വറുത്തരച്ച സാമ്പാർ
🍀 പാചകം 🍀
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും, ഗൃഹാതരുത്വം ഉണർത്തുന്നതുമായ പാരമ്പര്യ വിഭവമാണ് സാമ്പാർ. നമ്മുടെ നാടൻ സദ്യകൾക്കും, ഓണം പോലുള്ള മലയാളത്തനിമയുള്ള ആഘോഷങ്ങളിലെ പാചകത്തിനും സാമ്പാർ ഒരു അനിവാര്യതയാണ്. ഇപ്രാവശ്യം ഒരു വറുത്തരച്ച സാമ്പാറാകട്ടെ നമ്മുടെ സ്‌പെഷ്യൽ.
ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, വെണ്ടയ്ക്ക, തക്കാളി, വഴുതിന, മത്തങ്ങ, ചേന
ക്യാരറ്റ്, വെള്ളരിക്ക, നേന്ത്രക്കായ തുടങ്ങി ഏതു പച്ചക്കറിയും സാമ്പാറുണ്ടാക്കാൻ ഉപയോഗിക്കാം. പച്ചച്ചക്കറികളും, കിഴങ്ങു വർഗ്ഗങ്ങളും ഇടത്തരം വലുപ്പത്തിൽ അരിഞ്ഞുവെയ്ക്കണം.
പുളി (ഒരു ചെറുനാരങ്ങായുടെ വലുപ്പത്തിൽ ) എടുത്ത് ചെറിയ ചൂടുള്ള അല്പം വെള്ളത്തിൽ ഇടുക. അഞ്ചുമിനിറ്റ് കഴിഞ്ഞ് അതു പിഴിഞ്ഞ് ആവെള്ളം എടുത്ത് മാറ്റിവെയ്ക്കുക.
തുവരപ്പരിപ്പ് (200 ഗ്രാം ) എടുത്ത് ഒരു കുക്കറിൽ ഇട്ട് വേവിച്ചെടുക്കണം അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർക്കാൻ മറക്കരുത്.വെന്തു കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
അപ്പോൾ ഇനി നമുക്കെന്തെല്ലാം വേണമെന്ന് നോക്കാം.
മുളക് (ഉണക്കമുളക് / വറ്റൽ മുളക് ) - 14 എണ്ണം
കടലപ്പരിപ്പ് - രണ്ട് സ്പൂൺ
മല്ലി - അഞ്ച് സ്പൂൺ
തേങ്ങ (ചിരകിയത് ) - കാൽ കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
ഉലുവ - കാൽ സ്പൂൺ
കടുക് - രണ്ടുസ്പൂൺ
കറിവേപ്പില - മൂന്നോ നാലോ തണ്ട്
അപ്പോഴിനി നമുക്ക് അരപ്പിനുള്ള സാധനങ്ങൾ എല്ലാം കൂടി വറുത്തെടുക്കണം. മല്ലിപ്പൊടിയും , എട്ടോ പത്തോ മുളകും, ഉലുവയും, തേങ്ങയും, കടലപ്പരിപ്പും, ഒരു തണ്ട് കറിവേപ്പിലയും കൂടി കുറഞ്ഞ ചൂടിൽ വറക്കണം. ഇളക്കുന്നതിൽ ഒരു പിശുക്കും വേണ്ട. കരിഞ്ഞാൽ പണി പാളും. എണ്ണ ഇതിനായി ഉപയോഗിക്കേണ്ട ആവശ്യമില്ല. മൂത്തമണം വരുമ്പോൾ ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റണം. അത് ആറിക്കഴിയുമ്പോൾ ഒരു സ്പൂൺ കായവും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം.
നമ്മുടെ കുക്കറിനെ വീണ്ടുമെടുത്ത് അതിലേയ്ക്ക് പച്ചക്കറികളും അൽപം ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിക്കുക ഒരു രണ്ട് വിസിലടിച്ചാൽ അപ്പോൾ നിറുത്തണം. കൂട്ടത്തിൽ ചിലരെ ഇതിനൊപ്പം വേവിക്കേണ്ട വെണ്ടക്കായ, വഴുതനങ്ങ പോലുള്ളവ. അവരെ ഒന്ന് എണ്ണക്കാത്തിട്ട് വഴറ്റിയെടുക്കേണ്ടതുണ്ട്. പച്ചക്കറികൾ വെന്തതിലേയ്ക്ക് വേവിച്ചുവെച്ച പരിപ്പ് ചേർത്ത് ഒന്ന് തിളപ്പിയ്ക്കുക.
ഇനി നമുക്ക് ഇതിലേയ്ക്ക് അരപ്പും പുളിവെള്ളവും ഇതിലേയ്ക്ക് ചേർക്കാം. ആവശ്യത്തിന് വെള്ളവും ഉപ്പ് കുറവാണെങ്കിയിൽ അതും ഇപ്പോൾ ചേർക്കാം. ഇനി നന്നായി തിളയ്ക്കട്ടെ..
അപ്പോഴേയ്ക്കും നമുക്ക് ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകും വറ്റൽ മുളകും ഒരു തണ്ട് കറിവേപ്പിലയും ഇട്ട് വഴറ്റാം ഒപ്പം നമ്മുടെ മാറ്റിവെച്ച വെണ്ടയ്ക്കയെയും, വഴുതനങ്ങയെയും ചേർത്ത് ഇളക്കാം. ഇത് പാകമാകുമ്പോൾ സാമ്പാറിലേക്കൊഴിയ്ക്കുക.
ഇപ്പോൾ നമ്മുടെ വറുത്തരച്ച സാമ്പാർ റെഡി 💓
About the Author
Nandanaa Sreekumar
Kairali Nivas
Kadappakada p.o
Kerala - 691008