ബധിരനായ തവള മലയാളം കഥ ഓൺലൈനായി വായിക്കാം | Malayalam online story A deaf frog

Malayalam Magazine
0

    

ടിഞ്ഞാറ് ചുവന്ന സ്വർണ്ണ വർണ്ണത്താൽ  തുടുത്ത   സൂര്യന്റെ മടക്കയാത്രയ്ക്ക് സാക്ഷിയായി അവൻ മാവിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു. സൂര്യന്റെ മനോഹരമായ സ്വർണ്ണ കിരണങ്ങൾ വിനീതിന്റെ മനോഹരമായ കവിളുകളിലൂടെ ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ സ്വർണ്ണ നിറത്തിൽ പ്രകാശിപ്പിച്ചു. വീടിന്റെ മുൻപിൽ വേലിയോട് ചേർന്നുള്ള മാവിന്റെ ചുവട്ടിലായിരുന്നവൻ.

    ഇന്നത്തെ സംഭവം മറക്കാൻ അവനാകുന്നില്ല. ഇന്ന് ക്ലാസ്സിൽ പരീക്ഷ നടത്തിയപ്പോൾ  വിനീതിന് മാർക്ക് കുറവായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവൻ തോറ്റു. ടീച്ചർ വിനീതിന്റെ മേൽ ചീത്ത വാക്കുകളുടെ മഴ പെയ്യിച്ചു. അവർ അവനെ 'ഒരു കഴിവുമില്ലാത്ത വിഡ്ഢി കുരങ്ങൻ' എന്ന് വിളിച്ചു. ഒരു ദിവസം മുഴുവൻ അവനെ കളിയാക്കി. അത് അവന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.  ഇത്രയും മോശമായ ഒരു ദിവസം ജീവിതത്തിലുണ്ടായിട്ടില്ലായെന്നവനോർത്തു.                             

   വിനീതിന്റെ അമ്മ വീടിനു പുറകിലുള്ള പറമ്പിൽ നിന്ന് വിറക് ശേഖരിക്കുകയായിരുന്നു. മരത്തിന്റെ ചുവട്ടിൽ ഇരുന്നു കരയുന്ന മകനെ അവൾ കണ്ടു. അവനെ ഇത്രയധികം ശിക്ഷിച്ചതിൽ അവന്റെ കുഞ്ഞു മനസ്സ് വേദനിപ്പിച്ചതിൽ  അവൾക്ക് സങ്കടം തോന്നി. 

    വിനീതിന്റെ 'അമ്മ അല്പം മെലിഞ്ഞ ശരീരപ്രകൃതമുള്ളവളായിരുന്നു. മകന്റെ ചെറുപ്പത്തിൽ അപ്പൻ ആ കുടുംബത്തെ വിട്ടകന്നതിനാൽ വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിതം മുന്നോട്ട് നീക്കുന്നത്. അമ്മ മെലിഞ്ഞ കൈ വീശി അവനെ വിളിക്കുന്നത് വിനീത് നനഞ്ഞ മിഴികളിലൂടെ കണ്ടു. അവൻ ഷർട്ടിന്റെ തുമ്പുയർത്തി കണ്ണുനീർ തുടച്ചു അവളുടെ അടുത്തേക്ക് ഓടി. അവൾ മകന് വേണ്ടി ഒരു രുചികരമായ മാമ്പഴവുമായി കാത്തിരിക്കുകയായിരുന്നു .                    

        അമ്മയുടെ ആ സമ്മാനം വിനീത് ആസ്വദിച്ചു. അവൾ മകന്റെ തലയിൽ തലോടി സാരിത്തുമ്പാൽ മുഖം തുടച്ചു.

                "എന്റെ മകനേ കരയരുത്, അവൾ പറഞ്ഞു

                "അമ്മേ, എന്നോട് ക്ഷമിക്കണം, ഞാൻ ശ്രമിച്ചു പക്ഷെ.."

                "എനിക്ക് നിന്നെ വിശ്വാസമാണ് കുഞ്ഞേ ..."

