സിനിമാനടി താരകരൂപിണിയും അക്ഷരശ്ലോക സദസ്സും
കഥ നിവേദിത എം
രംഗം ഒന്ന്
രാവിലെ പത്തിനും പത്തരയ്ക്കും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ഉറങ്ങി എഴുന്നേറ്റാലുടൻ രാത്രി വീതിച്ചെടുത്ത ഇൻസ്റ്റയും, എഫ്.ബി യും ദീർഘമായി ഒന്ന് അവലോകനം ചെയ്യുന്നത് താരകരൂപിണിയുടെ ദിനചര്യയാണ് . ബാങ്ക് ലോണിന്റെ മുതലിനും ഫുട്ബോളിൽ ഇന്ത്യയുടെ ലോക റാങ്കിങ്ങിനും ഒപ്പം ഇൻസ്റ്റയിലെ 5422 ഫോളോവേഴ്സ് അനങ്ങാൻ കൂട്ടാക്കാതെ അതേ നമ്പറിൽ തന്നെ നിൽക്കുകയാണ്. ഇന്നലെ എഫ്.ബി യിൽ പോസ്റ്റ് ചെയ്ത മസ്റ്റാർഡ് കളർ ടാങ്ക് ടോപ്പും സ്വെറ്റ്പാന്റ്സും അണിഞ്ഞ ശൃംഗാരരസപ്രധാനമായ പോസ്റ്റിന് വെറും 1400 ലൈക്സ് മാത്രം. രണ്ടാഴ്ച മുമ്പ് വീഗൻ ജീവിത രീതി സ്വീകരിക്കാൻ പോകുന്നു എന്നു പറഞ്ഞ് കൂളിംഗ് ഗ്ലാസ് വെച്ച് കയ്യിൽ ഫോർക്കുമായി ഒരു റസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രത്തിന് പരമാവധി കിട്ടിയത് 2000 ലൈക്സ്. കമൻറുകളിൽ മുഴുവനും പുച്ഛവും പരിഹാസവും. യൂട്യൂബിൽ കണ്ട അമേരിക്കൻ പതിവുകൾ പിന്തുടരുന്നവരോട് ആരോഗ്യകാര്യത്തിൽ ശ്രദ്ധക്കുറവുള്ള മലയാളികൾക്ക് ബഹുമാനമില്ല. ബീഫ് ആണല്ലോ ഈ കൺട്രി ഫെല്ലോസിന്റെ ഇഷ്ട ഭക്ഷണം.
വായ കഴുകാനും പല്ലു തേക്കാനും സമയം പാഴാക്കാതെ ടിവിക്കു മുന്നിലിരുന്ന് ന്യൂസ് ചാനലുകളിൽ ഒന്നും ചെന്ന് വീഴാതെ ശ്രദ്ധാപൂർവ്വം മ്യൂസിക് ചാനലിൽ ലാൻഡ് ചെയ്തു. ഏറ്റവും പുതിയ ബോളിവുഡ് പാട്ടുകൾ ഉറക്കെവെച്ച് മൂഡ് ഒന്നു മാറ്റി. രണ്ടു വർഷം മുമ്പ് നായികയായി അഭിനയിച്ച കന്നി ചിത്രത്തിന്റെ ഓഡിയോ റിലീസിന് ആ സിനിമയുടെ പ്രൊഡ്യൂസറും സൂപ്പർസ്റ്റാറും അച്ഛന്റെ ഉറ്റസുഹൃത്തുമായ ആയില്യം ബ്രിജേഷ് പറഞ്ഞതോർത്തു.
‘ഭയങ്കര’ ടാലൻറ് ഉള്ള ഒരു കുട്ടിയാണ് താരക. ഇൻഡസ്ട്രിയുടെ വരുംകാല പ്രോമിസ്.
കാലാവസ്ഥാപ്രവചനം പോലെയുള്ള ആ വാക്കുകൾക്കു ശേഷം വന്ന രണ്ടു സിനിമകളും നിലംതൊടാതെ പോയതുകൊണ്ടാണോ എന്നറിയില്ല. നാട്ടുകാർക്ക് ഇപ്പോൾ ഒരു മതിപ്പും ഇല്ല. ക്രെഡിറ്റ് കാർഡിനോ പേഴ്സണൽ ലോണിനോ അല്ലാതെ പുതിയ സിനിമയ്ക്കായി ആരും വിളിക്കുന്നില്ല.
ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ആ റംഗണയെ പോലെ താനും എന്തെങ്കിലും ചെയ്യണം.
കനം കുറച്ച് അരിഞ്ഞ തക്കാളി ഉപ്പും വിനാഗിരിയും പുരട്ടി ഫോർക്ക് കൊണ്ട് അണ്ണാക്കിൽ നിക്ഷേപിച്ച ശേഷം റൂംമേറ്റ് കം മേക്കപ്മാൻ കം പി.എ ആയ സുനിൽ എന്ന സുനിത പറഞ്ഞു.
"ആ സാവിത്രി സുമേഷിനെ കണ്ടോ… ട്രോളുകൾ നിരോധിക്കാൻ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. ടോൾ സ്റ്റേഷനിൽ തിരക്കാണെന്ന് പറഞ്ഞു എഫ്ബി ലൈവ് പോയപ്പോൾ എത്ര ഷെയറുകളും അഭിനന്ദനങ്ങളും കമൻറുകളുമാണ് അതിനുതാഴെ. വിവരവും സാമൂഹ് പ്രതിബദ്ധതയുമുള്ള നടീനടന്മാരെ ആകാം ഇവർക്കിഷ്ടം. സാമൂഹ്യ വിമർശനം ആകണം ലൈവിലെ മുഖ്യ കഥാപാത്രം. കഥ ആരു പറയുന്നു എന്നത് അപ്രധാനമാണ്. ഡാർട്ട് കളിയിൽ സംഖ്യകൾക്കകത്ത് ഏതു കളത്തിൽ വിമർശനം ഏയ്തു കൊള്ളിച്ചാലും പോയൻറ് ഉണ്ടല്ലോ. നമുക്കൊരു കാര്യം ചെയ്യാം..."
ഒട്ടിച്ചേർന്ന കണ്ണുകളും വിരലുകളും ഫോണിൽനിന്ന് എടുക്കാതെ ബീൻ ബാഗിലേക്ക് ചാഞ്ഞ് സുനി തുടർന്നു.
"റേഷൻ കടയിൽ കിറ്റ് വിതരണം ഇന്നാണ്. വലിയ ക്യൂ, കിറ്റ് തരുന്നതിൽ താമസം, പ്രായമായവരും കുട്ടികളും വെയിലേറ്റു തളരുന്നു എന്നൊക്കെ പറഞ്ഞ് സീൻ ഉണ്ടാക്കി ഒരു ലൈവ് ചെയ്താൽ സാധാരണക്കാർക്കിടയിൽ സംഗതി വൈറൽ ആകും."
ആലോചിച്ചു നോക്കിയപ്പോൾ ആഡംബര വീട്ടുപകരണങ്ങളുള്ള ഒരു വീട്ടിൽ ആളുകളെ അടച്ചിട്ട് അങ്ങോട്ടുമിങ്ങോട്ടും അസഭ്യവർഷം നടത്തി കയ്യാങ്കളിയിൽ ചെന്നെത്തിക്കുന്ന അത്യന്താധുനികൻ നട്ടപ്രാന്ത് റിയാലിറ്റിഷോയിൽ ഒരു കൈ നോക്കുന്നതിലും ഭേദമാണ് ഇതെന്ന് താരകയ്ക്ക് തോന്നി. നായികമാരായി റിയൽ ലൈഫ് ക്യാരക്ടേഴ്സ്സിനെയാണ് ന്യൂജൻ മലയാള സംവിധായകർ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. വേറിട്ട ഒരു സൗന്ദര്യ സങ്കൽപ്പത്തെ അതായത് ചതഞ്ഞ മൂക്കോ കോമ്പല്ലോ കെട്ടുപിണഞ്ഞ ചുരുണ്ടമുടിയോ ചെറിയ മീശരോമങ്ങളോ ഉള്ളവരെ പരിചയപ്പെടുത്തുന്നു എന്ന അവകാശവാദം മാത്രമല്ല, ആരെങ്കിലും വിമർശിക്കാൻ ധൈര്യപ്പെട്ടാൽ ഫെമിനിസ്റ്റുകൾ ഇടപെട്ടു പടം സൂപ്പർ ഹിറ്റ് ആകും എന്ന് ഉറപ്പാണ്. സുമിഷ ജയനെ പോലെ നാച്ചുറൽ ലുക്ക് കൊണ്ടുമാത്രം അഭിനയം വശമില്ലെങ്കിലും നന്നായി അഭിനയിക്കുന്നു എന്ന തോന്നൽ വരും. പൈതൃകമായി കിട്ടിയ ഗോതമ്പ് നിറമുള്ള മെലിഞ്ഞു ഉയർന്ന ശരീരത്തെയും വിടർന്ന കണ്ണുകളെയും ശപിക്കാത്ത ദിവസമില്ല. ഇങ്ങനെയുള്ളവരെ കുറിച്ചോർത്ത് കാലം ലജ്ജിക്കട്ടെ.
