വർണ്ണഭേദങ്ങൾ ഷാരോൺ വി.എസ്. എഴുതിയ മലയാളം ചെറുകഥ / VARNABHETHANGAL MALAYALAM SHORT STORY BY SHARON V. S.

Kristel Graphics
0
വർണ്ണഭേദങ്ങൾ  ഷാരോൺ വി.എസ്.  എഴുതിയ  മലയാളം ചെറുകഥ  ഓൺലൈനായി വായിക്കാം. നമ്മൾ കണ്ടുമുട്ടുന്നവരിൽ പൊയ്മുഖമേതെന്ന് അറിയാതെ മായയായ  സ്വപ്നങ്ങളും വർണ്ണങ്ങളും തേടിപ്പോകുമ്പോൾ നമുക്ക് വന്നു ഭവിക്കുന്നതെന്താകും...?   

സ്സിൽ നല്ല തിരക്കായിരുന്നെങ്കിലും ആദ്യം കയറിപ്പറ്റിയതിനാൽ എനിക്ക് ഒരു സീറ്റ് തരപ്പെട്ടു. കമ്പിയിലും മറ്റുമായി കുറേപ്പേർ വവ്വാലുകണക്കെ തൂങ്ങി കിടപ്പുണ്ട്. ഓണത്തിന്റെ അവധിയായതിനാലാകും ബസ്സിലിത്ര തിരക്ക്. ഇപ്രാവശ്യം ഓണത്തിന് വരാതിരിക്കരുതെന്ന പ്രിയ ഭാര്യയുടെ ആവശ്യപ്രകാരം കുറച്ചുകൂടുതൽ ദിവസത്തെ ലീവും വാങ്ങിയാണ് പുറപ്പെട്ടത്. കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല. എങ്കിലും ഭാര്യയ്ക്കും കുഞ്ഞിനും ഉള്ള ഡ്രസ്സ് വാങ്ങി. ആദ്യമായി ഉണ്ടായ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് പോലും എത്താൻ കഴിഞ്ഞില്ല.ഇപ്പോൾ അവൾ കുഞ്ഞു സുന്ദരിയായിട്ടുണ്ടാവും അവളെപ്പോലെ തന്നെ അവളുടെ നിറവും അഴകുമാണ് കുഞ്ഞാവയ്ക്കും കിട്ടിയിരിക്കുന്നത്. ഇപ്രാവശ്യത്തെ ഓണം ഗംഭീരമാക്കണം....
ബസ്സ് പൊടുന്നനെ  എവിടേയോ ചവിട്ടി നിറുത്തിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. ഒരു തരുണീമണി ഓടി വന്ന് ബസ്സിൽ കയറി ബസ്സിന്റെ കമ്പിയിൽ പിടിക്കാനാഞ്ഞതും ബസ്സ് മുന്നോട്ടെടുത്തു. നേരെ പുറകോട്ട് മറിഞ്ഞ അവർ എന്റെ കാലിൽ കൈതാങ്ങി. മനോഹരമായ നീണ്ട വിരലുകളിൽ പിങ്ക് നെയിൽ പോളീഷ്. 
വിളറിയ ചിരിയോടെ അവൾ മൊഴിഞ്ഞു.
"സോറി സാർ "
ഞാൻ കുഴപ്പമില്ലെന്ന് മട്ടിൽ  വെറുതെ ചിരിച്ചു. 
അവൾ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് മുകളിലെ കമ്പിയിൽ പിടിച്ചു. 
ഞാനപ്പോൾ അവന്റെ ശ്രദ്ധിച്ചു. മഞ്ഞ ചുരിദാറും ടോപ്പുമാണ് വേഷം ആകാരവടിവൊത്ത ശരീരം . ചുരുണ്ടമുടി പുറകിൽ കെട്ടിവെച്ചിരിക്കുന്നു. തോളിൽ ഒരു ബാഗ് ഒരു കയ്യിൽ സാമാന്യം വലിയൊരു മൊബൈൽ ഫോണും. എന്തോ ജോലിക്ക് പോയിട്ട് വരികയാണെന്ന് തോന്നുന്നു.. 
അടുത്ത സ്റ്റോപ്പിൽ ബസ്സ് നിറുത്തിയപ്പോൾ എന്റെ കൂടെയുള്ളയാൾ ഇറങ്ങി. ഉടനെ അവൾ പറഞ്ഞു