"അമ്മയൊരു ചെറിയ കഥ പറയാം. പണ്ട് ഒരു തവള ഒരു വലിയ മരത്തിൽ കയറാൻ ആഗ്രഹിച്ചു. ഇതറിഞ്ഞ സുഹൃത്തുക്കൾ അവനെ നോക്കി കളിയാക്കി ചിരിച്ചു. അവൻ തന്റെ മരം കയറ്റത്തിനായി ഒരു ഒരു ദിവസം നിശ്ചയിച്ച് എല്ലാവരേയും ക്ഷണിച്ചു. അവൻ ആ മരത്തിൽ കയറാൻ തുടങ്ങിയപ്പോൾ. മറ്റ്   തവളകളെല്ലാം അവനെ കളിയാക്കുകയും, നിനക്കതിനു കഴിയില്ലായെന്ന് ആക്രോശിക്കുകയും ചെയ്തു. പക്ഷേ എന്താണ് സംഭവിച്ചതെറിയാമോ? ആ തവള മരത്തിന്റെ മുകളിൽ കയറി."

                "അതെങ്ങനെ?" വിനീതിന്റെ ആകാംക്ഷ ഉയർന്നു.

                 "യഥാർത്ഥത്തിൽ ആ മരത്തിൽ കയറിയ തവള ബധിരനായിരുന്നു. മറ്റ് തവളകൾ അവനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അവൻ കരുതി. ഞാൻ പറഞ്ഞകഥയിൽ നിന്ന് മോനെന്തു മനസ്സിലായി?" പ്രതീക്ഷിച്ച മറുപടിക്കായി അമ്മ മകനെ നോക്കി.

                "തവള ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു," അവൻ ചിരിച്ചു

                 "അപ്പോൾ നീയാണ് കുഴപ്പക്കാരൻ"

വിനീതിന്റെ അമ്മ അവനെ പിടിച്ച് ഇക്കിളിപ്പെടുത്തി. രണ്ടുപേരും ചിരിച്ചു. അപ്പോഴേയ്ക്കും ആ  മനോഹര നിമിഷത്തിനു സാക്ഷിയായി സൂര്യൻ മറഞ്ഞിരുന്നു.

* * * *

               ആയിടെയാണ് ക്ലാസ്സിൽ ടീച്ചറുടെ കൂടെ ഒരു സുന്ദരിയായ പെൺകുട്ടി വന്നത് ഓരോ വിദ്യാർത്ഥികളും കൗതുകപൂർവ്വം അവളെ നോക്കുന്നുണ്ടായിരുന്നു. ടീച്ചർ അവളെ ക്ലാസ്സിലേക്ക് പുതിയ അഡ്മിഷൻ ആയി പരിചയപ്പെടുത്തി. വിനീത്  അവളെ നോക്കി അവളുടെ മനോഹരമായ പുഞ്ചിരി അവനിഷ്ടപ്പെട്ടു . അവൾ ഒരു പ്രതിഭയായിരുന്നു പഠിത്തത്തിൽ മാത്രമല്ല പഠനേതര കാര്യങ്ങളിലും  അവൾ മിടുക്കിയായിരുന്നു. അവൻ അവളുടെ നല്ല സുഹൃത്താകാൻ ആഗ്രഹിച്ചു. ഇടവേളയിൽ അവളെ കാണാൻ അവൻ തീരുമാനിച്ചു 

     ഇന്റർവെൽ ആയപ്പോൾ വിനീത്  ആ പുതിയ പെൺകുട്ടിയെ പരിചയപ്പെടാനെത്തി. അവളെ കണ്ടുപിടിക്കാൻ പ്രയാസം തോന്നിയില്ല. അവൾ ആ പൊങ്ങച്ചക്കാരി ജീനയുടെ അരികിൽ ഇരിപ്പുണ്ട്, അവർക്ക് ചുറ്റും ഒരു പറ്റം പെൺകുട്ടികൾ ഉണ്ടായിരുന്നു.

    വിനീത്  അവരുടെ അടുത്തേക്ക് ചെന്നുവെങ്കിലും അവന്റെ അപകർഷതാബോധം അവനെ ഏതാണ്ട് കൊല്ലുകയായിരുന്നു. ജീന അവൻ വരുന്നത് കണ്ടു ലില്ലിയോട് പറഞ്ഞു.