ജാഥത്തൊഴിലാളികളേപ്പോലെ പണം കൊടുത്താൽ മുദ്രാവാക്യം വിളിക്കാനും ധർണയും പിക്കറ്റിങ്ങും സംഘടിപ്പിക്കാനും തയ്യാറുള്ള ഉപജാപക സംഘം എഫ്.ബിയിലും ഇൻസ്റ്റയിലും ഒക്കെയുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ ബ്രഹ്മാസ്ത്രം പോലെ നമുക്കതും പ്രയോഗിക്കാം.

രംഗം രണ്ട്
റേഷൻ കടയുടെ മുന്നിൽ ചെന്നുനിന്ന് മാസ്ക് താടിയിലേക്ക് ഇറക്കിവെച്ച് കൈകൊട്ടി ഫെയ്സ്ബുക്ക് ലൈവ് ആരംഭിച്ചപ്പോൾ ബലിച്ചോർ കൊത്തിത്തിന്നാൻ കാക്കകൾ കടന്നുവന്നു. സെൽഫി സ്റ്റിക്ക് ഉയർത്തിപ്പിടിച്ച് കറുപ്പിൽ വെളുപ്പ് അക്ഷരങ്ങളുള്ള റേഷൻ കടയുടെ ബോർഡും തന്റെ മുഖവും ഒരേസമയം കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി. കാഴ്ചക്കാരുടെ എണ്ണം മൂന്നക്കം കടക്കാൻ അക്ഷമയോടെ കാത്തുനിന്നു. പ്രബുദ്ധ കേരളത്തിന് അഭിമാനിക്കാനുള്ള നിമിഷങ്ങളാണ് ഇനി വരാൻ പോകുന്നത്.
ക്യൂ നിൽക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നേരത്തെ പറഞ്ഞു പഠിച്ച വാചകങ്ങൾ തെറ്റാതെ ആമുഖമായി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മുണ്ടും ഷർട്ടും ധരിച്ച് കണ്ണട വെച്ച് സ്കൂട്ടറിൽ വന്നിറങ്ങിയ ഒരു മധ്യവയസ്കൻ ഇടപെട്ടു.
"എന്താണിവിടെ?"
ലൈവിനിടയിൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ മതിയാകൂ എന്നുള്ളതിനാൽ വൃശ്ചികക്കാറ്റടിച്ച് വെയിലാറിയ ആ തണുത്ത പകലിലും താരക വിയർത്തൊലിച്ചു. ഫൗണ്ടേഷൻ അണിഞ്ഞ മുഖത്ത് വിയർപ്പു ചാലുകൾ പടം വരച്ചു.
"ആ ബോർഡ് കണ്ടോ? " അയാൾ ചൂണ്ടിക്കാട്ടി.
"കാർഡിന്റെ അവസാന നമ്പർ പറയൂ."
കാർഡിനായി കൈനീട്ടി.
"കിറ്റ് എനിക്കു വേണ്ടിയല്ല. ഒരു സുഹൃത്തിനാണ്. അവൾ ഇവിടെ ഉണ്ടായിരുന്നു."
പരിഭ്രമത്തോടെ ചുറ്റും നോക്കുന്നതിനിടയിൽ തൊണ്ടയിടർച്ചയോടെ അവൾ പറഞ്ഞു.
"ഈ കോപ്രായം അവസാനിപ്പിച്ച് ഫോണുമായി മാറിനിൽക്കു കുട്ടീ.."