സാറല്പം   നീങ്ങിയിരിക്കാമോ? 
ഞാൻ നീങ്ങിയിരുന്നു. അവൾ വേഗം തന്നെ എന്റെയരികിൽ ഇരുപ്പുറപ്പിച്ചു. 
എന്റെ ഭാര്യ കാണണ്ട ഒരു പെൺകുട്ടിയുടെ ഒപ്പം യാത്രചെയ്താൽ അവൾക്കു സഹിക്കില്ല. അവളൊരു പാവം നാട്ടിൻ പുറത്തുകാരിയാണല്ലോ..
''സാർ ഓണാവധിയായിട്ട് ജോലിസ്ഥലത്തുനിന്നും വീട്ടിലേയ്ക്കായിരിക്കുമല്ലേ?"
അവൾ ചോദിച്ചു. ഞാൻ ഒരു മൂളിച്ചയിൽ അതിന്റെ മറുപടി നൽകി 
"ആം "      
അവൾ വീണ്ടും അതുമിതും പറഞ്ഞുകൊണ്ടിരുന്നു. എന്റെ മറുപടി ലഘുവായതിനാലാകാം അവൾ പിന്നീടധികം സംസാരിച്ചില്ല.
ഒടുവിൽ ബസ്സ് പാലക്കാടിന്റെ ബസ്റ്റാന്റിൽ ഇരമ്പി നിന്നു. ഇനി മുൻസിപ്പൽ സ്റ്റാൻഡിലേക്ക് പോകണം മണ്ണാർക്കാട്  ബസ്സിൽ കയറാൻ...
റോഡിന്റെ ബസ്റ്റാന്റിനോട് ചേർന്നുള്ള വശത്ത് നിരയായി കിടക്കുന്ന ഓട്ടോറിക്ഷയെ വകവെയ്ക്കാതെ നടന്നുപോകാൻ തീരുമാനിച്ചു. അത് പിശുക്കുകൊണ്ടല്ല കേട്ടോ കാശ് ആവശ്യമില്ലാതെ ചെലവാക്കാൻ കയ്യിൽ ഇല്ലാത്തതുകൊണ്ടാണ്.
ബാഗും തൂക്കി  പിടിച്ച് അതിവേഗം ഞാൻ നടന്നു വിശപ്പ് വയറിനെ പിടികൂടിയിരിക്കുന്നു . ഉച്ചവെയിൽ തലക്കു മുകളിൽ എരിഞ്ഞു കത്തുന്നു
"സാർ....."
മധുരമായ പരിചിതമായ ഒരു ശബ്ദം എന്നെ പിടിച്ചു നിർത്തി
"ഞാനും അങ്ങോട്ട് തന്നെയാണ്... നിൽക്ക് ..."
ഞാൻ തിരിഞ്ഞു നോക്കി അത് അവളാണ്; ആ കാലിൽ വീണ  പെൺകുട്ടി
"ഓ ഈ ബസിനു വന്നില്ലായിരുന്നുവെങ്കിൽ ഇരുളും മുൻപ് വീടെത്താൻ ആകുമായിരുന്നില്ല. സാറിന് ഒരു ഓട്ടോ വിളിച്ചു കൂടെ ഈ പൊരിഞ്ഞ വെയിലത്ത് നടക്കണോ?"
 എൻറെ കാര്യംഞാൻ നോക്കിക്കൊള്ളാം എന്ന്  പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. ഉടനെ അവൾ ഒരു ഓട്ടോയെ കൈകാട്ടി വിളിച്ചു ഓട്ടോറിക്ഷ ഡ്രൈവർ ഒരു ഇര വീണുകിട്ടിയ സന്തോഷത്തോടെ അടുത്തെത്തി.
 "വാ കേറ്  സാറേ....."
ഞാനൊന്ന് പകച്ചു എന്താ ഈ പെൺകുട്ടിയുടെ ഒരു തന്റേടം. എന്റെ ഭാര്യയ്ക്ക് ഇതിന്റെ പകുതി ധൈര്യമില്ല. ഞാൻ വിയർപ്പ് തുടച്ചുകൊണ്ട് മനസില്ല മനസ്സോടെ കയറി.
"സാറിന് എന്താ ജോലി?"
" ഒരു മാർബിൾ കമ്പനിയിലാണ്"
" ഓഹോ, നല്ല ശമ്പളം ഉണ്ടാകുമല്ലോ?"
അവൾ ഒന്നുകൂടി അനങ്ങിയിരുന്നു. പിന്നെ തുടർന്നു.