            "ഇതാ വിഡ്ഢി കുരങ്ങൻ വരുന്നു" ജീന പരിഹസിച്ച് ചിരിച്ചു. എല്ലാ പെൺകുട്ടികളും അവനെ നോക്കി പരിഹാസരൂപേണ ചിരിച്ചു. ലില്ലി അത് കേട്ട് ചിരിച്ചില്ല. വിനീത് പഠിക്കാൻ മോശമാണെന്ന്  ജീന അവളോട് പറഞ്ഞു. ഇത് കേട്ട് അവൻ ഞെട്ടിപ്പോയി. അവൻ കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ലില്ലി ജീനയെ   ശകാരിച്ചതിന് ശേഷം അവനെ അനുഗമിച്ചു. പക്ഷെ ജീനയ്ക്ക് ഒരിക്കലും കുറ്റബോധം തോന്നിയില്ല. വരാന്തയിൽ ഇരിക്കുന്ന പാവം കുട്ടിയെ ലില്ലി കണ്ടു. അവൾ അവന്റെ അരികിലെത്തി.

"ഹലോ, ഞാൻ ലില്ലി. കരയരുത്. അവളുടെ വാക്കുകൾ മറന്നേക്കൂ" ലില്ലിയുടെ വാക്കുകൾക്ക് അസാധാരണമായ വൈകാരിക ശക്തി ഉണ്ടായിരുന്നു. വിനീതും ലില്ലിയും ഒരുപാട് നേരം സംസാരിച്ചു. പതിയെ അവർ ഉറ്റ സുഹൃത്തുക്കളായി. വിനീതിന് അവളുടെ കരുതലുള്ള മനസ്സും, ലില്ലിക്ക് വിനീതിന്റെ വിനയവും ഇഷ്ടപ്പെട്ടു. .  

 * * * *

                അന്ന് അവധി ദിവസമായതിനാൽ ലില്ലിക്ക് തന്റെ സുഹൃത്തിന്റെ വീട് സന്ദർശിക്കാൻ അവസരം ലഭിച്ചു. ലില്ലി അവന്റെ പഠനമുറിയിൽ വിനീത് വരച്ച ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. അവൻ ഒരു മികച്ച ആർട്ടിസ്റ്റാണെന്ന് അവൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഓരോ പെയിന്റിംഗിലും ചില സ്വഭാവങ്ങളും ഇരുണ്ട നിറങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അവൾ കണ്ടു. മെലിഞ്ഞു കറുത്ത ഒരു കുട്ടി. അവൾ ഒരു പെയിന്റിംഗ് സൂക്ഷ്മമായി പരിശോധിച്ചു.  ആ കറുത്ത കുട്ടി മറ്റാരുമല്ല, വിനീത്  തന്നെയാണെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി. മറ്റൊരു പെയിന്റിംഗിൽ അതേ കുട്ടി കരയുന്നതും ആളുകൾ അവനെ നോക്കി ചിരിക്കുന്നതും അടങ്ങിയിരുന്നു. ലില്ലിക്ക് അവന്റെ പ്രശ്നം മനസ്സിലായി.

    അവൻ അമ്മയെ ലില്ലിക്ക് പരിചയപ്പെടുത്തി. ലില്ലി വളരെ സഹതാപത്തോടെ ആ പാവം വിധവയെ നോക്കി പുഞ്ചിരിച്ചു. അവർ ഏറെ നേരം സംസാരിച്ചു.

                അവൾ പോകാന്നേരം അവനെ നോക്കി പറഞ്ഞു 

                 "നീ നന്നായി വരയ്ക്കുന്നു. എനിക്കത് അറിയില്ലായിരുന്നു" ലില്ലി പറഞ്ഞു

                 "ലില്ലിയ്ക്കെന്താ വര; അത് വിടൂ", വിനീത് പറഞ്ഞു

  "വിനീത്, നീ ഒരു വലിയ കലാകാരനാണെന്ന് നിനക്ക് മനസ്സിലാകുന്നില്ല. പക്ഷേ നീ  എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ മുട്ടുമടക്കുന്നതെന്നാണ്  എനിക്ക് മനസ്സിലാകാത്തത്."

                "എനിക്ക് പേടിയാണ്, ലില്ലി. പഠിക്കാതെ എന്റെ ഭാവി നശിച്ചുപോകും. എന്റെ ഈ കഴിവുകൊണ്ട് എന്ത് കാര്യം?."

                 "ഞാൻ പറയുന്നത് കേൾക്കൂ, ലില്ലി അവന്റെ തോളിൽ കൈ വെച്ചു." നിന്റെ ഭാവി നശിച്ചിട്ടില്ല. നിന്റെ  ഉള്ളിലെ  യഥാർത്ഥ സാധ്യതകൾ നീ   കണ്ടെത്തിയില്ല. ആത്മവിശ്വാസത്തോടെയിരിക്കുക."

