നു കൂടെ അമ്മയും.
“ഹാ... വൈകീട്ട് നീ പോവാൻ തയ്യാറായിക്കോ... കണ്ടിക്കലെ മജീദിന്റെ കൂടെ, ഓന് മംഗലാപുരത്തു ഹോട്ടലുണ്ട്... ബാക്കി നിന്റെ വിധിപോലെ...”
ഞാൻ തയ്യാറായിരുന്നു, ഈ ഓർമകളിൽ നിന്നു എന്നെന്നേക്കുമായി മാറണം എവിടേക്കെങ്കിലും.
ആവശ്യമുള്ള സാധനം തയ്യാറാക്കി ഞാൻ വൈകുന്നേരം കവലയിലേക്ക് ചെന്നു. അച്ഛനും കൂടെ ഉണ്ട്.
നൂറു രൂപയുടെ അഞ്ചു നോട്ടുകൾ എന്റെ കയ്യിൽ തന്നു... പിന്നെ മുഖം നോക്കാതെ പറഞ്ഞു.
“ശ്രദ്ധിക്കണം... ഇനി നീ ഒറ്റയ്ക്കാണ്...”
ആ കണ്ണുകൾ നിറയുന്നുണ്ടെന്നു തോന്നി
കുറച്ചു കഴിഞ്ഞപ്പോഴേക്കും മജീദ്ക്ക വന്നു. എന്നെ നോക്കി ചിരിച്ചു.
കവലയിൽ നിറുത്തിയിട്ട ബസ്സിൽ കയറി, മജീദ്ക്കയും അച്ഛനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്
ഈ നാടിനോട് വിടപറയുകയാണ്, അവസാനമായി ചന്ദ്രൻ ഗ്രാമത്തെ ഒന്നു നോക്കി.
ഒരു വലിയ ജനാവലിയോടെ പ്രകടനം കവലയിലേക്ക് വന്നു
"പ്രളയം പൊട്ടി ഒലിച്ചാലും
മാനം ഇടിഞ്ഞു വീണാലും
ഇല്ലാ നിങ്ങൾ മരിക്കുകില്ല
നിങ്ങൾ ഞങ്ങളിൽ ജീവിക്കും
രക്തസാക്ഷികൾ സിന്ദാബാദ്"
നാടിനു രണ്ടു ചെറുപ്പക്കാരാണ് നഷ്ടമായത്.
രണ്ടല്ല,, കൂടെ മരിക്കാതെ മരിച്ചു… ഈ ഞാനും.....