"ഞാൻ ബി.എ വരെ പഠിച്ചു. തുടർന്ന് ജോലിക്കായി കുറെ സ്ഥലത്തു അലഞ്ഞു. ഒന്നും ശരിയായില്ല. വീട്ടിൽ എന്റെ താഴെ രണ്ട് പെൺകുട്ടികൾ കൂടെയുണ്ടെ.... ഒരു ഇന്റർവ്യൂന് പോയതാ അവര് വിളിക്കാമെന്ന് പറഞ്ഞു .."
അവളുടെ സംസാരം ഇങ്ങനെ ഇടതടവില്ലാതെ തുടർന്നുകൊണ്ടിരുന്നു.
ഞാൻ വെറുതെ മൂളി ...
അവൾ എന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു
"സാറെന്താ ഇങ്ങനെ മിണ്ടാണ്ടിരിയ്ക്കുന്നത്'...?"
"ഏയ് ഒന്നുമില്ല "
"സാർ സംസാരത്തിൽ പോലും പിശുക്കനാണല്ലേ ?"
അവൾ പരിഹാസരൂപേണ ചിരിച്ചു..
"ഏയ് അങ്ങനെയൊന്നുമല്ല; പേര് എന്താന്നാ പറഞ്ഞത് ?"
"അതിന് ഞാൻ പേര് പറഞ്ഞില്ലല്ലോ.. സാർ ചോദിച്ചുമില്ല..."
ഞാനൊന്ന് വിളറി
"എന്റെ പേര് രാധിക ; രാധയെന്നാണ് എല്ലാവരും വിളിക്കുക..." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളുടെ സംസാരവും ചുറുചുറുക്കും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എത്ര സമർത്ഥമായിട്ടാ ഇവൾ സംസാരിക്കുന്നത്. ഇതിന് നേർ വിപരീതമാണ് എന്റെ ഭാര്യ. അത് സാംസാരത്തിൽ മാത്രമല്ല രൂപത്തിലും...!
ഓട്ടോറിക്ഷയിൽ നിന്നിറങ്ങവേ ഞാൻ കാശ് കൊടുക്കാം എന്നോർത്ത് കീശയിൽ തപ്പി അവളപ്പൊഴേയ്ക്കും കാശ് കൊടുത്തത്തിരുന്നു.
"എനിക്ക് നന്നായി വിശക്കുന്നു. സാറും രാവിലെ യാത്ര തുടങ്ങിയതല്ലേ ... ആ ഹോട്ടലിൽ കയറി വല്ലതും കഴിച്ചാലോ..?"
ഞാൻ മടിച്ചു നിന്ന്. അവൾ വീണ്ടും നിർബന്ധിക്കവെ മനസില്ലാ മനസ്സോടെ സമ്മതിച്ചു.
ഭക്ഷണമെല്ലാം ഓർഡർ  ചെയ്തതും അവൾതന്നെയായിരുന്നു. നിമിഷങ്ങൾകൊണ്ട് ചിരപരിചിതരെപ്പോലെ പെരുമാറുന്നു. നിഷ്ക്കളങ്കമായ ചിരിയും വർത്തമാനവും .
"എനിക്ക് സാറിന്റെ സ്വഭാവം മൊത്തത്തിൽ ഇഷ്ടപ്പെട്ടു.."
ഭക്ഷണം കഴിക്കുന്നതിനിടെ അവൾ പറഞ്ഞു .. സാറിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഭാഗ്യമുള്ളവരാണ്. സാറിനെ കണ്ടാലറിയാം സാറവരെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്.."
അവൾ വർത്തമാനം തുടർന്നു.
"ഈ ബാഗിലെന്താ ഭാര്യയ്ക്കുള്ള സമ്മാനമൊക്കെയായിരിക്കുമല്ലേ .. കുറേനാള് കൂടി വരികയല്ലേ..  "
ഞാൻ മറുപടി പറയാതെ വെറുതെ ചിരിച്ചു.
"ഭക്ഷണം കഴിയ്ക്കുമ്പോഴെങ്കിലും സംസാരിക്കാതിരുന്നുകൂടെ..?" ഞാൻ ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഞാൻ കഴിച്ചു കഴിഞ്ഞു.. അവിടെ ഇപ്പോഴും ഇരിക്കുകയാണല്ലോ.. ഞാൻ വാഷ് ചെയ്തിട്ട് വരാം.." അവൾ എഴുന്നേറ്റു...