കഴുത്തിൽ ഇട്ടിരുന്ന മണ്ണെണ്ണ മണക്കുന്ന ചുവന്ന തോർത്ത് ഒന്ന് കുടഞ്ഞ് അതിൽ കൈതുടച്ച് അകത്തുകയറി പോകുമ്പോൾ അയാൾ പറഞ്ഞു.
"മഞ്ഞക്കാർഡുകാർക്കുള്ള ദിവസമാണിന്ന്. അതിനിടയിലാണ് ഒരു ഓപ്പറേഷൻ ബ്ലാക്ക് "
വേലിയിൽ ഇരുന്ന മൂർഖൻ പാമ്പിനെ തോളിലിട്ടശേഷം ഉണക്കല്ലരിയിൽ കല്ലു കടിച്ച പോലെ ഞെളിപിരി കൊള്ളുന്ന താരകയുടെ ക്ലോസപ്പ് ഷോട്ടിൽ ആ ഫേസ്ബുക്ക് ലൈവ് അവസാനിച്ചു.
ഇടിച്ച വാഹനം നിർത്താതെ പോകുന്നതിനേക്കാൾ വലിയ മഹാപരാധമാണ് സർക്കാർ സംവിധാനങ്ങളെ പരിഹസിക്കുന്നത് എന്ന് തുടർന്നുവന്ന നിർണായകമായ ഏതാനും മണിക്കൂറുകൾക്കുള്ളിൽ താരക തിരിച്ചറിഞ്ഞു. ശത്രുരാജ്യത്ത് ബോംബ് വർഷിക്കുന്ന ബി52 വിമാനങ്ങളിൽ അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ജനം വളഞ്ഞു. ചെറുകിട പോരാളികളിൽ നിന്നും വെറുതെ ചൊറിയാൻ മാത്രമുദ്ദേശിച്ചിട്ടുള്ള നിസ്സാര ആക്രമണങ്ങൾ മാത്രമേ ഇതുവരെ അഭിമുഖീകരിച്ചിട്ടുള്ളൂ. പിൻനിരക്കാർ അതിഭയങ്കരരാണ്. കൊന്നുവെന്ന് ഉറപ്പായാലേ കൊങ്ങയിൽ ചവിട്ടി പിടിച്ച കാൽപാദം അഴയൂ. അവളുടെ സിനിമയിൽ നിന്നുള്ള ചില രംഗങ്ങളിൽ കഥാസന്ദർഭം മാറ്റിപ്പറയിച്ച് വീഡിയോകൾ പ്രചരിച്ചു. ഒപ്പം ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മിനിസ്റ്ററിയേയും അവളെയും സംബന്ധിച്ച് ചില ട്രോളുകളും. ശകാരമഴയും നാളികേരം ഉടയ്ക്കലും കഴിയാൻ ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
- ഇറ്റ്സ് ഓവർ ഡാഡ്. ഓൾ മൈ ഡ്രീംസ് ആർ റൂയിൻഡ്.
സുനിയുടെ സഹായം ഉണ്ടായിട്ടും ആ മാസത്തെ ഇ.എം.ഐ അടയ്ക്കാൻ അക്കൗണ്ടിൽ പണമില്ലെന്ന് വന്നപ്പോൾ അച്ഛനെ വിളിച്ച് താരക ചിണുങ്ങി. അവൾ ജീവിച്ചിരിക്കുന്നതിന്റെ സാക്ഷിപത്രങ്ങളായിരുന്നു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. കാലത്തിനു പറ്റിയ അക്ഷരത്തെറ്റുകൾ.
"സാരമില്ല മോളു. ഈ മാസത്തെ ഇ.എം.ഐ അച്ഛൻ അടച്ചോളാം. സുകൃതം ചാനലിൽ പുതിയ റിയാലിറ്റി ഷോയ്ക്ക് വേണ്ടി മലയാളിത്തമുള്ള ഒരു ഹോസ്റ്റസിനെ അന്വേഷിക്കുന്നുണ്ട് എന്ന് ചാനലിലെ എം.ഡി പറഞ്ഞു. നിന്നെ ഞാൻ റെക്കമെന്റ്ചെയ്തിട്ടുണ്ട്. ദേ വിൽ കോൾ യു… ഡോണ്ട് വറി."
