നീർക്കുമിളകൾ / NEERKUMILAKAL MALAYALAM STORY ONLINE BY JULIET VARGHESE

Kristel Graphics
0
നീർക്കുമിളകൾ മലയാളം കഥ ഓൺലൈനായി വായിക്കൂ.. അഭിപ്രായമറിയിക്കൂ ..

മുറ്റത്തെ മണ്ടപോയ തെങ്ങിന്റെ നിഴൽ കിഴക്കു ദിക്കിലേക്ക് നീണ്ടുകൊണ്ടിരുന്നു. അവിടെയുമിവിടെയും ഓടുകൾ നഷ്ടപ്പെട്ട അസ്ഥികൂടം പോലെ വാരിയും കഴുക്കോലും തെളിഞ്ഞ പുരപ്പുറത്തിരുന്ന ഒരു കാക്ക നീട്ടി കരയുന്നുണ്ടായിരുന്നു....
ഉമ്മറത്തെ ദ്രവിച്ചുതുടങ്ങിയ മരത്തൂണിനെ ചാരി ശിരസ്സ് കുമ്പിട്ട് സുമയപ്പോഴുമിരിക്കുകയായിരുന്നു. സമയമെത്രയായി അവളിങ്ങനെയിരിക്കുന്നു. കുഴിഞ്ഞ് കറുപ്പ് നിഴലിച്ച കൺതടങ്ങളിലൂടെ നനവ് പടർന്നിറങ്ങുന്നുണ്ട്. 
എന്തെന്തു മോഹങ്ങളോടെയായിരുന്നു ഈ വീട്ടിലേയ്ക്ക് നിലവിളക്കുമെടുത്ത് വലതുകാൽ വെച്ച് കയറിയത്. സ്നേഹമയിയായ അമ്മായിയമ്മ, കരുതലും സ്നേഹവുമുള്ള ഭർത്താവ്, പൂമ്പാറ്റകളായി പാറിനടക്കുന്ന കുഞ്ഞുങ്ങൾ  സന്തോഷവും സമാധാനവുമുള്ള ഒരു വീട്.....!!    
കല്യാണ രാത്രിതന്നെയറിഞ്ഞു എല്ലാം ദിവാസ്വപ്നങ്ങളായിരുന്നെന്ന്. പകല് കണ്ട വേണുവേട്ടനായിരുന്നില്ല; മുറിയിൽ എത്തിയത്. ആദ്യ രാത്രിയിൽ മുറിയിൽ കാത്തിരുന്ന മടുത്ത എന്റെയരികിലെത്തിയപ്പോൾ മൂക്കറ്റം കുറിച്ച് വേച്ച് വേച്ച് വന്ന് കട്ടിലിലേക്ക് വീഴുകയായിരുന്നു. മദ്യത്തിന്റെ രൂക്ഷ ഗന്ധം മുറിയാകെ വ്യാപിച്ചു... എന്തൊക്കെയോ പുലമ്പിക്കൊണ്ട് പതിയെ ഉറക്കത്തിലാണ്ടു... ജനാലയിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി പൊട്ടിക്കരയാൻ മാത്രമാണ് അന്ന് കഴിഞ്ഞത്. അന്നുമുതൽ മനസ്സിലെ മോഹങ്ങളുടെ ജാലകവാതിലുകളെല്ലാം കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു...
ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത എന്തെല്ലാമാണ് പിന്നീട് ജീവിതത്തിൽ നടന്നത്.....
ഒരു ദിവസം ആടിയാടി പറ്റി കയറിവന്ന വേണുവേട്ടനോട് 'അമ്മ ചോദിച്ചു
" എന്താ ഉണ്യേ ഇത് .. നിനക്ക് നിന്റെ കുടുംബത്തെപ്പറ്റി വല്ല വിചാരോണ്ടോ  ? നിന്റെ ഭാര്യയെക്കുറിച്ച് നിനക്ക് ചിന്തയുണ്ടോ?"
" ഓ ... തൊടങ്ങി തള്ളയുടെ കോണദോഷം.. അവക്കെന്തിന്റെ കൊഴപ്പാ ഇവിടെ? തിന്നാനില്ലേ.. ; പിന്നെ ഞാനിത്തിരിക്കുട്ടിച്ചാലാർക്കാ ചേദം... ? നിനക്കു കൊഴപ്പമൊണ്ടോടീ.."
എന്റെ നേരെ നിലത്തുറയ്ക്കാത്ത കാലുകളോടെ വന്നിട്ട് ചോദിച്ചു... ഞാൻ നിറ മിഴികളോടെ അകത്തേയ്ക്കു പോയി.
" എടാ ഇതാണോ ജീവിതം കെട്ടിവന്ന നാളു  മുതൽക്കേ അതിനൊരു സന്തോഷം കൊടുത്തിട്ടുണ്ടോ? അവളെക്കൂട്ടി ഒന്ന് അമ്പലത്തിപ്പോകുവോ, അവളുടെ വീട്ടിലൊന്ന് പോകുവോ ഒക്കെ ചെയ്തു കൂടെ..?"
" പിന്നെ കെട്ടിയെഴുന്നള്ളിക്കാൻ പറ്റിയ ഒരു ചരക്ക്.." അവജ്ഞയോടെ പറഞ്ഞുകൊണ്ട് മുറ്റത്തേയ്ക്ക് കാർക്കിച്ച് തുപ്പി അയാൾ..
വേണുവേട്ടൻ തന്നെയിത്രയേറെ വെറുക്കാനെത്താ കാരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. പിന്നെ പിന്നെയറിഞ്ഞു കുടി മാത്രമല്ല പുറത്ത് പറയാൻ കൊള്ളാത്ത മറ്റു പലതുമുണ്ടെന്ന്...
ഒരു കുഞ്ഞുണ്ടായാൽ ചിലപ്പോൾ ഈ സ്വഭാവം അൽപ്പമെങ്കിലും മാറിയേനെ.. പക്ഷെ അതിനും .....??
എന്തുചെയ്യണമെന്ന്  എത്ര ആലോചിച്ചിട്ടും ഒരു ഉത്തരവും കിട്ടിയില്ല...
ആരുടെയും ഉപദേശങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കുന്നതേയില്ല.
വീട്ടിലേയ്ക്ക് കാര്യമായിട്ടൊന്നും പറഞ്ഞിട്ടില്ല അച്ഛൻ ഒരറ്റാക്ക്  കഴിഞ്ഞിരിക്കുകയാണ്. കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ്  എല്ലാവരെയും പോറ്റി വളർത്തിയത്. മക്കളിൽ മൂത്തവളായ എന്നോട് ഒരു പ്രത്യേക വാത്സല്യം അച്ഛനുണ്ടായിരുന്നു. അതിന്റെ പേരിൽ രണ്ടനുജന്മാരും പിണങ്ങാറുണ്ടായിരുന്നു. അമ്മയ്ക്കാണെങ്കിൽ ഇപ്പോൾ ആശുപത്രിയിൽ നിന്നിറങ്ങാൻ നേരമില്ല... പിന്നെ ഞാനാരോടെന്റെ വേദന പറയും... എന്റെ കല്യാണം നടത്തിയ കടം ഇനിയും വീട്ടിയിട്ടില്ല.. വീട്ടിൽ പോയി നിന്നാൽ ഞാനവർക്ക് ഒരു ഭാരമായിത്തത്തീരും....അതെ ഞാൻ എനിക്കുതന്നെ ഒരു ഭാരമാണല്ലോ ഇപ്പോൾ....
 വയ്യ..!. ജീവിതത്തോട് തന്നെ മടുപ്പ് തോന്നുന്നു...എന്തിനാണ് ഈശ്വരന്മാരെനിക്കിങ്ങനെയൊരു ജീവിതം തന്നത് ..?

