INIYUMORUPAKSHE MALAYALAM POEM
ഇനിയുമൊരുപക്ഷേ..
തിരിച്ചറിയേണ്ടവ തിരിച്ചറിയാത്തതാണെൻ്റെ തെറ്റെന്ന-
റിയാൻ ദിവസങ്ങളെ എനിക്ക് വർഷങ്ങളാക്കേണ്ടിവന്നു
എന്നോ മറന്ന ഓർമ്മകൾ അവ വീണ്ടും എന്നെ ഓർമ്മപ്പെടുത്തി
നാളെ ഒരു പക്ഷെ നഷ്ടം നിൻ്റേതു മാത്രമാകാം
വേദന നിനക്കുമാത്രവും
ചിരിച്ച മുഖങ്ങളൊരിക്കലും കരയാനൊരുങ്ങില്ല എന്ന-
സത്യം നാൾക്കുനാൾ ഞാൻ തിരിച്ചറിഞ്ഞു
കണ്ണീരിൻ്റെ നനവിനേക്കാൾ, വേദനക്കാഴമുണെന്നറിഞ്ഞിട്ടും,
സൗഹൃദത്തിൻ്റെ പിന്നാമ്പുറം നോക്കാതെ പ്രതികരിക്കാൻ
വെമ്പിയിട്ടും, എന്തോ എനിക്കതിനായില്ല
തിരുത്താൻ ഇനിയുമൊരവസരം ബാക്കിയുണ്ടോ ?
ഒരുപക്ഷേ വിധിയെനിക്കതു തരുമോ... അറിയില്ല
അതോ, കണ്ണുനീർത്തുള്ളികൾ പോൽ കാലം കടന്നുപോകെ,
ഇനിയുമെൻ്റെ ശ്വാസോച്ഛാസങ്ങൾക്ക് -
ജീവനുണ്ടാകുമോ?
അതുമല്ലെങ്കിൽ, ജീവിതനൗകയിലെന്നോ, പതറിയ
ഇടവഴി ഇനിയുമൊരിക്കലായ് തിരയണമോ?
അതോ, തിരഞ്ഞിട്ടുമൊടുങ്ങാത്ത തിരയലിൽ -
പാതിയുടെ പാതിവിട്ട് പുതിയതിലേയ്ക്ക് മടങ്ങണമോ?
ശൂന്യമായ വഴിത്താരയിൽ ഇനിയുമൊരുപക്ഷേ
ഞാൻ ബാക്കിയാവാം അന്ന് നെഞ്ചോടടുക്കാൻ
പഴയ തത്വങ്ങളില്ല, പുതിയ ആദർശങ്ങളില്ല
പകരം ഇരുട്ടിൻ്റെ മറപറ്റിയ നീറുന്ന ഓർമ്മകൾ മാത്രം
കരഞ്ഞ കണ്ണുകൾക്കും തകർന്ന മനസ്സിനുമിടയിൽ
ജീവനില്ലാത്ത ജീവിതം ഇനിയും ബാക്കി
അനുഭവങ്ങളുടെ തീവ്രതയ്ക്ക് ഇത്രയേറെ ചൂടുണ്ടെന്നറി-
ഞ്ഞിരുന്നില്ല, അതിലുപരി അക്ഷരങ്ങൾക്ക്
അവ കൂട്ടിയിണക്കുന്ന വാക്കുകളേക്കാൾ തീവ്രത
കുറഞ്ഞുപോയോ, അതുമെനിക്കറിയില്ല
പക്ഷേ ഒന്നെനിക്കറിയാം ഒരുപക്ഷേ നാളെ അവസരങ്ങൾ
എന്നെത്തേടിയെത്തുമ്പോൾ
അന്നുഞാനുണ്ടാകണം, സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ
ജീവനില്ലാത്ത ജീവിതത്തെ തേജസ്സുറ്റതാക്കാൻ
ഇരുട്ടിന്റെ അന്ധകാരത്തെ മാറ്റി, പ്രകാശം സ്പുരിക്കാൻ
നാളെയുടെ പ്രതീക്ഷകൾക്കായാൽ .... ഒരിക്കൽകൂടി
തിരിച്ചുവരും ഞാൻ, അടഞ്ഞുപോയ ഇരുട്ടിന്റെ
വാതായനങ്ങൾ തുറന്ന്, ആത്മാവിൻ്റെ ജ്വാലകെടാതെ
കറകളഞ്ഞ പുതിയ മനുഷ്യനായ്.... വീണ്ടും
പുതിയ തിരയും തീരവും തെറ്റി ഞാൻ വരും
എൻ്റെ പുതിയ നാളേയ്ക്കായ്.....