                "ഞാൻ എങ്ങനെ എഴുന്നേൽക്കും?". വിനീതിന് സങ്കടം തോന്നി.

                "നിന്റെ  ചിന്തകളിലെ  നീ  അനുഭവിച്ച എല്ലാ വേദനകളും  മറക്കുക. നിന്റെ ഉള്ളിലുള്ള അപകർഷതാ ബോധം  തകർക്കുക. ധൈര്യത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും മുന്നേറുക. നീ ഒരു മികച്ച കലാകാരനാണ്  എന്ന സത്യം തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ തലയുയർത്തുക. മറ്റുള്ളവരുടെ തല നിന്റെ  മുമ്പിൽ ഒരിക്കൽ താഴും. മറ്റുള്ളവർ നിൻറെ നേരെ എറിയുന്ന കല്ലുകൾ ചവിട്ടുപടിയയായി തീർത്ത് നീ ഉയരണം. "

അവന്റെ തോളത്ത് ഇരു കാരങ്ങളാലും പിടിച്ച് ഒരു അമ്മയെപ്പോലെ അവൾ പറഞ്ഞു.   " മറ്റുള്ളവർക്ക് നിന്നെ ആവശ്യമില്ലെങ്കിൽ പോലും എനിക്ക് നിന്നെ വേണം. നീ മിടുക്കനാണ് വിനീത് "

                "നീ എന്റെ കണ്ണു തുറന്നു. ഞാൻ ഉയർത്തെഴുന്നേൽക്കും", അവൻ ലില്ലിയുടെ കൈപ്പത്തിയിൽ മൃദുവായി പിടിച്ചു. 

"നിന്നെ കണ്ടുമുട്ടിയത്  എന്റെ ഭാഗ്യമാണ് ". 

ഒരു ഇളം കാറ്റ് അവരെ തഴുകി കടന്നു പോയി... 

* * * *

            വിനീതിന്റെ മാറ്റത്തിൽ എല്ലാവരും അമ്പരന്നു. പഠനത്തിൽ മെച്ചപ്പെടുക മാത്രമല്ല, അവൻ ദേശീയ ചിത്രരചനാ മത്സരത്തിൽ വിജയിക്കുകയും ചെയ്തു. ജീന അവനെ അത്ഭുതത്തോടെ നോക്കി.

                  ക്ലാസ്സിലെ എല്ലാവരും മത്സരത്തിൽ പങ്കെടുത്തു. ടീച്ചർ എല്ലാവരോടും എന്താണ് വരച്ചതെന്ന് ചോദിച്ചു.

                 "ഭാവിയിലെ റോബോട്ടിക് ലോകത്തിന്റെ ചിത്രം ഞാൻ വരച്ചു" ലില്ലി പറഞ്ഞു.

                 “ഞാൻ എന്റെ വളർത്തുമൃഗത്തിന്റെ ചിത്രം വരച്ചു,” ജീന പറഞ്ഞു.

                 "നീ എന്താണ് വരച്ചത്?",ടീച്ചർ ചാമ്പ്യനോട് ചോദിച്ചു. വിനീത് എഴുന്നേറ്റു, തലയുയർത്തി, ലില്ലിയെ നോക്കി, ടീച്ചറെ നോക്കി, എല്ലാവരും അവനെ ഉറ്റു നോക്കുകയാണ്.

                  "ഞാൻ എന്റെ അമ്മയുടെ ചിത്രം വരച്ചു", അവന്റെ വാക്കുകളിൽ അമ്മയോടുള്ള അതിരറ്റ സ്നേഹം അടങ്ങിയിരുന്നു. ഒരു വലിയ കരഘോഷത്തോടെ അവൻ ഇരുന്നു. ലില്ലി അവനെയും  അവൾ വിനീതിനേയും  നോക്കി പുഞ്ചിരിച്ചു.

                  ടീച്ചർ എന്തൊക്കെയോ  തുടർന്നു പറയുന്നുണ്ടായിരുന്നു. വിനീത് അഗാധമായ ചിന്തയിൽ വീണു. പെട്ടെന്ന് അവൻ പുഞ്ചിരിച്ചു. അവന്റെ കണ്ണുകൾ തിളങ്ങി. അവൻ സ്വയം പറഞ്ഞു.

                   "ആ തവള ഞാനായിരുന്നു"



പി കെ ഹരികൃഷ്ണൻ 




About the Author








P  K HARIKRISHNAN





Post a Comment

0Comments

Post a Comment (0)