രംഗം മൂന്ന്
മുൻ സിനിമ-സീരിയൽ ഡയറക്ടറായിരുന്ന റിയാലിറ്റിഷോയുടെ ഡയറക്ടർ അതിന്റെ പരമ്പരാഗത സ്വഭാവത്തെക്കുറിച്ചും പ്രേക്ഷകാഭിരുചിയെപ്പറ്റിയും ചുരുക്കിപ്പറഞ്ഞ ശേഷം താരകയെ ചേഞ്ച് റൂമിലേക്കയച്ചു. പച്ച ബ്ലൗസും പാലക്കാ മോതിരവും ഇഴപിന്നി അഴിച്ചിട്ട മുടിയിൽ തുളസിക്കതിരും ചൂടി അവൾ പുറത്തു വന്നപ്പോൾ സ്റ്റുഡിയോ ഫ്ലോറിൽ തിരുവാതിരയുദിച്ചു. അസോസിയേറ്റ് രണ്ടു പേജ് സ്ക്രിപ്റ്റ് കയ്യിൽ തൊടാതെ കൈമാറി. മലയാളത്തിൽ എഴുതിയ വരികൾ കണ്ട് പച്ചവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ താരക അടിമുടി വിറച്ചു.
"എനിക്ക് മലയാളം വായിക്കാനോ എഴുതാനോ അറിയില്ല സർ. ഇതൊന്ന് ഇംഗ്ലീഷിൽ ആക്കി തന്നാൽ ബൈഹാർട്ട് ചെയ്യാമായിരുന്നു. "
"കുട്ടി മലയാള്യല്ലേ?" ഡയറക്ടർ സന്ദേഹിച്ചു.
"അതേ സാർ, ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്."
ഒന്നര മണിക്കൂറിന് ശേഷം വരികൾ മന:പാഠമാക്കി ക്യാമറ തൊട്ടു തലയിൽ വച്ച് മത്സരത്തിന് തയ്യാറായിരിക്കുന്ന ചെറിയ കുട്ടികൾക്കും അഞ്ചു തിരിയിട്ട് കത്തിച്ച നിലവിളക്കിനും മുന്നിൽ നിൽക്കുമ്പോൾ കൺമുന്നിലുള്ള ചെറിയ സ്ക്രീനിലൂടെ മലയോര റെയിൽപാത പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന അർത്ഥമറിയാത്ത അക്ഷരങ്ങൾ താരകയെ പരിഹസിച്ചു.
ആശാനും ഉള്ളൂരും വള്ളത്തോളും ലാളിച്ച ചില പദങ്ങൾ ആ നാവിൽനിന്നും പാതിജീവനോടെ പുറത്തുവന്ന് വേദനിച്ചു പിടഞ്ഞു.
അക്ഷരശ്ലോകസദസ്സിലേക്ക് എല്ലാ ബഹുമാന്യ പ്രേക്ഷകർക്കും സ്വാഗതം. ഭാഷയുടെ കുസൃതിക്കുരുന്നുകൾ ആയ അക്ഷരശ്ലോകങ്ങൾ സഹൃദയരായ ആരുടെയാണ് മനസ്സ് കവരാത്തത്? നമുക്ക് സ്വാഗതം ചെയ്യാം…
പങ്കെടുക്കുന്ന കുട്ടികൾ അക്ഷരസ്ഫുടതയോടെ സ്വയം പരിചയപ്പെടുത്തുന്നു.
ആദ്യ ശ്ലോകം പാടേണ്ടത് അവതാരകയാണ്.
“ചഞ്ചലാക്ഷിയുടെ പുഞ്ചിരിപ്പുതുമ തഞ്ചിടുന്ന മുഖവും
ചഞ്ചൽ ചലൽ ചഞ്ചലീഗഗണ മഞ്ജുമാറെഴുമോരഞ്ചി…. ഞ്ചി…. ഞ്ചി
നിരവധി ടേക്കുകൾക്കു ശേഷവും താരകയുടെ നാവ് ഇതേ വഴിയിലൂടെ കയറ്റം കയറാനാകാതെ തടഞ്ഞുനിന്നു. കാണികൾ മുറുമുറുക്കുകയും ചന്ദനക്കുറി തൊട്ട കുട്ടികൾ പരസ്പരം തോണ്ടി കളിയാക്കിച്ചിരിക്കുകയും ചെയ്തപ്പോൾ സ്മഡ്ജ് പ്രൂഫ് മസ്കാരക്ക് വെല്ലുവിളി ഉയർത്തി അവൾ കരഞ്ഞു.