അവൾ തിരികെ വന്നതിനു ശേഷമാണ് ഞാൻ കൈകഴുകാൻ പോയത്. കാരണം എന്റെ ബാഗ് സുരക്ഷിതമായിരിക്കുമല്ലോ. കൈ കഴുകി തലമുടിയൊന്ന് മിനുക്കി തിരികെയെത്തിയപ്പോൾ...?
രാധിക ഞങ്ങൾ ഭക്ഷണം കഴിച്ച സ്ഥലത്തില്ല !
പുറത്തിറങ്ങി നിൽപ്പുണ്ടാകണം. ഞാൻ ബാഗെടുക്കാൻ നോക്കിയപ്പോൾ അവിടെയില്ല  ബാഗ് രാധികയെടുത്തതുകൊണ്ട് പോയതായിരിക്കാം. ബില്ല് അടച്ചതിനുശേഷം പുറത്തേയ്ക്കിറങ്ങി. അവിടെ രാധികയില്ല! ഞാൻ തിരികെ ഹോട്ടലിൽ കയറി അവിടെ ചുറ്റും നോക്കി .. ടോയ്‌ലെറ്റിൽ പോയിരിക്കുമോ?
"എന്താ സാർ ആരെയാ നോക്കുന്നത് " ഹോട്ടൽ മാനേജർ ചോദിച്ചു.
"എന്റെ കൂടെ വന്ന ആളെ നോക്കിയതാ കണ്ടില്ല ."
"അവര് പുറത്തേയ്ക്ക് ഇറങ്ങിയല്ലോ "
ഞാൻ വീണ്ടും പുറത്തേയ്ക്ക് ഇറങ്ങി മഞ്ഞ ടോപ്പ് കാണുന്നുണ്ടോ.. ഇല്ല. ആ ചുറ്റുവട്ടം മുഴുവൻ അന്വേഷിച്ചു. പതിയെ പതിയെ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു  ഞാൻ കബളിക്കപ്പെട്ടു.
ഞാൻ ആകെ തളർന്നുപോയി. പാസ്പോർട്ട്, പണം, ഡ്രസ്സ് തുടങ്ങി എത്രയോ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അഭിനയം തിരിച്ചറിയാത്ത ഒരു മണ്ടനായി ഞാൻ.
ഭാര്യയുടെയും കുഞ്ഞിന്റേയും മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അവരോട് ഇനിയെന്ത് പറയും.....?
ഇപ്പോൾ രാധികയുടെ മുഖം ഭാര്യയുടെ മുഖത്തേക്കാൾ കറുപ്പേറിയിരുന്നു. ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ? ഏതൊരു  വർത്തമാനമായിരുന്നു... ഇത്രയും നാളത്തെ അദ്ധ്വാനത്തിന്റെ ഒരു ഓഹരി അവൾ തട്ടിയെടുത്തു.
ബസ്റ്റാന്ഡിലെ പൊട്ടിപ്പൊളിഞ്ഞ ബഞ്ചിന്റെ അരികിൽ ഞാൻ തളർന്നിരുന്നു പൊട്ടിത്തകർന്ന മനസ്സുമായി.....


ഷാരോൺ വി.എസ്.
...........................................................................



About Author


Sharon V S
Vellathottam 
Malayattoor p.o
Kerala
Email: onlinethoolika@gmail.com 
...........................................................................





















Post a Comment

0Comments

Post a Comment (0)