അടുക്കളയിൽ 'അമ്മ അടുപ്പിൽ തീയൂതുന്ന ശബ്ദം കേൾക്കാം .. പാവം മകൻ വരുമ്പോഴേയ്ക്കും ഭക്ഷണം ചൂടാക്കി വെയ്ക്കുകയാണ്.
അവൾ എന്തോ തീരുമാനമെടുത്തപോലെ നിറമിഴികളുമായി അകത്തേയ്ക്കു നടന്നു..
പിന്നെ തുണികൾ വെച്ചിരിക്കുന്ന അലമാരയിൽ നിന്നും ഒരു ചെറിയ കുപ്പിയെടുത്തു.
ഇനി സുമയില്ല വേണുവേട്ടാ..  വേണുവേട്ടനെന്നെ വേണ്ടെങ്കിൽ പിന്നെ ഞാനെന്തിനായി ഇനി ജീവിക്കണം... എങ്കിലും വേണുവേട്ടൻ എനിക്ക് ഒരുപാടിഷ്ടമായിരുന്നു.... എനിക്ക് പറ്റാവുന്ന പോലൊക്കെ ഞാൻ സഹിച്ചു...  ക്ഷമിച്ചു ... ഇനിയെനിക്ക് വയ്യാ.... ഞാൻ പോകട്ടെ...
അവൾ സ്വയം പറഞ്ഞുകൊണ്ട് കുപ്പിയുടെ മൂടി തുറന്നു.
പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ ...
അതമ്മയല്ലേ... അമ്മയ്ക്കെന്തുപറ്റി ...
അവൾ ശബ്ദം കേട്ട ഉമ്മറത്തേയ്‌ക്ക്‌ ചെന്നു. അവിടെ കണ്ട കാഴ്ച ....!!
രക്തത്തിൽ കുളിച്ച് കിടക്കുന്ന വേണുവേട്ടന്റെ നിശ്ചല  ശരീരം ...
കണ്ണിൽ ഇരുട്ട് കയറും  പോലെ .. തലചുറ്റുന്നു... വീഴാതിരിക്കാൻ തൂണിൽ മുറുക്കെപ്പിടിച്ചു...
മുറ്റത്ത് കൂടിനിന്നവരിലാരോ പറയുന്നത് കേട്ടു.
കുടിച്ച്  ലക്കില്ലാതെ  ബൈക്കോടിച്ച് ഒരു ലോറിയുടെ മുൻപിലേക്ക് ചാരുകയാരുന്നെന്ന്..
 തന്റെ കണക്കു കൂട്ടലുകളെല്ലാം ഒരിക്കൽ കൂടി തെറ്റുകയാണെന്നവളറിഞ്ഞു. പിന്നെ ഗദ്ഗദം അടക്കാനാവാതെ അവളാ ചേതനയറ്റ ശരീരത്തിലേയ്ക്ക്  വീണു .
വേദനമുറ്റിയ വാക്കുകൾ അവളുടെ ഉള്ളിൽ നിന്നും ചിതറിവീണു..
"ന്റെ വേണുവേട്ടാ ..... എന്നെ തോല്പിച്ച് കളഞ്ഞല്ലോ..... വേണുവേട്ടാ .."



ജൂലിയറ്റ് വർഗ്ഗീസ് 
...........................................................................



About Author


Juliet Varghese
Ernakulam,  Kerala
Email: julietvsonline@gmail.com 
...........................................................................

















Post a Comment

0Comments

Post a Comment (0)