ശ്രേഷ്ഠ ഭാഷയാണ് പോലും. പറയാനും വായിക്കാനും എഴുതാനും ഇതിലും ബുദ്ധിമുട്ടുള്ള മറ്റൊരു ഭാഷ ഇല്ലാത്തപ്പോൾ ഇതു വഴങ്ങാത്തത് തന്റെ കുറ്റമാണോ? ഉത്തരേന്ത്യൻ വിവാഹ സൽക്കാര വേദികളിൽ ചൂടുള്ള സൂര്യകാന്തി എണ്ണയിൽ പിഴിഞ്ഞൊഴിച്ച മഞ്ഞ ജിലേബികളാണ് ഇതിലെ അക്ഷരങ്ങൾ. പറയാൻ അനുവദിക്കാത്തത്രയും കാഠിന്യമുള്ള വാക്കുകൾ കൂട്ടിച്ചേർത്ത് അക്ഷരശ്ലോകങ്ങളും. റോഡ് ഉപരോധിക്കുന്നവരെ ചീത്ത വിളിക്കുകയോ സംഘടനയെ വിമർശിക്കുകയോ പൊതുജനദ്രോഹിയായ ഏതെങ്കിലും യൂട്യൂബറേ തല്ലുകയോ ചെയ്യുന്നതിനു പകരം വിവരക്കേട് കൊണ്ട് റേഷൻകടയുടെ മുന്നിൽവെച്ചു നടത്തിയ നാടകം കണ്ട് കലി കയറിയിരിക്കുന്ന സാംസ്കാരിക കേരളം തന്നെ ചവിട്ടിത്തേക്കാൻ പോകുന്നു. ഭാഷാ സ്നേഹികളുടെ നിരൂപണം വേറെ. തെരുവ് പട്ടികളുടെ ഒറ്റ തോഴിയായ മംഗ്ലീഷ് അവതാരകയുടെ ഗതിയാവും തനിക്കും.
ആകാശവാണി പ്രാദേശിക വാർത്തകൾക്കിടയിൽ താരൻ പൊട്ടിയ കനംകുറഞ്ഞ മുടിയിഴകൾ മാറ്റി ചെറു ചൂടുള്ള എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുമ്പോൾ അമ്മൂമ്മ പറയാറുള്ള സ്നേഹമസൃണമായ മലയാളപദങ്ങൾ അവളെ ബാധിച്ചു. സ്റ്റുഡിയോ ഫ്ലോറിലെ തണുപ്പിലും ചൂടുള്ള എണ്ണയുടെ തടവൽ സുഖം ഒലിച്ചിറങ്ങുന്നു.
താരകരൂപിണി നീയെന്നുമെന്നുടെ
ഭാവനാ രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതൻ ചില്ലയിൽ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും
അന്നൊന്നും തന്റെ പേരിന്റെയും ആ വരികളുടെയും അർത്ഥം എന്തായിരിക്കും എന്ന് ചിന്തിക്കാഞ്ഞതിലെ അജ്ഞത കാറ്റിൽ പറന്നു പൊങ്ങിയ പാവായായി മാറി ഇപ്പോൾ ലജ്ജിപ്പിക്കുന്നു. പ്രയോഗത്തിലെ സ്ഫുടതയിലാണ് സംഭാഷണത്തിന്റെ ജീവൻ എന്ന യാഥാർഥ്യം ആദ്യമായി അംഗീകരിക്കുന്നു.
രംഗം നാല്
ആത്മാവിന്റെ നിഗൂഢാർത്ഥം പകർത്തി വെച്ചത് പോലുള്ള ഒരു വാചകം അന്നു രാത്രി അവൾ ട്വിറ്ററിൽ കുറിച്ചു.
ഞാൻ അഗ്നിശുദ്ധി നേടുവാൻ പോകുന്നു… പൊതുജനമധ്യത്തിൽ കർമ്മികർ എനിക്കുവേണ്ടി അവജ്ഞയോടെ ഒരുക്കിയ അഗ്നികുണ്ഡത്തിലല്ല, ഞാൻ ജനിച്ചു വളർന്ന തറവാടിന്റെ അടുക്കളക്കോലായിൽ.
About the Author
NIVEDITHA M
nivedithamanazhi.ext@gmail.com
nivedithamanazhi.ext@gmail.com