പേമത്തിൽ രക്തം പടരുമ്പോൾ
📝 ലേഖനം 📝
പ്രേമം എക്കാലത്തും കവികളും ഇതര സാഹിത്യകാരന്മാരും ദിവ്യമായാണ് അവരുടെ സാഹിത്യ കൃതികളിൽ വർണ്ണിച്ചിരിയ്ക്കുന്നത്. യാഥാർത്ഥപ്രേമം അങ്ങനെയായിരിക്കുകയും വേണം. രണ്ടുമനസ്സുകളുടെ മനോഹരമായ കൂടിച്ചേരൽ രണ്ട് ഹൃദയങ്ങളുടെ താളവും ഒന്നായിത്തത്തീരുക. ഇടയ്ക്കിടെ സംസാരിക്കണമെന്നു തോന്നുക, ഒന്ന് കാണണമെന്ന് തോന്നുക, ഒരുമിച്ചിരിക്കണമെന്നു തോന്നുക അങ്ങനെയങ്ങനെ... യഥാർഥത്തിൽ അതൊരു മധുരാനുഭവം തന്നെയാണ്.
എന്നാൽ ഈ കാലഘട്ടത്തിൽ പ്രേമത്തിന്റെ കാഴ്ചപ്പാട് മാറിയതുപോലെ തോന്നുന്നു. തന്റെ കണ്ണിൽ സുന്ദരമായത് എന്തും നേടാനുള്ള മനുഷ്യന്റെ ത്വര പ്രേമം എന്ന വികാരത്തെയും കടന്നാക്രമിച്ചിരിക്കുന്നു. ആദ്യപ്രണയം നീറ്റലായി ഇന്നും കൊണ്ടുനടക്കുന്ന മുതിർന്നവർ ധാരാളമുണ്ട്. എന്നാൽ ഇന്നത്തെ തലമുറയാകട്ടെ ചെയ്യുന്നതെന്താണ് ? എനിക്ക് ഇഷ്ടപ്പെട്ടയൊരാൾ എന്നെ പ്രേമിച്ചില്ലെങ്കിൽ അവരെ ആക്രമിക്കുക, വകവരുത്തുക. കുറച്ച് നാളുകളായി നിരന്തരം ഇതുപോലുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നു.
എന്റെ ഒരു കാഴ്ചപ്പാടിൽ പ്രേമം അതിൽ തന്നെ കള്ളത്തരമാണ്. അതായത് മറ്റൊരാളുടെ ഹൃദയം നേടാനായി നമ്മുടെ യഥാർത്ഥ സ്വഭാവം മറച്ചുപിടിച്ച് നല്ല വശം മാത്രം അവരുടെ മുൻപിൽ കാണിക്കുക. അവർക്കെന്തെങ്കിലും കുറവുണ്ടെങ്കിൽ അത് നിസ്സാരമായിക്കാണുന്നു. പക്ഷേ വിവാഹത്തിനു ശേഷം അതെല്ലാം വലിയ തെറ്റായി പരിണമിക്കുന്നു. പലപ്പോഴും പ്രേമവിവാഹം തകരുന്നതവിടെയാണ്. പ്രേമത്തിന്റെ ഏറ്റവും മോശമായ ഒരു ഭാവമുണ്ട് സ്വാർത്ഥത അവളെ / അവനെ നേടാനായി എന്തും ചെയ്യുക; ഇപ്പോഴത്തെ തലമുറയാകട്ടെ ഒരു പടി കൂടി കടന്ന് എനിക്ക് കിട്ടാത്തത് ആർക്കും കിട്ടാതിരിക്കാൻ നശിപ്പിച്ചുകളയുക എന്ന സ്ഥിതിയിലെത്തിച്ചേർന്നിരിക്കുന്നു .
പ്രേമത്തെക്കാളും സ്നേഹത്തിലാണ് പരിശുദ്ധിയുള്ളത്. അത് സ്വന്തം ഇഷ്ടത്തെക്കാളുപരി അപരന്റെ ഇഷ്ടത്തെ / നന്മയെ കാംക്ഷിക്കുന്നു. അപരനായി എന്തും സഹിക്കുന്നു, എന്തും ക്ഷമിക്കുന്നു, നമ്മൾ സ്നേഹിക്കുന്നവർക്ക് യാതൊരാപത്തും ഉണ്ടാവാൻ നാം ആഗ്രഹിക്കുന്നില്ല. അവർ സന്തോഷത്തോടെ ജീവിക്കാനായി നമ്മൾ എന്തും ചെയ്യും..
എന്തിനാണ് നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ ഇഷ്ടപ്പെടണമെന്ന് ശഠിക്കുന്നത്. ഓരോരുത്തർക്കും അവനവന്റേതായ വ്യക്തിത്വവും അഭിപ്രായവും സ്വാതന്ത്യവും ഉണ്ട്. അപരന്റെ വ്യക്തിത്വത്തെയും സ്വാതന്ത്യത്തെയും മാനിക്കാത്തവൻ എങ്ങനെ ഒരു കുടുംബജീവിതം ഭംഗിയായി കൊണ്ടുപോകാനാകും?
പക്വതയില്ലാത്ത പ്രായത്തിൽ എടുക്കുന്ന തീരുമാനങ്ങളും, ചിന്തിച്ചു പ്രവർത്തിക്കുന്നതിനേക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണ് ഇക്കാലത്ത് പ്രേമങ്ങൾ ഇത്തരം അപകടത്തിലേക്കെത്തപ്പെടുന്നത്. അപ്രകാരം തീരുമാനങ്ങളെടുക്കാൻ ഓരോരുത്തർക്കും പ്രചോദനമായിത്തീരുന്നത് കുടുംബമാകാൻ സാധ്യതയുണ്ട്. ഒന്നോ രണ്ടോ മക്കളുണ്ടെങ്കിൽ അവർക്ക് വേണ്ടെതെല്ലാം വാങ്ങി നൽകി അവര് ചോദിക്കുന്നതെല്ലാം നൽകി ഒരു കുറവും ഉണ്ടാകാതെ അവരെ വിഷമിപ്പിക്കാതെ അപ്പന്റെയും അമ്മയുടെയും ദുഖങ്ങളറിയിക്കാതെ വളർന്ന് കഴിയുമ്പോൾ; ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ അവർ അസ്വസ്ഥരാകുന്നു.
മിഥ്യയായ ലോകത്ത് ജീവിക്കാതെ നന്മയുടെ ; യാഥാർത്ഥ സ്നേഹത്തത്തിന്റെ ലോകത്ത് ജീവിക്കാൻ ഇന്നത്തെ തലമുറയ്ക്കാകട്ടെ ..